2020 January 23 Thursday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

എന്റെ ഉമ്മ തീവ്രവാദിയല്ല.. മൂന്നാഴ്ചയായി ഉമ്മയെ കണ്ടിട്ട്.! പ്രസവവേദനയുമായി 12 മണിക്കൂര്‍ നടന്ന് കുഞ്ഞിനെ പ്രസവിക്കുന്ന സാഹചര്യമാണോ സാധാരണനില? വൈകാരികമായ ഭാഷയില്‍ മഹ്ബൂബ മുഫ്തിയുടെ മകള്‍ സന

 

ശ്രീനഗര്‍: സംസ്ഥാനത്തെ വിഭജിക്കുകയും അതിന്റെ പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കുകയും ചെയ്യുന്നതിന് മുന്നോടിയായി മറ്റു രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം തടവിലാക്കിയ മുന്‍മുഖ്യമന്ത്രി മഹ്ബൂബാ മുഫ്തിയെ കുറിച്ച് യാതൊരു വിവരവുമില്ല. സംഭവം നടന്ന് മൂന്നാഴ്ച പിന്നിട്ടിരിക്കെ ഉമ്മ എവിടെയാണെന്ന് ചോദിച്ച് വീണ്ടും എത്തിയിരിക്കുകയാണ് മഹ്ബൂബയുടെ മകള്‍ സനാ ഇല്‍തിജ. എന്റെ ഉമ്മ തീവ്രവാദിയല്ലെന്നും ഉമ്മയെ കാണാന്‍ ഞങ്ങളെ അനുവദിക്കുന്നില്ലെന്നും മൂന്നാഴ്ചയായി ഉമ്മയെ കണ്ടിട്ടെന്നും സന പറഞ്ഞു. വൈകാരികമായുള്ള ഭാഷയോടെ ഇന്ത്യാടുഡേക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സന ഇല്‍തിജ, സംസ്ഥാനത്തിന്റെ നിലവിലെ അവസ്ഥയെകുറിച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദങ്ങളെ അവര്‍ ചോദ്യംചെയ്യുന്നുമുണ്ട്.

ആഗസ്റ്റ് അഞ്ചിന് വീട്ടുതടങ്കലിലാക്കിയപ്പോഴാണ് ഉമ്മയെ അവസാനമായി കണ്ടത്. ഇപ്പോള്‍ എവിടെയാണെന്ന് ഞങ്ങള്‍ക്ക് അറിയില്ല. വീട്ടുതടങ്കലില്‍ നില്‍ക്കെ വീണ്ടും അവരെ തടവിലിടേണ്ട ആവശ്യം എന്താണെന്ന് ഞങ്ങള്‍ക്ക് മനസിലാവുന്നില്ല. എന്റെ ഉമ്മ ഒരു തീവ്രവാദിയല്ല. ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും രണ്ടുതവണ പാര്‍ലമെന്റംഗവുമായ വ്യക്തിയാണ് അവര്‍. അവരോട് ഭരണകൂടം അപമാനകരമായ രീതിയില്‍ പെരുമാറുന്നത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ല. ക്രിമിനലുകളോട് എന്ന പോലെയാണ് ഉമ്മയോടെ പെരുമാറുന്നത്. വീട്ടില്‍ നിന്ന് കൊണ്ടുപോവുമ്പോള്‍ ലഗേജുകള്‍ രണ്ടുതവണയാണ് പരിശോധിച്ചത്. ഏകാന്തതടവിലിട്ട് ഉമ്മയുടെ ആത്മവിശ്വാസവും ധൈര്യവംു ചോര്‍ത്തിക്കളയുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സന പറഞ്ഞു.

ഏകാന്തതടവിലാണ് ഉമ്മ കഴിയുന്നത്. മെച്ചപ്പെട്ട ആരോഗ്യമല്ല അനരുടെത്. ഉമ്മയെ കാണാന്‍ ആരെയും അനുവദിക്കുന്നില്ല. ടെലിഫോണ്‍, ഇന്റര്‍നെറ്റ് സൗകര്യവും ഉമ്മാക്ക് ലഭ്യമല്ല. ഉമ്മ വീട്ടുതടങ്കലിലാണെന്നിരിക്കെ എന്തിനാണ് ഞങ്ങള്‍ ഉമ്മയെ കാണുന്നതിന് തടസം സൃഷ്ടിക്കുന്നതെന്ന് മനസിലാകുന്നില്ല. എന്റെ ഉമ്മ തീവ്രവാദിയല്ല. അവര്‍ ഒരു മുന്‍ മുഖ്യമന്ത്രിയാണ്, രണ്ട് തവണ എം.പിയായ വ്യക്തിയാണ്. എന്നാല്‍ അവരെ ഒരു തീവ്രവാദിയെ പോലെയാണ് പരിഗണിക്കുന്നത്. ഇത് എന്റെ മാത്രം പ്രശ്‌നമല്ല. താഴ്‌വരയില്‍ എത്ര പേരെ ഇങ്ങിനെ തടവിലിട്ടു എന്ന് അറിയില്ല. ആഗ്രയിലെ ജയിലില്‍ കൊണ്ടുപോയി ഇട്ട പിതാക്കന്‍മാരുടെയും സഹോദരങ്ങളുടെയും അവസ്ഥ എന്താണെന്ന് അറിയില്ല. അവര്‍ക്ക് എന്ത് സംഭവിച്ചോ ആവോ?

സംസ്ഥാനത്ത് സാധാരണനില കൈവരിച്ചുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്തു സാധാരണ സാഹചര്യമാണ് ഇവിടെയുള്ളത്? സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യമാണോ ഇപ്പോഴത്തെ ഭാഷയിലുള്ള ‘സാധാരണ നില’ ? പ്രസവവേദനയുമായി 12 മണിക്കൂര്‍ നടന്ന ശേഷം പ്രസവിക്കുന്ന സാഹചര്യമാണോ സാധാരണ നില? ഇത്തരം ഒരവസ്ഥയാണോ കശ്മീരികള്‍ ആഗഹിക്കുന്ന സാധാരണ നില? സമാധാനപരമായ പ്രതിഷേധപരിപാടികളൂടെ തങ്ങളുടെ എതിര്‍പ്പ് പ്രകടമാക്കാന്‍ കശ്മീരികള്‍ ആഗ്രഹിക്കുന്നു. പക്ഷേ അതിന് പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ല- സന കൂട്ടിച്ചേര്‍ത്തു.

My mother is not a terrorist, Mehbooba Mufti’s daughter implores for peace in emotional interview #370


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.