2019 February 22 Friday
ശരീരത്തിനു സൗന്ദര്യം എന്നതുപോലെയാണ് മനസ്സിന് തെളിമയാര്‍ന്ന ചിന്ത -ലാറേഷ് ഫുക്കോള്‍ഡ്

മുതലപ്പൊഴിഹാര്‍ബര്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസകേന്ദ്രമാകുന്നു

പെരുമാതുറ: കടല്‍ ആക്രമണത്തില്‍ തീരം നഷ്ട്ടപ്പെട്ടതിനെ തുടര്‍ന്ന് മത്സ്യ ബന്ധനത്തിന് പോകാന്‍ കഴിയാതിരുന്ന നൂറ് കണക്കിന് മത്സ്യതൊഴിലാളികള്‍ക്ക് പെരുമാതുറ മുതലപ്പൊഴിഹാര്‍ബര്‍ ആശ്വാസകേന്ദ്രമാകുന്നു. ജില്ലയിലെ പൂന്തുറ മുതല്‍ വര്‍ക്കല വരെയുള്ള മത്സ്യതൊഴിലാളികള്‍ക്കാണ് മുതലപ്പൊഴി മത്സ്യ ബന്ധന തുറമുഖം ഏറെ ഗുണകരമായിരിക്കുന്നത്. കാലാകാലങ്ങളില്‍ പൂന്തുറ ശംഖുംമുഖം തീരങ്ങളില്‍ കാലവര്‍ഷക്കെടുതിയില്‍ അതിശക്തമായ കടലാക്രമണമാണ് ഉണ്ടാകുന്നത്.
കര മുഴുവനായി നഷ്ട്ടപ്പെടുകയും നൂറു കണക്കിന് വീടുകളെ കടള്‍ വീഴുങ്ങുന്നതും പതിവാണ്. എന്നാല്‍ കാലവര്‍ഷം അവസാനിക്കുന്നതോടെ നേരത്തെ ഉണ്ടായിരുന്ന തീരം ലഭ്യമാകുമായിരുന്നെങ്കിലും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണം തുടങ്ങിയതോടെ ഇവിടങ്ങളിലെ തീരം സ്ഥിരമായി ഇല്ലാതാവുകയും മത്സ്യതൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിന് പോകാന്‍ കഴിയാത്ത അവസ്ഥയുമായി.അതേ പോലെ പെരുമാതുറ മുതലപ്പൊഴിഹാര്‍ബര്‍ നിര്‍മാണത്തിലെ അശാസ്ത്രിയ തയില്‍ താഴംപള്ളി മുതല്‍ അഞ്ച് തെങ്ങ് വരെയുള്ള പ്രദേശങ്ങളിലെ കടല്‍തീരം പൂര്‍ണമായി ഇല്ലാതായി. അഞ്ച് തെങ്ങ് മുതല്‍ വര്‍ക്കല വരേയുള്ള തീരങ്ങളും ഇപ്പോള്‍ കടലെടുത്ത് വരുന്ന അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് ഈ പ്രദേശത്തെ മത്സ്യതൊഴിലാളികള്‍ക്ക് മുതലപ്പൊഴിതുറമുഖം ഏറെ സഹായകമായിരിക്കുന്നത്.

പൂന്തുറ, വലിയതുറ, ബീമാപള്ളി, ശംഖുംമുഖം, വേളി, താഴപ്പള്ളി, മാംപള്ളി, പൂത്തുറ, അഞ്ച് തെങ്ങ്, വെട്ടുര്‍, ചിലക്കൂര്‍, വര്‍ക്കല പ്രദേശത്തെ നൂറ് കണക്കിന് മത്സ്യതൊഴിലാളികളാണ് ദിവസവും മുതലപ്പൊഴിഹാര്‍ബറില്‍ മത്സ്യ ബന്ധനത്തിന് എത്തുന്നത്. ഈ പ്രദേശങ്ങളിലുള്ള നൂറ് കണക്കിന് മത്സ്യ ബന്ധന വള്ളങ്ങളാണ് മുതലപ്പൊഴി പ്രദേശത്ത് തമ്പടിച്ചിട്ടുള്ളത്.
തൊഴിലാളികള്‍ക്ക് ഹാര്‍ബറിലെത്താനും തിരിച്ച് പോകാനും ബോട്ടുടമകള്‍ പ്രത്യേകം വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസമായി മുതലപൊഴിഹാര്‍ബര്‍ വഴി മത്സ്യ ബന്ധത്തിന് പോകുന്ന ബോട്ടുകളുടെയും തൊഴിലാളികളുടെ എണ്ണം നൂറിരട്ടി ആയിട്ടുണ്ട്. അതെ പോലെ കഴിഞ്ഞ രണ്ട് മൂന്ന് ആഴ്ചകളായി മത്സ്യലഭ്യതയും ഏറെ വര്‍ധിച്ചിട്ടുണ്ട്. കോടിയോളം രൂപയുടെ കച്ചവടമാണ് ഹാര്‍ബറില്‍ നടക്കുന്നത്. ഹാര്‍ബര്‍ കവാടത്തിലേക്ക് മണലടിഞ്ഞ് കൂടി തിരമാല ശക്തമാകുന്നത് സ്ഥിരം സംഭവമാണ്. ഇത് കാരണം ഇവിടെ അപകടങ്ങളും അപകട മരണങ്ങളും പതിവാണ്.
കഴിഞ്ഞ രണ്ട് മാസമായായി അഴിമുഖത്ത് തിരയടിയില്ലാത്തത് കാരണം മത്സ്യബന്ധനം സുഗമമായി നടക്കുന്നുണ്ട്. എന്നാല്‍ ഏത് സമയവും തിരയടി ശക്തമാകും. ഇതോടുകൂടി തുറമുഖം വഴിയുള്ള മത്സ്യബന്ധനം നിലക്കും. ഈ പ്രതിഭാസത്തിന് ശാശ്വത പരിഹാരം കാണണമെങ്കില്‍ അഴിമുഖത്ത് അടിഞ് കൂടുന്ന മണല്‍ ട്രിജ് ചെയ്യ്ത് മാറ്റണം. ഇതുമായി ബന്ധപ്പെട്ട് മത്സ്യതൊഴിലാളികള്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഇന്നും ഇതിന് പരിഹാരമായിട്ടില്ല. നിലവില്‍ അദാനിയുടെ വാര്‍ഫ് നിര്‍മാണം നടക്കുകയാണ്.

വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണ ആവിശ്യത്തിന് പാറകൊണ്ട് പോകുന്നതിനാണ് ഈ വാര്‍ഫ് നിര്‍മിക്കുന്നത്. ഇതിന് പകരമായി ഹാര്‍ബര്‍ കവാടത്തിലും മറ്റും അടിഞ്ഞ് കൂടിയ മണലും പാറകളും അദാനി നീക്കം ചെയ്യുമെന്നാണ് കരാര്‍. എന്നാല്‍ വാര്‍ഫ് നിര്‍മാണം പുരോഗമിക്കുന്നുണ്ടെങ്കിലും അടിഞ്ഞ് കൂടിയ മണല്‍ നീക്കം ചെയ്യുന്ന പണി ഇന്ന് വരെ തുടങ്ങിയിട്ടില്ല.
ഇത് തുടര്‍ന്നാല്‍ കടല്‍ ആക്രമണത്തിലും ഹാര്‍ബര്‍ നിര്‍മാണത്തിലെ അശാസ്ത്രിയതയിലും തീരവും വീടുകളും നഷ്ട്ടപ്പെട്ട നൂറ് കണക്കിന് മത്സ്യതൊഴിലാളികള്‍ക്ക് ആശ്വാസകേന്ദ്രമായി മാറികൊണ്ടിരിക്കുന്ന മുതലപ്പൊഴിഹാര്‍ബര്‍ ഉപയോഗശൂന്യമായി മാറുമെന്നുള്ള കാര്യത്തില്‍ സംശയമില്ല.

 

 

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.