2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

സ്ത്രീ പള്ളി പ്രവേശനം: സര്‍ക്കാര്‍ ഇതര സംവിധാനത്തില്‍ തുല്യത അവകാശപ്പെടാന്‍ സാധിക്കുമോയെന്ന് സുപ്രിം കോടതി

  • എതിര്‍ കക്ഷികള്‍ക്ക് സുപ്രിംകോടതി നോട്ടീസയച്ചു

ന്യൂഡല്‍ഹി: മുസ്‌ലിം പള്ളികളില്‍ സ്ത്രീ പ്രവേശനത്തെ വിലക്കുന്നത് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹരജിയില്‍ എതിര്‍ കക്ഷികള്‍ക്ക് സുപ്രിംകോടതി നോട്ടീസയച്ചു.

സര്‍ക്കാര്‍ ഇതര സംവിധാനത്തില്‍ തുല്യത അവകാശപ്പെടാന്‍ സാധിക്കുമോയെന്ന് സുപ്രിം കോടതി ചോദിച്ചു. ശബരിമല യുവതീ പ്രവേശന വിധി ഉള്ളത് കൊണ്ട് മാത്രം ആണ് നോട്ടിസ് അയക്കുന്നതെന്നും സുപ്രിം കോടതി പറഞ്ഞു.

മുസ്‌ലിം പള്ളികള്‍, ക്രിസ്ത്യന്‍ പള്ളികള്‍, അമ്പലങ്ങള്‍ എന്നിവ സര്‍ക്കാര്‍ സംവിധാനം അല്ലെന്നും ജസ്റ്റിസ് ബോബ്‌ഡെ നിരീക്ഷിച്ചു. അന്യന്റെ വീട്ടില്‍ പ്രവേശിക്കാന്‍ അനുമതി നിഷേധിച്ചാല്‍, അതിന് പൊലിസ് സംരക്ഷണം തേടാന്‍ കഴിയുമോയെന്നും ജസ്റ്റിസ് ബോബ്‌ഡെ ചോദിച്ചു.

ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് ഹരജി പരിഗണിച്ചത്.

മഹാരാഷ്ട്രയിലെ പൂനയില്‍ വ്യവസായികളായ യാസ്മീന്‍ സുബീര്‍ അഹമ്മദ് പീര്‍സാദേ, സുബീര്‍ അഹമ്മദ് നാസിര്‍ അഹമ്മദ് പീര്‍സാദേ എന്നിവരാണ് കോടതിയെ സമീപിച്ചത്.

മുസ്‌ലിം പള്ളികളില്‍ വനിതകളെ പ്രവേശിക്കുന്നത് വിലക്കുന്നത് ഭരണഘടനയുടെ 14, 15, 21, 25, 29 വകുപ്പുകളുടെ ലംഘനമാണെന്ന് ഹരജിക്കാര്‍ പറഞ്ഞു. വ്യക്തി നിയമങ്ങളില്‍ നിലനില്‍ക്കുന്ന അന്തരം ഒഴിവാക്കി ഏക സിവില്‍ നിയമം ഉറപ്പാക്കണം എന്ന ഭരണഘടനയുടെ 44 അനുച്ഛേദത്തിന്റെ ലംഘനം ആണ് വിലക്കെന്നും ഹരജിക്കാര്‍ വാദിച്ചു.

പൂനാ ബോപ്പോഡിയിലെ മുഹമ്മദിയ ജുമാ മസ്ജിദില്‍ ആരാധനയ്ക്ക് കയറാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യാസ്മീന്‍ സുബീര്‍ അഹമ്മദ് പീര്‍സാദേപള്ളി ഇമാമിന് കത്ത് നല്‍കിയെങ്കിലും അനുമതി ലഭിച്ചില്ല എന്നും ഹരജിയില്‍ പറഞ്ഞു. ഇതിനായി പൊലിസിനോട് സുരക്ഷ ആവശ്യപ്പെട്ടെങ്കിലും സഹായം ലഭിച്ചില്ല എന്നും ഹരജിക്കാര്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ആണ് ഹരജിയിലെ ഒന്നാം എതിര്‍ കക്ഷി. കേന്ദ്ര വഖഫ് കൗണ്‍സില്‍, മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് ഉള്‍പ്പടെ മറ്റ് ആറ് എതിര്‍ കക്ഷികളും ഉണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News