2020 January 28 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ടി.സിദ്ദീഖ് രാഹുല്‍ ഗാന്ധിക്കു വേണ്ടി വഴി മാറി, ഷാനി മോള്‍ ഉസ്മാന്‍ തോറ്റു, എം.ഐ ഷാനവാസിനു പകരം ആളെ നിശ്ചയിച്ചില്ല: കെ.പി.സി.സി പുനഃസംഘടനയില്‍ മതിയായ പ്രാതിനിധ്യം പ്രതീക്ഷിച്ച് മുസ്‌ലിം സമുദായം

 

കോഴിക്കോട്: കെ.പി.സി.സി പുനഃസംഘടനയില്‍ ഇത്തവണയെങ്കിലും അര്‍ഹമായ പ്രാതിനിധ്യം ഉണ്ടാവുമെന്ന പ്രതീക്ഷയില്‍ മുസ്‌ലിം സമുദായം. നിലവില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് ഘടകത്തില്‍ മുസ്‌ലിം പ്രാതിനിധ്യം നാമമാത്രമാണ്. ഇതിന് മാറ്റം വേണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമായ സാഹചര്യത്തില്‍ ഈ മാസം അവസാനത്തോടെ നടക്കാനിരിക്കുന്ന കെ.പി.സി.സി പുനഃസംഘടനയെ ഉറ്റുനോക്കുകയാണ് കോണ്‍ഗ്രസിലെ മുസ്‌ലിം സമുദായ അംഗങ്ങള്‍.

ജംബോ കമ്മിറ്റിക്ക് പകരം ഇത്തവണ മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാര്‍, 20 ജനറല്‍ സെക്രട്ടറിമാര്‍, 25 സെക്രട്ടറിമാര്‍, ഒരു ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലേക്കാണ് ഭാരവാഹികളെ കണ്ടെത്തേണ്ടത്. ഈ സ്ഥാനങ്ങളില്‍ മറ്റു സമുദായങ്ങളെ പോലെ മുസ്‌ലിം സമുദായത്തിനും പരിഗണന വേണമെന്ന വികാരം ശക്തമാണ്. മറ്റൊരു ന്യൂനപക്ഷ വിഭാഗമായ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് പ്രധാന നേതാക്കളും എം.പിമാരും നിരവധി പേര്‍ ഉള്ളപ്പോഴാണ് മുസ്‌ലിം സമുദായത്തിന്റെ പ്രാതിനിധ്യത്തില്‍ കുറവുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലുടനീളം അകമഴിഞ്ഞ പിന്തുണ നല്‍കി യു.ഡി.എഫിന് ചരിത്രവിജയം നേടിക്കൊടുത്ത മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരെ നേതൃനിരയില്‍ നിന്ന് ഇനിയും അകറ്റിനിര്‍ത്തരുതെന്ന ചര്‍ച്ച കോണ്‍ഗ്രസിനുള്ളിലും സജീവമാണ്.

എം.എം ഹസന് പകരം മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി പ്രസിഡന്റാവുകയും മാസങ്ങള്‍ക്ക് ശേഷം എം.ഐ ഷാനവാസ് അന്തരിക്കുകയും ചെയ്തതോടെ സംസ്ഥാന കോണ്‍ഗ്രസിന്റെ തലപ്പത്ത് മുസ്‌ലിം നേതാക്കള്‍ ആരുമില്ലാതയി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിച്ച സീറ്റുകളില്‍ ഒന്നൊഴികെ എല്ലായിടത്തും ജയിച്ചെങ്കിലും ഇതില്‍ മുസ്‌ലിം സമുദായത്തില്‍ നിന്ന് ഒരാള്‍ പോലുമില്ല. രണ്ടു സീറ്റുകള്‍ സമുദായത്തില്‍ നിന്നുള്ളവര്‍ക്കായി നീക്കിവച്ചെങ്കിലും ഇതില്‍ ജയം ഉറപ്പായിരുന്ന വയനാട് സീറ്റ് ഒടുവില്‍ രാഹുല്‍ ഗാന്ധിക്കായി വിട്ടുകൊടുക്കേണ്ടിവന്നു. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ പരാജയപ്പെടുകയും ചെയ്തു.

വയനാട് സീറ്റ് വിട്ടുകൊടുത്ത സാഹചര്യത്തില്‍ പ്രാതിനിധ്യ പ്രശ്‌നം ഉണ്ടെന്ന് തെരഞ്ഞെടുപ്പ് സമയത്ത് ചില മുസ്‌ലിം നേതാക്കള്‍ ഉല്‍ക്കണ്ഠ അറിയിച്ചിരുന്നു. എന്നാല്‍ പൊതുവേദിയില്‍ ഇത് ചര്‍ച്ച ചെയ്യേണ്ടെന്ന തീരുമാനത്തെ തുടര്‍ന്ന് നേതാക്കള്‍ മൗനം പാലിക്കുകയായിരുന്നു.

എം.എം ഹസന് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ പാര്‍ട്ടിയില്‍ അമര്‍ഷമുണ്ടായിരുന്നു. ഇപ്പോഴത്തെ കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എം.പിയായ സാഹചര്യത്തില്‍ കണ്‍വീനര്‍ സ്ഥാനം എം.എം ഹസന് നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഹസന്‍ കണ്‍വീനറാകുന്നത് മുന്നണിക്കും പാര്‍ട്ടിക്കും ഗുണം ചെയ്യുമെന്ന വിലയിരുത്തലുണ്ട്. മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാരില്‍ ഒരാള്‍ മുസ്‌ലിം സമുദായത്തില്‍ നിന്നാവണമെന്ന തല്‍സ്ഥിതി നിലനിര്‍ത്താനാണ് സാധ്യത.

 

അങ്ങനെയെങ്കില്‍ ആ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിക്ക് മത്സരിക്കാന്‍ പിന്‍മാറിയ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖിനെ വര്‍ക്കിങ് പ്രസിഡന്റ് ആക്കണമെന്നും അതല്ലെങ്കില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കണമെന്നും അഭിപ്രായം ശക്തമാണ്. ഷാനിമോള്‍ ഉസ്മാനെയും വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നുണ്ട്.

നിലവിലെ കമ്മിറ്റിയിലെ 25 ജനറല്‍ സെക്രട്ടറിമാരില്‍ ഒരാള്‍ പോലും മുസ്‌ലിം സമുദായ അംഗമല്ല. 42 സെക്രട്ടറിമാരില്‍ നാലുപേര്‍ മാത്രമാണുള്ളത്. ഡി.സി.സി അധ്യക്ഷസ്ഥാനത്തും സ്ഥിതി മറിച്ചല്ല. നിലവില്‍ കോഴിക്കോട്, ഇടുക്കി, കാസര്‍കോട് എന്നീ മൂന്ന് ജില്ലകളില്‍ മാത്രമാണ് മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവര്‍ പ്രസിഡന്റ് സ്ഥാനത്തുള്ളത്. മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്ത് പോലും പ്രസിഡന്റ് സ്ഥാനം മറ്റു സമുദായത്തില്‍ നിന്നുള്ളയാള്‍ക്കാണ് നല്‍കിയത്.

ഈ അവസ്ഥയ്ക്ക് മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നവര്‍ കോണ്‍ഗ്രസില്‍ ഏറെയുണ്ട്. കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം ചെയര്‍മാന്‍ കെ.കെ കൊച്ചുമുഹമ്മദ്, നിലവിലെ കെ.പി.സി.സി സെക്രട്ടറി കെ.പി അബ്ദുല്‍ മജീദ്, മുന്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. ടി. ആസിഫലി എന്നിവരെ കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരാക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്.

 


വരാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും അടുത്ത വര്‍ഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ന്യൂനപക്ഷ സമുദായത്തിന്റെ പിന്തുണ ഉറപ്പിക്കാന്‍ സമുദായത്തെ ഒപ്പം നിര്‍ത്തേണ്ടത് അനിവാര്യമാണ്.
പുനഃസംഘടനാ ചര്‍ച്ചകള്‍ സജീവമായ സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ കൂടി നേതൃത്വം പരിഗണിക്കുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസിലെ മുസ്‌ലിം നേതാക്കളും പ്രവര്‍ത്തകരും. ജൂലൈ 31നകം കെ.പി.സി.സി പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് നേതൃത്വം ആലോചിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News