2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘ബാബരി മസ്ജിദ് നിലനിന്ന ഭൂമി കൈമാറാന്‍ ഒരു മുസ്‌ലിമിനും കഴിയില്ല’; പള്ളിയുടെ പേരില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് വ്യക്തിനിയമ ബോര്‍ഡ്

ലഖ്‌നൗ: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സുപ്രിംകോടതി മുന്‍പാകെയുള്ള കേസ് അന്തിമഘട്ടത്തിലേക്കു കടക്കവെ ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് പ്രഖ്യാപിച്ച് അഖിലേന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. ശരീഅത്ത് നിയമപ്രകാരം ഒരിക്കല്‍ പള്ളിയായി വഖ്ഫ്‌ചെയ്ത സ്ഥലം എന്നും പള്ളി തന്നെയാണെന്നും വഖ്ഫ് ഭൂമി കൈമാറാന്‍ ഒരു മുസ്‌ലിമിനും അധികാരമില്ലെന്നും വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കി. പ്രസിഡന്റ് മൗലാന സയ്യിദ് റാബിഅ് ഹസന്‍ നദ്‌വിയുടെ അധ്യക്ഷതയില്‍ ഉത്തര്‍പ്രദേശിലെ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമയില്‍ ചേര്‍ന്ന ബോര്‍ഡിന്റെ നിര്‍വാഹക സമിതി യോഗമാണ് നിലപാട് വ്യക്തമാക്കിയത്.

മധ്യസ്ഥശ്രമങ്ങള്‍ അലസിപ്പിരിയുകയും പള്ളിയുടെ മേലിലുള്ള ഉടമസ്ഥാവകാശം ഉപേക്ഷിക്കണമെന്ന് സംഘ്പരിവാരില്‍ നിന്ന് കനത്ത സമ്മര്‍ദ്ദം വരികയും ചെയ്ത സന്ദര്‍ഭത്തിലാണ് കഴിഞ്ഞദിവസം ബോര്‍ഡ് യോഗം ചേര്‍ന്നത്. ബാബരി മസ്ജിദ് വിഷയത്തില്‍ യാതൊരു വിട്ടുവീഴ്ചയും വേണ്ടതില്ലെന്ന് യോഗത്തില്‍ അംഗങ്ങള്‍ ഒന്നടങ്കം നിലപാടെടുത്തു. ഇക്കാര്യത്തില്‍ ശക്തമായ വികാരമാണ് യോഗത്തില്‍ ഉയര്‍ന്നത്. അയോധ്യയില്‍ ഏതെങ്കിലും മതവിഭാഗത്തിന്റെ ആരാധനാലയം തകര്‍ത്തല്ല ബാബരി മസ്ജിദ് നിര്‍മിച്ചതെന്നത്് ചരിത്രപരമായ സത്യമാണെന്നും അതു തെളിയിക്കപ്പെട്ടതാണെന്നും യോഗശേഷം പുറപ്പെടുവിച്ച പ്രസ്താവനയില്‍ ബോര്‍ഡ് ചൂണ്ടിക്കാട്ടി.

നീതിയിലധിഷ്ടതമായ പര്യവസാനം കേസിനുണ്ടാവുമെന്ന് പതീക്ഷ പ്രകടിപ്പിച്ച യോഗം, അതേസമയം കോടതി വിധി എന്തായാലും അംഗീകരിക്കുമെന്നുമുള്ള നിലപാട് ആവര്‍ത്തിക്കുകയും ചെയ്തു. നിലവില്‍ ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ച് മുന്‍പാകെയുള്ള കേസിന്റെ പോക്കില്‍ യോഗം സംതൃപ്തി പ്രകടിപ്പിച്ചു. ദേശീയ പ്രാധാന്യം മാത്രമല്ല കേസിനുള്ളതെന്നും ആഗോളസമൂഹം തന്നെ വിഷയം ശ്രദ്ധിക്കുന്നുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന രാജ്യത്തിന്റെ മതേതരമൂല്യങ്ങളുടെ മാറ്റുരയ്ക്കല്‍ കൂടിയാണ് ഈ കേസെന്നും യോഗം ചൂണ്ടിക്കാട്ടി. മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കിയുള്ള കേന്ദ്രസര്‍ക്കാരിന്റെ നിയമഭേദഗതിക്കെതിരെ നിയമയുദ്ധം തുടരാനും യോഗം തീരുമാനിച്ചു.

ഇന്ത്യ പോലുള്ള ബഹുസ്വര സമൂഹത്തില്‍ ഏകസിവില്‍കോഡ് അപ്രായോഗികമാണെന്ന് വിലയിരുത്തിയ യോഗം, അത്തരത്തിലുള്ള നീക്കം മുസ്‌ലിം സമുദായത്തെ മാത്രമല്ല വിവിധ മത- ജാതി- വര്‍ഗ, വിഭാഗങ്ങളുടെ സ്വത്വത്തെയും ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി.

Muslim Personal Law Board reiterates Babri Masjid stand


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.