2019 June 18 Tuesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

ഇതുപോലൊരു മുസ്‌ലിം വിദ്വേഷം ഇതിനു മുന്‍പ് കണ്ടിട്ടേയില്ല; ഭീതി മാറാതെ ഷൗക്കത്തലിയുടെ ബന്ധുക്കള്‍

ഗുവാഹതി: കഴിഞ്ഞ 40 വര്‍ഷമായി ഷൗക്കത്തലി അസമില്‍ ബീഫും കോഴിയും മല്‍സ്യവും വില്‍പ്പനനടത്തിവരികയാണ്. ഇതിനിടെയാണ് 20നും 30നും ഇടയില്‍ വരുന്ന സംഘ്പരിവാര്‍ ആള്‍ക്കൂട്ടം കേട്ടാലറക്കുന്ന തെറിവിളിയുമായി ഷൗക്കത്തലിക്കു നേരെ ചീറിയടുത്തത്. ‘എഡോ ബംഗ്ലാദേശി @&%#$ നീയിത് പാകിസ്താനാണെന്നു കരുതിയാണോ ബീഫ് വില്‍ക്കുന്നത്? എന്നു ചോദിച്ചായിരുന്നു മര്‍ദ്ദനം തുടങ്ങിയത്. ആദ്യം വന്ന ആള്‍ തന്നെ ചവിട്ടി. വാര്‍ധക്യത്തിലുള്ള ഷൗക്കത്തലി ആദ്യ ചവിട്ടുകൊണ്ടപ്പോള്‍ തന്നെ താഴെ വീണു- അസമിലെ ബിസ്വന്ത് ജില്ലയില്‍ ഞായറാഴ്ച നടന്ന ദാരുണു സംഭവങ്ങള്‍ വിശദീകരിക്കുകയാണ് ഷൗക്കത്തലിയുടെ ഇളയസഹോദരന്‍ അബ്ദുര്‍റഹ്മാന്‍. ആക്രമണവിവരം അറിഞ്ഞ ഞങ്ങള്‍ അങ്ങേയറ്റം ഭീതിയിലാണ്. മര്‍ദ്ദനമേറ്റ് ആന്തരികാവയവങ്ങള്‍ക്കു ക്ഷതമേറ്റ ഷൗക്കത്തലി ആശുപത്രിയില്‍ ചികില്‍സയിലാണ്. അദ്ദേഹത്തിന് ജീവന്‍ തന്നെ നഷ്ടമായേക്കാം. ഇതുപോലൊരു മുസ്‌ലിം വിദ്വേഷം ഇതിനു മുന്‍പ് കണ്ടിട്ടേയില്ല- അബ്ദുര്‍റഹ്മാന്‍ പറഞ്ഞു.

അസമിലെ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനാണ് അബ്ദുര്‍റഹ്മാന്‍. തന്റെ പിതാവ് പതിറ്റാണ്ടുകള്‍ക്കു മുന്‍പ് തുടങ്ങിയതാണ് ബീഫ് വില്‍പ്പന. പിന്നീട് പിതാവിനെ സഹായിച്ചു തുടങ്ങിയ മൂത്തസഹോദരന്‍ ഷൗക്കത്ത്, അദ്ദേഹത്തിന് ശേഷം ആ കച്ചവടം തുടര്‍ന്നുപോരുകയായിരുന്നു- അബ്ദുര്‍റഹ്മാന്‍ വ്യക്തമാക്കി.

എന്നാല്‍, ഇത്തരത്തിലൊരു ദാരുണസംഭവം ഞങ്ങള്‍ പ്രതീക്ഷിച്ചതേയില്ല. അതികഠിനമായ ജോലികള്‍ ചെയ്താണ് നിത്യവൃത്തിക്കു വേണ്ടിയുള്ള പണം കണ്ടെത്തുന്നത്. വ്യാഴാഴ്ച തന്നെ ഏതാനും ചെറുപ്പക്കാര്‍ വന്ന് ഇനി ബീഫ് വില്‍ക്കരുതെന്നു പറഞ്ഞിരുന്നു. ഭീഷണി സംബന്ധിച്ച് മാര്‍ക്കറ്റിന്റെ മാനേജര്‍ കമാല്‍ ഥാപ്പയെ അറിയിച്ചു. അതിനപ്പുറം ഭീഷണി ഷൗക്കത്തലി കാര്യമാക്കിയില്ല. അടുത്തദിവസം വെള്ളിയാഴ്ചയും പതിവു പോലെ വില്‍പ്പന തുടര്‍ന്നു. കേരളത്തെ പോലെ ബീഫ് വില്‍പ്പനയ്ക്കു നിരോധനമില്ലാത്ത സംസ്ഥാനമാണ് അസം. പശുവിനെ അറിക്കുന്നതിനു നിരോധനമുണ്ടെങ്കിലും കാളയെയും പോത്തിനെയും വ്യവസ്ഥകളോടെ അറുക്കുന്നതിനു അനുമതിയുണ്ട്. ഞായറാഴ്ച വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് ഷൗക്കത്തലി ആക്രമിക്കപ്പെട്ടത്. ഏതാനും ചെറുപ്പക്കാര്‍ വന്ന് നീ ബീഫ് വില്‍ക്കുമല്ലേ എന്നു ചോദിച്ച് ആക്രമണം തുടങ്ങുകയായിരുന്നു. മര്‍ദ്ദനത്തിനിടെ പന്നിയിറച്ചി ബലം പ്രയോഗിച്ച് ഷൗക്കത്തലിയുടെ വായിലേക്കു തിരുകുകയുംചെയ്തു. അദ്ദേഹത്തിന്റെ വില്‍പ്പന ശാലയിലെ ഫര്‍ണിച്ചറുകളും ആക്രമികള്‍ തകര്‍ത്തു- അബ്ദുര്‍റഹ്മാന്‍ പറഞ്ഞു.

ആക്രമണം സഹിക്കാവുന്നതാണെങ്കിലും വായിലേക്കു പന്നിയിറച്ചി തിരുകിയത് സഹിക്കാവുന്നതിനും അപ്പുറമാണെന്ന് ഷൗക്കത്തലി പറഞ്ഞു. ശരീരത്തിനേറ്റ മുറിവ് സഹിക്കാം. പക്ഷേ മനസിനേറ്റ മുറിവ് സഹിക്കാനാവുന്നില്ല. അവര്‍ പറയുന്നതു പോലെ തന്റെ കൈയില്‍ ബീഫ് ഉണ്ടായിരുന്നില്ല. ഞായറാഴ്ച കോഴിയിറച്ചിയും മത്സ്യവുമായിരുന്നു വില്‍പ്പനനടത്തിയത്. എന്നാല്‍, അക്രമികള്‍ മുന്‍കൂട്ടി ആസൂത്രണംചെയ്താണ് എത്തിയത്. ഇങ്ങോട്ട് ഒന്നും പറയാതെ ആക്രമണം തുടങ്ങുകയായിരുന്നു. ‘നീ ബംഗ്ലാദേശിയാണോ? ബീഫ് വില്‍ക്കാന്‍ ലൈസന്‍സുണ്ടോ, പൗരത്വ റജിസ്റ്ററില്‍ പേരുണ്ടോ? തിരിച്ചറിയല്‍ കാര്‍ഡെവിടെ?’ എന്നെല്ലാം അക്രമികള്‍ ചോദിച്ചുകൊണ്ടിരുന്നു.

സംഭവത്തില്‍ ഷൗക്കത്തലിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയെങ്കിലും പൊലിസ് കേസെടുക്കുകയോ തുടര്‍നടപടികള്‍ സ്വീകരിക്കുകയോ ഉണ്ടായില്ല. എന്നാല്‍, ആക്രമണത്തിന്റെ വീഡിയോകള്‍ പ്രചരിക്കുകയും അതു മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തതോടെ മാത്രമാണ് പൊലിസ് കേസെടുക്കാനും ഒരാളെ അറസ്റ്റ്‌ചെയ്യാനും മുതിര്‍ന്നതെന്നും ബന്ധുക്കള്‍ ആരോപിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.