2019 January 24 Thursday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്: സംവരണ അട്ടിമറിക്കെതിരേ മുസ്‌ലിം ലീഗ് പ്രക്ഷോഭത്തിന്

 

മലപ്പുറം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാറിന്റെ സ്‌പെഷല്‍ ചട്ടങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് മുസ്‌ലിംലീഗ് നേതൃത്വം നല്‍കുമെന്ന് ദേശീയ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് എന്നിവര്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമാന ചിന്താഗതിയുള്ള സംഘടനകളുമായി ചേര്‍ന്നായിരിക്കും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നത്. മുസ്‌ലിംലീഗിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ 17ന് രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. തുടര്‍ന്ന് മുസ്‌ലിം സംഘടന നേതാക്കളുമൊത്ത് മുഖ്യമന്ത്രി പിണറായി വിജയനെ കാണുമെന്നും നേതാക്കള്‍ പറഞ്ഞു.

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നടപ്പിലാക്കുന്നതോടുകൂടി സംവരണ തത്വങ്ങള്‍ അട്ടിമറിക്കപ്പെടുകയാണ് ചെയ്യുന്നത്. മൂന്ന് തരത്തിലുള്ള നിയമനമാണ് കെ.എ.എസിലുള്ളത്. ഇതില്‍ ആദ്യത്തേത് നേരിട്ടുള്ള നിയമനമാണ്. ഇതിന് സംവരണം ലഭിക്കും. രണ്ടും മൂന്നും വിഭാഗത്തില്‍ നിലവിലുള്ള ജീവനക്കാരില്‍ നിന്നും ട്രാന്‍സ്ഫറോ പ്രമോഷനോ നല്‍കുകയാണ്. ഇവര്‍ക്ക് സംവരണ ആനുകൂല്യങ്ങള്‍ ലഭിക്കുകയുമില്ല. മാത്രമല്ല അപേക്ഷ നല്‍കുകയും ടെസ്റ്റും അഭിമുഖവും പാസാവുകയും വേണം. പ്രമോഷനും ട്രാന്‍സ്ഫര്‍ വഴിയും നടത്തുന്ന കെ.എ.എസ് നിയമനത്തിന് സംവരണം നല്‍കേണ്ടെന്ന സൗകര്യം ഉപയോഗപ്പെടുത്താനാണ് സര്‍ക്കാറിന്റെ ഈ നടപടി.

ഇതോടെ സംവരണം അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുകയില്ല. മേല്‍തട്ടിലേക്ക് പോകും തോറും ഉദ്യോഗസ്ഥ തലങ്ങളില്‍ സംവരണ സമുദായങ്ങളുടെ പ്രാതിനിധ്യം കുറയും. സര്‍ക്കാറിന്റെ ഈ നയം സംവരണ തത്വങ്ങള്‍ക്ക് എതിരാണ്. രാജ്യത്തിന്റെ ഭരണ സംവിധാനത്തില്‍ എസ്.സി, എസ്ടി ഒ.ബി.സി വിഭാഗങ്ങള്‍ക്ക് പ്രവേശനം ദുഷ്‌കരമാക്കുന്ന തരത്തിലാണ് സര്‍ക്കാര്‍ കെ.എ.എസ് നടകപ്പാക്കാനൊരുങ്ങുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ മുസ്‌ലിംലീഗിന്റെ നേതൃത്വത്തില്‍ ഉയര്‍ന്നുവരുമെന്നും ഇരുവരും പറഞ്ഞു.

ജീവപര്യന്തം തടവിന് ശിക്ഷിച്ചവരെ 14 വര്‍ഷം തടവിലാക്കണമെന്ന നിയമം ലംഘിച്ചുകൊണ്ട് തടവുകാരെ വിട്ടയച്ച അന്നത്തെ അച്ചുദാനന്ദന്‍ സര്‍ക്കാറിന്റെ നടപടി ഹൈക്കോടതി റദ്ദാക്കിയ നടപടിയെ സ്വാഗതം ചെയ്യുന്നു. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തില്‍പ്പെട്ട് ശിക്ഷയനുഭവിച്ചവരെ വിട്ടയടച്ച നടപടി കോടതി പ്രത്യേകമായി ചൂണ്ടികാണിക്കുന്നുണ്ട്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സി.പി.എമ്മും ബിജെപിയും ജനങ്ങള്‍ക്ക് മുന്‍പില്‍ മാപ്പ് പറയണമെന്നും ബഷീര്‍ പറഞ്ഞു. സി.ബി.ഐയെ കൈയിലാക്കാന്‍ വളഞ്ഞവഴിയാണ് മോദിയും ബിജെപിയും സ്വീകരിക്കുന്നതെന്നും രാജ്യത്തിന്റെ ജനാധിപത്യം തന്നെ തകരുന്ന തരത്തിലേക്കാണ് ഇത്തരം ഇടപെടലുകള്‍ വളരുന്നതെന്ന് മോദിയും ബിജെപിയും മനസിലാക്കണമെന്നും ഇ.ടി പറഞ്ഞു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.