2020 April 05 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

Editorial

ജസ്റ്റിസ് ലോയയുടെ മരണം അടഞ്ഞ അധ്യായമാകരുത്


 

മഹാരാഷ്ട്രയില്‍ ബി.ജെ.പി സര്‍ക്കാര്‍ മാറിയതോടെ ജസ്റ്റിസ് ബി.എച്ച് ലോയയുടെ ദുരൂഹമരണം സംബന്ധിച്ച പുനരന്വേഷണം വേണമെന്ന ആവശ്യം ഘടകകക്ഷികളായ കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും ഭാഗത്തുനിന്ന് ഉണ്ടായിരിക്കുകയാണ്. നേരത്തെ ഉദ്ധവ് താക്കറെയും പുനരന്വേഷണത്തിന് താല്‍പര്യം പ്രകടിപ്പിച്ചിരുന്നതാണ്. അന്വേഷണം വേണമെന്ന് ബോധ്യപ്പെട്ടാല്‍ നടപടിയെടുക്കുമെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ ഒരു സ്വകാര്യ ചാനല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്.
കേന്ദ്രമന്ത്രിയായ അമിത്ഷാ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് ശൈഖ് സൊഹ്‌റാബുദ്ദീന്റെ ഭാര്യ കൗസര്‍ബി, തുള്‍സിറാം എന്നിവര്‍ പൊലിസിന്റെ വെടിയേറ്റ് മരിക്കുന്നത്. മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വധിക്കാനെത്തിയ ഭീകരസംഘടനയിലെ അംഗങ്ങളാണെന്ന് പറഞ്ഞ് വ്യാജ ഏറ്റുമുട്ടലിലൂടെയായിരുന്നു ഇവരെ കൊലപ്പെടുത്തിയത്. ഈ കേസ് വിചാരണ ചെയ്തിരുന്നത് സി.ബി.ഐ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ബി.എച്ച് ലോയയുടെ മുമ്പാകെയായിരുന്നു. വിചാരണവേളയില്‍ ബി.എച്ച് ലോയ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുകയും ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്ന ഹരജികള്‍ സുപ്രിംകോടതി തള്ളുകയും ചെയ്തു. 2014 ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെയാണ് ജസ്റ്റിസ് ലോയ മരണപ്പെടുന്നത്. നാഗ്പൂരില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്തതിന് ശേഷമുള്ള യാത്രയില്‍ രവിഭവന്‍ എന്ന ഗസ്റ്റ്ഹൗസില്‍വച്ച് ഹൃദയാഘാതം ഉണ്ടാവുകയും പിന്നീട് മരിക്കുകയുമായിരുന്നു എന്നാണ് പുറത്തുവന്ന വിവരം.
എന്നാല്‍ ലോയയുടെ മരണത്തില്‍ സംശയങ്ങളുണ്ടെന്ന് സഹോദരിയും ബന്ധുക്കളും ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ലോയയുടെ മരണത്തില്‍ വ്യാപകമായ സംശയങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നത്. അമിത്ഷാക്ക് അനുകൂല വിധിനല്‍കാന്‍ തന്റെമേല്‍ സമ്മര്‍ദം ഉണ്ടെന്നും ഇതിനായി ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷാ തനിക്ക് ആറുകോടി വാഗ്ദാനം ചെയ്തുവെന്നും മരണത്തിന്റെ തലേആഴ്ച ലോയ വെളിപ്പെടുത്തിയതായി അദ്ദേഹത്തിന്റെ പിതാവ് തന്നെ കാരവന്‍ മാസികയില്‍ ആരോപണം ഉന്നയിച്ചിരുന്നു. ജസ്റ്റിസ് ലോയയുടെ അസ്വാഭാവിക മരണം പുറത്തുകൊണ്ടുവന്നത് കാരവന്‍ മാസികയായിരുന്നു.
ഹൃദയസ്തംഭനം മൂലമാണ് ലോയ മരണപ്പെട്ടതെന്ന് ലോയക്ക് ഒപ്പം ഉണ്ടായിരുന്നവരാണ് പറഞ്ഞത്. ഇതില്‍ ദുരൂഹതയുണ്ടെന്ന് കാരവന്‍ മാസിക ആരോപിക്കുകയും ചെയ്തിരുന്നു. ഗസ്റ്റ്ഹൗസില്‍ വന്ന്‌പോയവരുടെ പേരുവിവരങ്ങള്‍ 2014 നവംബര്‍ 29 വരെയുള്ള തിയതികളില്‍ റജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ലോയയുടെ പേര് മാത്രമില്ല. ലോയക്ക് ഒപ്പമുണ്ടായിരുന്ന ബോംബെ ഹൈക്കോടതി റജിസ്ട്രാര്‍ ശ്രീകാന്ത് കുല്‍ക്കര്‍ണി, ശാലിനി ശശാങ്ക് പന്‍സര്‍ക്കാര്‍ എന്നിവരുടെ പേരുവിവരങ്ങള്‍ റജിസ്റ്ററില്‍ ഉണ്ടായിരുന്നു. നാല് കോളങ്ങള്‍ ഒഴിച്ചിടുകയും ചെയ്തു. ലോയയുടെ മരണദിവസം ഗസ്റ്റ് ഹൗസില്‍ വന്നവരുടെ പേരുവിവരങ്ങള്‍ റജിസ്റ്ററില്‍ എഴുതാതിരുന്നത് ലോയയുടെ മരണം സ്വാഭാവികമല്ല എന്നതിലേക്കായിരുന്നു വിരല്‍ചൂണ്ടിയത്. ഇതേതുടര്‍ന്നാണ് ജസ്റ്റിസ് ലോയയുടെ മരണം അന്വേഷിക്കണമെന്ന് ബി.ജെ.പിയിലെ മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ ആവശ്യപ്പെട്ടത്.
ശൈഖ് സൊഹ്‌റാബുദ്ദീനെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസ് അന്വേഷിച്ച മൂന്ന് ഐ.പി.എസുകാരുടെ അന്വേഷണം നേരായവഴിക്കല്ല പോകുന്നതെന്ന് കണ്ട ഗുജറാത്ത് കേഡറിലെ പൊലിസ് ഓഫിസര്‍ രജനീഷ് റായ് അവരെ അന്വേഷണ ചുമതലയില്‍നിന്ന് മാറ്റിയിരുന്നു. ഇതില്‍ രോഷാകുലരായ ഗുജറാത്ത് സര്‍ക്കാര്‍ രജനീഷ് റായിയെ സസ്‌പെന്‍ഡ് ചെയ്തു.
ഒടുവില്‍ 2007 മാര്‍ച്ച് 23ന് സൊഹ്‌റാബുദ്ദീനെ വ്യാജ ഏറ്റുമുട്ടലിലൂടെ വധിച്ചതാണെന്ന് ഗുജറാത്ത് സര്‍ക്കാരിന് സുപ്രിംകോടതിയില്‍ സമ്മതിക്കേണ്ടിവന്നു. കേസന്വേഷണം സി.ബി.ഐ ഇതിനിടക്ക് ഏറ്റെടുക്കുകയും ശൈഖ് സൊഹ്‌റാബുദ്ദീന്റെയും ഭാര്യയുടെയും തുള്‍സിറാമിന്റെയും കൊലപാതകത്തില്‍ അമിത്ഷാക്കെതിരേ 2007 ജൂലൈ 23ന് കൊലക്കുറ്റം ചുമത്തുകയും ചെയ്തു. 2010 ജൂലൈ 25ന് അമിത്ഷാ സി.ബി.ഐ കോടതിയില്‍ കീഴടങ്ങുകയും ഈ കേസ് 2014 ഡിസംബര്‍ ഒന്നിന് സി.ബി.ഐ പ്രത്യേക കോടതി ജഡ്ജിയായ ജസ്റ്റിസ് ബി.എച്ച് ലോയയുടെ ബെഞ്ചില്‍ വിചാരണക്ക് വരികയും ചെയ്തു. ഇതേതുടര്‍ന്നാണ് പിന്നീടുണ്ടായ നാടകീയ സംഭവങ്ങളും ജസ്റ്റിസ് ലോയയുടെ ദുരൂഹമരണവും സംഭവിക്കുന്നത്. ജസ്റ്റിസ് ലോയയുടെ ദുരൂഹമരണത്തിന് ശേഷം 15 ദിവസത്തിനകം ചാര്‍ജെടുത്ത പുതിയ ജഡ്ജി ഡിസംബര്‍ 30ന് അമിത്ഷായെ കുറ്റവിമുക്തനാക്കുകയും ഇത് സുപ്രിംകോടതി 2016 ഓഗസ്റ്റ് 1ന് ശരിവയ്ക്കുകയും ചെയ്തു.
2018 ഏപ്രില്‍ 19ന് ഇത് സംബന്ധിച്ച ഹരജികള്‍ തള്ളിക്കൊണ്ട് സുപ്രിംകോടതി പറഞ്ഞത് ജസ്റ്റിസ് ബി.എച്ച് ലോയയുടെ മരണം സ്വാഭാവിക മരണമെന്നായിരുന്നു. ഈ കേസ് വിചാരണയിലാണ് ചീഫ് ജസ്റ്റിസായിരുന്ന ദീപക്മിശ്ര സീനിയര്‍മാരായ ജഡ്ജിമാരെ അവഗണിച്ചത്. താരതമ്യേന ജൂനിയറായ ജഡ്ജിമാര്‍ക്ക് ജസ്റ്റിസ് ലോയയുടെ കേസ് വിചാരണ നല്‍കുകയായിരുന്നു അദ്ദേഹം. ഇതില്‍ പ്രതിഷേധിച്ച് ജസ്റ്റിസ് ചെലമേശ്വറുടെ നേതൃത്വത്തില്‍ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ സുപ്രിംകോടതി ബഹിഷ്‌ക്കരിച്ച് ദിപക് മിശ്രക്കെതിരേ പത്രസമ്മേളനം നടത്തിയത് വാര്‍ത്താ പ്രാധാന്യം നേടി. തുടര്‍ന്ന് ദീപക്മിശ്രതന്നെ വിചാരണ ഏറ്റെടുത്തുവെങ്കിലും ജസ്റ്റിസ് ലോയയുടെ മരണം സ്വാഭാവികമെന്ന് വിധിക്കുകയായിരുന്നു. എല്ലാംകൂടി കൂട്ടിവായിക്കുമ്പോള്‍ ജസ്റ്റിസ് ലോയയുടെ മരണം സ്വാഭാവികമല്ലെന്ന് പൊതുസമൂഹം ഉറച്ച് വിശ്വസിക്കുന്നുണ്ട് ഇപ്പോഴും. ഇതിന്റെ സത്യാവസ്ഥ പുറത്തുവരണം. ഒരു പുനരന്വേഷണത്തിലൂടെയാണ് സത്യം വെളിപ്പെടുന്നതെങ്കില്‍ അത് തന്നെവേണം. കള്ളം സ്വര്‍ണപാത്രംകൊണ്ട് എത്രകാലം മൂടിവച്ചാലും ഒരുനാള്‍ പുറത്ത് വരികതന്നെ ചെയ്യും. അടഞ്ഞ അധ്യായമാകരുത് ജസ്റ്റിസ് ബി.എച്ച് ലോയയുടെ ദുരൂഹ മരണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.