2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

കൂടത്തായി കൂട്ടക്കൊല:അന്വേഷണസംഘം വിപുലീകരിച്ചു,സംഘാംഗങ്ങളുടെ എണ്ണം 35ആയി

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് അന്വേഷിക്കുന്ന പൊലിസ് സംഘത്തെ വിപുലീകരിച്ചു. അന്വേഷണത്തിന്റെ മേല്‍നോട്ടം ഉത്തരമേഖല ഐ.ജി അശോക് യാദവിനെയാണ് ഏല്‍പിച്ചു. വിപുലീകരണത്തിന് ശേഷം സംഘാംഗങ്ങളുടെ എണ്ണം 35ആയി. ആദ്യം പത്തുപേരായിരുന്നു സംഘത്തിലുണ്ടായത്.കേസന്വേഷണത്തില്‍ കൂടുതല്‍ കൃത്യതവേണ്ടിവരുന്നതിനാല്‍ സാങ്കേതിക വിദഗ്ധരേയും ഫോറന്‍സിക് വിദഗ്ധരേയും സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ട് എ എസ്പിമാരും മൂന്ന് ഡിവൈഎസ്പിമാരും സംഘത്തിലുണ്ട്. ഇതുകൂടാതെ അന്വേഷണ സംഘത്തിന് സാങ്കേതിക സഹായത്തിനായി എസ് പി ഡോ.ദിവ്യ വി ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തേയും നിയോഗിച്ചിട്ടുണ്ട്. കണ്ണൂര്‍ എ.എസ്.പി ഡി.ശില്‍പ, നാദാപുരം എ.എസ്.പി അങ്കിത് അശോകന്‍, താമരശ്ശേരി ഡിവൈ.എസ്.പി കെ.പി. അബ്ദുള്‍ റസാക്ക്, തലശ്ശേരി ഡിവൈ.എസ്.പി വേണുഗോപാല്‍ കെ.വി, കോഴിക്കോട് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ എസ്.എച്ച്‌സി.ശിവപ്രസാദ്, പോലീസ് ആസ്ഥാനത്തെ ഹൈ ടെക് സെല്‍ ഇന്‍സ്‌പെക്റ്റര്‍ സ്റ്റാര്‍മോന്‍ ആര്‍. പിള്ള എന്നിവരെയാണ് പുതുതായി സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.

ഓരോ കൊലപാതകവും പ്രത്യേകം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനും തീരുമാനിച്ചു. ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഓരോരുത്തര്‍ക്കും ചുമതല നല്‍കും.
കേസിന്റെ വേരുകള്‍ കട്ടപ്പനയിലേക്കും നീളുന്നസാഹചര്യത്തില്‍ കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ വിപുലമായ അന്വേഷണം വേണമെന്ന് പൊലിസ് വ്യക്തമാക്കിയിരുന്നു. രണ്ടു കുട്ടികളെ കൂടി മുഖ്യപ്രതിയായ ജോളി കൊല്ലാന്‍ ശ്രമിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.ജി സൈമണ്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. പൊന്നാമറ്റം കുടുംബത്തിലെയും കുടുംബവുമായി ബന്ധപ്പെട്ട മറ്റൊരു വീട്ടിലെയും കുട്ടിയെ കൊല്ലാന്‍ ജോളി ശ്രമിച്ചു എന്നാണ് പൊലിസ് പറയുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.