2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

മ്യൂണിക് വെടിവയ്പ്പ്: അക്രമി മനോരോഗി, ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമില്ലെന്ന് ജര്‍മന്‍ പ്രസിഡന്റ്

മ്യൂണിക്: ജര്‍മനിയിലെ മ്യൂണിക്കില്‍ നടന്ന വെടിവയപ്പില്‍ ആക്രമിക്ക് തീവ്രവാദവുമായോ ഭീകരസംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റുമായൊ ബന്ധമില്ലെന്ന് പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മ്യൂണിക്കിലെ ഒളിംപിയ ഷോപ്പിങ് മാളില്‍ ജര്‍മന്‍-ഇറാനിയന്‍ വംശജനായ 18 കാരന്‍ ഒമ്പത് പേരെ വെടിവച്ചു കൊന്നത്. കൃത്യം നടത്തിയ ശേഷം ആക്രമി സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു.

ആക്രമി മനോരോഗത്തിന് ചികില്‍സിച്ചിരുന്നതായി ബവേറിയന്‍ പൊലിസ് ചീഫ് പറഞ്ഞു. ആക്രമി ജനിച്ചതും വളര്‍ന്നതും മ്യൂണിക്കിലാണ്. എന്നാല്‍, അഭയാര്‍ഥികളുമായി അക്രമിക്ക് യാതൊരു ബന്ധവുമില്ലെന്നും പൊലിസ് ചീഫ് വെളിപ്പെടുത്തി. ആക്രമത്തിന് ഉപയോഗിച്ചതെന്നു കരുതുന്ന 9 എം.എം ഗ്ലോക്ക് പിസ്റ്റള്‍ ആത്മഹത്യ ചെയ്ത അക്രമിയുടെ സമീപത്ത് നിന്നു ലഭിച്ചതായും പൊലിസ് ചീഫ് അറിയിച്ചു.

വെള്ളിയാഴ്ച പ്രദേശിക സമയം വൈകീട്ട് ആറോടെയാണ് ആക്രമി ഒളിംപ്യ ഷോപ്പിങ് സെന്റര്‍ ആക്രമിക്കുന്നത്. ഹാനവര്‍ സ്ട്രീറ്റില്‍ ഉണ്ടായിരുന്ന ആളുകള്‍ക്ക് നേരെയാണ് അക്രമി ആദ്യം വെടിവെച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്നാണ് ഒളിംപ്യ ഷോപ്പിംഗ് മാളിലേക്ക് അക്രമി നീങ്ങിയത്. അക്രമി ജാക്ക്ബൂട്ടും ബാക്ക്പാക്കും ഉപയോഗിച്ചിരുന്നതായി ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞു. ആക്രമണത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെടുകയും 16 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

സംഭവത്തിന്റെ കൂടുതല്‍ വീഡിയോകളും ചിത്രങ്ങളും ജനങ്ങളുടെ കൈകളിലുണ്ടെങ്കില്‍ അത് തെളിവിനായി നല്‍കണമെന്ന് ജര്‍മന്‍ പൊലിസ് ആവശ്യപ്പെട്ടു. അക്രമണം നടത്തിയത് ഇയാള്‍ തനിച്ചാണെന്നും ഇയാളെ പിന്നീട് സ്വയം വെടിവച്ചു മരിച്ചനിലയില്‍ ഒളിംപ്യ ഷോപ്പിങ് സെന്ററിനു ഒരു കിലോമീറ്റര്‍ മാറി കണ്ടെത്തിയതായും പൊലിസ് പറഞ്ഞു. മ്യൂണിക്കില്‍ താമസമായ ഇയാളെ കുറ്റകൃത്യം നടത്താന്‍ പ്രേരിപ്പിച്ചതെന്താണെന്ന് കാരണം വ്യക്തമല്ലെന്ന് മ്യൂണിക് പൊലിസ് മേധാവി ഹബെര്‍റ്റസ് ആന്ദ്രേ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.