2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

പ്രതിഷേധം വിജയിച്ചു; സര്‍ക്കാര്‍ മുട്ടുമടക്കി: കര്‍ഷക സമരം പിന്‍വലിച്ചു

  • 95 ശതമാനവും കൃഷിക്കാരല്ലെന്ന് പരിഹസിച്ച് ഫട്‌നാവിസ്
  • മാവോ അനുകൂലികളാണെന്നു ബിജെപി എംപി പൂനം മഹാജന്‍

മുംബൈ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 180 കിലോമീറ്റര്‍ ലോങ് മാര്‍ച്ചായി എത്തിയ കര്‍ഷകരുടെ പ്രതിഷേധം ഒടുവില്‍ വിജയം കണ്ടു. കര്‍ഷക പ്രതിനിധികളുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് നടത്തിയ ചര്‍ച്ചയില്‍ ഭൂരിഭാഗം ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു. ഇതോടെ സമരം പിന്‍വലിച്ചു.

കര്‍ഷകരുടെ പരാതികളില്‍ രണ്ടുമാസത്തിനകം പരിഹാരം ഉണ്ടാക്കാമെന്ന് സര്‍ക്കാര്‍ കര്‍ഷകപ്രതിനിധികളെ അറിയിച്ചു. തീരുമാനങ്ങള്‍ എഴുതി നല്‍കാമെന്ന് മുഖ്യമന്ത്രി ഫട്നാവിസ് അറിയിച്ചതോടെയാണ് സമരം പിന്‍വലിക്കാന്‍ കർഷകർ തീരുമാനിച്ചത്. ഇതോടെ ആറു ദിവസം നീണ്ടുനിന്ന ചരിത്രസമരത്തിനു ശേഷം കര്‍ഷകര്‍ വിജയം കണ്ടിരിക്കുകയാണ്.

12 പേരടങ്ങുന്ന കര്‍ഷകസംഘമാണ് ആറംഗ സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്.

അതിനിടെ ജാഥയില്‍ അണിനിരന്നവരെ പരിഹസിച്ച് ഫട്‌നാവിസും ബിജെപി എംപി പൂനം മഹാജനും രംഗത്തെത്തിയത് വിവാദമായി.

മുംബൈ ആസാദ് മൈതാനത്തു തടിച്ചുകൂടിയവരില്‍ 95 ശതമാനവും ഗോത്രവര്‍ഗക്കാരാണെന്നും ഇവര്‍ക്ക് കൃഷിയുമായി ബന്ധമൊന്നുമില്ലെന്നുമാണ് ഫട്‌നാവിസ് പറഞ്ഞത്.

ഭൂരിഭാഗവും സാങ്കേതികപരമായി കര്‍ഷകരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷകരുമായി ചര്‍ച്ചനടത്താനിരിക്കെയാണ് ഫട്‌നാവിസിന്റെ പ്രതികരണം. ഇതു കര്‍ഷകരെ ചൊടിപ്പിച്ചിട്ടുണ്ട്. 

കര്‍ഷക മാര്‍ച്ചില്‍ പങ്കെടുക്കുന്നവര്‍ മാവോ അനുകൂലികളാണെന്നു ബിജെപി എംപി പൂനം മഹാജന്‍ ആരോപിച്ചു.

 

 

ഇന്നലെ രാത്രിയോടെ സെന്‍ട്രല്‍ മുംബൈയിലെത്തിയ പ്രക്ഷോഭകര്‍ ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ ഉച്ചയ്ക്കു ശേഷം മഹാരാഷ്ട്ര നിയമസഭ വളയുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.

നിയമസഭ വളയുന്നതില്‍ നിന്ന് കര്‍ഷകരെ എന്തുവിലകൊടുത്തും തടയാനുള്ള നീക്കം പൊലിസും നടത്തി.ദക്ഷിണ മുംബൈയിലെ നരിമാന്‍ പോയിന്റിലുള്ള നിയമസഭാമന്ദിരത്തിന്റെ പരിസരത്തേക്ക് പ്രക്ഷോഭകരെ അടുപ്പിക്കാതെ മൂന്നുകിലോമീറ്റര്‍ അകലെയുള്ള ആസാദ് മൈതാനത്തേക്ക് വഴിതിരിച്ചുവിടുന്ന വിധത്തില്‍ ഗതാഗത നിയന്ത്രണവും പൊലിസ് ഏര്‍പ്പെടുത്തി.

സോളാര്‍ സഹായം

മധു ഉദാര്‍ കര്‍ഷകന്‍ മാര്‍ച്ചിനെത്തിയിരിക്കുന്നത് വീട്ടിലിരിക്കുന്ന സോളാര്‍ പാനലുമായാണ്. തന്റെ തലയില്‍ വച്ചിരിക്കുന്ന സോളാര്‍ പാനലില്‍ നിന്നു ലഭിക്കുന്ന വൈദ്യുതി ഉപയോഗിച്ചാണ് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നത്. തന്റെ മൊബൈല്‍ മാത്രമല്ല ജാഥയില്‍ പങ്കെടുക്കുന്നവരുടെ ഫോണും ഇതുവഴി ചാര്‍ജ് തചെയ്യുന്നുണ്ട്.

വീട്ടില്‍ ആരൊക്കെയുണ്ടെന്നു ചോദിച്ചാല്‍ മധു പറയും- ഭാര്യ, രണ്ടു മക്കള്‍, മൂന്നു പോത്തുകള്‍. നാല് ഏക്കര്‍ വനഭൂമി കൈവശമുള്ള ഇദ്ദേഹം അതിന്റെ ഉടമസ്ഥാവകാശത്തിനുവേണ്ടി പോരാട്ടത്തിലാണ്.


കര്‍ഷകരുടെ ആവശ്യങ്ങള്‍

സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്കു മതിയായ നഷ്ടപരിഹാരം നല്‍കുക, താങ്ങുവില സംബന്ധിച്ച സ്വാമിനാഥന്‍ കമ്മിഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുക, പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് ഏക്കറിനു 40,000 രൂപ വീതം നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സി.പി.എമ്മിന്റെ കര്‍ഷക സംഘടനയുടെ നേതൃത്വത്തില്‍ നാസിക്കില്‍ നിന്ന് ചൊവ്വാഴ്ചയാണ് റാലി തുടങ്ങിയത്.


ചരിത്ര റാലി

ആറുദിവസം കൊണ്ട് 200ലേറെ കിലോമീറ്റര്‍ പിന്നിട്ടാണ് റാലി മുംബൈയിലെത്തിയത്. പ്രതിദിനം ശരാശരി 35 കിലോമീറ്റര്‍ ദൂരമാണ് താണ്ടുന്നത്. ഇടയ്ക്കുവച്ച് അതതു പ്രദേശത്തുനിന്നും കര്‍ഷകര്‍ റാലിക്കൊപ്പം ചേരുന്നുണ്ട്. സമാപനദിവസമായ ഇന്ന് ഒരുലക്ഷം പേരെങ്കിലും പങ്കെടുക്കുമെന്നാണ് സംഘാടകര്‍ കണക്കുകൂട്ടുന്നത്.


സമ്മര്‍ദ്ദത്തില്‍ ബി.ജെ.പി

മുംബൈയിലെ ആസാദ് മൈതാനിലെത്തിയ മാര്‍ച്ചില്‍ 50,000ത്തോളം പേരാണ് പങ്കെടുക്കുന്നത്. നാസിക്കില്‍നിന്നു പുറപ്പെടുമ്പോള്‍ 30,000 പേരുള്ള മാര്‍ച്ചാണ് 180 കി.മീറ്റര്‍ സഞ്ചരിച്ച് മുംബൈയിലെത്തിയപ്പോള്‍ 50,000 ആയി ഉയര്‍ന്നത്. 

പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ്, എന്‍.സി.പി, മഹരാഷ്ട്ര നവനിര്‍മാണ്‍ സേന എന്നിവയും ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിവസേനയും കര്‍ഷകര്‍ക്ക് പിന്‍തുണ പ്രഖ്യാപിച്ചിരുന്നു.

മുംബൈ നഗരത്തിലെത്തിയ കര്‍ഷകര്‍ക്ക്‌ വന്‍വരവേല്‍പ്പാണ് ലഭിച്ചത്. സമരക്കാരെ സ്വീകരിക്കാന്‍ ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകനായ ആദിത്യ താക്കറെ ഉണ്ടായിരുന്നു. 


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.