
ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദ് അറസ്റ്റില്‍. ജമാഅത്തുദഅ്വാ തലവനായ ഹാഫിസിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹാഫിസ് സഈദിനും കൂട്ടാളികള്‍ക്കുമെതിരെ 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഭീകര പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം ചെയ്യല്‍, കള്ളപ്പണം തുടങ്ങിയ വകുപ്പുകളിലാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. ഇതിന് പിന്നാലെ ഹാഫിസ് സഈദിനെ അറസ്റ്റ് ചെയ്യുമെന്ന് പാകിസ്താന് അധികാരികള്‍ വ്യക്തമാക്കിയിരുന്നു.ലാഹോറില്‍ നിന്ന് ഗുജ്രന്വാലിയിലേക്ക് പോകുന്ന വഴി പഞ്ചാബ് കൗണ്ടര്‍ ടെററിസം വകുപ്പാണ് ഹാഫിസിനെ പിടികൂടിയത്.
തീവ്രവാദ അതേ സമയം സംഘടനകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് സേനയില്‍ നിന്ന് ഇമ്രാന് ഖാന് സര്‍ക്കാരിന് സമ്മര്‍ദം ശക്തമായതോടെയാണ് ഹാഫിസിനും കൂട്ടാളികള്‍ക്കുമെതിരെ പാക് സര്‍ക്കാര്‍ നടപടി എടുത്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഹാഫിസിനെതിരേ കര്‍ശന നടപടി വേണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനായി കൂടുതല്‍ തെളിവുകള്‍ ഇന്ത്യ, പാകിസ്താന് കൈമാറിയിരുന്നു. എന്നാല്‍ ഹാഫിസിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പാക്കിസ്താന് ഇതുവരെ തയാറായിരുന്നില്ല.