2020 August 10 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബാങ്കുകള്‍ ഷൈലോക്കുമാരുടെ കൈകളിലേയ്ക്ക് വീണ്ടും

മുല്ലപ്പള്ളി രാമചന്ദ്രന്‍

രാജ്യത്തെ പാവപ്പെട്ടവരെയും കര്‍ഷകരെയും സാധാരണക്കാരെയും പാടേ അവഗണിച്ച് കുത്തകമുതലാളിമാര്‍ക്കുവേണ്ടി മാത്രമായി നിലനിന്നിരുന്ന സ്വകാര്യബാങ്കുകളെയും പണമിടപാടു സ്ഥാപനങ്ങളെയും മൂക്കുകയറിടുകയെന്ന ലക്ഷ്യത്തോടെയാണ് 1969 ജൂലൈ 19ന് ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ബാങ്ക് ദേശസാല്‍കരണം കൊണ്ടുവന്നത്. ചരിത്രത്തില്‍ സുപ്രധാന നാഴികക്കല്ലായ ആ നടപടിക്ക് 50 വര്‍ഷം തികയുമ്പോള്‍ ഇന്നത്തെ പ്രധാനമന്ത്രി മറ്റൊരു തീരുമാനം കൈക്കൊണ്ടിരിക്കുകയാണ്. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യമേഖലയ്ക്കു തീറെഴുതുകയെന്നതാണ് ആ തീരുമാനം.
1969 നു മുന്‍പ് എസ്.ബി.ഐ മാത്രമായിരുന്നു ഏക ദേശസാല്‍കൃത ബാങ്ക്. നേരത്തേ ഇംപീരിയല്‍ ബാങ്ക് എന്ന പേരില്‍ പ്രവര്‍ത്തിച്ച അതിനെ നെഹ്‌റുവാണ് പൊതുമേഖലാ സ്ഥാപനമാക്കിയത്. 1969 ല്‍ ഇന്ദിരാഗാന്ധി 50 കോടിയിലധികം നിക്ഷേപമൂലധനമുള്ള 14 ബാങ്കുകളെ ഒന്നാംഘട്ടത്തില്‍ ദേശസാല്‍ക്കരിച്ചു. 1980 ഏപ്രില്‍ 15നു നടന്ന രണ്ടാംഘട്ട നടപടിയില്‍ 200 കോടിയിലേറെ നിക്ഷേപമുള്ള ആറു ബാങ്കുകളെക്കൂടി ഉള്‍പ്പെടുത്തി.
ധനമന്ത്രി മൊറാര്‍ജി ദേശായി ദേശസാല്‍കരണത്തെ എതിര്‍ത്തപ്പോള്‍ അദ്ദേഹത്തെ മാറ്റി ആ ചുമതലകൂടി ഏറ്റെടുത്തശേഷമാണു ഇന്ദിരാഗാന്ധി ബാങ്ക്‌ദേശസാല്‍കരണം നടപ്പാക്കിയത്. കോണ്‍ഗ്രസിലെ സിന്‍ഡിക്കേറ്റ് രൂപീകരണത്തിന് ഇതും കാരണമായി.
കുത്തകമുതലാളിമാരെയും വന്‍കിട വ്യവസായികളെയും മാത്രം പരിഗണിച്ച ബാങ്കിങ് മേഖലയെയാണ് ഇന്ദിരാഗാന്ധി പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും വീട്ടുപടിക്കലെത്തിച്ചത്. വ്യവസായഭീമന്മാര്‍ നടത്തിവന്ന ബാങ്കുകള്‍ അവരുടെ വ്യവസായ താല്‍പര്യം മാത്രമാണു സംരക്ഷിച്ചിരുന്നത്. അതിനുപകരം ജനകീയ ബാങ്കിങ് വന്നു. ബാങ്കുകളും സാമ്പത്തിക സേവനങ്ങളും രാജ്യത്തിന്റെ മുക്കിലും മൂലയിലുമെത്തി. ഗ്രാമങ്ങളിലെ കര്‍ഷകര്‍ക്കും ചെറുകിട സംരംഭകര്‍ക്കും കാര്‍ഷികവായ്പ ലഭ്യമായി. കൊള്ളപ്പലിശക്കാര്‍ക്കു കടിഞ്ഞാണ്‍ വീണു.
താഴെത്തട്ടിലുള്ളവര്‍ക്കു സ്വയംതൊഴില്‍ കണ്ടെത്താനും അവര്‍ക്കായി സാമൂഹിക ക്ഷേമപദ്ധതികള്‍ നടപ്പാക്കാനും ബാങ്കിങ് സംവിധാനം ഉപയുക്തമായി. സാമ്പത്തികപ്രക്രിയയില്‍ സാധാരണക്കാരെ ഉള്‍പ്പെടുത്താനും സാമ്പത്തികനീതി ഉറപ്പാക്കാനുമായി. ഇതിനെ തുടര്‍ന്നു വിപുലമായ ദാരിദ്ര്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇന്ദിരയുടെ ഇരുപതിന പദ്ധതിയാണു ക്ഷേമരാഷ്ട്രത്തിന് അടിത്തറ പാകിയത്. പഞ്ചവത്സര പദ്ധതികളുടെ ലക്ഷ്യം കൈവരിക്കാനും ബാങ്ക് വായ്പ നിര്‍ണായക പങ്കുവഹിച്ചു. ബാങ്ക് ദേശസാല്‍കരണത്തിലൂടെ ഇന്ദിരാഗാന്ധി സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ഹൃദയം കീഴടക്കി.

ചിറകുവിരിച്ച ബാങ്കുകള്‍

1969ല്‍ 5,256 കോടി രൂപ നിക്ഷേപവും 3,721 കോടി രൂപ വായ്പയും 8,262 ശാഖകളും മാത്രമുണ്ടായിരുന്ന ഇന്ത്യന്‍ ബാങ്കുകള്‍ ദേശസാല്‍കരണശേഷം ചിറകുവിരിച്ചു പറന്നു. 2018 മാര്‍ച്ചില്‍ 1,17,77,336 കോടി രൂപയുടെ നിക്ഷേപവും 89,10,967 കോടി രൂപ വായ്പയും 1,40,000 ശാഖകളുമുള്ള ഭീമന്‍ സ്ഥാപനമായി. കാര്‍ഷികമേഖലയുടെ വളര്‍ച്ചയ്ക്കും ഭക്ഷ്യസ്വയം പര്യാപ്തതയ്ക്കും അടിസ്ഥാനസൗകര്യ വികസനത്തിനും തൊഴില്‍ലഭ്യതയ്ക്കും ദാരിദ്ര്യനിര്‍മാര്‍ജനത്തിനും ആവശ്യമായ ധനം ലഭ്യമാക്കാന്‍ ബാങ്കുകള്‍ തയാറായി.
ദേശസാല്‍കരണശേഷം നിരവധി പദ്ധതികള്‍ ബാങ്ക് വായ്പയിലൂടെ നടപ്പാക്കി. ആകെ വായ്പയുടെ 40 ശതമാനം മുന്‍ഗണനാ മേഖലയിലായിരിക്കണമെന്നും അതില്‍ 18 ശതമാനം കാര്‍ഷികമേഖലയിലായിരിക്കണമെന്നും നിഷ്‌കര്‍ഷിക്കപ്പെട്ടു. ദേശസാല്‍കരണശേഷം തുറന്ന 51,000 ബാങ്ക് ശാഖകളില്‍ 34,000 ശാഖകളും ഗ്രാമീണ അര്‍ധനഗര മേഖലകളിലായിരുന്നു. നേരത്തെ ഗ്രാമങ്ങളില്‍ വെറും രണ്ടു ശതമാനം ശാഖകള്‍ ഉണ്ടായിരുന്നത് 40 ശതമാനമായി. സ്വയംതൊഴില്‍, കാര്‍ഷികം, മൃഗസംരക്ഷണം, ദാരിദ്ര്യനിര്‍മാര്‍ജനം തുടങ്ങിയ മേഖലകളിലില്‍ പി.എം.ആര്‍.വൈ, ഐ.ആര്‍.ഡി.പി, അന്ത്യോദയ-അന്നയോജന തുടങ്ങിയ നിരവധി പദ്ധതികള്‍ നടപ്പാക്കാനായതു ബാങ്കുകളുടെ ഉദാരമായ സഹായത്തോടെയാണ്.

ബാങ്കുകള്‍ തകര്‍ച്ചയില്‍

അരനൂറ്റാണ്ടു കാലം രാജ്യത്തെ വന്‍ പുരോഗതിയിലേയ്ക്കു നയിച്ച ബാങ്കുകള്‍ക്കു 2014 നുശേഷം വന്‍പതനമാണു സംഭവിച്ചത്. 2017-18 ലെ കണക്കുപ്രകാരം ഇന്ത്യയിലെ ബാങ്കുകളുടെ ആകെ നഷ്ടം 87,357 കോടി രൂപയാണ്. 21 പൊതുമേഖലാ ബാങ്കുകളില്‍ പത്തൊന്‍പതും കനത്തനഷ്ടത്തില്‍. നീരവ് മോദി വിളയാടിയ പഞ്ചാബ് നാഷനല്‍ ബാങ്കിനാണ് ഏറ്റവുമധികം നഷ്ടം- 12,283 കോടി.
2014 ല്‍ യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍നിന്ന് ഇറങ്ങുമ്പോള്‍ എല്ലാ ബാങ്കുകളും ലാഭത്തിലായിരുന്നു. 2010 ല്‍ 39,527 കോടി, 2013 ല്‍ 50,582 കോടി, 2014 ല്‍ 1,27,653 കോടി എന്നിങ്ങനെയായിരുന്നു ബാങ്കുകളുടെ അറ്റാദായം.
ഭരണത്തണലില്‍ വായ്പകള്‍ കിട്ടാക്കടമാക്കി മുങ്ങിയ കോര്‍പറേറ്റ് പ്രമുഖരാണ് ഈ വീഴ്ചയുടെ പ്രധാന കാരണക്കാര്‍. രത്‌നവ്യാപാരി നീരവ് മോദി പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് 13,000 കോടിയും യു.ബി ഗ്രൂപ്പ് ചെയര്‍മാന്‍ വിജയ്മല്യ 9,000 കോടിയും വിന്‍സം ഡയമണ്ട് ആന്‍ഡ് ജ്വല്ലറി ഉടമ ജതിന്‍മേത്ത 6,800 കോടിയും ഐ.പി.എല്‍ ഷോമാന്‍ ലളിത് മോദി 425 കോടിയും തട്ടിയെടുത്തു മുങ്ങി.
ബാങ്കുകളില്‍നിന്ന് കൂറ്റന്‍ വായ്പ എടുക്കാനും തിരിച്ചടയ്ക്കാതെ മുങ്ങാനും കേന്ദ്രസര്‍ക്കാരിന്റെ സംരക്ഷണം ലഭിച്ചു. 15 വമ്പന്‍ വ്യവസായികളുടെ 3.5 ലക്ഷം കോടി രൂപ മോദി സര്‍ക്കാര്‍ എഴുതിത്തള്ളി. കോര്‍പറേറ്റുകളുടെ വലിയ വായ്പകള്‍ വരെ മുന്‍ഗണനാ വായ്പയാക്കി 2015 ല്‍ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തി.
ബാങ്കുകള്‍ കടത്തിലാണ്ടതോടെ ജനപക്ഷപദ്ധതികള്‍ തകിടം മറിഞ്ഞു. ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികളിലടക്കം സബ്‌സിഡി വെട്ടിക്കുറച്ചു. മുന്‍ഗണനാ വായ്പയില്‍ വെള്ളംചേര്‍ത്തു. സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കുള്ള പി.എം.ആര്‍.വൈ വായ്പാ പദ്ധതി പി.എം.ഇ.ജി.പിയാക്കി വായ്പകളുടെ എണ്ണം വെട്ടിക്കുറച്ചു. കാര്‍ഷിക, മൃഗസംരക്ഷണ മേഖലയുടെ വികസനത്തിനു നബാര്‍ഡ്‌വഴി നടപ്പാക്കിയിരുന്ന പദ്ധതികള്‍ നാമമാത്രമായി. ബാങ്ക് നഷ്ടത്തിലായാല്‍ നിക്ഷേപകരുടെ പണമെടുത്തു വായ്പ നല്‍കാമെന്ന വ്യവസ്ഥയോടെ കൊണ്ടുവന്ന എഫ്.ആര്‍.ഡി.ഐ ബില്‍ നിക്ഷേപങ്ങളുടെ സുരക്ഷിതത്വം തകര്‍ത്തു.

വീണ്ടും സ്വകാര്യവല്‍ക്കരണം

നീതി ആയോഗ് വൈസ് ചെയര്‍മാനായിരുന്ന വലതുപക്ഷ സാമ്പത്തിക സൈദ്ധാന്തികന്‍ അരവിന്ദ് പനാഗരി, ബാങ്കുകളാകെ സ്വകാര്യവല്‍ക്കരിക്കുമെന്നു രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രകടനപത്രികയില്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടയാളാണ്. ജനകീയ ബാങ്കിങ് എന്ന ആശയം കുഴിച്ചുമൂടാനുള്ള പുറപ്പാടിലാണു വലതുപക്ഷ സാമ്പത്തിക സൈദ്ധാന്തികരും അവര്‍ക്കു കുടചൂടുന്ന വലതുപക്ഷ കക്ഷികളും.
1960 ല്‍ ബാങ്ക് ദേശസാല്‍കരണത്തെ എതിര്‍ത്തവരായിരുന്നു അടല്‍ ബിഹാരി വാജ്‌പേയ് അധ്യക്ഷനായ ജനസംഘവും സ്വതന്ത്രപാര്‍ട്ടിയും. തങ്ങള്‍ അധികാരത്തിലേറിയാല്‍ ബാങ്ക് ദേശസാല്‍കരണം റദ്ദാക്കുമെന്ന് 1971 ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ജനസംഘം എഴുതിവച്ചു. അതു നടപ്പാക്കുകയാണിപ്പോള്‍ ബി.ജെ.പി.
സ്വകാര്യബാങ്കുകളില്‍ 74 ശതമാനം വരെ വിദേശമൂലധനം ആകാമെന്ന നിയമം നടപ്പായിക്കഴിഞ്ഞു. സ്വകാര്യവല്‍കരണത്തോടെ പൊതുമേഖലാ ബാങ്കുകള്‍ വിദേശികളുടെ കൈകളിലെത്തും. അതോടെ നാട്ടുകാരുടെ നിക്ഷേപങ്ങള്‍ സുരക്ഷിതമല്ലാതാകും. സര്‍ക്കാരിന്റെ മുന്‍ഗണനാ പദ്ധതികള്‍ ഇല്ലാതാകും. ജനകീയ ബാങ്കിങ്ങിനു ചരമഗീതമാകും. ഗ്ലോബല്‍ ട്രസ്റ്റ് ബാങ്ക്, ടൈംസ് ബാങ്ക് തുടങ്ങിയ നിരവധി പുതുതലമുറ ബാങ്കുകള്‍ തകരുന്നതു നാം കണ്ടതാണ്.
വായ്പാ തട്ടിപ്പുകള്‍ ഇല്ലാതാക്കി ബാങ്കുകളെ രക്ഷിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. അതിനു മനഃപൂര്‍വം വന്‍കിട വായ്പ കുടിശ്ശികയാക്കുന്നതു ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം കൊണ്ടുവന്നാല്‍ മതി. അങ്ങനെ ചെയ്താല്‍ കോടികള്‍ വായ്പയെടുത്തു മുങ്ങി സ്വിറ്റ്‌സര്‍ലന്‍ഡില്‍ സുഖിച്ചു കഴിയുന്ന നീരവ് മോദിയും ബ്രിട്ടനില്‍ വാഴുന്ന വിജയ് മല്യയും ലളിത് മോദിയുമൊക്കെ അകത്താകും.
പക്ഷേ, പൂച്ചയ്ക്ക് ആരു മണികെട്ടും.
നരേന്ദ്രമോദി കെട്ടില്ലെന്നുറപ്പ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.