2019 March 25 Monday
ആഴത്തില്‍ ചെല്ലുന്തോറും നീരുറവയുടെ വ്യാപ്തിയേറുന്നു; പഠനമേറുന്തോറും ജ്ഞാനമേറുന്നു – തിരുവള്ളുവര്‍

മുജാഹിദ് തൗഹീദ് ആധാറുമായി ബന്ധിപ്പിക്കണം

അനുഷ്ഠാനപരമായ വിഷയങ്ങളിലെ ഈ തെറ്റ് തിരുത്തലുകളും മാറ്റിപ്പറയലും അവിടെ നില്‍ക്കട്ടെ. ഇസ്‌ലാമിന്റെ ആണിക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന തൗഹീദി (ഏകദൈവ വിശ്വാസം)ല്‍ തന്നെ ഇങ്ങനെ ആയാലോ? അതാണ് ഐക്യ മുജാഹിദില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഭിന്നിപ്പിന്റെയും ഛിദ്രതയുടേയും മൂലകാരണം. 'മറഞ്ഞ വഴിക്ക് ഉപകാരവും ഉപദ്രവവും ചെയ്യാന്‍ കഴിയുന്നവന്‍ അല്ലാഹുവിനു മാത്രം' എന്നാണ് തൗഹീദ് വചനത്തിന്റെ അര്‍ഥമെന്നാണ് മുജാഹിദ് വിഭാഗം പഠിപ്പിക്കുന്നത്. ഇങ്ങനെയൊരു നിര്‍വചനം ആര്, എവിടെ, ഏത് ഗ്രന്ഥത്തില്‍ പറഞ്ഞുവെന്ന ചോദ്യത്തിന് ഇന്നുവരെ അവര്‍ മറുപടി പറഞ്ഞിട്ടില്ല.

അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്

1920കളില്‍ കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഉടലെടുത്ത മത നവീകരണ പ്രസ്ഥാനമാണ് മുജാഹിദ് വിഭാഗം. പ്രവാചക യുഗത്തില്‍ തന്നെ ഇസ്‌ലാമിക സന്ദേശം പ്രചരിക്കപ്പെട്ട കേരളത്തില്‍ ലോക മുസ്‌ലിംകള്‍ക്കിടയിലെ യാതൊരുവിധ മതനവീകരണ ചിന്തകളും 1921 വരെ കടന്നുവന്നിരുന്നില്ല. ഇസ്‌ലാം മതം സംസ്‌കരിച്ച് അതിന്റെ തനിമയിലേക്ക് തിരിച്ചുകൊണ്ടു പോകുകയെന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാഹീ (സംസ്‌കരണം) പ്രസ്ഥാനമാണെന്നായിരുന്നു ഈ നവീകരണ പ്രസ്ഥാനത്തെ അവര്‍ പരിചയപ്പെടുത്തിയത്.

പക്ഷെ, സംഭവിച്ചത് മറ്റൊന്നായിരുന്നു. ഇസ്‌ലാമിന്റെ മൂലപ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും സച്ചരിതരായ മുന്‍ഗാമികള്‍ വ്യാഖ്യാനിച്ച മദ്ഹബുകളില്‍ ക്രോഢീകരിച്ച മതവിധികള്‍ പിന്‍പറ്റി സൂക്ഷ്മതയോടെ ജീവിക്കുന്ന കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നതയുടെ വിഷബീജം വിതയ്ക്കുകയായിരുന്നു അവര്‍.
പാരമ്പര്യ മുസ്‌ലിംകളായ സുന്നികള്‍ മുസ്‌ലിംകളല്ലെന്നും ബഹുദൈവവിശ്വാസികളാണെന്നും അവര്‍ സിദ്ധാന്തിച്ചു. ഈ ആവശ്യാര്‍ഥം ‘തൗഹീദി’ന് പുതിയ നിര്‍വചനം കൊണ്ടുവന്നു. നിസ്‌കാരം, വ്രതം, സക്കാത്ത് തുടങ്ങി മിക്ക അനുഷ്ഠാനകര്‍മങ്ങളിലും ഭേദഗതി വരുത്തി. ഇസ്‌ലാമിക ലോകം നൂറ്റാണ്ടുകളായി സര്‍വാംഗീകൃതമായി സ്വീകരിച്ചുവരുന്ന ശാഫിഈ, ഹനഫി, ഹമ്പലി, മാലികി സരണികളെ അവര്‍ നിരാകരിച്ചു.

മതവിധികള്‍ മൂലപ്രമാണങ്ങളില്‍ നിന്ന് നേരിട്ട് കണ്ടെത്തണമെന്നും ഒരു ഇമാമിനെയും അനുകരിച്ച് കൂടെന്നും കണിശമായ നിലപാട് സ്വീകരിച്ചു. പ്രമാണങ്ങള്‍ സ്വതന്ത്രമായി വ്യാഖ്യാനിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ഈ അനുമതി മുജാഹിദ് പ്രസ്ഥാനത്തിന് തന്നെ പിന്നീട് വിനയായി. മത നിയമങ്ങള്‍ നിരന്തരം ഭേദഗതി ചെയ്യാനും മാറ്റിപ്പറയാനും ഇടയാക്കിയത് ഈ നിലപാടാണ്. സലഫികളെ ഭീകരതയിലേക്കെത്തിച്ചതും പ്രമാണങ്ങളുടെ പുതിയ വ്യാഖ്യാനങ്ങള്‍ തന്നെ. ഭിന്നിപ്പില്‍ കേരള കോണ്‍ഗ്രസിനെ പോലും പിന്നിലാക്കാന്‍ കേരള മുജാഹിദിന് സാധിച്ചതിന്റെ കാരണവും ഇതുതന്നെ. മുജാഹിദുകള്‍ക്കിടയില്‍ എത്ര ഗ്രൂപ്പുണ്ടെന്ന് ചോദിച്ചാല്‍ അവര്‍ക്ക് പോലും കൃത്യമായ മറുപടി നല്‍കാന്‍ സാധിക്കാത്തവിധം ചേരിതിരിവുകളും ഗ്രൂപ്പുകളും ഉണ്ട് മുജാഹിദ് പ്രസ്ഥാനത്തില്‍.

കെ.എന്‍.എം ഔദ്യോഗിക വിഭാഗം, മടവൂര്‍ വിഭാഗം (ഈ രണ്ട് വിഭാഗങ്ങളും ഒന്നായെങ്കിലും ആശയപരമായ ഭിന്നത ശക്തമായി തുടരുകയാണ്) ജിന്ന് ഔദ്യോഗിക വിഭാഗം, ജിന്ന് വിസ്ഡം വിഭാഗം, പ്രവാചക യുഗത്തിലെന്ന പോലെ ആട് മേച്ച് വനാന്തരങ്ങളില്‍ കഴിയണമെന്ന് നിഷ്‌കര്‍ഷിക്കുന്ന യാഥാസ്ഥിക വിഭാഗം, ചേകനൂരിസവുമായി അടുത്ത് നില്‍ക്കുന്ന യുക്തി ചിന്തക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന ‘അഖ്‌ലാനി’ വിഭാഗം, ഇന്ത്യയില്‍ ജീവിക്കാന്‍ പറ്റില്ലെന്നും ശത്രുവിനെതിരേ പുറത്ത് പോയി പോരാട്ടം നടത്തി മരിക്കണമെന്നും വാദിക്കുന്ന ഭീകരവാദികള്‍ ഇങ്ങനെ പോകുന്നു വ്യത്യസ്ത ഗ്രൂപ്പുകള്‍.

ഒരു വിഷയത്തിലും ഖണ്ഡിതമായ മതവിധി പറയാനാകാതെ തീര്‍ത്തും ആശയക്കുഴപ്പത്തിലാണ് സലഫികള്‍. തൗഹീദ് മുതല്‍ തറാവീഹ് വരെ ഭിന്നാഭിപ്രായങ്ങളും മാറ്റിപ്പറയലും തുടരുന്നു. തറാവീഹിന് ഇരുപത് റക്അത്ത് നിസ്‌കരിക്കല്‍ ‘ബിദ്അത്ത് (അനാചാരം) ആണെന്ന് വാദിച്ചിരുന്ന ഇവര്‍ അത് എട്ട് റക്അത്താണെന്നും പതിനൊന്ന് റക്അത്താണെന്നും പിന്നീട് തറാവീഹ് എന്ന ഒരു പ്രത്യേക നിസ്‌കാരം തന്നെയില്ലെന്നും മാറ്റി മാറ്റി പറഞ്ഞു. മുജാഹിദ് പണ്ഡിതസഭാ അംഗമായ ഡോ. കെ.കെ സകരിയ്യ സ്വലാഹി ഇപ്പോള്‍ പറയുന്നത് ഇരുപത് റക്അത്ത് തറാവീഹ് ബിദ്അത്തല്ലെന്നാണ്. ഇക്കാര്യം വിശദീകരിച്ചുകൊണ്ട് തന്റെ ലേഖനപരമ്പര അവരുടെ പത്രത്തില്‍ വന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ കാലങ്ങളില്‍ താന്‍ എഴുതിയതും പ്രസംഗിച്ചതും പ്രചരിപ്പിച്ചതും പിന്‍വലിക്കുകയും ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നുവെന്നുകൂടി കഴിഞ്ഞ മാസം അദ്ദേഹം വിളംബരം ചെയ്തിരുന്നു.

‘തറാവീഹ് വിഷയത്തില്‍ ഈ ലേഖകന്‍ മുമ്പെഴുതിയ ലേഖനങ്ങളിലോ സംസാരങ്ങളിലോ വന്ന എന്റെ അഭിപ്രായങ്ങള്‍ ഇതോടെ ദുര്‍ബലപ്പെടുത്തുകയാണ് ‘(അല്‍ ഇസ്‌ലാഹ്- ജൂണ്‍ 2018). പിന്‍വലിച്ച കൂട്ടത്തില്‍ കെ.എന്‍.എം പ്രസിദ്ധീകരിച്ച ‘തറാവീഹ്’ എന്ന പുസ്തകവും ഉള്‍പ്പെടുന്നു. കഴിഞ്ഞ മുപ്പത് വര്‍ഷം ഈ തെറ്റ് പ്രചരിപ്പിച്ചതില്‍ ഖേദിക്കുന്ന സകരിയ്യ സ്വലാഹി അതിനിടയാക്കിയത് തന്റെ കുടുംബ പശ്ചാത്തലമാണെന്ന് വ്യക്തമാക്കുന്നു:’മുജാഹിദ് സംഘടനയില്‍ പ്രവര്‍ത്തിച്ച നീണ്ട മുപ്പത് വര്‍ഷങ്ങള്‍ക്കിടയില്‍ പലപ്പോഴും തറാവീഹിന്റെ വിഷയത്തില്‍ എട്ടും മൂന്നും പതിനൊന്നാണ് നബിചര്യയെന്നും അതിലപ്പുറമുള്ളത് നബിചര്യക്ക് വിരുദ്ധമാണെന്നും എഴുതുകയും പ്രസംഗിക്കുകയും ചെയ്തയാളാണ് ലേഖകന്‍. മുജാഹിദ് കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഒരാളെന്ന നിലയില്‍ പതിനൊന്നിലധികം തറാവീഹിനെക്കുറിച്ച് വളരെ വൈകിയാണ് കേള്‍ക്കാന്‍ തുടങ്ങിയതു തന്നെ (അതേ മാസിക).

നിരന്തരം മതവിധികള്‍ മാറ്റിപ്പറയുന്നതിന് ന്യായീകരണം ഇങ്ങനെ: ‘അപ്പപ്പോള്‍ ലഭ്യമായ തെളിവുകളുടെ വെളിച്ചത്തില്‍ നമ്മുടെ തെറ്റായ ധാരണകളെ യഥാസമയം നാം തിരുത്തിയിട്ടുണ്ട്. പിന്നീട് കൂടുതല്‍ പ്രബലമായ തെളിവുകള്‍ ലഭിച്ചപ്പോള്‍ നമ്മുടെ ധാരണകളെ വീണ്ടും തിരുത്തേണ്ടി വന്നു.’ (വിചിന്തനം 2003 ജനുവരി 10).
അനുഷ്ഠാനപരമായ വിഷയങ്ങളിലെ ഈ തെറ്റ് തിരുത്തലുകളും മാറ്റിപ്പറയലും അവിടെ നില്‍ക്കട്ടെ. ഇസ്‌ലാമിന്റെ ആണിക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന തൗഹീദി (ഏകദൈവ വിശ്വാസം)ല്‍ തന്നെ ഇങ്ങനെ ആയാലോ? അതാണ് ഐക്യ മുജാഹിദില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഭിന്നിപ്പിന്റെയും ഛിദ്രതയുടേയും മൂലകാരണം.
‘മറഞ്ഞ വഴിക്ക് ഉപകാരവും ഉപദ്രവവും ചെയ്യാന്‍ കഴിയുന്നവന്‍ അല്ലാഹുവിനു മാത്രം’ എന്നാണ് തൗഹീദ് വചനത്തിന്റെ അര്‍ഥമെന്നാണ് മുജാഹിദ് വിഭാഗം പഠിപ്പിക്കുന്നത്. ഇങ്ങനെയൊരു നിര്‍വചനം ആര്, എവിടെ, ഏത് ഗ്രന്ഥത്തില്‍ പറഞ്ഞുവെന്ന ചോദ്യത്തിന് ഇന്നുവരെ അവര്‍ മറുപടി പറഞ്ഞിട്ടില്ല.

‘മറഞ്ഞ വഴി എന്നതുകൊണ്ട് എന്താണ് വിവക്ഷിതം എന്നതാണ് ഇപ്പോഴത്തെ തര്‍ക്ക വിഷയം. ജിന്ന്, പിശാച്, മലക്ക് തുടങ്ങിയ സൃഷ്ടികള്‍ അദൃശ്യരാണെന്നും അവര്‍ ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്ന ഉപകാരവും ഉപദ്രവവും മറഞ്ഞ വഴിക്കാണെന്നും മടവൂര്‍ വിഭാഗം വാദിക്കുന്നു. ഈ വാദമനുസരിച്ച് പിശാചിന് മനുഷ്യനെ ഉപദ്രവിക്കാന്‍ കഴിയുമെന്ന് വിശ്വസിച്ചാല്‍ അല്ലാഹുവിന്റെ ഏകത്വത്തില്‍ പങ്ക്‌ചേര്‍ക്കലായി. ബഹുദൈവ വിശ്വാസമായി. കെ.എന്‍.എം ഔദ്യോഗിക വിഭാഗം സിഹ്‌റി(മാരണം)ന് പ്രതിഫലനമുണ്ടെന്ന് വിശ്വസിക്കുന്നു. മാരണത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പിശാചാണ്. പിശാചിന് മറഞ്ഞ വഴിക്ക് ഉപദ്രവിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്ന ഔദ്യോഗിക വിഭാഗം ബഹുദൈവ വിശ്വാസികള്‍ ആണെന്ന് വരുന്നു.

സിഹ്‌റിന് യാഥാര്‍ഥ്യമില്ലെന്നാണ് മടവൂര്‍ വിഭാഗത്തിന്റെ നിലപാട്. ഒരു അദൃശ്യ സൃഷ്ടിക്കും ഒരു ഉപദ്രവവും വരുത്താനാകില്ലെന്ന് വിശ്വസിക്കുന്ന തങ്ങള്‍ ശുദ്ധ ഏകദൈവ വിശ്വാസികളാണെന്ന് മടവൂര്‍ വിഭാഗവും വാദിക്കുന്നു. പ്രവാചകനായ മുഹമ്മദ് നബി (സ)ക്ക് സിഹ്‌റ് ബാധിച്ചുവെന്ന് പറയുന്ന ബുഖാരിയിലെ ഹദീസുകള്‍ ഇവര്‍ തള്ളിക്കളയുന്നു.
ഇരു വിഭാഗവും ലയിക്കുമ്പോള്‍ ഇത്തരം അടിസ്ഥാന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പിന്നീട് പരിഹരിക്കുമെന്ന് തീരുമാനിച്ചിരുന്നു. പക്ഷെ, ഈ തീരുമാനം ലംഘിച്ച് സിഹ്‌റില്‍ വിശ്വസിക്കുന്നത് ശിര്‍ക്കല്ലെന്ന നിലയില്‍ കെ.എന്‍.എം വാരികയായ വിചിന്തനത്തില്‍ ലേഖനം വന്നതാണ് ഭിന്നിപ്പിന്റെ തുടക്കം.

പ്രവാചകന്മാര്‍ പ്രബോധനം ചെയ്ത അടിസ്ഥാന ആദര്‍ശമാണ് തൗഹീദ് (ഏകദൈവ വിശ്വാസം). തൗഹീദില്‍ കൃത്യത വരുത്താതെ പിന്നെന്ത് ഐക്യം എന്നാണ് മടവൂര്‍ വിഭാഗം ചോദിക്കുന്നത്. മടവൂര്‍ വിഭാഗത്തിന്റെ ലീഡര്‍ ഹുസൈന്‍ മടവൂര്‍ ഇപ്പോള്‍ തന്റെ ഗ്രൂപ്പിനൊപ്പമില്ലെന്നതാണ് ഏറ്റവും വലിയ കൗതുകം. സി.പി ഉമര്‍ സുല്ലമി, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍ തുടങ്ങിയവരാണ് ഈ വിഭാഗ(മര്‍ക്കസുദ്ദഅ്‌വ വിഭാഗം)ത്തിന് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്.

ഇവ്വിഷയകമായി ഹുസൈന്‍ മടവൂര്‍ കഴിഞ്ഞ റമദാന്‍ പതിനേഴിന് ഹറമില്‍ വച്ച് എഴുതിയ കത്തില്‍ തൗഹീദിലുള്ള ഭിന്നത ‘ഇജ്ത്തിഹാദി’യായ വിഷയമായി ലഘൂകരിക്കുന്നു. ‘ഇനി പഴയ കാര്യങ്ങള്‍ പറഞ്ഞ് പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുത്. ഇജ്തിഹാദീ വിഷയങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രസ്ഥാനത്തില്‍ പണ്ടുമുണ്ട്, ഇപ്പോഴുമുണ്ട്, ഇനിയുമുണ്ടാവാം.’

തൗഹീദിന്റെ പ്രചാരണത്തിനായി ഐക്യത്തോടെ മുന്നോട്ട് എന്ന തലവാചകത്തില്‍ എഴുതിയ മടവൂരിന്റെ കത്തിന് ഹറമില്‍ വച്ച് അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍ എഴുതിയ മറുപടിയില്‍ ചോദിക്കുന്നു’സിഹ്‌റ് വിഷയത്തില്‍ പ്രകടമായ ശിര്‍ക്കിനെ വെള്ളപൂശാനുള്ള കുത്സിതശ്രമങ്ങള്‍ക്ക് കൂട്ടുനിന്നുകൊണ്ട് എങ്ങനെയാണ് തൗഹീദ് പ്രബോധനം നടത്തുക അതല്ല, തൗഹീദും ശിര്‍ക്കും എന്നു മുതലാണ് ഇജ്തിഹാദി (ഗവേഷണപരം) വിഷയമായി മാറിയത്.

തൗഹീദ് വിഷയത്തില്‍ പ്രസ്ഥാനത്തിലെ ഭിന്നതയും ഭേദഗതിയും ഇതാദ്യമല്ല. കൃത്രിമമായി ഉണ്ടാക്കിയ മുജാഹിദ് തൗഹീദില്‍ കഴിഞ്ഞ പതിനേഴ് വര്‍ഷമായി അവര്‍ തന്നെ കത്തി വെച്ചുകൊണ്ടിരിക്കുന്നു. ഇതിനകം നിരവധി ഭേദഗതികള്‍ക്ക് വിധേയമായ തൗഹീദിന്റെ നിര്‍വചനത്തില്‍ ഇപ്പോഴും അന്തിമ തീരുമാനമായിട്ടില്ലെന്നതാണ് സത്യം.
ആദ്യകാലം തൗഹീദിന്റെ രണ്ട് ഭാഗമായിരുന്നു അവര്‍ പഠിപ്പിച്ചിരുന്നത്. എന്നാല്‍ 2001 ജൂണ്‍ 4ന് ചേര്‍ന്ന പണ്ഡിതസഭയുടെ തീരുമാന പ്രകാരം തൗഹീദ് മൂന്നാക്കി പരിഷ്‌കരിക്കാനും തുടര്‍ന്ന് പാഠശാലകളില്‍ പഠിപ്പിക്കാനും തീരുമാനിച്ചു.

ഇവ്വിഷയകമായി ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി നേരത്തെ നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ യഥാര്‍ഥ വസ്തുത അംഗീകരിക്കപ്പെട്ടതായി യോഗം അറിയിച്ചു. തൗഹീദിന് റുബൂബിയ്യത്ത്, ഉലൂഹിയ്യത്ത്, അസ്മാഅ് സിഫാത്ത് എന്നിങ്ങനെയുള്ള വിഭജനം ഈ യോഗം ശരിവയ്ക്കുകയും അത് പാഠശാലകളില്‍ പഠിപ്പിക്കേണ്ടതാണെന്ന് തീരുമാനിക്കുകയും ചെയ്തു.(കെ.ജെ.യു നിര്‍വാഹകസമിതി തീരുമാനങ്ങള്‍, 4-6-2001 പേജ് 9).

2007 ഏപ്രിലില്‍ തൗഹീദില്‍ വീണ്ടും ഭേദഗതി വരുത്തി. മറഞ്ഞ വഴിക്ക് ഉപകാരവും ഉപദ്രവവും ചെയ്യാന്‍ കഴിയുന്നവന്‍ അല്ലാഹു മാത്രം എന്ന തൗഹീദ് വചനത്തിന്റെ അര്‍ഥത്തിലായിരുന്നു പുതിയ വ്യാഖ്യാനം. ജിന്ന്, പിശാച്, മലക്ക് എന്നീ സൃഷ്ടികള്‍ മറഞ്ഞ ഗണത്തില്‍ പെടില്ലെന്നും അവരോട് സഹായം ചോദിച്ചാല്‍ ബഹുദൈവ വിശ്വാസമാകില്ലെന്നുമായിരുന്നു പുതിയ വിധി (ഇസ്‌ലാഹ് 2007 ഏപ്രില്‍).

2012-ല്‍ വീണ്ടും പുതിയ ഭേദഗതി വന്നു. ജിന്നും പിശാചും മറഞ്ഞ സൃഷ്ടികള്‍ തന്നെയാണെന്നും നേരത്തെ നാം സ്വീകരിച്ച നിലപാടില്‍ ഖേദം രേഖപ്പെടുത്തുന്നുവെന്നും പ്രസ്താവിച്ചു. 2016-ല്‍ ഇരു വിഭാഗം മുജാഹിദുകള്‍ ലയിച്ചതോടെ തൗഹീദ് കൃത്യമായി നിര്‍വചിക്കാതെ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചു. അതാണ് ലയനാനന്തരം മുജാഹിദ് പ്രസ്ഥാനം നേരിടുന്ന പ്രതിസന്ധികളുടെ മുഴുവന്‍ മൂലകാരണം. തൗഹീദില്‍ നിരന്തരം ഭേദഗതിയും മാറ്റിത്തിരുത്തലും വരുത്തുന്നതിനാല്‍ ആളുകള്‍ ഇങ്ങനെ പറയാന്‍ തുടങ്ങി. ‘മുജാഹിദ് തൗഹീദ് ആധാറുമായി ലിങ്ക് ചെയ്യണം’ പിന്നീട് മാറ്റം വരാതിരിക്കാന്‍.


 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.