2020 August 05 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മുഹമ്മദ് അസ്ജദ് റസാഖാന്‍ ഇന്ത്യയുടെ പുതിയ ഗ്രാന്‍ഡ് മുഫ്തി

റിപ്പോർട്ട്: ബറേലിയില്‍ നിന്ന് കെ.എ സലിം

 

ഇന്ത്യയുടെ പുതിയ ഗ്രാന്റ് മുഫ്തിയായും നിര്യാതനായ ഗ്രാന്റ് മുഫ്തി താജുശ്ശരീഅ മൗലാനാ അഖ്തര്‍ റസാഖാന്‍ അസ്ഹരിയുടെ പിന്‍ഗാമിയായും മുഫ്തി അസ്ജദ് റസാഖാന്‍ ബറേല്‍വിയെ തിരഞ്ഞെടുത്തു. ലോകമെങ്ങുമുള്ള ബറേല്‍വി മുസ്‌ലിംകളുടെ ആസ്ഥാന മന്ദിരമായ ബറേലി ശരീഫില്‍ നടന്ന ശരിഅത്ത് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പതിനാറാമത് സംഗമത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 100ലധികം മുഫ്തിമാരും പണ്ഡിതരും പങ്കെടുത്ത
കൗണ്‍സില്‍ ഏകകണ്‌ഠേനയാണ് അസ്ജദ് റസാഖാനെ തിരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം നിര്യാതനായ ഗ്രാന്റ് മുഫ്തി താജുശ്ശരീഅ മൗലാനാ അഖ്തര്‍ റസാഖാന്‍ അസ്ഹരിയുടെ പുത്രന്‍ കൂടിയാണ് അസ്ജദ് റസാഖാന്‍. ഹനഫി കര്‍മശാസ്ത്ര സരണിയില്‍ അഗാധ പാണ്ഡിത്യമുള്ള മൗലാനാ അസ്ജദ് റസാഖാന്‍ ബറേല്‍വി നേതൃനിരയിലെ പ്രമുഖനും ബറേല്‍വി മുസ്‌ലിംകളുടെ പണ്ഡിത സഭയായ ജമാഅത്തെ റസായെ മുസ്ഥഫയുടെ അധ്യക്ഷനുമാണ്. ബറേലിയിലെ പ്രമുഖ മത കലാലയമായ ജാമിഅത്തുര്‍ റസായുടെ മേധാവി കൂടിയാണ്. നേരത്തെ പ്രിന്‍സിപ്പല്‍ പദവിയും വഹിച്ചിരുന്നു.

ബറേല്‍വി ശരീഫില്‍ നടന്ന ഗംഭീരമായ ചടങ്ങില്‍ മൂന്നു ദിവസം നീണ്ട ഫിഖ്ഹി സമ്മേളനത്തിന്റെ അവനാസ ദിവസമായ ഞായറാഴ്ച രാത്രി 11 മണിയോടെയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം വന്നത്. ഇതിനായുള്ള നടപടി ക്രമങ്ങള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ചടങ്ങില്‍ അധ്യക്ഷം വഹിച്ച അല്ലാമാ സിയാഅല്‍ മുസ്തഫാ ആല്‍ ഖാദിരി അല്‍ ഹനഫി നടത്തിയ ഇതു സംബന്ധിച്ച പ്രഖ്യാപനം പണ്ഡിതസഭ തക്ബീര്‍ വിളികളോടെ അതിനെ സ്വീകരിച്ചു. തുടര്‍ന്ന് ഓരോരുത്തരായി അദ്ദേഹത്തിന് പിന്തുണ അറിയിച്ചു. ഗ്രാന്റ് മുഫ്തിയായിരുന്ന മുഹമ്മദ് അക്തര്‍ റസാഖാന്‍ അസ്്ഹരി 2018 ജൂലൈ 20നാണ് മരണപ്പെടുന്നത്. ബറേല്‍വി മൂവ്‌മെന്റിന്റെ സ്ഥാപകനായ മുജദ്ദിദ് അഹമ്മദ് റസാ ഖാന്റെ ചെറുമകനായിരുന്നു മുഹമ്മദ് അക്തര്‍ റസാഖാന്‍. റോയല്‍ ഇസ്‌ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്ററിന്റെ 2014ലെ ലോകത്തെ പ്രമുഖരായ 500 മുസ്്‌ലിംകളുടെ പട്ടികയില്‍ ഇടം പിടിച്ച ആളുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മരണത്തിന് ശേഷം പിന്‍ഗാമിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ തുടര്‍ന്ന് വരികയായിരുന്നു.

ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന എസ്.എസ്.എഫിന്റെ പരിപാടിയില്‍ വച്ച് ബറേല്‍വി വിഭാഗത്തിന്റെ ഗ്രാന്‍ഡ് മുഫ്തിയായി കാന്തപുരം അബൂബക്കര്‍ മുസ്ല്യാരെ തെരഞ്ഞെടുത്തതായി കാന്തപുരം സുന്നിവിഭാഗം അറിയിച്ചിരുന്നു. എന്നാല്‍, ഈ പ്രഖ്യാപനത്തിന് യാതൊരു അംഗീകാരവുമില്ലാതായിരിക്കുകയാണ് ഇന്നലെ മുഹമ്മദ് അസ്ജദ് റസാഖാനെ ഔദ്യോഗിക മുഫ്തിയായി തെരഞ്ഞെടുത്തതിലൂടെ.

നേരത്തെ തന്നെ അസ്ജദ് റസാഖാനെ നിയമിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. അറബ് മാസമായ ശഅബാനിലാണ് ഇത്തരം നിയമനങ്ങള്‍ നടത്തുന്ന പതിവെന്നതിനാല്‍ ഇത് നീണ്ടു പോകുകയായിരുന്നു. മൗലാനാ അഖ്തര്‍ റസാഖാന്‍ അസ്ഹരി സ്വീകരിച്ചിരുന്ന താജുശ്ശരീഅ എന്ന സ്ഥാനപ്പേര് സ്വീകരിക്കാന്‍ അസ്ജദ് റസാഖാന്‍ വിസമ്മതിച്ചു. പകരം ഖാദി അല്‍ ഖുദാത്ത് എന്ന സ്ഥാനപ്പേരാണ് സ്വീകരിച്ചത്.
അല്ലമാ മുഫ്തി ഷബീര്‍ ഹസന്‍, അല്ലാമാ മുഫ്തി വലി മുഹമ്മദ് നാഗോര്‍(രാജസ്ഥാന്‍), അല്ലാമാ മുഫ്തി ശംസാദ്, അല്ലാമാ മുഫ്തി അഹ്തര്‍ ഹുസൈന്‍, അല്ലാമാ മുഫ്തി ഹബീബുല്ല, അല്ലാമാ മുഫ്തി ശഫി അഹമ്മദ് ശരീഫി, മുഫ്തി റഷീഖ് ആലം, മുഫ്തി ഖാസിഫ് ഫസല്‍ അഹമ്മദ്, മുഫ്തി ആലംഗീര്‍(രാജസ്ഥാന്‍), മുഫ്തി സയ്യിദ് ഇഖ്‌റാമുല്‍ ഹഖ്(മുംബൈ), മുഫ്തി അഹമ്മദ് റസാ, മുഫ്തി ഖുര്‍ഷിദ് ആലം, മുഫ്തി അബുല്‍ഹസം, മുഫ്തി ആസിഫ് ഹുസൈന്‍ കശ്മീരി, മുഫ്തി ശഹാബുദ്ദീന്‍, മുഫ്തി ഉസൈര്‍ ആലം, മുഫ്തി മഹ്്മൂദ് അഖ്ഖര്‍ (മുംബൈ) തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.