2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

ലൂയിസ് വില്ലേ ഇനി അറിയപ്പെടുക ‘മുഹമ്മദലി എയര്‍പോര്‍ട്ട്’; ബോക്‌സര്‍ മുഹമ്മദലിയെ ആദരിച്ച് യു.എസ് വിമാനത്താവളം പേരുമാറ്റി

 

വാഷിങ്ടണ്‍: വിഖ്യാത ബോക്‌സിങ് ചാംപ്യന്‍ മുഹമ്മദലിയോടുള്ള ആദരവ് മുന്‍നിര്‍ത്തി അമേരിക്കയിലെ വിമാനത്താവളത്തിന്റെ പേര് മാറ്റി. കെന്റകി സംസ്ഥാനത്തെ ലൂയിസ് വില്ലെ വിമാനത്താവളത്തിന്റെ പേരാണ് ‘ലൂയിസ് വില്ലെ മുഹമ്മദലി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്്’ എന്നാക്കി മാറ്റിയത്. കഴിഞ്ഞദിവസം മുഹമ്മദലിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങില്‍ ലൂയിസ് വില്ലേ മേയര്‍ ഗ്രെജ് പിഷ്ചര്‍ ആണ് ശിലാഫലകം അനാച്ഛാദനംചെയ്തത്. മുഹമ്മദലിയുടെ അവിശ്വസനീയമായ ജീവിതവും ഈ നഗരവുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും ഞങ്ങള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വം ഉണ്ടാക്കിയെന്ന് മേയര്‍ പറഞ്ഞു. നഗര ഭരണകൂടത്തിന്റെ നടപടിയില്‍ കുടുംബത്തിന് വലിയ അഭിമാനമുണ്ടെന്ന് ചടങ്ങില്‍ സംബന്ധിച്ച മുഹമ്മദലിയുടെ ഭാര്യ ലൂനീ അലി പറഞ്ഞു.

 

ലുയിസ് വില്ലെയിലെ ഗ്രാമത്തില്‍ 1942 ജനുവരി 17 നാണ് മുഹമ്മദ് അലി എന്ന കാഷ്യസ് ക്ലേ ജനിച്ചത്. കടുത്ത വര്‍ണവിവേചനം നേരിട്ട കാഷ്യസ് ക്ലേ 1964ല്‍ ഇസ്‌ലാം മതം ആശ്ലേഷിക്കുകയും മുഹമ്മദലി എന്ന പേര് സ്വീകരിക്കുകയുമായിരുന്നു. മൂന്നു തവണ ലോക ഹെവി വെയ്റ്റ് ചാമ്പ്യനായും തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദലി, ഒളിംപ്കിസ് സ്വര്‍ണ മെഡല്‍ ജേതാവുമാണ്. ഏറെക്കാലം ഇടിക്കൂട് അടക്കിവാണ മുഹമ്മദലി, മനുഷ്യാവകാശ പ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനും കൂടിയാണ്. കറുത്തവര്‍ഗ്ഗക്കാരനായ കാരണത്താല്‍ അമേരിക്കന്‍ റസ്‌റ്റോറന്റിലെ ഭക്ഷണം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് തന്റെ ഒളിംപിക് സ്വര്‍ണ്ണമെഡല്‍ ഒഹിയോ നദിയിലേക്ക് വലിച്ചെറിഞ്ഞതുള്‍പ്പെടെയുള്ള സംഭവബഹുലമാണ് മുഹമ്മദലിയുടെ ജീവിതം. 2016ലാണ് അദ്ദേഹം മരിച്ചത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.