2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

പള്ളിപ്പറമ്പില്‍ ജൈവകൃഷിയുമായി മുഅദ്ദിന്‍

ഇസ്മാഈല്‍ അരിമ്പ്ര

മലപ്പുറം: പെരുവള്ളൂരിലെ പുതിയപറമ്പ് വരപ്പാറ പള്ളിമുറ്റത്ത് ഇത് ജൈവകൃഷിയുടെ വിളവെടുപ്പ് കാലമാണ്. പള്ളിയോട് ചേര്‍ന്നുള്ള പറമ്പിലാണ് മുഅദ്ദിനായ ശറഫുദ്ദീന്‍ മുസ്‌ലിയാരുടെ ജൈവകൃഷി. രണ്ടേക്കര്‍ ഭൂമിയിലാണ് മുസ്‌ലിയാര്‍ വാഴയും മരച്ചീനിയും അടങ്ങുന്നവ കൃഷി ചെയ്തിരിക്കുന്നത്. രണ്ടുപതിറ്റാണ്ട് മുന്‍പ് ചെങ്കല്ല് വെട്ടിയെടുത്ത ഭൂമിയാണ് കാടുവെട്ടിത്തെളിച്ച് മുസ്‌ലിയാര്‍ കൃഷിയോഗ്യമാക്കിയത്.

ജെ.സി.ബി ഉപയോഗിച്ച് ഭൂമിയിലെ കാട് വെട്ടിത്തെളിയിക്കുകയായിരുന്നു ആദ്യം. പിന്നീട് വെണ്ണീര്‍ നിലത്തു പാകി 162 വാഴകള്‍ നട്ടു. നേന്ത്ര, മൈസൂര്‍, പൂവന്‍, ഞാലിപ്പൂവന്‍, വെണ്ണൂറാന്‍ പൂവന്‍, കദളി, ചെങ്കദളി, റോബസ്റ്റ് എന്നിങ്ങനെ വ്യത്യസ്ത തരം വാഴകളാണ് മുസ്‌ലിയാര്‍ ഇവിടെ കൃഷിചെയ്യുന്നത്. ചുരങ്ങ, ചേമ്പ്, ചേന, ഉരുളക്കിഴങ്ങ്, പയര്‍ എന്നിവയുടെ കൃഷിയുമുണ്ട്. പാകമായ 28 വാഴക്കുല ഈയിടെ വെട്ടി. അന്‍പതെണ്ണത്തോളം ഇതിനോടകം വിളവെടുപ്പിന് തയാറായിട്ടുണ്ട്. ജലസേചനത്തിന്റെ കാര്യത്തിലും മികച്ച മാതൃകയാണ് ശറഫുദ്ദീന്‍ മുസ്‌ലിയാര്‍ സ്വീകരിച്ചിരിക്കുന്നത്.
പള്ളിയിലെത്തുന്ന വിശ്വാസികള്‍ അംഗശുദ്ധി വരുത്തുന്നതിന് ഉപയോഗിച്ച വെള്ളമാണ് കൃഷിയിടത്തില്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ഒഴിവുവേള കൃഷി പരിശീലിപ്പിച്ചത് ഉമ്മയാണെന്ന് ശറഫുദ്ദീന്‍ മുസ്‌ലിയാര്‍ പറയുന്നു. ഈയിടെ പ്രമേഹ രോഗലക്ഷണം കണ്ടതോടെ ഡോക്ടറെ സമീപിച്ചപ്പോള്‍ വ്യായാമമാണ് നിര്‍ദേശിച്ചത്. കൃഷിയിടത്തില്‍ സജീവമായതോടെ പ്രമേഹ രോഗത്തില്‍നിന്നു മുക്തമായെന്നും മുസ്‌ലിയാര്‍ പറയുന്നു.

അതിരാവിലെ നിസ്‌കാരശേഷം ഒന്നര മണിക്കൂര്‍ കൃഷിയിടത്തില്‍ ചെലവിട്ട ശേഷമാണ് അധ്യാപകന്‍ കൂടിയായ ഇദ്ദേഹം മദ്‌റസയിലെത്തുന്നത്. പിന്നീട് ബാക്കിവരുന്ന സമയത്തെല്ലാം ശറഫുദ്ദീന്‍ മുസ്‌ലിയാര്‍ കൃഷിയിടത്തിലുണ്ടാകും. പള്ളിപ്പറമ്പിലെ ഇലകളോടും മരങ്ങളോടും കിന്നാരം പറഞ്ഞ്…


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.