2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

11 കോടിയുടെ ഫാന്റം 8 കാര്‍ സ്വന്തമാക്കി കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേക്കേറിയ എം.എല്‍.എ

കര്‍ണാടകയില്‍ സ്പീക്കര്‍ അയോഗ്യരാക്കിയ 17 എം.എല്‍.എമാരില്‍ ഒരാളാണ് എം.ടി.ബി നാഗരാജ്

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് കൂറുമാറിയതിനെത്തുടര്‍ന്ന് അയോഗ്യനായ എം.ടി.ബി നാഗരാജിന്റെ പുതിയ കാര്‍ ചര്‍ച്ചയാവുന്നു. ഇന്ത്യയിലെ ഏറ്റവും വില കൂടിയ കാറാണ് നാഗരാജ് സ്വന്തമാക്കിയിരിക്കുന്നത്.

റോള്‍സ് റോയിസിന്റെ ഏറ്റവും പുതിയ മോഡലായ ഫാന്റം 8 ആണ് നാഗരാജ് നിരത്തിലിറക്കിയിരിക്കുന്നത്. 11 കോടി രൂപയാണ് കാര്‍ റോഡിലിറക്കാന്‍ വേണ്ടിവന്നത്.

കര്‍ണാടകയില്‍ സ്പീക്കര്‍ അയോഗ്യരാക്കിയ 17 എം.എല്‍.എമാരില്‍ ഒരാളാണ് എം.ടി.ബി നാഗരാജ്. തന്റെ ജന്മനാടായ ഹോസ്‌കോട്ടയിലുള്ള അവിമുക്ത്വേശ്വര ക്ഷേത്രത്തില്‍ പുതിയ കാറുമായെത്തി അദ്ദേഹം ദര്‍ശനം നടത്തി. തുടര്‍ന്ന് മുഖ്യമന്ത്രി യെദ്യൂരപ്പയെ കാണാന്‍ ഇതേ കാറില്‍ തന്നെ പോയി. കര്‍ണാടകയിലെ പ്രളയ ദുരിതാശ്വാസത്തിനായി ഒരു കോടി രൂപയുടെ ചെക്ക് നല്‍കുകയും ചെയ്തു.

തനിക്ക് ആയിരം കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് തെരഞ്ഞെടുപ്പ് സമയത്ത് നാഗരാജ് വെളിപ്പെടുത്തിയിരുന്നത്.

‘ഈ കാര്‍ വാങ്ങുകയെന്നത് തന്റെ ദീര്‍ഘകാല ആഗ്രഹമായിരുന്നു. ഇപ്പോഴാണ് അത് യാഥാര്‍ഥ്യമായത്’- എം.ടി.ബി നാഗരാജ് പ്രതികരിച്ചു. അതേസമയം, പുതിയ കാര്‍ വാങ്ങിയ സന്ദര്‍ഭം ഏറെ ചര്‍ച്ചയായിരിക്കുകയാണ്. കൂറുമാറ്റത്തിനു പിന്നാലെയാണ് കാര്‍ വാങ്ങിയതെന്നാണ് ഇതിനു കാരണം.

ആഡംബരത്തിന്റെ അവസാന വാക്കാണ് ഫാന്റം 8 കാര്‍. 16 വര്‍ഷം മുന്‍പ് റോള്‍സ് റോയിസ് അവതരിപ്പിച്ച ഫാന്റം മോഡലിന്റെ ഏറ്റവും പുതിയ പതിപ്പാണിത്.

അലുമിനിയം ഫ്രെയിം പ്ലാറ്റ്‌ഫോമിലുള്ള കാര്‍ സുരക്ഷയുടെ കാര്യത്തിലും ഏറ്റവും മുന്നിലാണ്. 563 ബി.എച്ച്.പി കരുത്തും 900 എന്‍.എം ടോര്‍ക്കുമേകുന്ന 6.75 ലിറ്റര്‍ വി-12 ട്വിന്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് കാറിന്റേത്. വെറും 5.4 സെക്കന്റ് കൊണ്ട് കാറിന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാവും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News