
കോഴിക്കോട്: മദ്രാസ് ഐഐടിയില്‍ വെച്ച് മരിച്ച ഫാത്തിമ ലത്തീഫ എന്ന വിദ്യാര്‍ഥിനിയുടെ മരണത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും വിദ്യാര്‍ഥിയുടെ മൊബൈല്‍ നിന്നും കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഫാത്തിമയെ മാനസികമായി പീഡിപ്പിച്ച അധ്യാപകന്റെ പേരില്‍ കേസെടുക്കണമെന്നും എം എസ് എഫ് ദേശീയ പ്രസിഡണ്ട് ടി പി അഷ്റഫലി ആവശ്യപ്പെട്ടു.
ഫാത്തിമയ്ക്ക് ഐഐടി മദ്രാസില്‍ നിന്നും വലിയ മാനസിക പീഡനങ്ങളും ജാതീയവും മതപരവുമായ പ്രയാസങ്ങളും ഉണ്ടായിട്ടുണ്ട് എന്ന ഫാത്തിമയുടെ മാതാവിന്റെ മാധ്യമങ്ങളോടുള്ള മൊഴി ഗൗരവമായി കാണണം.നമ്മുടെ രാജ്യത്ത് ഇത്തരം വിവേചനങ്ങള്‍ സംഭവിക്കുന്നത് തുടര്സംഭവമായിക്കൂട.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ അദ്ധ്യാപിക ഉള്‍പ്പെടെ അഞ്ചുപേര്‍ സമാനമായ മാനസിക സംഘര്‍ഷങ്ങളുടെ പേരില്‍ ഐഐടി മദ്രാസില്‍ നിന്നും മരണപ്പെട്ടിട്ടുണ്ട് എന്നത് ആ സ്ഥാപനത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെ സൂചിപ്പിക്കുന്നുണ്ട്.
എല്ലാ മരണങ്ങളുടെയും സ്വഭാവങ്ങളെ കുറിച്ചും, കാരണങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്താന്‍ മാനവവിഭവശേഷി വകുപ്പ് മന്ത്രാലയം തയ്യാറാകണം. തമിഴ്നാട് സര്‍ക്കാറും ഇക്കാര്യത്തില്‍ ഗൗരവമായി ഇടപെടണമെന്നും എംഎസ്എഫ് ആവശ്യപ്പെട്ടു.
ശക്തമായ നടപടി എടുക്കാത്ത പക്ഷം പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ടി പി അഷറഫ് അലി പ്രസ്താവനയില്‍ പറഞ്ഞു.