2019 August 18 Sunday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

പലിശ നിരക്ക് വെട്ടിക്കുറച്ച് ആര്‍.ബി.ഐ; കുറച്ചത് 35 ബേസിസ് പോയിന്റ്

  • ഭവന, വാഹന വായ്പാ പലിശ നിരക്ക് കുറയും
  • പ്രഖ്യാപനത്തിനു പിന്നാലെ ഭവന വായ്പാ പലിശ നിരക്ക് കുറച്ച് എസ്.ബി.ഐ

 

ന്യൂഡല്‍ഹി: പലിശ നിരക്കില്‍ കാര്യമായ കുറവു വരുത്തി ആര്‍.ബി.ഐ. തുടര്‍ച്ചയായ നാലാം തവണയാണ് ഇത് കുറയ്ക്കുന്നത്. ഇത്തവണ 35 ബേസിസ് പോയിന്റ് കുറച്ചുവെന്ന പ്രത്യേകതയുമുണ്ട്. 2010 ഏപ്രിലിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.

ഇതനുസരിച്ച് ബാങ്കുകള്‍ ആര്‍.ബി.ഐ കടം നല്‍കുന്നതിനുള്ള പലിശ നിരക്ക് (റിപ്പോ) 5.75 ശതമാനത്തില്‍ 5.40 ശതമാനമായി കുറഞ്ഞു. ബാങ്കുകളില്‍ നിന്ന് ആര്‍.ബി.ഐ നിക്ഷേപമായി സ്വീകരിക്കുന്ന തുകയ്ക്കുള്ള പലിശ നിരക്ക് (റിവേഴ്‌സ് റിപ്പോ) 5.50 ശതമാനത്തില്‍ നിന്ന് 5.15 ശതമാനമായും കുറഞ്ഞു.

കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടന്ന മോണിറ്ററി പോളിസി മീറ്റിങ് (എം.പി.സി) ക്കു ശേഷം ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

കൂടാതെ, മാര്‍ജിനല്‍ സ്റ്റാന്റിങ് ഫെസിലിറ്റി (MSF) നിരക്കും ബാങ്ക് റേറ്റും 5.65 ശതമാനമായി കുറയും.

റിപ്പോ നിരക്ക് കുറച്ചതോടെ, സമ്പദ് വ്യവസ്ഥയിലേക്ക് കൂടുതല്‍ പണമൊഴുക്കാനാണ് ആര്‍.ബി.ഐയുടെ പദ്ധതിയെന്നാണ് വ്യക്തമാവുന്നത്. ഭവന, വാഹന വായ്പകള്‍ ഉപയോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാനും ഇതു സഹായിക്കും.

സാധാരണ റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കില്‍ മാറ്റം വരുത്തുമ്പോള്‍ 25, 50 ബേസിസ് പോയിന്റുകള്‍ വച്ചാണാ മാറ്റാറുള്ളത്. എന്നാല്‍ ഇത്തവണ 35 ബേസിസ് പോയിന്റാണ് കുറച്ചത്. കാരണമായി ആര്‍.ബി.ഐ മേധാവി പറയുന്നതിങ്ങനെ.

‘ഇന്നത്തെ സാമ്പത്തിക സാഹചര്യത്തില്‍ 25 ബേസിസ് പോയിന്റ് കുറവ് വരുത്തുന്നത് അപര്യാപ്തമായിരിക്കും. 50 ബേസിസ് പോയിന്റ് എന്നാല്‍ ആവശ്യത്തിലധികമായിരിക്കും. 35 ബേസിസ് പോയിന്റ് എന്നത് അഭികാമ്യമാണെന്നാണ് എം.പി.സിയുടെ നിലപാട്’- ശക്തികാന്ത ദാസ് വ്യക്തമാക്കി.

മന്ദഗതിയിലുള്ള സമ്പദ്‌വ്യവസ്ഥയെ ഉണര്‍ത്താന്‍ തീരുമാനം ഗുണം ചെയ്യുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ബാങ്കിതര സാമ്പത്തിക സ്ഥാപനങ്ങളെ സഹായിക്കുന്നതു കൂടിയാണ് തീരുമാനം.

ഭവന വായ്പാ പലിശ നിരക്ക് കുറച്ച് എസ്.ബി.ഐ

ആര്‍.ബി.ഐ പ്രഖ്യാപനത്തിനു പിന്നാലെ ഭവന വായ്പാ പലിശ നിരക്കില്‍ കുറവു വരുത്തി രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ. മറ്റു ബാങ്കുകളും പിന്നാലെ കുറയ്ക്കുമെന്നാണ് സൂചന.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.