2019 November 20 Wednesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ഹിന്ദുത്വ നേതാവ് കമലേഷിന്റെ കൊലയ്ക്ക് പിന്നില്‍ ബി.ജെ.പി നേതാവെന്ന് അമ്മ; അറസ്റ്റിലായ മുസ്‌ലിംകള്‍ തന്നെയാണോ കൊലനടത്തിയതെന്ന് സംശയമെന്ന് മകന്‍

 

ലഖ്‌നൗ: തീവ്ര ഹിന്ദുത്വ നേതാവ് കമലേഷ് തിവാരിയുടെ കൊലപാതകക്കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ഗുജറാത്തില്‍ മൂന്നു പേരെയും ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ നിന്നു രണ്ടുപേരെയുമാണ് അറസ്റ്റ് ചെയ്തത്. മൗലാന മുഹ്‌സിന്‍ ശെയ്ഖ് (24), റഷീദ് അഹമ്മദ് പത്താന്‍ (23), ഫൈസാന്‍ (21), മൗലാന അന്‍വറുല്‍ ഹഖ്, മുഫ്തി നഈം ഖാസ്മിന്‍ എന്നിവരാണ് അറസ്റ്റിലായത്. തിവാരിയുടെ തല വെട്ടുന്നവര്‍ക്ക് 51 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചയാളാണ് ഹഖ്. 2016ല്‍ ബിജ്‌നോറില്‍ നിന്നുള്ള രണ്ടു മൗലാനമാര്‍ ഭര്‍ത്താവിനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി ഭാര്യ നല്‍കിയ പരാതിയിലാണ് ഹഖ് പിടിയിലായത്. സൂചനകളെ അടിസ്ഥാനമാക്കി ചെറിയ സംഘങ്ങളായി നടത്തിയ അന്വേഷണത്തിലാണ് 24 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടിക്കാന്‍ കഴിഞ്ഞതെന്ന് ഉത്തര്‍പ്രദേശ് ഡി.ജി.പി ഒ.പി.സിങ് പറഞ്ഞു.

അതേസമയം, സംഭവത്തില്‍ ഒരു ബി.ജെ.പി നേതാവിന് പങ്കുണ്ടെന്ന് തിവാരിയുടെ മാതാവ് ആരോപിച്ചു. മഹ്മൂദാബാദിലെ ക്ഷേത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ശിവ്കുമാര്‍ ഗുപ്തയെന്ന ബി.ജെ.പി നേതാവ് മകനെ ഭീഷണിപ്പെടുത്തിയതായും കൊലയ്ക്കു പിന്നില്‍ ഗുപ്ത തന്നെയാണെന്ന് ഉറപ്പുണ്ടെന്നും അമ്മ ആരോപിച്ചു. എനിക്കെന്റെ മകന്റെ മൃതദേഹം കാണണം. അവനു നീതി കിട്ടണം. ഞാന്‍ മരിച്ചാലും അതു ഞാനവനു വാങ്ങിനല്‍കും. ഗുപ്തയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യണം. തത്തേരി എന്ന സ്ഥലത്തെ മാഫിയാ നേതാവാണ് ഗുപ്തയെന്നും 500 കേസെങ്കിലും അയാള്‍ക്കെതിരെ ഉണ്ടെന്നും അവര്‍ പറഞ്ഞു.

സംഭവം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷിക്കണമെന്ന് തിവാരിയുടെ മകന്‍ സത്യം തിവാരി ആവശ്യപ്പെട്ടു. ഞങ്ങള്‍ക്ക് ആദിത്യനാഥ് സര്‍ക്കാരില്‍ വിശ്വാസമില്ല. സുരക്ഷാ ഗാര്‍ഡുകള്‍ ഉണ്ടായിരുന്നിട്ട് കൂടി പിതാവ് കൊല്ലപ്പെട്ടു. പിന്നെ ഞങ്ങളെങ്ങിന ഇവിടെത്തെ ഭരണത്തെ വിശ്വസിക്കും? ഇപ്പോള്‍ പിടിയിലായവരാണ് പിതാവിനെ കൊലപ്പെടുത്തിയതെന്ന് എനിക്കറിയില്ല. ചിലര്‍ കൃത്യം ചെയ്തിട്ട് നിരപരാധികളെ അറസ്റ്റ്‌ചെയ്യുകയായിരുന്നോ എന്നും അറിയില്ലെന്നും സത്യം തിവാരി കൂട്ടിച്ചേര്‍ത്തു.

ലഖ്‌നൗവിലെ വീടിനടുത്തുള്ള ഓഫിസില്‍ കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് ഹിന്ദുമഹാസഭാ നേതാവ് കമലേഷ് തിവാരി (43) കൊല്ലപ്പെട്ടത്. മധുരപലഹാരങ്ങളുമായി എത്തി തിവാരിയുമായി സംസാരിക്കവേ കൈയില്‍ സൂക്ഷിച്ച തോക്ക് ഉപയോഗിച്ച് വെടിവെക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. കൂടാതെ തിവാരിയുടെ കഴുത്തില്‍ കത്തികൊണ്ട് വരഞ്ഞതായും കുത്തിയതായും റിപ്പോര്‍ട്ടുണ്ട്. രണ്ട് കോണ്‍സ്റ്റബിള്‍മാരെ തിവാരിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നെങ്കിലും കൊല നടക്കുമ്പോള്‍ ആരും ഒപ്പമുണ്ടായിരുന്നില്ല. ഒരാള്‍ രണ്ടുദിവസമായി ഡ്യൂട്ടിക്കു വന്നിരുന്നില്ലെന്നും ആരോപണമുണ്ട്. മറ്റൊരാള്‍ ഈ സമയം ഉറക്കത്തിലുമായിരുന്നു. 2015ല്‍ പ്രവാചകനെ അവഹേളിച്ചതിന് തിവാരിക്കെതിരെ ദേശ സുരക്ഷാ നിയമപ്രകാരം കേസെടുത്തെങ്കിലും യോഗി ആദിത്യനാഥ് അധികാരത്തില്‍ വന്ന ശേഷം അത് റദ്ദാക്കുകയുണ്ടായി.

തിവാരിയുടെ വീടിനു പുറത്തുനിന്ന് പ്രതികളുടെ ദൃശ്യങ്ങള്‍ കണ്ടെടുത്തിരുന്നു. രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും പലഹാരങ്ങള്‍ അടങ്ങിയ മഞ്ഞ ബാഗുമായി വരുന്നതാണ് ദൃശ്യത്തില്‍. ദീപാവലി സമ്മാനമാണെന്നു കാണിച്ചു വീട്ടിലേക്ക് പ്രവേശിക്കാന്‍ അവര്‍ ശ്രമിക്കുന്നതും വ്യക്തമാണ്. ദൃശ്യങ്ങളില്‍ നിന്നു ഗുജറാത്തിലെ സൂറത്തില്‍ നിന്നാണ് പലഹാരങ്ങള്‍ വാങ്ങിയതെന്നു വ്യക്തമാണെന്നും അതാണ് അന്വേഷണത്തിനു സഹായമായതെന്നും പൊലിസ് പറഞ്ഞു.

Mother Of Killed Hindu Group Leader In UP Alleges Politician Ordered Hit


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.