2019 October 24 Thursday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

യസ്‌നായ പൊല്യാന എന്ന റഷ്യന്‍ ഗ്രാമത്തില്‍

ഡോ. എം.എസ് അജിത്

നിരന്തരമായ മോസ്‌കോ സഞ്ചാരം മടുപ്പിച്ച ദിവസങ്ങളിലൊന്നാണ് ഞങ്ങളുടെ റഷ്യന്‍ ആതിഥേയനായ ഡോ.ഉണ്ണികൃഷ്ണനോട് റഷ്യന്‍ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കണം എന്ന ആഗ്രഹം അറിയിച്ചത്. എന്നാല്‍ ‘യസ്‌നായ പൊല്യാന’ എന്ന ഗ്രാമം സന്ദര്‍ശിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. മോസ്‌ക്കോയില്‍ നിന്ന് രണ്ടണ്ട് മണിക്കൂര്‍ കാറില്‍ യാത്ര ചെയ്താല്‍ യൂറോപ്പിന്റെ ഭാഗമായ സെന്‍ട്രല്‍ റഷ്യയുടെ ഭാഗമായ തുലയിലെത്താം.

അവിടെ അടുത്താണ് യസ്‌നായ പൊല്യാന. ടോള്‍സ്റ്റോയ് ജനിച്ച് ജീവിച്ച ഗ്രാമമാണ്. കേട്ട പാതി ഞങ്ങള്‍ക്ക് ഉല്‍സാഹമായി. പുലര്‍ച്ചെ എഴുനേറ്റ് പോയാലേ മുഴുവന്‍ കണ്ടിട്ട് തിരിച്ചു വരാനാവൂ എന്ന് ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കി. തണുത്ത വെളുപ്പാന്‍ കാലത്ത് ഞങ്ങളുടെ താമസസ്ഥലമായ അക്കാദമിക്ക പിലൂഗിനയുടെ മുന്നില്‍ വന്ന് നിന്ന ടാക്‌സിയില്‍ പിന്‍സീറ്റില്‍ ഞാനും നാസറും കയറി. മുന്‍ സീറ്റില്‍ കയറിയ ലത്തീഫിന്റെ മുന്നില്‍ ഡ്രൈവറായ അര്‍മീനിയക്കാരന്‍ അമ്പരന്ന് നില്‍ക്കുന്ന കാഴ്ച്ചയാണ് കണ്ടത്. 

നമ്മുടെ നാട്ടിലെ ഓര്‍മ്മയില്‍ ഇടതു വശത്തെ സീറ്റിലാണ് ലത്തീഫ് ഇരിപ്പുറപ്പിച്ചത്.റഷ്യയില്‍ അത് ഡ്രൈവര്‍ സീറ്റാണ്. ചമ്മലോടെ ലത്തീഫ് വലത് സീറ്റിലേക്ക് മാറി. മോസ്‌കോ നഗരം പിന്നില്‍ ഉപേക്ഷിച്ച് കാര്‍ ചീറിപ്പായുകയാണ്. മീറ്റര്‍ സൂചിയില്‍ നൂറ്റി അന്‍പതിന് മീതെയാണ് വേഗമാപകം. ഇടംവലം തിരിഞ്ഞ റഷ്യന്‍ റോഡുകളില്‍ വണ്ടി കുതിക്കുമ്പോള്‍ ഇന്ത്യന്‍ ഓര്‍മ്മയില്‍ നമ്മള്‍ ചകിതരാവും. ഒരു മണിക്കൂര്‍ കഴിയുമ്പൊഴേക്കും നഗരത്തിന്റെ സ്പര്‍ശം വിട്ട് വാഹനം തനി നാടന്‍ ഗ്രാമപ്രദേശത്തെത്തും. ഉരുളക്കിഴങ്ങും ധാന്യങ്ങളും കൃഷി ചെയ്ത് ജീവിക്കുന്ന തുല എന്ന പ്രവിശ്യയാണത്. വിശാലമായ പുല്‍മേടുകള്‍, കന്നുകാലിക്കുട്ടങ്ങള്‍ മേയുന്ന വിജനമായ മധ്യ റഷ്യ. ടോള്‍സ്റ്റോയുടെ വീട് ഗൂഗിള്‍ മാപ്പില്‍ അടയാളപ്പെടുത്തിയ ഞങ്ങളുടെ യാത്ര അവസാനിച്ചത് അപരിഷ്‌കൃതമായ ഒരു ചതുപ്പ് നിലത്തിലാണ്.

അതി വിശാലമായ ഒരു ഭൂമികയാണ് ടോള്‍സ്റ്റോയ് എസ്റ്റേറ്റ്. അതിന്റെ ഒരറ്റത്താണ് ഗൂഗിള്‍ ഞങ്ങളെ എത്തിച്ചത്.’ കുടയും ചൂടി നേര്‍ത്ത ചാറ്റല്‍ മഴയില്‍ എത്തിയ ഒരു റഷ്യന്‍ മധ്യവയസ്‌ക ഞങ്ങള്‍ക്ക് വഴികാട്ടിയായി. അവിടെത്തിയപ്പോഴേക്കും ഞങ്ങള്‍ക്ക് കഠിനമായി വിശക്കുന്നുണ്ടായിരുന്നു. റഷ്യന്‍ ഡ്രൈവറുടെ സഹായത്തോടെ ഒരു ഗ്രാമീണ ഭക്ഷണ ശാല കണ്ടെത്തി. തപ്പിത്തടഞ്ഞ് വായിച്ച റഷ്യന്‍ വെച്ച് ഒരു ചിക്കന്‍ കറിയും ബ്രെഡും ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്നു. വന്നത് ചിക്കന്‍ പായസം. കോഴിക്കഷണങ്ങള്‍ പൈനാപ്പിള്‍ ചേര്‍ത്ത് പുഴുങ്ങി മധുരം ചേര്‍ത്ത് നിര്‍മ്മിച്ച പായസം. സ്പൂണൊക്കെ ഉണ്ട് ഒരിറക്ക് കഴിക്കാന്‍ വയ്യ. ഞങ്ങള്‍ അനുഭവിച്ച ധര്‍മ്മ സങ്കടം മനസിലാക്കിയ ഡ്രൈവര്‍ അദ്ദേഹം ഓര്‍ഡര്‍ ചെയ്ത പാന്‍ കേക്ക് മുറിച്ചുനല്‍കി. അത് കഴിച്ച് വിശപ്പടക്കി ഞങ്ങള്‍ ടോള്‍സ്റ്റോയ് യുടെ ജന്‍മഗൃഹത്തിലേക്ക് നടന്നു.

അതി മനോഹരമായ ഒരു ഭൂപ്രദേശമാണത്. ഗൈഡിന്റെ സേവനമടക്കമാണ് ടിക്കറ്റ്.നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് കിട്ടിയ വെള്ളാരങ്കണ്ണുകളുള്ള റഷ്യന്‍ സുന്ദരി ഗൈഡിന് ഒരക്ഷരം ഇംഗ്ലീഷ് അറിയില്ല. ഞങ്ങളുടെ ഗ്രൂപ്പിന് വിശദമായി റഷ്യനില്‍ അവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ടിരുന്നു. റഷ്യക്കാരായ ഡോക്ടര്‍ ദമ്പതിമാരുടെ സംഘമാണ് ഞങ്ങളുടെ കൂടെ. ഭാഗ്യവശാല്‍ എന്‍ഡോ ക്രൈനോജിസ്റ്റായ റഷ്യന്‍ ഡോക്ടര്‍ പാവ്‌ലോവിന് അല്‍പം ഇംഗ്ലീഷ് അറിയാം. അദ്ദേഹം ഞങ്ങള്‍ക്ക് ചുരുങ്ങിയ വാക്കുകളില്‍ വിവരണത്തെ പരിഭാഷപ്പെടുത്തിത്തന്നു.

നാലായിരം ഏക്കര്‍ വരുന്ന ഒരു എസ്റ്റേറ്റ് ആണത്. കയറുമ്പോള്‍ ഇടത് ഭാഗത്ത് വിശാലമായ ഒരു തടാകമാണ്. ടോള്‍സ്റ്റോയ് അവിടെ കുളിക്കുകയും ചൂണ്ടലിടുകയും ചെയ്തിരുന്നത്രേ. മഞ്ഞ് കാലത്ത് സ്‌കേറ്റിങ്ങ് ഷൂകളുമായി ആ തടാകത്തില്‍ അദ്ദേഹം ഉല്ലസിച്ചിരുന്നത്രേ. മുന്നോട്ട് നീങ്ങുമ്പോള്‍ ഓക്കും പീച്ചും ആപ്പിള്‍ മരങ്ങളും അതിരിടുന്ന ഗ്രാമീണ പാത കാണാം. അത് ടോള്‍സ്റ്റോയ് എന്ന മഹാനായ എഴുത്തുകാരന്‍ ജീവിച്ച വീട്ടിലെത്തിക്കും. നിശബ്ദതയുടെ ഒരു താഴ് വരയാണത്. കര്‍ശനമായ ചിട്ടകള്‍.ശബ്ദം ഉണ്ടണ്ടാക്കരുത്. ഫോട്ടോഗ്രഫി പൂര്‍ണമായി വീട്ടിനുള്ളില്‍ നിരോധിച്ചിരിക്കുന്നു. ടോള്‍സ്റ്റോയ് നടന്ന വീടിനുള്ളിലേക്ക് കടക്കുന്നതിന് മുമ്പ് ഷൂസുകളില്‍ സംരക്ഷണ കവചം ധരിക്കണം.

അതി മനോഹരമായ ഒരു രണ്ടുനില വീട്. ടോള്‍സ്റ്റോയുടെ അപ്പൂപ്പനായ രാജ കുടുംബാംഗം നിര്‍മ്മിച്ചതാണത് . തന്റെ ചൂതുകളി നിമിത്തം എഴുത്തുകാരന് അതിന്റെ വലിയൊരു ഭാഗം ജീവിതത്തിനിടയില്‍ കടപ്പെടുത്തേണ്ടി വന്നു. ടോള്‍സ്റ്റോയും അദ്ദേഹത്തിന്റെ പതിമൂന്ന് മക്കളും അദ്ദേഹത്തിന്റെ പകര്‍ത്തെഴുത്തുകാരിയായ ഭാര്യ സോഫിയ അലക്‌സാന്‍ഡ്രോ വിനയും ജീവിച്ചതിവിടെയാണ്. അതിന്റെ സകല മുദ്രകളും ഇവിടെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. മഹാനായ ഈ റഷ്യന്‍ എഴുത്തുകാരന്റെ മരണശേഷം ഇതൊരു സംരക്ഷിത സ്മാരകമാക്കാന്‍ ഭാര്യ ആവശ്യപ്പെട്ടെങ്കിലും സാര്‍ ഭരണകൂടം അതിന് തയാറായില്ല. വിപ്ലവാനന്തരം റഷ്യന്‍ ഭരണ കൂടം ടോള്‍സ്റ്റോയുടെ വീടിനെ രാജ്യത്തിന്റെ പാരമ്പര്യ സ്മാരകങ്ങളിലൊന്നാക്കുകയും ഓര്‍ഡര്‍ ഓഫ് ലെനിന്‍ എന്ന പരമോന്നത റഷ്യന്‍ ബഹുമതി നല്‍കുകയും ചെയ്തു. പക്ഷേ രണ്ടാം ലോകമഹായുദ്ധത്തില്‍ റഷ്യയിലേക്കുള്ള ജര്‍മ്മന്‍ പടയോട്ടത്തില്‍ കാര്യങ്ങള്‍ ആകെ കീഴ്‌മേല്‍ മറിഞ്ഞു. മോസ്‌കോ കീഴടക്കാനെത്തിയ ജര്‍മന്‍ പട്ടാളം ടോള്‍സ്റ്റോയ് എസ്റ്റേറ്റില്‍ തമ്പടിച്ചു. പല കെട്ടിടങ്ങള്‍ക്കും തീവെച്ചു. അക്കൂട്ടത്തില്‍ ടോള്‍സ്റ്റോയ് ജനിച്ച ചെറുവീടും അഗ്‌നിക്കിരയാക്കി. ഇപ്പോള്‍ വീട് നിന്നിടത്ത് ഒരു കല്‍ ഫലകം മാത്രം കാണാം.ജര്‍മ്മന്‍ ഭടന്‍മാരെ ചികില്‍സിക്കാനുള്ള ആശുപത്രിയാക്കി അവര്‍ ആ കെട്ടിടത്തിനെ മാറ്റി.

അന്ന് യുദ്ധത്തില്‍ കൊല ചെയ്യപ്പെട്ട ജര്‍മ്മന്‍ ഭടന്‍മാരെ ടോള്‍സ്റ്റോയ് യുടെ ശവകുടീരത്തിനടുത്ത് ശവമടക്കി. ജര്‍മ്മനിയെ തോല്‍പ്പിച്ച റഷ്യ ടോള്‍സ്റ്റോയ് ഗൃഹം കേട് പാട് തീര്‍ത്ത് പുനര്‍നിര്‍മ്മിച്ചു. എഴുത്തുകാരന്റെ പിയാനോ, അദ്ദേഹത്തിന്റെ ഇരുപത്തിരണ്ടായിരം പുസ്തകങ്ങള്‍, അദ്ദേഹം ആന്റണ്‍ ചെക്കോവിനെ പോലെയുള്ള എഴുത്തുകാരെ സ്വീകരിച്ച സ്വീകരണമുറി എന്നിവ ഭംഗിയായി സംരക്ഷിച്ചിട്ടുണ്ട്. ഒരല്‍പം നടന്നാല്‍ ഗ്രാമത്തിലെ കര്‍ഷകകുടിലിലെ കുട്ടികള്‍ക്കായി ടോള്‍സ്റ്റോയ് നിര്‍മ്മിച്ച സ്‌കൂള്‍ കാണാം. ബദല്‍ വിദ്യാഭ്യാസത്തിന്റെ ലോകത്തിലെ മഹനീയ മാതൃക. ദക്ഷിണാഫ്രിക്കയില്‍ ടോള്‍സ്റ്റോയ് ഫാം മഹാത്മാഗാന്ധിയെപ്പോലും പ്രചോദിപ്പിച്ച മഹനീയ മനുഷ്യസാന്നിധ്യം. അത് കണ്ടണ്ടിറങ്ങി പടുകൂറ്റന്‍ യാസ്ന്‍ വൃക്ഷങ്ങള്‍ കടന്ന് നടന്നാല്‍ ടോള്‍സ്റ്റോയ് യുടെ ശവകുടീരത്തിലെത്തും.

ഒരു അലങ്കാരവും അവിടെയില്ല. പച്ചപ്പുല്ലുകള്‍ ആര്‍ത്ത് നില്‍ക്കുന്ന ശവകുടീരം. എന്റെ ശവകുടീരത്തില്‍ ഒരു അലങ്കാരവും പാടില്ല എന്ന എഴുത്തുകാരന്റെ ആഗ്രഹം അടിമുടി പാലിക്കപ്പെട്ടിരിക്കുന്നു. അവിടെ ഒരല്‍പസമയം തലകുനിച്ച് നിന്ന ശേഷം ഞങ്ങള്‍ പുറത്തേക്ക് നടന്നു. അവിടെ ഗ്രാമീണ വില്‍പനശാലകള്‍ സജീവമായി വരുന്നു. കാടുകളില്‍ നിന്നുള്ള തേന്‍ രുചിച്ച് നോക്കി വാങ്ങാനുള്ള തെരുവുകടകളില്‍ നിന്ന് വില്‍പനക്കാരികള്‍ ഞങ്ങളെ വിളിച്ചു. ഗ്രാമീണ വൈക്കോല്‍ ചെരുപ്പുകള്‍ക്ക് മുന്നൂറ്റമ്പത് റൂബിളാണ് വില. കാട്ടുപഴങ്ങളും പ്രാദേശിക മധുര പലഹാരങ്ങളും രുചിച്ച് നോക്കി വാങ്ങാന്‍ സൗകര്യമുണ്ട്. നാടന്‍ കടകളിലൊന്നില്‍ ഫിഫ ഫാന്‍ ഐ.ഡി ധരിച്ച് കയറിയ ഞങ്ങളെ റഷ്യന്‍ ഗ്രാമീണര്‍ കെട്ടിപ്പിടിച്ചും സെല്‍ഫിയെടുത്തും അവരുടെ പാനീയം നല്‍കിയും സല്‍ക്കരിച്ചു. നഗരങ്ങളില്‍ നിന്നും എത്ര വ്യത്യസ്തമാണ് റഷ്യന്‍ ഗ്രാമങ്ങള്‍ എന്ന ഓര്‍മ്മകളുടെ നിറവില്‍ ടോള്‍സ്റ്റോയ് ഗ്രാമത്തില്‍ നിന്ന് ഞങ്ങള്‍ മോസ്‌കോയിലേക്ക് യാത്ര തിരിച്ചു. 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.