2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

ദസ്തയേവ്‌സ്‌കി വന്നുതൊടുമ്പോള്‍

കളിയാരവങ്ങള്‍ നിറഞ്ഞ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ കമനീയമായ തെരുവുകളിലൂടെ നടക്കുമ്പോള്‍ വിളക്കുകാലുകളില്‍ പോലും ചെറു പൂന്തോട്ടങ്ങള്‍ സൃഷ്ടിച്ച റഷ്യന്‍ നഗരാസൂത്രണത്തിന്റെ ശില്‍പികളെയും കലാകാരന്മാരെയും നമ്മള്‍ ആദരവോടെ സ്മരിക്കും. എത്ര ഭംഗിയുള്ള നടപ്പാതകള്‍. പക്ഷേ നമുക്ക് വായനയില്‍ പരിചിതമായത് ഇതല്ല.

നമ്മള്‍ വായനയില്‍ പരിചയിച്ച സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ഇങ്ങനല്ല. ചുരുട്ടുകുറ്റി വീണുകിടന്നിരുന്ന വോഡ്ക കഴിച്ചു നിരാലംബര്‍ ഉറങ്ങിയിരുന്ന ഒരു തെരുവാണ് ഓര്‍മയില്‍. അവിടെയാണു ‘കുറ്റവും ശിക്ഷയും’ എന്ന പ്രഖ്യാതമായ നോവലിലെ നായകനായ റസ്‌ക്കോള്‍ നിക്കോവ് തണുപ്പുകുപ്പായങ്ങളും അണിഞ്ഞു ചിന്താധീനായി നടന്നിരുന്നത്. അദ്ദേഹത്തിന്റെ പ്രതിരൂപമായ എഴുത്തുകാരന്‍ ദസ്തയേവ്‌സ്‌കി തന്റെ ചൂതാട്ടകേന്ദ്രത്തിലേക്കു പാതിരാത്രിയില്‍ നടന്നുപോയിരുന്നത്. സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് കാണാനുള്ള റഷ്യന്‍ ടൂര്‍ പ്രോഗ്രാമിലൊന്നും ദസ്തയേവ്‌സ്‌കി ജീവിച്ചു മരിച്ചുപോയ അദ്ദേഹത്തിന്റെ വീട് ഉള്‍പ്പെടുന്നില്ല. അതിനായി നമ്മള്‍ അന്വേഷിച്ചുപോകണം.

സാഹിത്യകുതുകികള്‍ക്കായി സര്‍ക്കാര്‍ അതൊരു സംരക്ഷിതസ്മാരകമാക്കിയിരിക്കുന്നു. ദസ്തയേവ്‌സ്‌കിയുടെ പ്രധാന കൃതികളിലൊന്നായ അധോതലക്കുറിപ്പുകള്‍ ഓര്‍ക്കും തെരുവില്‍നിന്നു താഴേക്കുള്ള പടികള്‍ ഇറങ്ങി ദസ്തയേവ്‌സ്‌കിയുടെ വീട്ടിലേക്കിറങ്ങുമ്പോള്‍. ഒരു ഇരുണ്ട തുരങ്കം പോലെ അതിന്റെ പ്രവേശനദ്വാരം വിഹ്വലമാണ്. ദാരിദ്ര്യത്തില്‍നിന്നു രക്ഷപ്പെടാനായി പണം അപഹരിക്കാന്‍ തന്റെ വീട്ടുടമസ്ഥയെ കോടാലി കൊണ്ടു വെട്ടിക്കൊന്ന റസ്‌കോള്‍ നിക്കോഫ് തന്റെ ചോരമണക്കുന്ന കൈയുകള്‍ കോട്ടിന്റെ ഉറയില്‍ തിരുകി വ്യഥിതനായി നടന്നതിവിടെയാണ്. മനുഷ്യമനസിന്റെ ദ്വന്ദ്വത്തെ കീറിമുറിച്ച കരമസോവ് സഹോദരന്മാര്‍ എഴുതിയത് ഇവിടെനിന്നാണ് . ലോകം കണ്ട ഏറ്റവും വലിയ എഴുത്തുകാരന്‍ ജീവിച്ചുമരിച്ചത് ഇവിടെയാണ്.

ടിക്കറ്റെടുത്തു പിരിയന്‍ കോണിപ്പടികള്‍ കയറുമ്പോള്‍ ആറുമുറികളുള്ള എഴുത്തുകാരന്റെ വീട് ദൃശ്യമാവും. ദൈവമേ ഇവിടെയാണ് ദസ്തയേവ്‌സ്‌കി ചവിട്ടിനിന്നത് എന്ന ഓര്‍മയില്‍ നമ്മുടെ കാലടികള്‍ വിറകൊണ്ടു. ഒന്നാമത്തെ മുറി എഴുത്തുകാരന്റെ കുട്ടികളുടെ മുറിയാണ്. കളിക്കുതിരയില്‍ മൂന്നാം വയസില്‍ മരിച്ചുപോയ തന്റെ പ്രിയപ്പെട്ട മകള്‍ അല്യോഷയുടെ ജീവന്‍ അദ്ദേഹം കാണുന്നുണ്ടാവും. അവിടുത്തെ മേശയിലിരു മക്കള്‍ക്കായി അദ്ദേഹം പുസ്തകങ്ങള്‍ ഉറക്കെ വായിച്ചുകൊടുത്തിരുന്നത്രേ.

ദസ്തയേവ്‌സ്‌കി മ്യൂസിയത്തിനു മുന്നില്‍ ലേഖകനും സംഘവും

പൃഷ്‌കിനും ഹ്യൂഗോവും അദ്ദേഹത്തിന്റെ ശബ്ദത്തില്‍ കേട്ട ചുമരുകളാണ് അവിടെ. അടുത്ത മുറി അദ്ദേഹത്തിന്റെ ഭാര്യ അന്നയുടേതാണ്. അവിടുരുന്നാണ് അന്ന ഗ്രിഗറോവ്‌ന തന്റെ ഭര്‍ത്താവിന്റെ വാക്കുകള്‍ കേട്ടെഴുതിയത്. ദസ്തയേവ്‌സ്‌കിയുടെ എല്ലാ ഭ്രാന്തുകളും നിശബ്ദമായി അനുഭവിച്ച അന്നയുടെ ചിത്രത്തിന്റെ മുന്നില്‍ നാം നിശബ്ദ രാവും. അടുത്ത മുറി സ്വീകരണമുറിയാണ്. തുര്‍ഗനേവ് അടക്കമുള്ള റഷ്യന്‍ എഴുത്തുകാരെ അദ്ദേഹം സ്വീകരിച്ചിരുന്നതവിടെയാണ്.
ഓരോ മുറിയിലെയും സവിശേഷതകള്‍ അറിയാന്‍ ഒരു ശബ്ദലേഖന യന്ത്രം ഞങ്ങളുടെ കൈയില്‍ തന്നിട്ടുണ്ട്. മുറിയുടെ നമ്പര്‍ അമര്‍ത്തിയാല്‍ അവിടെയുള്ള വിശേഷങ്ങള്‍ പതിഞ്ഞ ശബ്ദത്തില്‍ നമ്മള്‍ തിരഞ്ഞെടുക്കുന്ന ഭാഷയില്‍ പറഞ്ഞുതരും.

അപാര്‍ട്‌മെന്റിന്റെ അടുക്കള ആകര്‍ഷകമാണ്. പാതിരാത്രി മുഴുവന്‍ എഴുതി പുലര്‍ച്ചെ എഴുത്തുമേശയില്‍നിന്നു ക്ഷീണിച്ചെഴുനേല്‍ക്കുന്ന എഴുത്തുകാരന്‍ കടുപ്പമുള്ള കട്ടന്‍ ചായ നിര്‍മിച്ചിരുന്ന സമോവര്‍ അവിടെയുണ്ട്. അന്ന ഉണ്ടാക്കുന്ന ചായപോലും എഴുത്തിന്റെ മൂര്‍ഛയില്‍ അദ്ദേഹത്തിനു പഥ്യമായിരുന്നില്ലത്രേ.അടുത്തത് എഴുത്തുമുറിയാണ്. നേര്‍ത്ത റിബണ്‍ കൊണ്ടു നമുക്ക് അവിടേക്കു പ്രവേശനം നിഷേധിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ എഴുത്തുപകരണങ്ങള്‍, കൈയെഴുത്തുപ്രതികള്‍, ചുമരലമാരയിലെ പ്രിയപുസ്തകങ്ങള്‍ ഒക്കെ അതുപോലുണ്ട് .

ചെറിയ കട്ടിലും ചെരിഞ്ഞ ഇരിപ്പിടവും അവിടെയുണ്ട്. ശ്വാസകോശം ചുരുങ്ങുന്ന എംഫീസിമ എന്ന ഗുരുതരരോഗം ബാധിച്ചിരുന്നയാളാണ് അദ്ദേഹം. പുകവലി കര്‍ശനമായി ഡോക്ടര്‍മാര്‍ വിലക്കിയിരുന്നു. എഴുത്ത് ആവേശിച്ച പാതിരാത്രികളില്‍ അദ്ദേഹം ഇതൊന്നും പരിഗണിച്ചിരുന്നില്ല. കടുത്ത റഷ്യന്‍ പുകയില നിറച്ച് അദ്ദേഹം വലിച്ച സിഗരറ്റ് കുറ്റികളും ആഷ്‌ട്രേയും അവിടെ കാണാം. മരണത്തെ മറികടന്ന എഴുത്ത് സൃഷ്ടിച്ച അദ്ദേഹത്തിന്റെ പ്രചോദന സാമഗ്രികള്‍ എത്ര ഭംഗിയായി പുനസൃഷ്ടിച്ചിരിക്കുന്നു.

പ്രദര്‍ശനം കണ്ടിറങ്ങുമ്പോള്‍ ഒരു നിലച്ച ഘടികാരം കാണാം. എഴുത്തുകാരന്റെ അനിയന്റെ ഘടികാരമാണത്. ദസ്തയേവ്‌സ്‌കിയുടെ മരണസമയത്ത് നിലച്ചിരിക്കുന്നു അത്. പടികളിറങ്ങുമ്പോള്‍ ദസ്തയേവ്‌സ്‌കിയുടെ ഊന്നുവടികള്‍ ഞങ്ങള്‍ കണ്ടു. പ്രദര്‍ശനവസ്തുക്കളില്‍ തൊടാന്‍ പാടില്ല. സൂക്ഷിപ്പുകാരുടെ കണ്ണുവെട്ടിച്ച് ആ ഊന്നുവടികളില്‍ ഞാനും നാസറും ഞങ്ങളുടെ കൈപ്പടങ്ങള്‍ അമര്‍ത്തി. മരണത്തിനപ്പുറത്തുനിന്ന് എഴുത്തുകാരന്‍ ഞങ്ങളെ തൊട്ടു. അധോതലങ്ങളില്‍നിന്നു നഗരവെളിച്ചത്തിലേക്കു കയറുമ്പോള്‍ ആ സ്പര്‍ശം ഞങ്ങളുടെ കൈത്തലങ്ങളില്‍ ബാക്കിയായി. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ ആഘോഷരാത്രികളില്‍ കുറ്റത്തിന്റെയും ശിക്ഷയുടെയും ഇടയില്‍ ചിതറട്ടെ ഞങ്ങള്‍.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.