2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

മോസ്‌കോ യുദ്ധ സ്മാരകത്തിന് മുന്നില്‍ ഒരു പകല്‍

ഡോ. അജിത് എംഎസ്‌

ബോറിസ് പൊലെവോയ് എന്ന റഷ്യന്‍ എഴുത്തുകാരന്‍ എഴുതിയ ‘ഒരു യഥാര്‍ഥ മനുഷ്യന്റെ കഥ’ എന്നൊരു ജീവചരിത്ര നോവലുണ്ട്. അലക്‌സി മാരസ്യേവ് എന്ന റഷ്യന്‍ ഫൈറ്റര്‍ പൈലറ്റിനെക്കുറിച്ചാണത്. രണ്ടാം ലോകമഹായുദ്ധത്തിനിടയില്‍ യുദ്ധവിമാനം തകര്‍ന്ന് ഉള്‍ക്കാടുകളൊന്നില്‍ വീണ് അവിടുന്ന് 18 ദിവസങ്ങള്‍ കിലോമീറ്ററുകള്‍ ഇഴഞ്ഞു നീങ്ങി ജീവിതത്തിലേക്ക് തിരിച്ചെത്തിയ മനുഷ്യനാണയാള്‍. തണുപ്പില്‍ മരവിച്ച് ഗാങ് ഗ്രീന്‍ ബാധിച്ച് തളര്‍ന്നു പോയ അയാളുടെ കാലുകള്‍ മുറിച്ച് മാറ്റേണ്ടി വന്നു. എന്നിട്ടും തളരാതെ യുദ്ധമുഖത്തേക്ക് കൃത്രിമക്കാലുമായി വന്ന് വിമാനം പറപ്പിച്ച ധീരനായിരുന്നു മാരസ്യേവ്. 

സോവിയറ്റ് യൂനിയന്‍ അതിന്റെ പരമോന്നത യുദ്ധ ബഹുമതിയായ ഹീറോ ഓഫ് സോവിയറ്റ് യൂനിയന്‍ നല്‍കി അദ്ദേഹത്തെ ബഹുമാനിച്ചു. യുദ്ധത്തെയും അതിന്റെ മുറിവുകളെയും അതിന്റെ തീവ്രതയില്‍ അനുഭവിപ്പിച്ച ആ പുസ്തകം വായിച്ചപ്പോള്‍ മുതല്‍ റഷ്യയിലെ യുദ്ധ മ്യൂസിയം കാണണമെന്ന ആഗ്രഹം മനസിലുണ്ടായിരുന്നു. റഷ്യയിലെ മത്സരത്തിനിടയില്‍ വീണു കിട്ടിയ ഒരു പകല്‍ മോസ്‌കോയില്‍നിന്ന് കുറച്ചകലെയുള്ള പാര്‍ക്ക് പബേദിയിലേക്ക് ട്രെയിന്‍ കയറി. പബേദി എന്നാല്‍ വിജയം എന്നാണര്‍ഥം .മോസ്‌കോയിലെ ഉയര്‍ന്ന വിശാലമായ പൊക്ലോനായ കുന്നിലാണ് മ്യൂസിയം. പബേദിയിലെ റെയില്‍വേ സ്റ്റേഷനില്‍ ചുമരുകളിലാകെ വിജയചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്. സ്റ്റേഷനില്‍ നിന്ന് മ്യൂസിയത്തിലേക്ക് 15 നില കെട്ടിടത്തിന്റെ വലുപ്പമുള്ള എസ്‌കലേറ്ററില്‍ അതിവേഗം സഞ്ചരിക്കണം. ഇടനാഴികളില്‍ അക്കോര്‍ഡിയന്‍ വായിച്ചിരിക്കുന്ന അന്ധനായ സുത്യനോനാവ് ഇന്ത്യക്കാരായ ഞങ്ങള്‍ക്കായി രാജ് കപൂറിന്റെ ഈണങ്ങള്‍ വായിച്ചു.

അദ്ദേഹത്തിന്റെ മുന്നിലെ പെട്ടിയില്‍ ഏതാനും റൂബിളുകള്‍ നിക്ഷേപിച്ച് കൈപിടിച്ച് കുലുക്കി യാത്ര പറഞ്ഞ് ഞങ്ങള്‍ മ്യൂസിയത്തിലേക്കുള്ള വിശാലമായ പാതയിലെത്തി. ഒരു പടുകൂറ്റന്‍ പ്രതിമയാണ് ആദ്യം നമ്മളെ എതിരേല്‍ക്കുക. അതൊരു ഭരണാധികാരിയുടേയുമല്ല, യുദ്ധോദ്യക്തനായ അജ്ഞാതനായ ഒരു റഷ്യന്‍ ഭടന്റെ ശില്‍പമാണത്. സോവിയറ്റ് യൂനിയന്റെ വിജയത്തില്‍ മുഖ്യ പങ്കുവഹിച്ച സമരവീര്യത്തോടുള്ള ആദരം ആ സ്വാഗത ശില്‍പത്തിന്റെ തെരഞ്ഞെടുപ്പിലുണ്ട്. യുദ്ധരംഗത്ത് ഭടന്‍മാരെ ശുശ്രൂഷിച്ച സ്ത്രീകളും സാധാരണ പൗരന്‍മാരും അടങ്ങിയ ജനാവലി സോവിയറ്റ് യൂനിയന്റെ കൊടി പേറുന്ന രണ്ടാമത്തെ ശില്‍പം പുതിയ റഷ്യന്‍ പതാകയുടെ പശ്ചാത്തലത്തിലാണ് ഉയര്‍ന്നു നില്‍ക്കുന്നത് .

മ്യൂസിയത്തിന്റെ പ്രധാന കവാടത്തിലെത്തുമ്പോള്‍ മോസ്‌കോയിലെ ഏറ്റവും ഉയരമുള്ള വിജയ സ്തൂപത്തിന്റെ മുന്നിലെത്തും. നാല്‍പത് നില കെട്ടിടത്തിന്റെ ഉയരമുള്ള ആ സ്തൂപം മോസ്‌കോയിലെ ഏറ്റവും ഉയരമുള്ള സ്മാരക സ്തൂപമാണ്. സ്തൂപാഗ്രത്തില്‍ ദൂരെ ആകാശത്തില്‍ ഗ്രീക്ക് വിജയദേവതയുടെ ശില്‍പം മാലാഖച്ചിറകുകളുടെ പശ്ചാത്തലത്തില്‍ കാണാം. സ്തൂപത്തിനു മുന്നില്‍ ഫോട്ടോയെടുക്കാനായി റഷ്യന്‍ ബാലെ സംഘത്തിലെ സുന്ദരന്‍മാരും സുന്ദരിമാരുമുണ്ട്. അവരുടെ ബാലെ നാളെ മോസ്‌കോ നഗരത്തിലുണ്ട്. അതിന്റെ നോട്ടിസ് നല്‍കി ഞങ്ങളെ അവര്‍ ബാലെ കാണാന്‍ ക്ഷണിച്ചു. വിജയ മ്യൂസിയത്തിനകത്ത് സന്ദര്‍ശക ബാഹുല്യമാണ്. ചരിത്രം, എന്‍ജിനീയറിങ് കല എന്നിവയുടെ കൃത്യമായ അനുപാതത്തിലുള്ള മിശ്രണമാണ് ആ മ്യൂസിയം. ഒരു ഭാഗം മുഴുവന്‍ യുദ്ധ നിമിഷങ്ങള്‍ അതേ പോലെ പുനഃസൃഷ്ടിച്ചിരിക്കുകയാണ്.
മഞ്ഞു പുതഞ്ഞ റഷ്യന്‍ മലയടിവാരത്തില്‍ നീങ്ങുന്ന ജര്‍മന്‍ ടാങ്കുകളെ നേരിടുന്ന റഷ്യന്‍ ഭടന്‍മാര്‍ ആയുധങ്ങള്‍, വെടിവയ്പുകളുടെ ശബ്ദം എന്നിവ അതേ പോലെ പുനഃസൃഷ്ടിച്ചിരിക്കുകയാണ്. ഒരു യുദ്ധഭൂമിയില്‍ നേരിട്ട് നില്‍ക്കുന്ന പ്രതീതിയിലാണ് നമ്മള്‍ ഓരോ കാഴ്ച്ചയും കണ്ടണ്ട് മുന്നോട്ട് നീങ്ങുന്നത്. യുദ്ധത്തില്‍ പങ്കെടുത്ത ധീര ഭടന്‍മാരുടെ ചിത്രങ്ങള്‍, സ്റ്റാലിനെപ്പോലെയുള്ള ഭരണാധികാരികളുടെ ചിത്രങ്ങള്‍, യുദ്ധമുദ്രകള്‍, ബഹുമതികള്‍, യുദ്ധത്തിന് നല്‍കിയ സൈനിക രേഖകള്‍, റഷ്യ സ്വയം നിര്‍മിച്ച പിസ്റ്റളുകള്‍ അടക്കമുള്ള ആയുധങ്ങള്‍ തുടങ്ങിയവയുടെ അതിവിശാലമായ പ്രദര്‍ശനം, യുദ്ധമുഖത്തെ വിഡിയോകള്‍, ത്രീഡി ഷോകള്‍ എന്നിവ തുടര്‍ന്ന് അതി വിശാലമായ ഹാളുകളില്‍ കമനീയമായി ഒരുക്കിയിരിക്കുന്നു. ഏതൊരു റഷ്യന്‍ പൗരനും അവര്‍ നേടിയ വിജയത്തെക്കുറിച്ച് തലമുറകള്‍ക്കപ്പുറം ഓര്‍മ ചെന്നെത്താവുന്ന തരത്തിലാണ് മ്യൂസിയത്തിന്റെ സംവിധാനം. പ്രദര്‍ശനം അവിടെ അവസാനിക്കുന്നില്ല.

പുറത്ത് യുദ്ധ ടാങ്കുകള്‍, വിമാനങ്ങള്‍, മോട്ടോര്‍ സൈക്കിളുകള്‍, ടാങ്കിനെ ഭേദിക്കുന്ന മിസൈല്‍ ലോഞ്ചറുകള്‍ എന്നിവ കിലോമീറ്ററുകളോളം നീളത്തില്‍ നിരത്തിയിരിക്കുന്നു. ഹിറ്റ്‌ലറെ മുട്ടുകുത്തിച്ച ഠ34 ടാങ്കും കത്യൂഷ റോക്കറ്റ് ലോഞ്ചറും ഒക്കെ അക്കൂട്ടത്തിലുണ്ടണ്ട്. ശത്രുകടന്നു വരാതിരിക്കാനായി റെയില്‍ പാളങ്ങള്‍ തകര്‍ക്കുന്ന പാളംകൊല്ലി തീവണ്ടി എന്‍ജിന്‍ ഒരു കാഴ്ച്ചയാണ്. ആ എന്‍ജിന്‍ കടന്നു പോകുമ്പോള്‍ അതിന്റെ പിറകിലെ കൂറ്റന്‍ ഉരുക്കു അറക്കവാള്‍ പാളങ്ങളെ ബന്ധിപ്പിക്കുന്ന മരപ്പലകകളെ അറുത്തു കൊണ്ടണ്ടിരിക്കും. പിന്നെ ഒരു വണ്ടിക്കും ആ വഴി വരാന്‍ കഴിയില്ല. റഷ്യ നിര്‍മിച്ച ചെറു യുദ്ധവിമാനങ്ങളുടെ ശേഖരം തന്നെ ഒരു വശത്തുണ്ട്. ഏത് ചതുപ്പിലും ഇറങ്ങാനും അതിവേഗം ഉയരാനും കഴിയുന്ന കരിവണ്ടുകള്‍ പോലെയുള്ള നിരവധിയെണ്ണം. കിലോമീറ്ററുകള്‍ നീണ്ടു നിന്ന പ്രദര്‍ശനം കണ്ടു കഴിയുമ്പോള്‍ ദേശാഭിമാന പ്രചോദിതരായി ഒരു ജനത രാജ്യത്തിന്റെ ചരിത്ര ശേഷിപ്പുകളെ എങ്ങനെ സംരക്ഷിക്കുന്നു എന്ന കാഴ്ച്ച നമ്മളെ വിസ്മയിപ്പിക്കും . നൂറു വര്‍ഷത്തോളം നീണ്ട നമ്മുടെ ഐതിഹാസികമായ സ്വാതന്ത്ര്യ സമര ചരിത്രത്തെ ഇത്തരത്തില്‍ രേഖപ്പെടുത്താനുള്ള ഒന്നും നമ്മുടെ നാട്ടിലുണ്ടായില്ലല്ലോ എന്ന ഖേദം പരസ്പരം പങ്കുവച്ചാണ് മോസ്‌കോ തെരുവുകളിലൂടെ പിന്നീട് ഞങ്ങള്‍ നടന്നത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News