
മോസ്കോയില്‍നിന്ന് 1800 കിലോമീറ്റര്‍ അകലെയാണു കരിങ്കടല്‍ തീരത്തുള്ള സോച്ചി പട്ടണം. അവിടെയാണ് ജര്‍മനിയും സ്വീഡനും തമ്മിലുള്ള നിര്‍ണായക മത്സരം നടക്കുന്നത്. അതു കാണാനായിരുന്നു ഞങ്ങളുടെ യാത്ര. വിമാനത്തില്‍ സുന്ദരിമാരായ എയര്‍ഹോസ്റ്റസുമാര്‍ ഉള്ളില്‍ തേന്‍ ഒളിപ്പിച്ച റഷ്യന്‍ പാന്‍ കേക്കുകളും പുഴുങ്ങിയ ചിക്കനും ബീഫും ലെറ്റിയൂസ് ഇലകളുമടങ്ങിയ ഭക്ഷണം നിശബ്ദമായി വിതരണം ചെയ്തുകൊണ്ടിരുന്നു. തൊട്ടടുത്തിരുന്ന സ്വര്‍ണത്തലമുടിയുള്ള റഷ്യന്‍ യുവതിയും ഭര്‍ത്താവും യാത്രയിലുടനീളം സോച്ചിയില്‍ കാണേണ്ട വിശിഷ്ടസ്ഥലങ്ങളെക്കുറിച്ചു പറഞ്ഞുകൊണ്ടിരുന്നു. അല്പ സമയത്തിനകം കാക്കസസ് പര്‍വതനിരകള്‍ ജനലില്‍ ദൃശ്യമായി. പൂക്കള്‍ നിറഞ്ഞ താഴ്വരയും പര്വതനിരക്കു താഴെ വിശാലമായ സമതലങ്ങളുമാണ്. ഗോതമ്പും ഉരുളക്കിഴങ്ങും കൃഷി ചെയ്യുന്ന പാടശേഖരങ്ങള്‍ താഴെ അവര്‍ കാണിച്ചുതന്നു.
സോച്ചിയിലെ ഉയര്‍ന്ന മഞ്ഞുപ്രവിശ്യയായ റോസ ഖുഥോര് കാണാതിരിക്കരുത് എന്നായിരുന്നു അവര്‍ ആവര്‍ത്തിച്ച് നിര്‍ദേശിച്ചത്. വിമാനത്താവളത്തിലിറങ്ങി സോച്ചി സ്റ്റേഡിയത്തിലേക്കുള്ള ബസ് യാത്രയില്‍ മോസ്കോയില്‍നിന്നുള്ള രണ്ട് ഫിഫാ വളണ്ടിയര്‍മാര്‍ കയറി.
അവര്‍ മോസ്കോ സര്‍വകലാശാലയില്‍ അറബിക് ട്രാന്സ്ലേഷന് വിദ്യാര്‍ഥികളാണ്. അറബിയില്‍ തികഞ്ഞ ഉച്ചാരണശുദ്ധിയോടെ അതിമനോഹരമായി അവര്‍ സംസാരിച്ചു. ഒരു മാസത്തേക്കുള്ള ഫിഫയുടെ തല്ക്കാലജോലി സ്വീകരിച്ച് സോച്ചിയിലെത്തിയതാണവര്.
കരിങ്കടല്‍ ഒരപൂര്‍വ അനുഭവമാണ്. റഷ്യയുടെ ഒരറ്റത്ത്, തുര്‍ക്കിക്കും മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമിടയില്‍ കറുത്തു നീലിച്ചുകിടക്കുന്ന കരിങ്കടല്‍, ആ സമുദ്രതീരപട്ടണത്തെ മിത ശീതോഷ്ണ മേഖലയാക്കാന്‍ വലിയ പങ്കുവഹിക്കുന്നു. കറുത്ത മണലും കരിനീലശിലകളും പേറി കരിങ്കടല്‍ വേറിട്ടുകിടക്കുന്നു.
വേലിയേറ്റത്തിരമാലകളില് ഉല്ലസിക്കുന്നവരും കരിങ്കടലിലെ കൃഷ്ണശിലകള്‍ പെറുക്കി സ്റ്റോണ്‍ മസാജ് ചെയ്യുന്ന ദമ്പതിമാരും അലക്ഷ്യമായി തീരങ്ങളില്‍ കിടക്കുന്നു. മെഡിറ്ററേനിയില്നിന്നുള്ള ചൂടൊഴുക്ക് സോച്ചിയെ മിതശീതോഷ്ണ മേഖലയാക്കുന്നതിലെ ഭൗമശാസ്ത്രപരമായ രഹസ്യമാണ്. ജര്‍മനി-സ്വീഡന് മത്സരം കാണാന്‍ വന്ന സംഘങ്ങളാണു കുളിക്കുന്നതിലേറെയും.
ഉല്ലാസഭരിതരായ സംഘങ്ങള്‍ ആര്‍പ്പുവിളിയോടെ സൈക്കിള്പ്പാതയില് ചവിട്ടി മുന്നേറുന്നു. തെന്നുവണ്ടികളില് കുട്ടികള്‍ അതിവേഗം സഞ്ചരിക്കുന്നു. രാത്രി വീഴുമ്പോള്‍ കരിങ്കടലില്‍ നക്ഷത്രങ്ങള്‍ക്കും ചന്ദ്രനുമപ്പുറത്തു മിന്നലുകള്‍ പതിക്കുന്ന കാഴ്ച കാണാം. ഓരോ വെള്ളിവാളിലും കടല്ക്കറുപ്പ് നിറംവിട്ട് തിളങ്ങും.
ജര്‍മനി-സ്വീഡന് കളി കഴിഞ്ഞ് ജര്‍മന്‍ ആരവങ്ങള്‍ക്കൊപ്പം കടല്‍ത്തീരത്തുനിന്ന് ആഡ്ലര് റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രയിലുടനീളം കടലോര്മ തങ്ങിനിന്നു. ലോകത്തിലെ ഏറ്റവും മനോഹരമായ സ്റ്റേഷനുകളിലൊന്നാണിത്. മൂന്നുനിലകളില്‍ അതിമനോഹരമായി സംവിധാനം ചെയ്തത്. നമ്മുടെ നാട്ടിലെ ഏതൊരു മികച്ച വിമാനത്താവളത്തിനും മീതെയാണിത്.
അഡ്ലര് നഗരത്തിലെ ഒളിംപിക് വില്ലേജിലൂടെ സൈക്കിള്‍ ചവിട്ടുന്ന സഞ്ചാരികള്‍.- ഫോട്ടോ: അമീര്‍ കക്കോടി
മോസ്കോയിലേക്കുള്ള ഞങ്ങളുടെ ട്രെയിന്‍ രാത്രി രണ്ടു മണിക്കാണ്. കൃത്യമായ ടിക്കറ്റോടുകൂടി കൃത്യസമയത്തു മാത്രമേ നമുക്കു പോകാവുന്ന ട്രെയിനുള്ള പ്ലാറ്റ്ഫോമിലേക്കു വാതില്‍ തുറക്കൂ. കര്‍ക്കശക്കാരായ ഉദ്യോഗസ്ഥര്‍ പാസ്പോര്‍ട്ടും അനുബന്ധരേഖകളും പരിശോധിച്ച് ട്രെയിനില്‍ പ്രവേശിപ്പിക്കും.
നാലുപേര്‍ക്കു താമസിക്കാവുന്ന തരത്തില്‍ സംവിധാനം ചെയ്യപ്പെട്ട പത്തു ചെറുമുറികളാണ് ഓരോ കംപാര്‍ട്ട്മെന്റും. ഓരോന്നിലും സൂക്ഷിപ്പുകാരിയുടെ ഒരു ചെറിയ മുറിയുണ്ടാകും. ചായയും കാപ്പിയും ലഘുഭക്ഷണവും അവിടെനിന്നു കിട്ടും.
മധ്യ റഷ്യയില്‍നിന്നുള്ള മെലിയാനയും അലീസ്യയും ഊഴമിട്ടു യാത്രക്കാരുടെ സേവനങ്ങള്‍ക്കായി ഉറക്കമൊഴിക്കുന്നു.
വണ്ടിയില്‍ പാന്‍ട്രി കാര്‍ ഇല്ലാത്ത കാര്യം അറിയാത്ത ഇന്ത്യക്കാര്‍ക്കായി ബെലോറെചെന്സ്കായ ഗ്രാമീണ സ്റ്റേഷനില്‍നിന്ന് ഗ്രാമത്തിലെ കാട്ടുപഴങ്ങളും ബ്രെഡ്ഡും സോസേജും വാങ്ങാന്‍ മെലിയാന ഞങ്ങള്‍ക്കു കൂട്ടു വന്നു.
ഏതാണ്ടൊരു 1500 റൂബിളിനു രണ്ടു ദിവസത്തേക്കുള്ള ഭക്ഷണം ഞങ്ങള്‍ ശേഖരിച്ചു. അപ്പോഴേക്കും കരിങ്കടല്തീരവും നങ്കൂരമിട്ട കപ്പലുകളും കാക്കസസ് പര്‍വതനിരകളും പിന്നിട്ട് ട്രെയിന്‍ സമതലത്തിലെ വയല്‍പ്രദേശങ്ങളില്‍ എത്തിയിരുന്നു. ഖനനം ചെയ്ത അസംസ്കൃത എണ്ണയും പേറിയുള്ള ദീര്‍ഘദൂര ചരക്കുതീവണ്ടികള്‍ കടന്നുപോവാനായി പല കൊച്ചു സ്റ്റേഷനുകളിലും ഞങ്ങളുടെ വണ്ടി ക്ഷമയോടെ കാത്തുകിടന്നു.
ടി.വി ഏരിയലുകള്‍ ഉയര്ന്നുനില്ക്കുന്ന ചെറിയ റഷ്യന്‍ വീടുകള്‍ കാഴ്ചയ്ക്കു കൗതുകമായി. അപൂര്‍വമായി വലിയ സ്റ്റേഷനുകളില്‍ അതിമനോഹരമായ കൂറ്റന്‍ ബുള്ളറ്റ് ട്രെയിനുകള്‍ കണ്ടു.
പൊതുവേ വിജനമായ റഷ്യന്‍ റെയില്‍വേ സ്റ്റേഷനുകള്‍ പിന്നിട്ട് മോസ്കോയിലേക്ക് ഇനി 24 മണിക്കൂര്‍ നേരം കൂടിയുണ്ട്. ഒന്നു വിശ്രമിച്ച് അടുത്ത ലക്ഷ്യമായ സരന്സ്കിലേക്ക്.