2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

Editorial

വിദ്യാലയങ്ങളില്‍ ആചാരങ്ങള്‍ അടിച്ചേല്‍പ്പിക്കരുത്


തൃശൂര്‍ ചേര്‍പ്പിലെ സി.എന്‍.എന്‍ സ്‌കൂളില്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് അധ്യാപകരുടെ പാദപൂജ നടത്തിച്ച സംഭവം വലിയ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. സ്‌കൂള്‍ അധികാരികളുടെ നിര്‍ബന്ധത്തിനു വഴങ്ങി വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍ക്ക് ഇവിടെ അധ്യാപകരുടെ കാലുതൊട്ടു പൂജിക്കേണ്ടി വന്നു.
മതേതരസമൂഹത്തിലെ വിദ്യാലയത്തില്‍ നടക്കാന്‍ പാടില്ലാത്ത ഈ സംഭവത്തിനെതിരേ പല രാഷ്ട്രീയകക്ഷികളും അവരുടെ വിദ്യാര്‍ഥി, യുവജനവിഭാഗങ്ങളും മറ്റു സംഘടനകളും രംഗത്തു വന്നിട്ടുണ്ട്. പ്രതിഷേധം കണക്കിലെടുത്ത് ഈ വിഷയത്തില്‍ കേസെടുക്കാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ തയാറാട്ടുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നു കാര്യമായ നടപടിയൊന്നുമുണ്ടായിട്ടില്ല.
അതീവ ഗൗരവമുള്ളതും കേരളീയ പൊതുസമൂഹത്തെ നടുക്കുന്നതുമായ സംഭവമാണ് ഈ വിദ്യാലയത്തില്‍ അരങ്ങേറിയത്. ഗുരുപൂര്‍ണിമയെന്ന പേരിലാണു കഴിഞ്ഞ വെള്ളിയാഴ്ച ക്ലാസ് മുറികളില്‍ പാദപൂജ നടന്നത്. ആര്‍.എസ്.എസിന്റെ നിയന്ത്രണത്തിലുള്ള സഞ്ജീവനി ട്രസ്റ്റ് നടത്തുന്ന സ്‌കൂളാണിത്. എങ്കിലും വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. അവരെല്ലാം പാദപൂജ നടത്താന്‍ നിര്‍ബന്ധിതരായതാണു പ്രതിഷേധത്തിനിടയാക്കിയത്.
കേരളത്തില്‍ പല മതങ്ങളുമായും ബന്ധപ്പെട്ട സംഘടനകളും ട്രസ്റ്റുകളും പ്രശംസനീയമായ നിലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. അവയിലൊക്കെ ഇതരമതക്കാരും മക്കളെ പഠിക്കാന്‍ വിടുന്നുണ്ട്. വിദ്യ പകര്‍ന്നു നല്‍കുന്നവരുടെ മതം നോക്കാത്ത മലയാളി പൊതുസമൂഹത്തിന്റെ ഹൃദയവിശാലതാണതിനു കാരണം. ഒപ്പം വിദ്യാഭ്യാസമെന്ന മഹത്തായ കര്‍മത്തില്‍ ആരും മതസങ്കുചിതത്വം കലര്‍ത്തില്ലെന്ന വിശ്വാസവും.

അതുകൊണ്ടു തന്നെ ആര്‍.എസ്.എസ് നടത്തുന്ന വിദ്യാലയത്തില്‍ മറ്റു മതക്കാര്‍ പഠിക്കാനെത്തിയതില്‍ അസ്വാഭാവികത ഒട്ടുമില്ല. മതപശ്ചാത്തലമുള്ള ഏതാണ്ടെല്ലാ വിദ്യാലയങ്ങളും ഇതര മതസ്ഥരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും മാനിച്ചുകൊണ്ടാണു പ്രവര്‍ത്തിക്കുന്നത്. ചില വിദ്യാലയങ്ങളോടു ചേര്‍ന്നു നടത്തിപ്പുകാരായ മതവിഭാഗത്തിന്റെ ആരാധനാലയങ്ങള്‍ പോലുമുണ്ടെങ്കിലും ഇതരമതക്കാരായ കുട്ടികളെ അവിടെ പോയി പ്രാര്‍ഥിക്കാന്‍ നിര്‍ബന്ധിക്കാറില്ല. വിരലിലെണ്ണാവുന്ന ചില സ്ഥാപനങ്ങള്‍ മാത്രമാണു വര്‍ഗീയ സങ്കുചിതത്വം പ്രകടിപ്പിച്ചു വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളത്.
ഗുരുവിനെ ആദരിക്കല്‍ തുടങ്ങി എന്തൊക്കെ ന്യായം പറഞ്ഞാലും സി.എന്‍.എന്‍ സ്‌കൂളില്‍ നടന്നതു മതപരമായ ചടങ്ങു തന്നെയാണ്. ഹൈന്ദവസമൂഹത്തിലെ ചിലര്‍ മാത്രമാണതിനെ അംഗീകരിക്കുന്നത്. വ്യക്തികളെ പൂജിക്കുന്നതു നിഷിദ്ധമായി കാണുന്ന ഇതരമതങ്ങളില്‍ പെട്ടവര്‍ക്ക് ഈ ചടങ്ങു സ്വീകാര്യമല്ല. വിശ്വാസവൈവിധ്യങ്ങള്‍ നിറഞ്ഞ ഹൈന്ദവസമൂഹത്തില്‍ത്തന്നെ പലരും ഇതംഗീകരിക്കുന്നില്ല. അങ്ങനെയുള്ളവരെയെല്ലാം ഇത്തരമൊരു ചടങ്ങില്‍ നിര്‍ബന്ധിച്ചു പങ്കാളികളാക്കുന്നത് വ്യക്തികളുടെ വിശ്വാസ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവും ഭരണഘടനാലംഘനവുമാണ്. കേരളത്തിലെ വിദ്യാഭ്യാസചട്ടങ്ങളുടെ ലംഘനം കൂടിയാണിത്.
ചട്ടങ്ങള്‍ ലംഘിക്കുന്നതിനു പുറമേ സംസ്ഥാനത്തു സാമൂഹ്യാന്തരീക്ഷം കലുഷിതമാക്കാന്‍ കൂടി കാരണമായേക്കാവുന്ന ഈ ചടങ്ങ് സ്‌കൂളില്‍ നടന്നതിനെക്കുറിച്ച് അന്വേഷിക്കാനും ഉത്തരവാദികള്‍ക്കെതിരേ ഉചിതമായ നടപടി സ്വീകരിക്കാനുമുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. എന്നാല്‍, സര്‍ക്കാരിന്റെ ചില നടപടികള്‍ തന്നെ ഇതിനൊക്കെ വളമാകുന്നുണ്ടെന്നതാണു യാഥാര്‍ഥ്യം. സ്‌കൂളുകളില്‍ ‘ഗുരുവന്ദന’മെന്ന പേരില്‍ ചടങ്ങു നടത്താന്‍ അനുമതി നല്‍കിക്കൊണ്ടു പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ കഴിഞ്ഞ ജൂണ്‍ മാസത്തില്‍ പുറപ്പെടുവിച്ച ഉത്തരവ് ആയുധമാക്കിക്കൊണ്ടാണു സ്‌കൂള്‍ അധികൃതരും അവരെ അനുകൂലിക്കുന്നവരും പാദപൂജയെ ന്യായീകരിക്കുന്നത്. ദുരുപയോഗം ചെയ്യപ്പെടാവുന്ന തരത്തിലുള്ള ഇത്തരമൊരു ഉത്തരവ് ഇറങ്ങാനിടയായ സാഹചര്യം അന്വേഷിക്കേണ്ടതുണ്ട്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വിദ്യാഭ്യാസമേഖലയില്‍ സംഘ്പരിവാര്‍ അജന്‍ഡകള്‍ നടപ്പാക്കപ്പെടുന്നതായി നേരത്തേ തന്നെ ആരോപണമുയര്‍ന്നിരുന്നു. കഴിഞ്ഞവര്‍ഷങ്ങളില്‍ ചില വിദ്യാലയങ്ങളില്‍ ഗുരുവന്ദനമെന്ന പേരില്‍ നടന്ന ചടങ്ങു വിവാദമായിരുന്നു. പാലക്കാട്ട കണ്ണകിയമ്മന്‍ സ്‌കൂളില്‍ റിപ്പബ്ലിക് ദിനത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ വിലക്കു ലംഘിച്ച് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് ദേശീയപതാക ഉയര്‍ത്തിയതും വന്‍വിവാദത്തിനു വഴിയൊരുക്കിയിരുന്നു.
മതേതരത്വ മൂല്യങ്ങളുടെ ബാലപാഠങ്ങള്‍ കൂടി അഭ്യസിക്കേണ്ട വിദ്യാലയങ്ങളില്‍ ഒരുതരത്തിലുമുള്ള ആചാരങ്ങള്‍ അടിച്ചേല്‍പിക്കപ്പെടുന്ന സാഹചര്യം ഉണ്ടാവരുത്. കുരുന്നുകള്‍ വിദ്യ നേടുന്ന ഇടങ്ങളില്‍ നിയമങ്ങള്‍ ലംഘിച്ചു വിഭാഗീയയുടെ വിത്തു പാകുന്നവരെ കര്‍ശനമായി തന്നെ നേരിടേണ്ടതുണ്ട്. അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും മടിക്കരുത്. അതില്‍ വീഴ്ച സംഭവിച്ചാല്‍ ക്ഷതമേല്‍ക്കുന്നതു മതേതര മൂല്യങ്ങള്‍ക്കും അതുവഴി സാമൂഹ്യസൗഹാര്‍ദത്തിനു തന്നെയുമായിരിക്കും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.