2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പണാധിപത്യത്തെ നേരിടുന്ന ജനാധിപത്യം

എന്‍. അബു

പതിനേഴാമത് ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം കഴിഞ്ഞു. കേരളത്തില്‍ 23നാണ് വോട്ടെടുപ്പ്. ഫലം അറിയാന്‍ മെയ് 23 വരെ കാത്തിരിക്കുകയും വേണം. 135 കോടി വരുന്ന ഇന്ത്യക്കാരില്‍ പ്രായപൂര്‍ത്തിയായ 90 കോടി പേര്‍ക്കാണ് വോട്ടവകാശമുള്ളത്. ഇതില്‍ ആദ്യമായി വോട്ടര്‍ പട്ടികയില്‍ സ്ഥാനം നേടിയ പത്തുകോടി പൗരന്മാരും ഉള്‍പ്പെടുന്നു. 543 എം.പിമാരെയാണ് അവര്‍ തെരഞ്ഞെടുക്കേണ്ടത്. ആംഗ്ലോ ഇന്ത്യന്‍ സമുദായത്തില്‍ നിന്നു രണ്ടുപേരെ പിന്നീട് നോമിനേറ്റ് ചെയ്യുന്നതുമാണ്.
എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എന്നപോലെ ആന്ധ്ര, അരുണാചല്‍, ഒഡിഷ, സിക്കിം എന്നീ നിയമസഭകളിലേക്കും ഈ ബാലറ്റ് യുദ്ധം നടക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയ ആയി അത് മാറുന്നു.
എന്നാല്‍, ഈ ജനാധിപത്യ പ്രക്രിയ പണാധിപത്യത്തിനു വഴങ്ങിക്കൂടെന്ന് എല്ലാവര്‍ക്കും തികഞ്ഞ നിര്‍ബന്ധമുണ്ട്. കള്ളവോട്ടും ബൂത്ത് പിടിത്തവും മാത്രമല്ല, ബാലറ്റ് കൃത്രിമങ്ങളും അജന്‍ഡയില്‍ ഉള്‍പ്പെടുത്തി ഇലക്ഷന്‍ ജയിക്കാനുളള മാഫിയ അവരുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചുവരുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിഷനും അടങ്ങി ഒതുങ്ങി ഇരിക്കാന്‍വയ്യല്ലൊ. പണം വാരിവിതറിയും മദ്യമൊഴുക്കിയും വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമം ഒരുവശത്ത്. സീറ്റ് കിട്ടാത്തവരെ കൂറുമാറ്റി എടുത്ത് റിബലുകളാക്കി രംഗത്തിറക്കുന്ന രീതി മറ്റൊരുവശത്ത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടെ റെയ്ഡുകള്‍ നടക്കുന്നതായും കണക്കില്‍പ്പെടാത്ത വന്‍തുകകള്‍ കണ്ടെത്തുന്നതായുമുള്ള വാര്‍ത്തകള്‍ ജനാധിപത്യ അവബോധത്തെ കുറച്ചൊന്നുമല്ല കളങ്കപ്പെടുത്തുന്നത്. ബാങ്ക് ലോക്കറുകളില്‍ നിന്നുപോലും കള്ളപ്പണം പിടിച്ചത്രെ. ഇതിനുപുറമെ ലക്ഷക്കണക്കിനു രൂപയുടെ മയക്കുമരുന്നുകള്‍ പിടികൂടുന്നതും നിര്‍ബാധം നടക്കുന്നു.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട വിവരമനുസരിച്ച് നോമിനേഷന്‍ സമര്‍പ്പണം പൂര്‍ത്തിയായതോടെ 1619 കോടി രൂപയാണ് കണക്കില്‍പ്പെടാത്തതായി പിടികൂടിയത്. ഇതില്‍ മൂന്നു ശതമാനവും (50.94 കോടി രൂപ) പ്രധാനമന്ത്രിയുടെയും ബി.ജെ.പി പ്രസിഡന്റിന്റെയും നാടായ ഗുജറാത്തില്‍ നിന്നാണത്രെ. കര്‍ണാടക തമിഴ്‌നാട്, ആന്ധ്ര എന്നീ തെക്കന്‍ സംസ്ഥാനങ്ങളും ഒപ്പത്തിനൊപ്പം ഉണ്ട്.
പണവും സ്വാധീനവും പിന്‍ബലവും ഇല്ലെങ്കില്‍ തെരഞ്ഞെടുപ്പ് രംഗത്ത് ഇറങ്ങാന്‍ തന്നെ പ്രയാസമാണെന്നു നമുക്കറിയാം. പണമില്ലാത്തതിനാല്‍ സ്വന്തം വൃക്ക വില്‍ക്കാന്‍ തയാറായി നില്‍ക്കുന്ന ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ കഥ ആന്ധ്രയില്‍ നിന്നും ലഭിക്കുകയുണ്ടായി. മൊഡാതിയിലെ ശുക്കൂര്‍ അലി എന്ന തൊഴില്‍രഹിതനാണിത്. നാട്ടുകാര്‍ക്കായി ശിബാലി നദിക്കു പാലം പണിയാന്‍ തന്റെ കൈവശമുള്ള ഭൂമിവിറ്റ കക്ഷിയായി നാട്ടുകാര്‍ പോലും ഓര്‍ക്കാത്ത ഒരു കക്ഷിരഹിത സ്ഥാനാര്‍ഥി.
പതിനായിരക്കണക്കിനു സ്വതന്ത്രരടക്കം സ്ഥാനാര്‍ഥികള്‍ വളരെയേറെ രംഗത്തുണ്ടെങ്കിലും രണ്ടായിരത്തില്‍പ്പരം രാഷ്ട്രീയ കക്ഷികളുടെ പിന്‍ബലം പ്രഖ്യാപിച്ചാണ് ബഹുഭൂരിപക്ഷവും വോട്ടര്‍മാരെ സമീപിക്കുന്നത്. അഴിമതിയും സ്വജനപക്ഷപാതവും കാര്‍ഷിക മേഖല തകര്‍ച്ചയും തൊഴിലില്ലായ്മയും സാമ്പത്തിക
തിരിച്ചടിയും ഒക്കെ അനുഭവിക്കുന്ന ജനകോടികള്‍ക്കു മുമ്പില്‍ മധുരമനോഹര വാഗ്ദാനങ്ങളുമായാണ് പത്രികസമര്‍പ്പിച്ചെത്തിയവര്‍ കൈകൂപ്പിവരുന്നതും.

ഇന്‍ക്വിലാബും ജയ്ഹിന്ദും ക്വിറ്റ് ഇന്ത്യയും ഒക്കെ മുദ്രാവാക്യങ്ങളായി ഉയര്‍ത്തി സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ കെട്ടുകെട്ടിച്ചവരാണ് നാം. അക്കാര്യത്തില്‍ നാം ഇനിയും പിന്നോട്ട് പോയിട്ടില്ല. ജയ് ജവാന്‍, ജയ് കിസാന്‍ എന്ന മുദ്രാവാക്യവുമായി കോണ്‍ഗ്രസ് വന്നതോര്‍ക്കുന്നു. അഞ്ചുവര്‍ഷം മുന്‍പ് ചെങ്കോലേന്തി ചെങ്കോട്ടയില്‍ ഭരണാധിപത്യം ഉറപ്പിച്ച ബി.ജെ.പി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ മുന്നണിയും സ്വഛ് ഭാരതും അഛേദിനും മാത്രമല്ല, ബേഠി ബച്ചാവോ, ബേഠി പഠാവോ എന്നും സബ്കാ സാഥ് സബ്കാ വികാസ് എന്നും പറഞ്ഞു ജനകോടികളെ സുഖിപ്പിക്കുകയുമുണ്ടായി. ഇപ്പോഴിതാ പറയുന്നു: ഫിര്‍ ഏക്ബാര്‍, മോദി സര്‍ക്കാര്‍ (മോദി സര്‍ക്കാര്‍ ഒരിക്കല്‍കൂടി).
എന്നാല്‍ അഴിമതി വിരോധം അജന്‍ഡയായി പ്രഖ്യാപിച്ച് അധികാരമേറ്റവര്‍ ശവപ്പെട്ടി നിര്‍മാണത്തിനു കൈക്കൂലി വാങ്ങി തുടങ്ങിയിടത്ത് നിന്നു പതിനായിരം കോടിയുടെ റാഫേല്‍ ആയുധ ഇടപാടിലാണ് വന്നു നിന്നത്. കടലാസിന്റെ വില കൂടി ഇല്ലാത്തവിധം പ്രഖ്യാപിച്ച നോട്ട് നിരോധനം 20 കോടി ജനങ്ങളെയാണ് ദാരിദ്ര്യ മേഖലക്ക് ചുവട്ടിലേക്ക് തള്ളിയിട്ടത്. മനുഷ്യനേക്കാള്‍ ശ്രേഷ്ടപദവി നാം ഇവിടെ പശുവിനു നല്‍കി. കടം കൊണ്ട് വീര്‍പ്പുമുട്ടി ആത്മഹത്യചെയ്യുന്ന കര്‍ഷക സഹസ്രങ്ങളെ അധികൃതര്‍ കണ്ടില്ല. രാഷ്ട്രപിതാവായ ഗാന്ധിജിയുടെ നാട്ടില്‍ ഉപപ്രധാനമന്ത്രി ആയിരുന്ന സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ മൂവായിരം കോടി രൂപ ചെലവില്‍ കെട്ടി ഉയര്‍ത്താനായിരുന്നു അവര്‍ക്ക് തിരക്ക്. സ്വന്തം നാട് കാണാന്‍ സമയമില്ലാത്ത പ്രധാനമന്ത്രി മോദി എണ്‍പതിലേറെ രാജ്യങ്ങളില്‍ ചുറ്റിക്കറങ്ങി കോടികള്‍ തുലക്കുന്നത് നാം കണ്ടു.
അവശ്യസാധനങ്ങള്‍ക്ക് വില വര്‍ധന അനുവദിച്ച് കോടിക്കണക്കിനു രൂപ കോര്‍പ്പറേറ്റുകള്‍ക്ക് നേടിക്കൊടുക്കാനും ഡല്‍ഹി ഭരിക്കുന്നവര്‍ക്ക് മടി ഉണ്ടായില്ല. കള്ളപ്പണം മുഴുവന്‍ വിദേശങ്ങളില്‍ നിന്നു നാട്ടിലെത്തിച്ച് ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുമെന്നു പറഞ്ഞവരെ പിന്നെ എവിടെയും കണ്ടില്ല.
എന്നാല്‍ പുതിയ പ്രകടന പത്രികയിലും വാഗ്ദനങ്ങളുടെ പെരുമഴക്കു ഒട്ടും കുറവില്ല. വികസനം, ദേശീയത എന്നിവയോടൊപ്പം ഹിന്ദുത്വത്തിനു പ്രാമുഖ്യം നല്‍കി ശപഥ്പത്ര് എന്ന പേരില്‍ പുറത്തിറക്കിയ പ്രകടന പത്രികയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ കണ്ടെത്താനൊരു മന്ത്രാലയം മുതല്‍ തീവ്രഹിന്ദുത്വം വരെയുള്ള ആശയം കൂടി ബി.ജി.പി കൂട്ടിച്ചേര്‍ത്തുവച്ചിരിക്കുന്നു.

നൂറുകൂട്ടം അഴിമതി ആരോപണങ്ങളില്‍ നിന്ന് ഇനിയും മുക്തിനേടാന്‍ കഴിയാത്ത കോണ്‍ഗ്രസ് പാര്‍ട്ടിയാകട്ടെ, ന്യായ് എന്ന പേരില്‍ ഒരു വലിയ നിക്ഷേപപദ്ധതി പുറത്തുവിട്ടിരിക്കുന്നു. ഒപ്പം പുതിയ മുദ്രാവാക്യവും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഇരുപത് ശതമാനം ജനങ്ങള്‍ക്ക് വര്‍ഷം 72,000 രൂപ ബാങ്ക് അക്കൗണ്ടിലിടുമെന്നതാണത്. 2020 നുള്ളില്‍ നാലുലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കുമെന്നും കോണ്‍ഗ്രസ് പ്രകടന പത്രിക പറയുന്നു.
രാജ്യത്തെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിനാണ് തങ്ങള്‍ ഇറങ്ങിയിരിക്കുന്നതെന്നു വ്യക്തമാക്കുന്ന കോണ്‍ഗ്രസ്, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും യുവാക്കള്‍ക്കും ഇനി തങ്ങള്‍ മാത്രമാണ് പ്രതീക്ഷയെന്നു അവകാശപ്പെടുന്നുണ്ട്. കര്‍ഷകരുടെ 28,000 രൂപയുടെ കടങ്ങള്‍ എഴുതിത്തള്ളിയെന്ന യു.ഡി.എഫ് സര്‍ക്കാറിന്റെ മഹത്വം അവര്‍ വിളമ്പുമ്പോഴും ഭരണത്തില്‍ തിരിച്ചുവന്ന മധ്യപ്രദേശില്‍പോലും ഗോവധ നിരോധനത്തിന്റെ പേരില്‍ മനുഷ്യക്കശാപ്പ് നടത്തിയവരുടെ രക്ഷകരായാണ് തങ്ങള്‍ നിലകൊണ്ടതെന്നു അവര്‍ മറക്കുന്നു.
അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഉടമ്പടിയിലും നാഷനല്‍ ഹെറാള്‍ഡ് കേസിലും ഉയര്‍ന്നുകേട്ട ആരോപണങ്ങളില്‍ നിന്നു കോണ്‍ഗ്രസിന് ഇനിയും കരകയറാന്‍ സാധിച്ചിട്ടുമില്ല. മറ്റൊരു പ്രബല കക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയാകട്ടെ, രണ്ടരക്കോടി രൂപയിലേറെ സ്വത്തുള്ളവരില്‍ നിന്നു രണ്ടുശതമാനം നികുതി കൂടുതല്‍ ഈടാക്കി പാവപ്പെട്ടവര്‍ക്കു വിതരണം ചെയ്യുമെന്ന മോഹനവാഗ്ദാനമാണ് നല്‍കുന്നത്. സൈനിക ശക്തി വര്‍ധിപ്പിക്കാനുള്ള പരിപാടികളും പാര്‍ട്ടി വാഗ്ദാനം ചെയ്യുന്നു. പാവപ്പെട്ടവരെ അണിനിരത്തി ധനികര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുക്കുന്ന ഇന്നത്തെ രീതിയെ എസ്.പി അപലപിക്കുകയും ചെയ്യുന്നുണ്ട്.
ബംഗാളിലും ത്രിപുരയിലും ഉപ്പുവച്ച കലം പോലെ ശുഷ്‌കമായിക്കൊണ്ടിരിക്കുന്ന സി.പി.എം ദേശീയാംഗീകാരം നിലനിര്‍ത്താനുള്ള തീവ്രശ്രമത്തില്‍ കേരളത്തിലാണ് ആഴത്തിലിറങ്ങി പയറ്റുന്നത്. ഉത്തരേന്ത്യയേക്കാള്‍ ഭീകരമായ തരത്തിലുള്ള കൊലപാതകങ്ങള്‍ക്കൊണ്ട് എതിരാളികളെ നശിപ്പിക്കുന്ന രീതിയില്‍ നിന്ന് അവര്‍ക്ക് എത്രമാത്രം മോചിതമാവാന്‍ കഴിയുമെന്നാണ് ജനം ഉറ്റു നോക്കുന്നത്. ഓരോ വര്‍ഷവും ഓരോഗ്രാമം ഏറ്റെടുത്ത് സന്‍സദ് ആദര്‍ശ് പരിപാടി നടത്തുമെന്നൊക്കെ അവരുടെ പത്രിക വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു ബി.ജെ.പി ഇതര സര്‍ക്കാറിനെ കേന്ദ്രത്തില്‍ പ്രതിഷ്ഠിക്കാന്‍ മറ്റു കക്ഷികളൊടോപ്പം എത്രമാത്രം ചേര്‍ന്നു നില്‍ക്കാന്‍ കഴിയുമെന്നതിനെ ആശ്രയിച്ചു നില്‍ക്കുന്നു, സി.പി. എമ്മിന്റെ അസ്ഥിത്വം.

വോട്ടര്‍ പട്ടികയില്‍ പേരുളളവരെല്ലാം സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്ന പോലെ എല്ലാപാര്‍ട്ടികളും ജനങ്ങളെ ആഹ്വാനം ചെയ്യുന്നുണ്ട്. അസാധു വോട്ടുകള്‍ പരമാവധി ഒഴിവാക്കണമെന്നും.
ഇന്ത്യക്കു ശേഷം സ്വാതന്ത്ര്യം ലഭിച്ച പല രാഷ്ട്രങ്ങളും ഏകാധിപത്യത്തിലും സൈനിക ഭരണത്തിലുമൊക്കെ വീണുപോയപ്പോഴും ജനാധിപത്യത്തിന്റെ ദീപശിഖ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിഞ്ഞ മഹത്തായ നാടാണ് നമ്മുടെ ഇന്ത്യ. ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് 1975ല്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഒഴിച്ചാല്‍ ഈ ജനാധിപത്യ പ്രക്രിയ ഇന്ത്യയില്‍ അഭംഗുരം തുടര്‍ന്നുവരുന്നതുമാണ്.
എന്നാല്‍ ഈ ജനാധിപത്യവാഴ്ച ഇവിടെ നിലനില്‍ക്കണമെങ്കില്‍ രാഷ്ട്രീയ കക്ഷികളെന്നപോലെ ജനങ്ങള്‍ ആകെയും ഉണര്‍ന്നു നില്‍ക്കുക തന്നെവേണം. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ കോടിക്കണക്കിനു രൂപാ ചെലവിട്ട് നടത്തുന്ന ജനാധിപത്യ പ്രക്രിയയാണിത്. അത് പണാധിപത്യത്തിനു വഴങ്ങാതിരിക്കാന്‍ കള്ളപ്പണപെരുമഴക്കോ വോട്ടിങ് യന്ത്ര തിരിമറികള്‍ക്കോ സാധ്യമല്ലെന്ന് ഒരിക്കല്‍കൂടി നാം തെളിയിക്കേണ്ടിയിരിക്കുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.