2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

പിഞ്ചുമനസും ശരീരവും നോവിക്കരുത്

ഡോ.മിലി മോനി( ഗൈനക്കോളജിസ്റ്റ് ലാപ്രോസ്‌കോപിക് സര്‍ജന്‍ യൂറോ ഗൈനക്കോളജിസ്റ്റ് മലബാര്‍ ഹോസ്പിറ്റല്‍, കാലിക്കറ്റ്)

ഇന്ന് നമ്മള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് ബാലലൈംഗിക പീഡനം. ഓരോ ദിവസവും പുലരുന്നത് ബാലലൈംഗിക ചൂഷണങ്ങളുടെ വാര്‍ത്തകള്‍ കേട്ടുകൊണ്ടാണ്. പ്രതിവര്‍ഷം 7000 മുതല്‍ 8000 വരെ കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. പരാതിപ്പെടാത്ത എത്രയോ ലൈംഗിക പീഡന കഥകള്‍ പുറലോകം അറിയാത്തതായി ഉണ്ടാകുമെന്നും ആലോചിക്കണം.

സ്വന്തം വീട്ടില്‍ പോലും കുട്ടികള്‍ ഇപ്പോള്‍ സുരക്ഷിതരല്ലെന്നതാണ് സങ്കടകരം. അന്യരില്‍നിന്ന് മാത്രമല്ല, സ്വന്തം കുടുംബത്തില്‍നിന്നുള്ളവരില്‍ നിന്നുവരെ കുട്ടികള്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നു. സ്വന്തം അനുഭവം എങ്ങനെ പറയണമെന്ന് അറിയാതെ കുട്ടികള്‍ പലപ്പോഴും ഇത്തരത്തിലുള്ള പീഡനങ്ങള്‍ സഹിക്കുകയാണ് ചെയ്യുന്നത്. ലൈംഗികചൂഷണത്തിന് ഇരകളാകുന്ന നാലില്‍ മൂന്നുഭാഗം കുട്ടികളും പീഡനവിവരം മറ്റാരോടും പറയാറില്ലെന്നതാണ് യാഥാര്‍ഥ്യം. ജീവിതകാലം മുഴുവനും അവര്‍ ഈ രഹസ്യം സൂക്ഷിച്ചുവയ്ക്കും

ലൈംഗിക പീഡനം കുട്ടികളെ ശാരീരികമായി മാത്രമല്ല ബാധിക്കുന്നത്. അത് അവരെ മാനസികമായും തളര്‍ത്തുന്നതാണ്. കുട്ടികളില്‍ ശാരീരികവും മാനസികവും വൈകാരികവുമായ നിരവധി പ്രശ്‌നങ്ങള്‍ക്കു ഇത് കാരണമാകാറുണ്ട്. ലൈംഗിക പീഡനം ഒരിക്കലും പെണ്‍കുട്ടികളില്‍ മാത്രം ഒതുങ്ങുന്നതല്ല. നമ്മുടെ ആണ്‍കുട്ടികളും പീഡനത്തിനു ഇരയാകാറുണ്ട്. അത് മരണത്തില്‍ വരെ കലാശിക്കാറുമുണ്ട്.

18 വയസ്സിന് താഴെയുള്ള ഒരു കുട്ടിയെ ലൈംഗികചൂഷണം ചെയ്യുന്നത് മാത്രമല്ല ബാലപീഡനം. കാമവെറിയോടെ ഒരു കുട്ടിയെ ശബ്ദത്തിലൂടെയോ ആംഗ്യത്തിലൂടെയോ പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുന്നതോ, കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ തൊടുകയോ, ഒരാള്‍ അയാളുടെ ശരീരഭാഗങ്ങള്‍ കുട്ടിയെ കാണിക്കുകയോ, കുട്ടിയെ എന്തെങ്കിലും വസ്തുക്കള്‍ കാണിച്ച് പ്രലോഭിപ്പിക്കുകയോ, മാനസികമായി പീഡിപ്പിക്കുകയോ ചെയ്യുക എന്നിവയും ബാല ലൈംഗിക പീഡനത്തില്‍പ്പെടും.
നമുക്ക് ഏറെ പ്രിയപ്പെട്ടവരാണ് നമ്മുടെ കുട്ടികള്‍. ലൈംഗിക ചൂഷണങ്ങളില്‍നിന്നു കുട്ടിയെ സംരക്ഷിക്കുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്വം മാതാപിതാക്കളുടേതാണ്; കുട്ടിയുടേതല്ല. അഥവാ കുട്ടികള്‍ക്ക് അതിന് സാധിക്കാറില്ല. അതുകൊണ്ട് കുട്ടികളെ ബോധവത്കരിക്കുന്നതിനുമുമ്പ് മാതാപിതാക്കള്‍ ഇതു സംബന്ധിച്ച് ബോധവാന്മാരായിരിക്കണം. വീട്ടിലെ സാഹചര്യങ്ങളും സാമൂഹ്യ പശ്ചാത്തലങ്ങളും കുട്ടിയുടെ മാനസികമായ വളര്‍ച്ചയെ ഏറെ സ്വാധീനിക്കാറുണ്ട്. കുട്ടികളുടെ സന്തോഷത്തിനുവേണ്ടി മൊബൈലും കംപ്യൂട്ടറും അവരുടെ കൈകളിലേയ്ക്ക് കൊടുക്കുന്ന മാതാപിതാക്കളുടെ ജാഗ്രതക്കുറവു കുട്ടികളിലെ മനോവൈകൃതങ്ങള്‍ക്ക് കാരണമാകാറുണ്ടെന്നതും ഓര്‍ക്കേണ്ടതുണ്ട്. ഒന്ന് തൊട്ടാല്‍ ലോകത്തിലെ ഏത് അറ്റംവരെയും പോകുന്ന ഇന്റര്‍നെറ്റില്‍ കളിക്കുന്ന കുട്ടികളുടെ മേല്‍ മാതാപിതാക്കളുടെ കണ്ണുവേണം. ആദ്യം നഴ്‌സറി റൈംസും കാര്‍ട്ടൂണുകളും കണ്ടുതുടങ്ങുന്ന കുട്ടികള്‍ പിന്നീട് പല കൗതുകങ്ങളും തേടിപ്പോകാം. അവസാനം ഈ കൗതുകങ്ങള്‍ അവന്റെ ജീവിതത്തില്‍ നടപ്പാക്കുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിക്കഴിയുമ്പോഴായിരിക്കും മാതാപിതാക്കള്‍ ഇതിന്റെ ഗുരുതരാവസ്ഥ തിരിച്ചറിയുന്നത്. കൂട്ടുകെട്ടാണോ, വീട്ടിലെ സാഹചര്യങ്ങളാണോ ഒരാളെ കുറ്റകൃത്യത്തിലേയ്ക്ക് തള്ളിവിടുന്നതെന്ന് പരിശോധിക്കണം. ടിവിയിലായാലും മൊബൈല്‍ ഫോണിലായാലും കുട്ടികളുടെ മുന്നില്‍ വച്ച് കാണാന്‍ പാടില്ലാത്തത് ഒഴിവാക്കിയേ പറ്റൂ.

ബ്ലൂഫിലിമുകള്‍ കാണുകയും പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുകയും ചെയ്യുന്ന മാതാപിതാക്കള്‍ കുട്ടികളില്‍ നിന്ന് സൂക്ഷ്മത പാലിക്കണം. അച്ഛനും അമ്മയും ലൈംഗീക ബന്ധങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ പോലും ജാഗ്രത പാലിക്കണമെന്ന് സമീപകാല സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടി ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടു എന്നറിയുമ്പോള്‍ കുട്ടികളെ വാക്കുകളിലൂടെ സമാശ്വസിപ്പിക്കുക എന്നത് അത്യാവശ്യമാണ്.

നേരിട്ടു പറയുന്നതിനെക്കാള്‍ മറ്റുചില രീതികളിലൂടെയാവും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളെക്കുറിച്ച് കുട്ടികള്‍ നമ്മോടു പറയുക. അവര്‍ എന്തിനെക്കുറിച്ചാണ് പറയുന്നതെന്ന് അത്രവേഗം മനസ്സിലായിക്കൊള്ളണമെന്നില്ല. കാരണം എന്താണ് സംഭവിച്ചതെന്ന് കൃത്യമായും വ്യക്തമായും പറഞ്ഞുമനസ്സിലാക്കാന്‍ കുട്ടികള്‍ക്ക് സാധിക്കണമെന്നില്ലല്ലോ. അതുകൊണ്ടുതന്നെ കുട്ടി എന്തെങ്കിലും കാര്യം പറയാന്‍ ശ്രമിക്കുമ്പോള്‍ അതെന്തിനെക്കുറിച്ചാണെന്ന് മനസ്സിലാക്കാനും കേള്‍ക്കാനും മാതാപിതാക്കള്‍ തയ്യാറാകണം.
കുഞ്ഞിനെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്ന വസ്തുത ഞെട്ടിക്കുന്നതായിരിക്കും. കുട്ടി പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കുകയും അവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുകയും ചെയ്യുക. കുട്ടികള്‍ ലൈംഗിക ചൂഷണം ചെയ്യപ്പെട്ടതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ദേഷ്യപ്പെടാതിരിക്കുക. അവര്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കുക. കുട്ടിയോട് ഒരുവിധത്തിലുള്ള അകല്‍ച്ചയും നിങ്ങള്‍ക്കില്ലെന്നും സംഭവിച്ചതില്‍ കുട്ടിയുടെ ഭാഗത്ത് യാതൊരു തെറ്റുമില്ലെന്നും അവരെ ബോധ്യപ്പെടുത്തുക. ലൈംഗികപീഡനം ഏല്‍പ്പിക്കുന്ന മാനസികാഘാതത്തില്‍നിന്ന് കുട്ടികള്‍ക്ക് മോചിതരാകാന്‍ അതുവഴി സാധിക്കും. അതുകൊണ്ട് പ്രതീക്ഷ കൈവിടുകയോ നിരാശരാവുകയോ അരുത്.
ലൈംഗിക പീഡനത്തിന് ഇരയായ കാര്യമാണ് കുട്ടി നിങ്ങളോട് പറയുന്നതെന്നു തോന്നിയാല്‍ അവരുടെ വാക്കുകള്‍ കൂടുതല്‍ ശ്രദ്ധയോടെ കേള്‍ക്കുക. ഒരു തവണ പീഡനം ഉണ്ടായി എങ്കില്‍ അതില്‍ സങ്കടപ്പെടുകയോ കുറ്റബോധം തോന്നുകയോ വേണ്ടെന്ന് കുട്ടികളോട് പറയുക. തങ്ങളുടെ കുറ്റം കൊണ്ടല്ല അത് സംഭവിച്ചതെന്നും ഇനി അത് ആവര്‍ത്തിക്കാന്‍ പാടില്ലെന്നുമുളള സന്ദേശം കുട്ടികള്‍ക്ക് നല്‍കണം. കുട്ടികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെയും പൊലിസിന്റെയും സഹായവും തേടുക.

സ്വന്തം ശരീരത്തിന് നേരെയുള്ള എല്ലാതരം ചൂഷണങ്ങളെയും കുട്ടികള്‍ പ്രതിരോധിക്കേണ്ടതുണ്ട്. തിരിച്ചറിവാകുന്ന പ്രായമാകുമ്പോള്‍ തന്നെ കുട്ടികളെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കണം. ശരീരത്തില്‍ ദുരുദ്ദേശത്തോടെ തൊടാന്‍ ആരെയും അനുവദിക്കരുതെന്നും അവരെ പഠിപ്പിക്കുക. കുട്ടികള്‍ക്ക് ചെറിയ പ്രായത്തില്‍ തന്നെ മാതാപിതാക്കളും അധ്യാപകരും വേണം ഇതിനു വേണ്ട നിര്‍്േദശങ്ങള്‍ നല്‍കാന്‍. ഇത്തരം സാഹചര്യങ്ങള്‍ മറികടക്കുന്നത് പാവക്കുട്ടികളെവച്ച് അഭിനയിച്ച് കാണിക്കാവുന്നതാണ്.
തിരിച്ചറിവാകുന്ന പ്രായമാകുമ്പോള്‍ തന്നെ കുട്ടികളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കണം. സ്വന്തം ശരീരഭാഗങ്ങളുടെ യഥാര്‍ഥ പേരുകള്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുക മറ്റുളളവരില്‍ നിന്നും മോശം സ്പര്‍ശം ഉണ്ടായാല്‍ ഉറക്കെ കരയാനും ആളുകളെ വിളിച്ച് കൂട്ടാനും കഴിയണം. പെണ്‍കുട്ടികളോട് കൗമാരത്തിലുണ്ടാകുന്ന ശാരീരിക മാറ്റങ്ങളെക്കുറിച്ചും മാസമുറയെക്കുറിച്ചും തുറന്ന് സംസാരിച്ച് സംശയങ്ങള്‍ ഇല്ലാതാക്കണം. സ്‌കൂളുകളില്‍ സെക്‌സ് എജ്യൂക്കേഷന് ഉറപ്പു വരുത്തണം.
നമ്മള്‍ ആഗ്രഹിക്കുന്ന മാറ്റം നമ്മളുടെ വീട്ടില്‍ നിന്നുതന്നെയാണ് തുടങ്ങേണ്ടത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.