2020 May 26 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പാകിസ്താന്റെ മോദി മഹബ്ബത്ത്

പിണങ്ങോട് അബൂബക്കര്‍ 9847700450

 

മോദി ഭരണം വീണ്ടും വരാനാണ് ആഗ്രഹിക്കുന്നതെന്ന പാക് പ്രധാനമന്ത്രി ഇംറാന്‍ഖാന്റെ പ്രസ്താവന ഇന്ത്യന്‍ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചില്ല. രണ്ടായിരത്തിന്റെ കള്ളനോട്ട് വിദേശത്ത് അച്ചടിച്ച് ഇന്ത്യയില്‍ കൊണ്ടുവന്ന ഞെട്ടിപ്പിക്കുന്ന വിവരം കപില്‍ സിബല്‍ തെളിവു സഹിതം പുറത്തുവിട്ടെങ്കിലും മാധ്യമങ്ങള്‍ പുറംതിരിഞ്ഞു നിന്നു.
ഇന്ത്യയുടെയും പാകിസ്താന്റെയും രാഷ്ട്രീയ ലോജിക് ഇപ്പോള്‍ വര്‍ഗീയമാണ്. കടുത്ത ഇന്ത്യാവിരോധമാണു പാകിസ്താന്റെ രാഷ്ട്രീയാടിത്തറ. മതത്തിന്റെ മേമ്പൊടിയിലാണ് അത് ഉപയോഗപ്പെടുത്തുന്നത്. ഇക്കാരണത്താല്‍ അതിന് വര്‍ഗീയമാനം വരുന്നു. ഇന്ത്യയിലെ ഫാസിസ്റ്റുകള്‍ ഹിന്ദുത്വ രാഷ്ട്രീയമാണു പയറ്റുന്നത്. ഭരണം പിടിക്കാനും നിലനിര്‍ത്താനും അവര്‍ വര്‍ഗീയത ആയുധമാക്കുന്നു.

പാകിസ്താനിലെ ഒട്ടുമിക്ക രാഷ്ട്രീയപ്പാര്‍ട്ടികളും ഇന്ത്യയിലെ വര്‍ഗീയ ഫാസിസ്റ്റ് സംഘടനകളും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നര്‍ഥം. രണ്ടു രാജ്യങ്ങള്‍ക്കും ഇവര്‍ നഷ്ടമല്ലാതെ ലാഭമുണ്ടാക്കുന്നില്ല. മാനവികതയില്‍ നിന്ന് അകന്നു സഞ്ചരിക്കുന്ന പ്രത്യയശാസ്ത്രമാണു ഫാസിസവും വര്‍ഗീയതയും. അധികാരം നേടാന്‍ പുരാതന ബാബിലോണിയന്‍ വിശ്വാസങ്ങളെ വ്യഭിചരിച്ചു സ്വയം ദൈവമായി അവതരിച്ച ഫറോവമാര്‍ ഉണ്ടായിട്ടുണ്ട്. മനുഷ്യരുടെ വിശ്വാസ ദൗര്‍ബല്യങ്ങള്‍ വിപണനവസ്തുവാക്കിയ രാഷ്ട്രീയമാണത്.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വര്‍ഗീയവല്‍ക്കരണം നടത്തി മതങ്ങളെയും മതസ്ഥാപനങ്ങളും കേന്ദ്രീകരിച്ചു മനുഷ്യ മനസുകളെ പൊതുബോധത്തിനപ്പുറത്തേക്ക് തട്ടിക്കൊണ്ടുപോകാന്‍ ഫാസിസ്റ്റുകള്‍ക്ക് ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട്. വടക്കേ ഇന്ത്യയില്‍ പരീക്ഷിച്ചു വിജയിച്ച ക്ഷേത്രരാഷ്ട്രീയം തെക്കേ ഇന്ത്യയില്‍ പയറ്റുന്നതിനുള്ള തിരപ്പുറപ്പാടാണ് കേരളത്തിലെ ശബരിമല കോലാഹലം. മതം തെരഞ്ഞെടുപ്പ് ആയുധമാക്കരുത് എന്ന വിലക്കൊന്നും ഫാസിസ്റ്റുകള്‍ക്കു ബാധകമല്ല. പ്രധാനമന്ത്രി പോലും ശബരിമലയെക്കുറിച്ചും ആചാര സംരക്ഷണത്തെക്കുറിച്ചുമാണു വലിയവായില്‍ സംസാരിക്കുന്നത്.

ശബരിമല വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് 52 ഹരജികളാണു സുപ്രിം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. അതില്‍ ആര്‍.എസ്.എസിന്റെയോ ഏതെങ്കിലും സംഘ്പരിവാര്‍ സംഘടനയുടെയോ ഹരജിയില്ല. വിശ്വാസികള്‍ക്കൊപ്പമാണു ബി.ജെ.പിയെങ്കില്‍ അവര്‍ക്കു താല്‍ക്കാലികമായി ഓര്‍ഡിനന്‍സ് ഇറക്കാമായിരുന്നു, അതുമുണ്ടായില്ല. രാമക്ഷേത്രം രാഷ്ട്രീയായുധമാക്കിയപോലെ ശബരിമലയുമാക്കാമെന്നാണു കരുതിയിട്ടുണ്ടാവുക.

ലോകത്ത് ഏറ്റവുമധികം നികുതി വാങ്ങുന്ന ആറാമതു രാഷ്ട്രമാണു ഭാരതം. അങ്ങാടിയില്‍ പോയി പത്തു രൂപക്കു ചായ കുടിച്ചാല്‍ ഒരു രൂപ ജി.എസ്.ടി കൊടുക്കണം. വര്‍ഷം പ്രതി രണ്ടുകോടി തൊഴിലവസരമെന്നു പറഞ്ഞവരിപ്പോള്‍ നിശബ്ദരാണ്. സാധാരണജനങ്ങളെ ബാധിക്കുന്ന സകലവിഷയത്തില്‍ നിന്നും ഓടിയൊളിച്ച ഭരണകൂടം 2019 ന്റെ കടമ്പ കടക്കാന്‍ ക്ഷേത്രങ്ങളെ കൂട്ടുപിടിക്കുകയാണ്.

ഭരണഘടന മാനിക്കാത്ത, ഭരണഘടനാ സ്ഥാപനങ്ങളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സാഹചര്യമാണിപ്പോള്‍. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുമെന്നും ആരാണു തടയാനുള്ളതെന്നും പരസ്യമായി വെല്ലുവിളിക്കുന്നു. കേരളത്തിലെ ശബരിമല വിഷയം ഇന്ത്യയിലങ്ങോളമിങ്ങോളം പ്രചാരണമാക്കുമെന്നു പ്രഖ്യാപിക്കുന്നു.

താല്‍പ്പര്യം

ഇന്ത്യ ലോകത്ത് ആദരിക്കപ്പെടുന്ന രാഷ്ട്രമാണ്. സ്വാതന്ത്ര്യാനന്തരമുള്ള ഭരണകൂടങ്ങള്‍ സ്വീകരിച്ച നിലപാടുകളും ഇന്ത്യയുടെ മഹത്തായ സഹിഷ്ണുതയുടെ പാരമ്പര്യവും ഭരണഘടനയുമൊക്കെയാണതിനു കാരണം. പാകിസ്താന്‍ നടത്തുന്ന നുഴഞ്ഞുകയറ്റവും മര്യാദയില്ലാത്ത വര്‍ത്തമാനങ്ങളും തീവ്രവാദനിര്‍മാണങ്ങളും കാരണം അവര്‍ ലോകത്തിനു മുന്‍പില്‍ പ്രതിപ്പട്ടികയിലാണ്. ഇന്ത്യയുടെ വിലയിടിക്കാന്‍ പാകിസ്താന്‍ അന്താരാഷ്ട്രവേദികളില്‍ പലപ്പോഴും ഉന്നയിക്കുന്നതു കശ്മിര്‍ പ്രശ്‌നങ്ങളാണ്. കശ്മിര്‍ പ്രശ്‌നം ഭീകരമായി തന്നെ നിലനില്‍ക്കണമെന്നാണ് പാകിസ്താന്റെ ആഗ്രഹം.

അതിന് ഇന്ത്യ വര്‍ഗീയ വാദികള്‍ ഭരിക്കണമെന്നും അവര്‍ ആഗ്രഹിക്കുന്നു. അങ്ങനെയെങ്കില്‍ പാകിസ്ഥാനിലെ വംശീയ, വര്‍ഗീയലോബിക്ക് അവിടത്തെ ജനങ്ങളില്‍ കൂടുതല്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയും. ബി.ജെ.പി നയിക്കുന്ന ഗവണ്‍മെന്റ് ഇപ്പോള്‍തന്നെ ലോകസമൂഹത്തില്‍ അവമതിപ്പുണ്ടാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി അഞ്ചുവര്‍ഷത്തിനകം നൂറോളം രാജ്യങ്ങളില്‍ കറങ്ങിയെങ്കിലും മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ക്കു ലഭിച്ച സ്വീകാര്യത ലഭിച്ചിട്ടില്ല.

ഇന്ത്യയിലെ എല്ലാ പുരോഗതിയും പാകിസ്താന്‍ ഭയക്കുന്നു. അതിനാണവര്‍ അതിര്‍ത്തിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷം അതിര്‍ത്തിയില്‍ വെടി മുഴങ്ങാത്ത ദിവസങ്ങളില്ല. കശ്മിരിലെ അശാന്തി തുടരുകയാണ്. നിരവധി ജവാന്മാരും സിവിലിയന്മാരും രക്തസാക്ഷികളായി. ഭീകരപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ചെറുക്കാന്‍ ഇന്ത്യക്കു സാധിച്ചില്ല. അന്താരാഷ്ട്ര വേദികളില്‍ പാകിസ്താനെ ഒറ്റപ്പെടുത്താനും സാധിച്ചില്ല. ഒരു കണ്ണില്‍ ശൃംഗാരവും മറുകണ്ണില്‍ ശൗര്യവും നടിക്കുന്ന കലയെ കടത്തിവെട്ടുന്ന അഭിനയ ഭരണമാണു നരേന്ദ്രമോദി നടത്തിവന്നത്.

പിതൃത്വം

കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടയില്‍ ഓരോ ഇന്ത്യക്കാരനും ‘മുണ്ടുമുറുക്കിയുടുത്താണ്’ഭാരതത്തെ ഇന്നു കാണുന്ന വിധം വളര്‍ത്തിക്കൊണ്ടുവന്നത്. രാജ്യം ഭരിച്ച ഭരണാധികാരികള്‍ക്ക് തീര്‍ച്ചയായും അതില്‍ പങ്കുണ്ട്. പ്രതിബദ്ധതയും ഇച്ഛാശക്തിയുമുള്ള രാഷ്ട്രീയനേതൃത്വം ഭാഗ്യമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ബി.ജെ.പി ഭരണം ഇന്ത്യയെ പിറകോട്ടാണു നയിച്ചത്. വീരമൃത്യുവരിച്ച സൈനികര്‍ക്കുവേണ്ടി വോട്ടു ചോദിക്കുന്ന അവസ്ഥ ആപല്‍ക്കരമാണ്. ഇന്ത്യന്‍ സേന ഇന്ത്യയുടെതാണ്. ഏതെങ്കിലും രാഷ്ട്രീയ മേലാളന്മാരുടെ സ്വകാര്യസ്വത്തോ അഹങ്കാരമോ അല്ല. യോഗി ആദിത്യനാഥ് ഇന്ത്യന്‍ സേനയെ മോദി സേന എന്നു വിളിച്ച് ആക്ഷേപിക്കുകയാണു ചെയ്തത്.
വിരമിച്ച 150 ലധികം ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ സര്‍വസൈന്യാധിപന്‍ കൂടിയായ രാഷ്ട്രപതിക്കു കത്തു നല്‍കിയതായി വാര്‍ത്തവന്നു. സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ആശങ്കയോടെ നോക്കിക്കാണുകയാണ് അവര്‍. പുല്‍വാമയില്‍ 40 ധീരരക്തസാക്ഷികള്‍ ഛിന്നഭിന്നമായപ്പോള്‍ ഭാരതം ഒന്നിച്ചു തേങ്ങി. നമ്മുടെ അഭിമാനത്തിനേറ്റ വലിയ മുറിവായിരുന്നു അത്. പകരം ബാലക്കോട്ട് കാട്ടില്‍ പോയി ബോംബിട്ട് ഒരു കുഴിയുണ്ടാക്കിയെന്നാണു ലോകമാധ്യമങ്ങള്‍ കളിയാക്കുന്നത്. ആ ഭരണകൂടമാണ് പട്ടാളത്തെ രാഷ്ട്രീയ ആയുധമാക്കാന്‍ ശ്രമിച്ചുകാണുന്നത്.

മൂല്യ ശോഷണം

തെരഞ്ഞെടുപ്പു കാലത്തൊഴുകുന്ന കള്ളപ്പണത്തിന്റെ കണക്കു പറയാന്‍ കഴിയുമോ? കമ്മിഷന്‍ നിശ്ചയിച്ച 70 ലക്ഷത്തിനു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന ഏതെങ്കിലും സ്ഥാനാര്‍ഥിയോ പാര്‍ട്ടിയോ ഇന്ത്യാ മഹാരാജ്യത്തുണ്ടോ? ബ്രൂണെയില്‍ മോഷ്ടാക്കളുടെ കൈ വെട്ടിക്കളയാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നു. ഈ നിയമം ഇന്ത്യയില്‍ നടപ്പിലാക്കിയാല്‍ എത്ര പേര്‍ക്ക് ആഹാരം കഴിക്കാന്‍ കൈ കാണും.
രാഷ്ട്രീയത്തിനും സദാചാര അതിരുകള്‍ വേണം. പൊതുസമൂഹത്തെ വിദ്യാഭ്യാസ വല്‍ക്കരിക്കുന്ന മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍നിന്ന് ഒളിച്ചോടാന്‍ പാടില്ല. തെറ്റു ചെയ്തത് ആരാണെന്നു നോക്കിയാണ് റിപ്പോര്‍ട്ടും ലേഖനങ്ങളും മുഖപ്രസംഗങ്ങളും. തെരഞ്ഞെടുപ്പുകാലം പൊതുസമൂഹത്തിന്റെ ദേശ ബോധവും സദാചാര ധര്‍മ്മബോധവും വികസന വിചാരങ്ങളും പഠിപ്പിച്ചുകൊടുക്കുന്ന പ്രചാരണങ്ങളാണ് നഷ്ടമായിക്കൊണ്ടിരിക്കുന്നത്.

വിഭജന കാലഘട്ടത്തില്‍ പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്കു ധാരാളം ഹിന്ദുക്കള്‍ പലായനം ചെയ്തിരുന്നു. ഇന്ത്യയില്‍ നിന്നു ധാരാളം മുസ്‌ലിംകള്‍ പാകിസ്താനിലേക്കും പലായനം ചെയ്തിരുന്നു. 70 വര്‍ഷങ്ങള്‍ക്കുശേഷം പാകിസ്താനിലെ അന്യാധീനപ്പെട്ട 400 ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ പുനരുദ്ധരിച്ച് ഹിന്ദുക്കള്‍ക്കു കൈമാറുമെന്ന പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പ്രസ്താവന നീതിയുടെ ശബ്ദമാണ്. ക്ഷേത്രസ്വത്തുക്കള്‍ കൈയടക്കിവച്ച ഭൂസ്വാമിമാരില്‍നിന്നു തിരിച്ചുപിടിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ഇത് ഇന്ത്യയും പാഠമാകേണ്ടതാണ്. ഇന്ത്യയിലും ധാരാളം വഖ്ഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടുപോയിട്ടുണ്ട്. അനേകം പള്ളികളും മക്തബുകളും (മതപാഠശാല) തകര്‍ക്കപ്പെടുകയും കൈയേറ്റത്തിനു വിധേയമാവുകയും ചെയ്തിട്ടുണ്ട്. ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ വഖ്ഫ് സ്വത്തുക്കള്‍ കൈയേറിയ കണക്ക് വളരെ വലുതാണ്.
മതന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ മര്‍ദിതരുടെ ഒപ്പം നില്‍ക്കാന്‍ ഭരണകൂടങ്ങള്‍ ശ്രമിക്കണം. തകര്‍ക്കപ്പെട്ട പള്ളികളും മക്തബുകളും വഖ്ഫ് സ്വത്തുക്കളും അവകാശികള്‍ക്ക് നല്‍കണം. 1992ല്‍ തകര്‍ക്കപ്പെട്ട ബാബരി മസ്ജിദിന്റെ കാര്യത്തില്‍ പോലും രാജനീതി ഇതുവരെ നടപ്പിലായിട്ടില്ല. കൈയൂക്കുകൊണ്ടു പിടിച്ചടക്കിയ മതസ്ഥാപനങ്ങള്‍ കൈവശം വച്ചു മേനിപറയുന്ന സംഘടനകളും നമ്മുടെ രാജ്യത്തുണ്ട്. പാകിസ്താനില്‍ നിന്നു കേട്ട നല്ല വാര്‍ത്തപോലെ ഒട്ടേറെ വാര്‍ത്തകള്‍ ഇന്ത്യയില്‍ നിന്നും ഉണ്ടാകണം

ക്ഷമാപണവും ഖേദപ്രകടനവും

1919 ഏപ്രില്‍ മാസം 13ന് ജാലിയന്‍ വാലാബാഗില്‍ തടിച്ചുകൂടിയ നിരപരാധികളായസ്വാതന്ത്ര്യസമര യോദ്ധാക്കള്‍ക്കു നേരേ ബ്രിട്ടിഷ് പട്ടാളം നടത്തിയ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത് ആയിരത്തോളം പേരാണ്. ഒരു അന്താരാഷ്ട്ര കോടതിയും കുറ്റവാളികളെ ശിക്ഷിച്ചില്ല. 1921ല്‍ തിരൂരില്‍നിന്നു പുറപ്പെട്ട തീവണ്ടി മാപ്പിളമാരെ കുത്തിനിറച്ച് കോയമ്പത്തൂരിലേക്ക് പോയി. ശ്വാസം കിട്ടാതെ വിയര്‍പ്പ് നക്കി കുടിച്ചു മൂത്രം കുടിക്കേണ്ടി വന്നു. സ്വാതന്ത്ര്യ സമര പോരാളികള്‍ ധീര രക്തസാക്ഷികളായ വാഗണ്‍ ട്രാജഡി പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ല.

ബ്രിട്ടിഷ് പാര്‍ലമെന്റില്‍ തെരേസാ മേ ഇപ്പോള്‍ ജാലിയന്‍ വാലാ ബാഗ് വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ചു, മാപ്പ് പറഞ്ഞില്ല. എല്ലാ ലോക മര്യാദകളും അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചുകൊണ്ട് സാമ്രാജ്യത്വ ശക്തികള്‍ നടത്തുന്ന കൊടും ക്രൂരതകള്‍ തുടരുകയാണ്. ഫലസ്തീന്‍ വിഷയത്തിലും മധ്യ പൗരസ്ത്യ നാടുകളിലെ സംഭവവികാസങ്ങളും ഈ പാഠമാണ് പറഞ്ഞുതരുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News