2019 February 21 Thursday
ശരീരത്തിനു സൗന്ദര്യം എന്നതുപോലെയാണ് മനസ്സിന് തെളിമയാര്‍ന്ന ചിന്ത -ലാറേഷ് ഫുക്കോള്‍ഡ്

മോദി മോഡല്‍ വികസനം: സത്യവും മിഥ്യയും

കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നേരും നെറിയും മദ്യ വിരോധവുമൊക്കെയുള്ള നേതാവാണ് സുധീരന്‍. കേരളത്തിന്റെ ഈ പഴയ ആരോഗ്യമന്ത്രിക്ക് ഇടക്കിടെ വരുന്ന ജലദോഷം പോലുള്ള ഒരസുഖം ഉണ്ട്. അതാണ് രാജി. സഹപ്രവര്‍ത്തകര്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് കെ.പി.സി.സി അധ്യക്ഷപ്പദവി കണ്ണും പൂട്ടി രാജിവച്ചു. പിന്നീടൊരു സ്ഥിരം പ്രസിഡന്റ് ഇതുവരെയായിട്ടില്ല. ബി.ജെ.പിക്ക് കാക്കൊല്ലം കൊണ്ട് ഒരാളെ കണ്ടെത്താനായി. ഇപ്പോള്‍ സുധീരന്‍ യു.ഡി.എഫ് ഉന്നതാധികാര സമിതിയില്‍ നിന്നു രാജിവച്ചിരിക്കുന്നു. ധീരാ വീരാ രാജി സുധീരാ എന്നാവും ഇനി അനുയായികളുടെ മുദ്രാവാക്യം.

പിണങ്ങോട് അബൂബക്കര്‍

സൗത്ത് ബ്ലോക്കില്‍ മോദിയെ എത്തിച്ചതില്‍ പ്രധാന പങ്കുവഹിച്ച ഘടകങ്ങളാണു വികസനവും വര്‍ഗീയതയും. ഗുജറാത്ത് മോഡല്‍ എന്നൊരു കിംവദന്തിയിലൂടെ വികസനസ്വപ്നം മുളപ്പിച്ചെടുക്കാന്‍ വലിയ പ്രചാരണങ്ങള്‍ നടന്നിരുന്നു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വര്‍ഗീയതയും തരംപോലെ ഉപയോഗപ്പെടുത്തി.
വികസനം ആര്‍ക്കുവേണ്ടിയാവണം, ഏതുതരം വികസനമാണു വേണ്ടത്. ഇതായിരിക്കണം, പ്രധാനചിന്താവിഷയം.
വികസനത്തിനു മൂലധനം വേണമെന്ന ചിന്തയ്ക്കു കേരളം 60-70 കളില്‍ തിരുത്തു നല്‍കിയിട്ടുണ്ട്. രണ്ടാം ലോകയുദ്ധ ശേഷം മൂലധനമിറക്കാനുള്ള ശേഷി അമേരിക്കന്‍ ഐക്യനാടുകള്‍ക്കു മാത്രമാണുണ്ടായിരുന്നത്. ജോര്‍ജ് മാര്‍ഷലിന്റെ (മാര്‍ഷല്‍ പ്ലാന്‍) പുതിയതായി സ്വാതന്ത്ര്യം നേടിയ നാടുകളും അനുകരിച്ചു. വികസനത്തിന്റെ അളവുകോല്‍ ജി.ഡി.പിയും ആളോഹരി വരുമാനത്തിലെ ഉയര്‍ന്ന നിരക്കുമായിരുന്നു.

വികസനം നീതിയിലധിഷ്ഠിതമാവണമെന്ന സോഷ്യലിസ്റ്റ് ധാരയും പല കോണുകളില്‍ നിന്ന് ഉയര്‍ന്നുവന്നു. എന്നാല്‍, പറയത്തക്ക മൂലധനമില്ലാതെ പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷണം എന്നിവയുള്‍പ്പെടുന്ന കാര്യങ്ങളില്‍ കേരളം 60-70കളില്‍ വന്‍ കുതിച്ചുചാട്ടം നടത്തി. ആളോഹരി ദേശീയ വരുമാന നിരക്കില്‍ പിറകിലുള്ള കേരളം ജീവിതനിലവാരത്തില്‍ മുകളിലായിരുന്നു. ഇതിനെയാരും കേരള മോഡല്‍ എന്നു വിളിച്ചു പ്രചാരണം നല്‍കിയില്ല .

ഉപരിതല സ്പര്‍ശിയായ മൂല്യനിര്‍ണയം വസ്തുതയുമായി പൊരുത്തപ്പെടുന്നില്ലെന്ന പാഠമാണു കേരളത്തിന്റെ സ്ഥിതിവിവരക്കണക്കുകള്‍. ഒരു ജനതയുടെ ഇച്ഛാശക്തിയും പ്രതിബദ്ധതയും നന്നായി ജീവിക്കണമെന്ന താല്‍പ്പര്യവും അതിനുപറ്റിയ ശ്രമങ്ങളുമാണു വികസനഗ്രാഫ് ഉയര്‍ത്തുന്നത്. തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലെ കൂറ്റന്‍ വ്യവസായ സ്ഥാപനങ്ങളും മികച്ച ഗതാഗത സൗകര്യവും കമ്പനി അധികാരികളുടെ വസ്ത്രധാരണവും ഭാഷയും അളവുകോലാക്കി വികസനം നിശ്ചയിക്കുന്ന രീതി മാറേണ്ടതുണ്ട്. ആര്‍ക്കു വേണ്ടിയാവണം വികസനമെന്ന പ്രധാന ചോദ്യത്തിന് ഉത്തരമില്ലാത്ത കാലത്തോളം വികസനചര്‍ച്ച വിരസമാണ്.

ഹൈക്ലാസ്, മിഡില്‍ ക്ലാസ്, ലോ ക്ലാസ് എന്നിങ്ങനെ സമൂഹത്തെ തരംതിരിച്ചു വികസന ഗുണഭോക്താക്കള്‍ ഹൈക്ലാസുകാരും മൂലധനമിറക്കാന്‍ ലോക്ലാസുകാരുമാവുന്നതാണു മോദി മോഡല്‍ വികസനം. ആദ്യം ഗുജറാത്തിലും പിന്നീടു രാജ്യത്തൊട്ടാകെയും മോദിമോഡല്‍ വികസനത്തിന്റെ ഗുണഫലം അനുഭവിക്കുന്നതു കുത്തകക്കാരാണ്.
രാജ്യസമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഈ വികസന വീക്ഷണത്തില്‍ ഉള്‍പ്പെടുന്നില്ല. ഇന്ത്യന്‍ ഗ്രാമങ്ങളിലെ കാളവണ്ടിയും ദൈന്യതയാര്‍ന്ന മനുഷ്യക്കോലങ്ങളും എഴുപതുവര്‍ഷമായിട്ടും മാറാതെ, മാറ്റാതെ നിലനിര്‍ത്തപ്പെടുകയാണ്. ഈ വികസനരീതി വിമ്മിട്ടം ഉളവാക്കുന്നതാണ്. മേനി പൂര്‍ണമായി മറയ്ക്കാനാവശ്യമായ വസ്ത്രവും കൊതി തീരുന്നതുവരെ കഴിക്കാനാഹാരവും നിര്‍ഭയം ഉറങ്ങാനൊരു കൂരയും ഇന്ത്യന്‍ ഗ്രാമീണര്‍ക്കിന്നും സ്വപ്നമാണ്.
ഭാരതീയര്‍ക്കു ചില സവിശേഷതകളുണ്ട്. 1, ഭൂരിഭാഗവും വളരാനുള്ള അനുകൂല സാഹചര്യം കാത്തുകഴിയുന്നവരാണ്. 2, നമ്മുടെ സാംസ്‌കാരിക പശ്ചാത്തലം ആലസ്യം ഉളവാക്കുന്നുണ്ട്. 3, ഉന്നതങ്ങളിലുള്ളവര്‍ രാജ്യസ്‌നേഹം പുലര്‍ത്തുന്നില്ല. സാധാരണക്കാര്‍ക്കു മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കുന്നില്ല. ലക്ഷ്യബോധമില്ലാതെ ആളുകള്‍ ജീവിക്കുന്നു.
(വിജയത്തിലേക്കുള്ള തയാറെടുപ്പ്: അരിന്ദം ചൗധരി-പുറം 128)

റഫേല്‍ ഇടപാടും ശ്രേഷ്ഠപദവി നല്‍കി പണം വാരാന്‍ തുറന്നിട്ട വാതിലും ഇന്ത്യയുടെ മുഖം ആവരണം ചെയ്യുന്നു. ഭാരതത്തെ എഴുപതുവര്‍ഷങ്ങളായി പോക്കറ്റടിക്കുകയാണ് ഉന്നതര്‍. ബി.ജെ.പിയും ആര്‍.എസ്.എസും സവര്‍ണരെ ധനാഢ്യരാക്കാന്‍ ചില വികസന മോഡലുകള്‍ സമര്‍പ്പിക്കുന്നു. പിന്നാക്കക്കാര്‍ മുന്നോക്കക്കാരന്റെ ബാങ്ക് ബാലന്‍സ് വര്‍ധിപ്പിക്കാന്‍ പണിയെടുക്കണം. സര്‍ക്കാര്‍ ഖജനാവ് കുത്തകക്കാരന്റെ പേരിലേയ്ക്കു ധനമൊഴുക്ക് നടത്താനുള്ളതായിരിക്കുന്നു. ഇതാണു മോദി വികസനം.

 

അസമും പൗരത്വവും

 

ഫലസ്തീനികള്‍ക്കു ജന്മദേശം നിഷേധിക്കപ്പെട്ട പോലെ റാഖൈനിലെ റോഹിംഗ്യന്‍ മുസ്‌ലിംകളെപ്പോലെ അസമിലെ മുസ്‌ലിംകളും ബംഗാളി ഭാഷ സംസാരിക്കുന്നവരും ജന്മദേശത്ത് അന്യരാജ്യക്കാരാണ്. ഇന്ത്യ-പാക് വിഭജന കാലത്തു പാകിസ്താന്‍ സാമ്പത്തികവളര്‍ച്ചയിലും വ്യാവസായികരംഗത്തും ഒരുപടി മുന്നിലായിരുന്നു. ഭരണാധികാരികളുടെ പോരായ്മ കാരണം ആ നാടു പിറകോട്ട് വളര്‍ന്നു.
കിഴക്കന്‍ പാകിസ്താനിലെ അവാമി ലീഗിന്റെ ബാനറില്‍ ശൈഖ് മുജീബുര്‍റഹ്മാന്‍ ഇന്ത്യന്‍ സഹായത്തോടെ ഒരു സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ചു. പ്രകൃതിക്ഷോഭത്തിന്റെ നാടായി അറിയപ്പെടുന്ന ബംഗ്ലാദേശ് എല്ലാംകൊണ്ടും ജീവിതം ദുസ്സഹമായ നാടാണ്. റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ കൂടി ആയപ്പോള്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി.
ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കഴിയുന്ന ഇന്ത്യക്കാരെ ഏതുവിധേനയും ഇന്ത്യക്കാരല്ലാതാക്കി ജന്മദേശം നിഷേധിക്കുകയെന്ന ഉദ്ദേശ്യത്തോടെ ബി.ജെ.പി കൊണ്ടുവന്ന വംശശുദ്ധീകരണ പദ്ധതിയാണു പൗരത്വ രജിസ്‌ട്രേഷന്‍. നൂറ്റാണ്ടുകളായി ഇന്ത്യയില്‍ കഴിയുന്ന, റേഷന്‍ കാര്‍ഡും വോട്ടവകാശവുമുള്ളവരെ നുഴഞ്ഞുകയറ്റക്കാരെന്നാണ് അമിത്ഷാ വിശേഷിപ്പിച്ചത്. ഇന്ത്യക്കു വേണ്ടാത്തവരെ പേറലല്ല തങ്ങളുടെ വിദേശനയമെന്നു ബംഗ്ലാദേശ് വിദേശകാര്യ വകുപ്പു മന്ത്രി ഇതിനകം പ്രതികരിച്ചു കഴിഞ്ഞിട്ടുണ്ട്.
2019-ലെ പൊതുതെരഞ്ഞെടുപ്പില്‍ വര്‍ഗീയത ആയുധമാക്കി ഇന്ത്യയില്‍ വീണ്ടും ചോരപ്പുഴയൊഴുക്കാനുള്ള നീക്കത്തിലാണ് ആര്‍.എസ്.എസ്. 40 അസമുകാരാണ് ഇപ്പോള്‍ പൗരത്വലിസ്റ്റിനു പുറത്തുള്ളത്. തൊഴിലില്ലാത്ത, കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്ന ഈ പാവങ്ങളെ ജന്മദേശം നിഷേധിച്ചാല്‍ ഉണ്ടാവാനിടയുള്ള വിപത്ത് വളരെ വലുതാണ്. അസമിലെ മുസ്‌ലിംസംഘടനകളുടെ ജാഗ്രതയും ഐക്യവും കാലം ചെവിയോര്‍ക്കുന്ന കാര്യം തന്നെയാണ്.
ഭാരതത്തെ പൂര്‍ണ ഹിന്ദുരാഷ്ട്രമാക്കാനുള്ള പുറപ്പാടിലാണ് ബി.ജെ.പി. സെക്യുലരിസ്റ്റ് വീക്ഷണമുള്ള ശക്തികള്‍ പ്രതിരോധിച്ചാല്‍ മാത്രമേ ഇനി ഭാരതത്തിന് രക്ഷപ്പെടാനാവൂ. ബി.ജെ.പി ഇന്ത്യയെ രണ്ടായി പകുത്തു കഴിഞ്ഞു.

 

ഇപ്പം തുറക്കും

 

ഈ വര്‍ഷം കനത്തു. തോടും പുഴകളും നിറഞ്ഞൊഴുകി. ഡാമുകള്‍ പരമാവധി വെള്ളം ശേഖരിച്ചു. ഓരോ ഡാമിനും കൃത്യമായ സംഭരണ ശേഷി നിജപ്പെടുത്തിയാണ് നിര്‍മിച്ചിട്ടുള്ളത്. അതൊക്കെ മുറപോലെ നടത്താന്‍ നാട്ടുശീലങ്ങളും ലിഖിത വ്യവസ്ഥകളും ഉണ്ട്. ചാനലുകാര്‍ പറഞ്ഞു പേടിപ്പിച്ചു യുദ്ധസമാനമായ രംഗം സൃഷ്ടിച്ചു. നാല് മന്ത്രിമാര്‍ നാലു വിധം പ്രസ്താനവകളിറക്കി നാടാകെ പരിഭ്രാന്തരായി. മുല്ലപ്പെരിയാര്‍ ഉടനെ പൊട്ടി നാല് ജില്ല തന്നെ ഉണ്ടാവില്ലെന്ന് പറഞ്ഞ മുന്‍ ജലസേചന മന്ത്രി പി.ജെ ജോസഫ് എന്തുകൊണ്ടോ ഇത്തവണ നിശബ്ദനായി.
ഓരോ നിമിഷത്തിലും ഒഴുകിയെത്തുന്ന നീരൊഴുക്കിന്റെ കണക്കും ചാനലുകാര്‍ നിരത്തി. വെള്ളം ഉയര്‍ന്ന പോലെ തദ്ദേശീയരുടേയും പരിസരവാസികളുടേയും നെഞ്ചിടിപ്പും ഉയര്‍ത്തി. വാര്‍ത്തകള്‍ ആഘോഷമാക്കുന്ന അവസ്ഥ കുറച്ചു കാലമായി വളരുകയാണ്. അണക്കെട്ടുകള്‍ തുറക്കേണ്ടിവന്നാല്‍ തുറക്കാനുള്ള വിധം തന്നെയല്ലെ നിര്‍മിച്ചത്. അതൊരു അന്താരാഷ്ട്ര അത്ഭുതം പോലെ അവതരിപ്പിച്ച് വിഭ്രമിക്കുന്നവിധമാക്കിയത് കൗതുകമായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഒന്നിച്ചുള്ള നിരീക്ഷണവും സഹായവും സംഭവങ്ങള്‍ക്കു ശേഷം ഉണ്ടാവുന്ന സ്ഥിതിയും നിലവിലുണ്ട്. ദുരന്ത നിവാരണ സേന പലപ്പോഴും ദുരന്താനന്തര നിവാരണ സേനയാവുന്ന പോലെ.

 

രാജി സുധീരന്‍

 

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പല തരക്കാരുണ്ട്. എല്ലാ പാര്‍ട്ടികളിലും അങ്ങനെയുണ്ടാവാം. എന്നാല്‍, കോണ്‍ഗ്രസ് വേറിട്ട പാര്‍ട്ടിയാണ്. അതിനകത്താണ് അധികപ്പോരാട്ടം. പല ഗ്രൂപ്പുകള്‍ ചേര്‍ന്ന് അങ്കംവെട്ടിയാണ് പലരും അതിനകത്തു നിലനില്‍ക്കുന്നത്. എത്ര വലിയ ശക്തനാണെങ്കിലും ചിലപ്പോള്‍ ഗ്രൂപ്പ് യുദ്ധത്തില്‍ നിലംപരിശാവും.
ജഗ്ജീവന്‍ റാം മുതല്‍ കറുപ്പയ്യ മൂപ്പനാര്‍ വരെ കെ. കരുണാകരന്‍ മുതല്‍ ശരത് പവാര്‍ വരെ ഗ്രൂപ്പ് മുതലാളിമാരായി അകത്തും പുറത്തും പ്രവര്‍ത്തിച്ചവരാണ്. വിശ്വനാഥ് പ്രതാപ് സിങ് ഗ്രൂപ്പില്‍ റണ്ണൗട്ടായി ക്രീസില്‍ നിന്നു തെറിച്ചെങ്കിലും പുറംകളിയില്‍ ജയിച്ചൊന്നാമനായി പ്രധാനമന്ത്രിയായ പ്രധാനിയാണ്.
കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നേരും നെറിയും മദ്യ വിരോധവുമൊക്കെയുള്ള നേതാവാണ് സുധീരന്‍. കേരളത്തിന്റെ ഈ പഴയ ആരോഗ്യമന്ത്രിക്ക് ഇടക്കിടെ വരുന്ന ജലദോഷം പോലുള്ള ഒരസുഖം ഉണ്ട്. അതാണ് രാജി. സഹപ്രവര്‍ത്തകര്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് കെ.പി.സി.സി അധ്യക്ഷപ്പദവി കണ്ണും പൂട്ടി രാജിവച്ചു. പിന്നീടൊരു സ്ഥിരം പ്രസിഡന്റ് ഇതുവരെയായിട്ടില്ല. ബി.ജെ.പിക്ക് കാക്കൊല്ലം കൊണ്ട് ഒരാളെ കണ്ടെത്താനായി. ഇപ്പോള്‍ സുധീരന്‍ യു.ഡി.എഫ് ഉന്നതാധികാര സമിതിയില്‍ നിന്നു രാജിവച്ചിരിക്കുന്നു. ധീരാ വീരാ രാജി സുധീരാ എന്നാവും ഇനി അനുയായികളുടെ മുദ്രാവാക്യം.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.