2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

”മോദിജി എന്നെ ഒരുപാട് സഹായിച്ചു, എനിക്കെങ്ങനെ അദ്ദേഹത്തെ വെറുക്കാനാവും”: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള രാഷ്ട്രീയ എതിര്‍പ്പ് വെറുപ്പിലേക്ക് നയിക്കുന്നില്ലെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധി. പകരം, സ്‌നേഹം മാത്രമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ശേഷം ആദ്യമായി അനുവദിച്ച ചാനല്‍ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

”എനിക്ക് രണ്ട് പ്രതികരണം ഉണ്ടാവും, ഞാന്‍ സ്‌നേഹിക്കുന്ന എന്റെ പിതാവിനെപ്പറ്റി എന്തെങ്കിലും പറയുമ്പോഴും, അവര്‍ എന്നെ അവഹേളിക്കുമ്പോഴും. എനിക്ക് വെറുക്കാനോ കൂടുതല്‍ സ്‌നേഹിക്കാനോ സാധിക്കും. എന്റെ മുമ്പില്‍ അവര്‍ കൂടുതല്‍ തടസ്സമാവുമ്പോള്‍, എനിക്ക് കൂടുതല്‍ ശക്തി ലഭിക്കും. മോദിജി എന്നെ ഒരുപാട് സഹായിച്ചു, എനിക്കെങ്ങനെ അദ്ദേഹത്തെ വെറുക്കാനാവും?” ഗുജറാത്തി വാര്‍ത്താ ചാനലായ ജി.എസ്.ടി.വിയില്‍ നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ 22 വര്‍ഷത്തെ ബി.ജെ.പി ഭരണത്തിന് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയില്‍, ഗുജറാത്തില്‍ നടത്തിയ നീണ്ട തെരഞ്ഞെടുപ്പ് പ്രചരണത്തിനൊടുവില്‍ രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച ഡല്‍ഹിയിലേക്കു മടങ്ങി.

”ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് പേടിയുണ്ട്”- അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ”ഞാന്‍ പറഞ്ഞത് ഗുജറാത്തിന് എന്താണോ പറയാനുള്ളത്, അതു മാത്രമാണ്, ജനങ്ങള്‍ എന്നോടു പറഞ്ഞ പ്രശ്‌നങ്ങള്‍ മാത്രമാണ്. ജനങ്ങള്‍ എന്തു പറയുന്നു എന്നതില്‍ ബി.ജെ.പിക്ക് പേടിയുണ്ട്, രാഹുല്‍ ഗാന്ധി എന്തു പറയുന്നു എന്നതിലല്ല”- രാഹുല്‍ പറഞ്ഞു.

മോദിക്കെതിരെ ശക്തമായ വാഗ്വാദമാണ് രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ കാഴ്ചവച്ചത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മോദിയോട് 10 ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു.

രണ്ടാം ഘട്ടം വ്യാഴാഴ്ച

വ്യാഴാഴ്ചയാണ് ഗുജറാത്തിലെ 93 മണ്ഡലങ്ങളിലേക്കുള്ള രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. 89 മണ്ഡലങ്ങളിലേക്കുള്ള ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞയാഴ്ച നടന്നിരുന്നു. 18ന് ഫലം പുറത്തുവരും.

182 സീറ്റുള്ള ഗുജറാത്തില്‍ 92 സീറ്റാണ് ഭരിക്കാന്‍ വേണ്ടത്. 2012 നിയമസഭാ തെരഞ്ഞെടുപ്പില്‍ 116 സീറ്റുകളിലാണ് ബി.ജെ.പി ജയിച്ചത്, കോണ്‍ഗ്രസ് 60 സീറ്റുകളിലും.


 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.