2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

Editorial

മോദി സര്‍ക്കാര്‍ നേരിട്ട കുറ്റവിചാരണ


പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തില്‍ സര്‍ക്കാരിനെതിരേ പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവരുന്നത് സര്‍ക്കാരിനെ മറിച്ചിടാമെന്ന വ്യാമോഹത്തോടെയൊന്നുമല്ല. അവിശ്വാസപ്രമേയം നിമിത്തമായി ഭരണപക്ഷത്തിന് അധികാരം നഷ്ടപ്പെട്ട സംഭവങ്ങള്‍ വളരെ കുറവാണ്. നിയമനിര്‍മാണ സഭകളിലെ അംഗസംഖ്യാ കണക്കില്‍ ഭൂരിപക്ഷത്തോടെ ഭരണം നടത്തുന്ന സര്‍ക്കാരിനെ മറിച്ചിടാനാവില്ല എന്ന ബോധ്യത്തോടെ തന്നെ പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവരുന്നത് സഭയില്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികളെ കുറ്റവിചാരണ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്. നരേന്ദ്രമോദി സര്‍ക്കാരിനെതിരേ ഇന്നലെ ലോക്‌സഭയില്‍ വന്ന അവിശ്വാസപ്രമേയം ആ അര്‍ഥത്തില്‍ പൂര്‍ണ വിജയമാണെന്നു പറയാം. അതോടൊപ്പം പ്രതിപക്ഷ ഐക്യം കൂടുതല്‍ ദൃഢപ്പെടുത്താനും ഭരണപക്ഷത്തു പ്രത്യക്ഷമായി തന്നെ വിള്ളലുണ്ടാക്കാനുമായത് പ്രതിപക്ഷത്തിനു രാഷ്ട്രീയ നേട്ടവുമായി.
ബി.ജെ.പി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും വീഴ്ചകളും ഈ ഭരണത്തില്‍ നടന്ന അഴിമതികളുമൊക്കെ അക്കമിട്ടു നിരത്തി ശക്തമായ ആക്രമണം നടത്താനായി എന്നതാണ് പ്രതിപക്ഷത്തിന് ഈ അവിശ്വാസപ്രമേയം വഴിയുണ്ടായ ഏറ്റവും വലിയ നേട്ടം. അതില്‍ ഏറ്റവും ശ്രദ്ധേയമായത് അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗമാണ്. റാഫേല്‍ ഇടപാടിലെ അഴിമതിയും ജി.എസ്.ടിയും സര്‍ക്കാരിന്റെ വാഗ്ദാനലംഘനങ്ങളും കര്‍ഷകവിരുദ്ധ നയങ്ങളും മറ്റും എടുത്തുപറഞ്ഞ് സര്‍ക്കാരിനെതിരേ രാഹുല്‍ ശക്തമായ ആക്രമണമാണ് നടത്തിയത്.
വെറുമൊരു രാഷ്ട്രീയപ്രസംഗത്തിനപ്പുറം വസ്തുതകള്‍ എടുത്തുകാട്ടിക്കൊണ്ട് രാഹുല്‍ നടത്തിയ പ്രസംഗം പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാനസികമായി പോലും തളര്‍ത്തുന്ന വിധത്തിലുള്ളതായിരുന്നു. ‘പപ്പു’ എന്ന വിളിപ്പേരുമായി രാഹുല്‍ കൊള്ളരുതാത്തവനാണെന്നു വരുത്തിത്തീര്‍ക്കാന്‍ സംഘ്പരിവാര്‍ പ്രചാരകര്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണത്തിനു രാഷ്ട്രീയക്കാരനെന്ന നിലയില്‍ തനിക്കുള്ള പ്രാഗത്ഭ്യം തെളിയിച്ചുകൊണ്ടുള്ള മറുപടി കൂടിയായി രാഹുലിന്റെ പ്രസംഗം. തന്നെ നിങ്ങള്‍ എന്തു ചീത്ത വിളിച്ചാലും തനിക്കു നിങ്ങളോടു വെറുപ്പില്ല എന്ന് തുറന്നുപറഞ്ഞുകൊണ്ട് അസഹിഷ്ണുതയില്‍ കെട്ടിപ്പൊക്കിയ ബി.ജെ.പി രാഷ്ട്രീയത്തിന് ശക്തമായൊരു പ്രഹരം നല്‍കാനും രാഹുല്‍ മറന്നില്ല. പ്രസംഗത്തിനു ശേഷം മോദിയെ കെട്ടിപ്പിടിച്ചുകൊണ്ട് ജനാധിപത്യ മര്യാദ എന്തെന്ന് പറയാതെ പറഞ്ഞുകൊടുക്കുകയായിരുന്നു രാഹുല്‍.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുലായം സിങ് യാദവ്, സൗഗത റോയ് തുടങ്ങി പ്രതിപക്ഷ നിരയിലെ മറ്റു നേതാക്കളും കേന്ദ്ര സര്‍ക്കാരിനെ കടുത്ത ഭാഷയിലാണ് ചോദ്യം ചെയ്തത്. പല വിഷയങ്ങളിലായി ഭിന്നിച്ചു പോരടിച്ചു നില്‍ക്കുന്ന പ്രതിപക്ഷ കക്ഷികളെ ഒരേ വികാരത്തോടെ ഒരുമിച്ചു നിര്‍ത്താനായി എന്നത് ഈ അവിശ്വാസപ്രമേയം പ്രതിപക്ഷ നിരയ്ക്കു സമ്മാനിച്ച വലിയൊരു നേട്ടം തന്നെയാണ്.
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ഒറ്റക്കെട്ടായി നേരിടാനുള്ള പ്രതിപക്ഷ നീക്കത്തിന് ഇതു കരുത്തു പകരുമെന്ന് ഉറപ്പാണ്. നേരത്തെ ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്ന, പിന്നീട് ആ ചേരിയുമായി അകന്ന ടി.ഡി.പിയെക്കൊണ്ടു തന്നെ അവിശ്വാസപ്രമേയത്തിനു നോട്ടീസ് കൊടുപ്പിക്കാനും ചര്‍ച്ചയില്‍ ആ പാര്‍ട്ടിയുടെ പ്രതിനിധിയെക്കൊണ്ട് കേന്ദ്ര സര്‍ക്കാരിനെതിരേ ശക്തമായി സംസാരിപ്പിക്കാനും സാധിച്ചതും വലിയൊരു നേട്ടം തന്നെയാണ്. അവിശ്വാസപ്രമേയത്തിന്‍മേലുള്ള വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശിവസേനയെ പ്രേരിപ്പിക്കുന്ന സാഹചര്യം സൃഷ്ടിക്കാനായതും പ്രതിപക്ഷ ചേരിയുടെ ശ്രദ്ധേയമായ മറ്റൊരു നേട്ടമാണ്. കേന്ദ്ര സര്‍ക്കാരിനെതിരേ ശക്തമായ എതിര്‍പ്പു പ്രകടിപ്പിച്ച് ബിജു ജനതാദള്‍ അംഗങ്ങള്‍ ഇറങ്ങിപ്പോക്കു നടത്തിയത് ദേശീയ രാഷ്ട്രീയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പുതിയ ധ്രുവീകരണത്തിന്റെ സൂചനയുമായി.
അവിശ്വാസപ്രമേയത്തിന്‍മേല്‍ നടന്ന ചര്‍ച്ച രാജ്യം അതീവ ശ്രദ്ധയോടെയാണ് കേട്ടത്. ചര്‍ച്ചയില്‍ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ക്ക് രാജ്യത്തെ പൊതുസമൂഹത്തിനിടയില്‍ മികച്ച സ്വീകാര്യത നേടാനായെന്നാണ് ഇതു സംബന്ധിച്ച വാര്‍ത്തകളും സാമൂഹ്യമാധ്യങ്ങളില്‍ വരുന്ന പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്. മൊത്തത്തിലെടുത്താല്‍ പ്രതിപക്ഷത്തു രൂപപ്പെട്ടുവരുന്ന ഐക്യത്തിന് വലിയ തോതില്‍ ഊര്‍ജം പകരാനും അവരില്‍ പ്രതീക്ഷ വര്‍ധിപ്പിക്കാനും അവിശ്വാസപ്രമേയത്തിനായി എന്നു വ്യക്തമാകും. ആ ഊര്‍ജം അസ്വാരസ്യങ്ങളില്ലാതെ നിലനിര്‍ത്തിക്കൊണ്ടു മുന്നോട്ടുപോകാന്‍ പ്രതിപക്ഷത്തിനു സാധിച്ചാല്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയം കൈവരിക്കാന്‍ അവര്‍ക്കു സാധിക്കുമെന്നുറപ്പ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.