2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ജല വിമാനത്തില്‍ ആദ്യം പറന്നത് താനെന്ന് മോദി; ഈ സീനൊക്കെ കേരളം പണ്ടേ വിട്ടത്

ആദ്യത്തേതെന്ന് പറഞ്ഞ് ദേശീയ മാധ്യമങ്ങളും കൊണ്ടാടി

കോഴിക്കോട്: ഗുജറാത്ത് കൊട്ടിക്കലാശത്തിനായി ജലവിമാനത്തില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, അദ്ദേഹത്തിന്റെ വെബ്‌സൈറ്റില്‍ അവകാശപ്പെടുന്നത് ഇങ്ങനെ- ”ഇന്ത്യയുടെ പ്രഥമ ജലവിമാനത്തിലെ പ്രഥമ യാത്രക്കാരനായി മോദി”.

 

2017 ഡിസംബര്‍ 12 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജലവിമാനത്തില്‍ പറന്നത്. അഹമ്മദാബാദിലെ സബര്‍മതി നദിയില്‍ നിന്ന് ധാരോയിയിലെ മെഹ്‌സാന അണക്കെട്ടിലേക്കാണ് മോദി പറന്നത്. ആദ്യമായി ജലവിമാനത്തില്‍ പറന്ന പ്രധാനമന്ത്രി മോദിയാണ്, എന്നാല്‍ രാജ്യത്തു തന്നെ ആദ്യമായി ജലവിമാനം ഇറക്കിയതും പറന്നതും താനാണെന്ന മോദിയുടെ വാദം ശരിയല്ല.

ഇതേ വാദം തന്നെയാണ് ബി.ജെ.പിയുടെ ഔദ്യോഗിക സോഷ്യല്‍മീഡിയാ പേജുകളും പങ്കുവയ്ക്കുന്നത്. ബി.ജെ.പി നേതാക്കളും ഇതുതന്നെ പറയുന്നു.

 

 

കുറേ മോദി അനുകൂല ചാനലുകളും ഇതു വലിയ ആഘോഷമായി കൊണ്ടാടി. ഫലമോ, അവര്‍ക്കും സോഷ്യല്‍ മീഡിയയില്‍ നിന്നു വേണ്ടതു കിട്ടി.

 

2013 ല്‍ തന്നെ ഇത് കേരളം പരീക്ഷിച്ചതാണ്. കേരളാ ടൂറിസം വികസത്തിന്റെ ഭാഗമായി അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. എന്നാല്‍ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം കാരണമാണ് പദ്ധതി തുടര്‍ന്നു കൊണ്ടുപോവാന്‍ സാധിക്കാത്തത്. ഇക്കാര്യം അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ട്വീറ്റും ചെയ്തിരുന്നു.

രാജ്യത്ത് ആദ്യമായി ജലവിമാനം ഇറക്കിയത് 2010 ലാണ്. ആന്തമാന്‍ നിക്കോബാറില്‍ നിന്നുള്ളതായിരുന്നു അത്. ‘ജല്‍ ഹാന്‍സ്’ എന്ന പേരില്‍ വാണിജ്യാടിസ്ഥാനത്തിലാണ് ജലവിമാനം തുടങ്ങിയത്. താന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രിയായിരിക്കുന്ന സമയത്താണ് ഇതു കൊണ്ടുവന്നതെന്ന് ചൂണ്ടിക്കാട്ടി പ്രഫുല്‍ പാട്ടേല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

സര്‍ക്കാര്‍ തലത്തില്‍ മാത്രമല്ല, സ്വകാര്യ ജലവിമാനവും രാജ്യത്ത് പറത്തിക്കഴിഞ്ഞതാണ്. 2011-12 കാലത്ത് സീബേര്‍ഡ് സീപ്ലെയിന്‍ പ്രൈവറ്റ് ലിമിറ്റഡാണ് ഇതു പരീക്ഷിച്ചത്. 2011 ല്‍ ആന്തമാന്‍ നിക്കോബാറില്‍ തുടങ്ങി 2012 ല്‍ മഹാരാഷ്ട്രയിലേക്കു കൂടി വ്യാപിപ്പിച്ചു. സര്‍ക്കാര്‍ തലത്തില്‍ അനുമതിയുമായി ബന്ധപ്പെട്ട പ്രശ്‌നം ഉടലെടുത്തതിനാല്‍ പിന്നീട് ഇതു നിന്നുപോവുകയായിരുന്നു.

എല്ലാം പോട്ടെ, ഇതേ വിമാനത്തില്‍ മോദിയേക്കാളും മുന്‍പ് മോദിയുടെ തന്നെ മന്ത്രിസഭയിലെ മന്ത്രി നിതിന്‍ ഗഡ്കരി പറന്നു കഴിഞ്ഞതാണ്. ഡിസംബര്‍ ഒന്‍പതിനായിരുന്നു ആ യാത്ര. മന്ത്രി അശോഖ് ഗജപതിയും കൂടെയുണ്ടായിരുന്നു. മുംബൈയിലെ ഗിര്‍ഗ്വാമിലായിരുന്നു ഈ യാത്ര. N181KQ എന്ന വിമാനം തന്നെയാണ് ഉപയോഗിച്ചതെന്ന് ചിത്രങ്ങളില്‍ വ്യക്തം.

 

 

അതേസമയം, മോദി പറന്നിറങ്ങിയ വിമാനം പാകിസ്താനിലും പോയി വന്നതാണെന്നും റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News