2019 June 16 Sunday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

‘കാവല്‍ക്കാരന്‍ കള്ളനാണ്’ ഹാഷ് ടാഗില്‍ പങ്കടുത്ത നീരവ് മോദിയുടെ വ്യാജ അക്കൗണ്ടിനു നന്ദി അറിയിച്ച് പ്രധാനമന്ത്രി; അമളി മനസ്സിലായപ്പോള്‍ ഡിലീറ്റ് ചെയ്തു തടിയൂരി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കിട്ടു പണി കൊടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ തുടങ്ങിവെച്ച #MainBhiChowkidar (ഞാനും കാവല്‍ക്കാരനാണ്) എന്ന ഹാഷ് ടാഗ് കാംപയിന്‍ ഒടുവില്‍ മോദിക്കു തന്നെ പാരയായി. രാജ്യത്തിനു വേണ്ടി ജോലിയെടുക്കുന്ന എല്ലാവരും കാവര്‍ക്കാരാണ് എന്നായിരുന്നു മോദി ഹാഷ്ടാഗ് കൊണ്ട് ഉദ്ദേശിച്ചത്. ഇത്തരത്തിലൊരു രാംപയിന്‍ കൊണ്ടുവന്നാല്‍ കാവല്‍ക്കാരന്‍ കള്ളനാണ് എന്നുള്ള രാഹുലിന്റെ പ്രചാരണം ഏല്‍ക്കില്ലെന്നു കണ്ടായിരുന്നു മോദിയുടെ ട്വിറ്റര്‍ ടീം ഈ കാംപയിന്‍ തുടങ്ങിവച്ചത്.

‘നിങ്ങളുടെ കാവല്‍ക്കാരന്‍ ശക്തനായി നിന്നു രാജ്യത്തെ സേവിക്കുന്നു. എന്നാല്‍ ഞാന്‍ തനിച്ചല്ല. അഴിമതിക്കെതിരെയും സമൂഹിക തിന്മകള്‍ക്കെതിരെയും പോരാടുന്ന എല്ലാവരും കാവല്‍ക്കാരാണ്. രാജ്യത്തിനെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്നവരെല്ലാം കാവല്‍ക്കാരണ്. ഇന്ന് എല്ലാ ഇന്ത്യക്കാരും പറയുന്നു ഞാനും കാവല്‍ക്കാരനാണെണ്- കാംപയിനോടനുബന്ധിച്ച് മോദി ട്വിറ്ററില്‍ കുറിച്ചു. വീഡിയോകളും പ്രത്യേക പോസ്റ്ററുകളുമായി ഈ ഹാഷ്ടാഗ് വേഗം ട്രെന്‍ഡാക്കി മാറ്റി.

ഞാനും കാവല്‍ക്കാരനാണ് എന്ന അര്‍ത്ഥം വരുന്ന ‘മേ ബി ചൗകിദാര്‍’ എന്ന ഹാഷ്ടാഗ് പങ്കുവയ്ക്കുന്ന എല്ലാവര്‍ക്കും മോദിയുടെ വ്യക്തിഗത അക്കൗണ്ടില്‍ നിന്ന് നന്ദിസൂചകമായി ഒരു ട്വീറ്റും ലഭിക്കും. ‘നിങ്ങളുടെ പങ്കാളിത്തം ഈ മുന്നേറ്റത്തെ ശക്തമാക്കി. നിങ്ങള്‍ക്കുള്ള എന്റെ സന്ദേശം ഇതാ’ എന്ന ട്വീറ്റ് ആണ് ക്യാപയിനില്‍ പങ്കെടുക്കുന്ന വ്യക്തികളെ ടാഗ് ചെയ്തു കൊണ്ട് മോദി നല്‍കുക. ആയിരക്കണക്കിനു കോടി രൂപ വായ്പയെടുത്തു മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയുടെ ഫേക്ക് അക്കൗണ്ടും കാംപയിനില്‍ പങ്കെടുത്തതോടെ, ഹാഷ്ടാഗ് ക്യാപയിന്‍ മോദിക്കു തിരിച്ചടിയായി.

നീരവ് മോദിയെ ടാഗ് ചെയ്ത് മോദിയുടെ വ്യക്തിഗത അക്കൗണ്ടില്‍ നിന്നും അദ്ദേഹത്തിന് നന്ദി പറഞ്ഞുള്ള സന്ദേശവും പോയി. സാമ്പത്തിക കുറ്റവാളിയായ നീരവ് മോദിയോട് ‘നിങ്ങളുടെ പങ്കാളിത്തം ഈ മുന്നേറ്റത്തെ ശക്തമാക്കി’ എന്ന സന്ദേശം പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നു നല്‍കിയതിന്റെ സ്‌ക്രീന്‍ഷോട്ട് നിമിഷങ്ങള്‍ കൊണ്ട് വൈറലായി. അമളി മനസ്സിലാക്കിയതോടെ മോദിയുടെ അക്കൗണ്ടില്‍ നിന്നും ഉടന്‍ തന്നെ ട്വീറ്റ് പിന്‍വലിച്ചു. എന്നാല്‍ അപ്പോഴേക്കും സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ചു. നീരവ് മോദിയുടെ അപരന്‍ ഇത് വീണ്ടും ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.