2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

മോദി ഇന്ത്യയുടെ പ്രധാനമന്ത്രി തന്നെയാണോ?

ഡോ.എം.കെ മുനീര്‍

ഈ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ലഭിച്ചിട്ടുള്ള അവസരങ്ങള്‍ പ്രധാനമന്ത്രി നിഷേധിച്ചത് തികച്ചും ദൗര്‍ഭാഗ്യകരമാണ്. നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രി തന്നെയാണോ? ഇന്ത്യയിലെ മനുഷ്യരോട് കടുത്ത അനീതി കാണിക്കാന്‍ എങ്ങനെ പ്രധാനമന്ത്രിക്ക് സാധിക്കും. പണം സ്വീകരിക്കുന്നതു സംബന്ധിച്ച് ഇപ്പോഴുണ്ടായ സാങ്കേതികത്വം വേറൊരു സര്‍ക്കാരിന്റെ കുഴപ്പമാണെന്നാണ് ഇപ്പോള്‍ പ്രധാനമന്ത്രി പറയുന്നത്. അദ്ദേഹം പഴയകാലത്തെ കാര്യങ്ങളാണ് പറയുന്നത്. പക്ഷെ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ ഇന്ത്യ ഒരു വലിയ സാമ്പത്തിക ശക്തിയായി നില്‍ക്കുന്ന സമയത്തായിരുന്നു ആ പ്രഖ്യാപനം നടത്തിയത്.

എന്നിട്ടും മന്‍മോഹന്‍ സിങ്ങിനെതിരേ വിമര്‍ശനം ഉണ്ടായതിന്റെ പേരില്‍ അത് തിരുത്തി. ഭേദഗതികള്‍ വരുത്തി വിദേശസഹായം സ്വീകരിക്കാന്‍ പറ്റുന്ന രീതിയിലാണ് ഇന്ന് നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ ഉള്ളത്. എന്നാല്‍ ഈ സര്‍ക്കാര്‍ വന്നതിനു ശേഷം ഇത് കൂടുതല്‍ കര്‍ക്കശമാക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് കേരളത്തിന്റെ കാര്യം വരുമ്പോള്‍ എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഇങ്ങനെ പെരുമാറുന്നത്. അദ്ദേഹം വല്ലാത്ത ഒരു വൈരാഗ്യബുദ്ധിയോടുകൂടിയാണ് കേരളത്തെ കാണുന്നത്. ഇപ്പോള്‍ തന്നെ ഈ ക്രൈസിസ് മാനേജ്‌മെന്റിന്റെ സമയത്ത് നമ്മള്‍ എവിടെയും കാണാത്തത് ബി.ജെ.പിയേയും സംഘികളേയുമാണ്. ബാക്കിയെല്ലാവരും കൈമെയ് മറന്നുകൊണ്ട് സഹായ സഹകരണങ്ങള്‍ എത്തിച്ച സമയത്ത് ഇവര്‍ ഇതില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സാഹചര്യമാണ് പല സ്ഥലത്തുമുണ്ടായത്. ഇതിന് പിന്നില്‍ വേറെ ചില ഗൂഢ ലക്ഷ്യങ്ങളുണ്ടോ എന്ന് പരിശോധിക്കണം.
യു.എ.ഇ വാഗ്ദാനം ചെയ്ത 700 കോടി രൂപ ഷെയ്ഖ് മുഹമ്മദ് ഹിസ് എക്‌സലന്‍സി അദ്ദേഹത്തിന്റെ ട്വിറ്ററിലൂടെയാണ് പ്രഖ്യാപിക്കുന്നത്. യു.എ.ഇ കെട്ടിപ്പടുക്കാന്‍ ഏറ്റവും കഠിനാധ്വാനം ചെയ്തത് മലയാളികളാണ്. ആ മലയാളികള്‍ക്ക് ഒരു ദുരിതം വരുമ്പോള്‍ അവരെ സഹായിക്കേണ്ടത് നമ്മുടെ ധാര്‍മികമായ ഉത്തരവാദിത്വമാണെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

അതുകൊണ്ടാണ് അവര്‍ ഒരു പ്രത്യേക ഹൈപ്പവര്‍ കമ്മിറ്റി ഉണ്ടാക്കി 700 കോടി രൂപ സമാഹരിച്ച് നമുക്ക് തരാന്‍ തീരുമാനിച്ചത്. ഇത് സദുദ്ദേശ്യത്തോടെയുള്ള ഒരു തീരുമാനമാണ്.
എന്താണ് ഇപ്പോഴത്തെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ പറയുന്നത്. പ്ലാന്‍ ഒന്‍പത് രണ്ടില്‍ പറയുന്നത് ഇത്തരം സാഹചര്യങ്ങളില്‍ സാമ്പത്തിക സഹായത്തിനായി ഒരു അപ്പീല്‍ നമ്മള്‍ ചെയ്യേണ്ട ആവശ്യമില്ല. അതേസമയം ഏതെങ്കിലും രാജ്യങ്ങള്‍ അവരുടെ സ്വമേധയാ ഗുഡ്‌വില്ലോടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണെങ്കില്‍, ദുരന്ത ഇരകള്‍ക്ക് സാമ്പത്തിക സഹായം നല്‍കാമെന്ന് പറഞ്ഞാല്‍, ഉടന്‍ കേന്ദ്ര സര്‍ക്കാര്‍ കൂടിയാലോചിച്ച് വിദേശ-ആഭ്യന്തര മന്ത്രാലയങ്ങള്‍ കോ-ഓര്‍ഡിനേറ്റ് ചെയ്ത് അത് റിവ്യൂ ചെയ്തു ചാനലൈസ് ചെയ്ത് സഹായം കൊണ്ടുവരുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണം എന്നാണ്. ഇനി സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് അത് കിട്ടേണ്ടതെങ്കില്‍ അത് ദുരിതബാധിതരായ സംസ്ഥാന സര്‍ക്കാരുമായി കോ-ഓര്‍ഡിനേറ്റ് ചെയ്യേണ്ടത് ഹോം അഫയേഴ്‌സ് മിനിസ്റ്ററിയാണ്.

ഇത് കൃത്യമായി രേഖപ്പെടുത്തിയ സാഹചര്യത്തില്‍ എന്തിനാണ് യു.എ.ഇ പോലുള്ള ഒരു രാജ്യവുമായുള്ള ബന്ധം പോലും തകര്‍ക്കുന്ന രീതിയില്‍ ഞങ്ങള്‍ക്ക് വേണ്ട എന്ന് പറയുന്നത്. എത്ര പെട്ടെന്നാണ് അവര്‍ 700 കോടി രൂപ നമുക്ക് വേണ്ടി സ്വരൂപിച്ച് തന്നത്. അത് വേണ്ട എന്ന് പറയാന്‍ മാത്രമുള്ള സഹായം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് തരുമോ. നമ്മള്‍ അടിയന്തരമായി ആവശ്യപ്പെട്ടത് ഏകദേശം 2,000 മോ 3,000 മോ കോടിയാണ്. അത്രയും കോടി രൂപ സംഘി ഗവണ്‍മെന്റ് നമുക്ക് തരുമോ.
ഇപ്പോള്‍ തന്ന അരിയുടെ പണം തിരിച്ചു ചോദിക്കുന്ന സാഹചര്യമല്ലേ ഉണ്ടായത്. തന്ന അരിയുടെ പൈസ ചോദിക്കുന്ന ഒരു ഭക്ഷ്യമന്ത്രി കേന്ദ്രം ഭരിക്കുന്ന സമയത്ത് എങ്ങനെയാണ് പ്രധാനമന്ത്രിയെ വിശ്വസിക്കുക. ഞങ്ങള്‍ സ്വന്തം ഞങ്ങളുടെ കാര്യം നോക്കിക്കൊള്ളാമെന്ന് ആരെ കണ്ടിട്ടാണ് അദ്ദേഹം പറയുന്നത്. അതുകൊണ്ട് തന്നെയാണ് ഇത് അങ്ങേയറ്റം ദയനീയമായിട്ടുള്ള ഒരു കാര്യമായിപ്പോയത്.

അതേപോലെ യു.എന്‍ ആയി ബന്ധപ്പെട്ടും ഇതേപോലെ മാനേജ്‌മെന്റ് പ്ലാനില്‍ വേറൊരു കാര്യം പറയുന്നുണ്ട്. പ്ലാന്‍ ഒമ്പത് മൂന്നില്‍ പറയുന്നത് ഏതെങ്കിലും യു.എന്‍ ഏജന്‍സീസ് പണം തരുമെന്ന് പറയുകയാണെങ്കില്‍ നമുക്ക് അത്യാവശ്യമാണെന്ന് തോന്നിക്കഴിഞ്ഞാല്‍ അത് വാങ്ങാം. പക്ഷെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ അതിന്റെ ഡയരക്ഷന്‍സ് ഇഷ്യൂ ചെയ്യണം.
അത് സ്‌റ്റേറ്റ് ഗവണ്‍മെന്റുമായി കോ-ഓര്‍ഡിനേറ്റ് ചെയ്യാനുള്ള നടപടികളുണ്ടാകണം. അതിനോടൊപ്പം തന്നെ ഇക്കണോമിക്‌സ് അഫേഴ്‌സ് വഴിയായിരിക്കണം പണം സ്വീകരിക്കുന്നത്. ഇത്രമാത്രമെ അതില്‍ പ്രശ്‌നങ്ങളുള്ളൂ. യു.എന്‍ ഏജന്‍സികള്‍ ഇവിടെ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടല്ലോ. യൂനിസെഫ്, പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യു.എന്‍.ഇ.പി തുടങ്ങിയവ. യു.എന്‍.ഇ.പിയുടെ അധിപനായിട്ടുള്ള മുരളിയാണ് ഈയടുത്ത് പറഞ്ഞത് ഈ ഡാമുകള്‍ എന്തുകൊണ്ട് കൃത്യമായി തുറന്നില്ല എന്നൊക്കെ.

എന്നാല്‍ ഇത്തരം ഒരു ഏജന്‍സിയുടെ പണമോ അല്ലെങ്കില്‍ അവരുടെ സഹായം പോലുമോ നമുക്ക് വാങ്ങാന്‍ പറ്റാത്ത രീതിയില്‍ ഇന്ത്യയെ മറ്റ് രാജ്യങ്ങളില്‍ നിന്ന് കൊട്ടിയടച്ച് ഒരു ചില്ലുകൂട്ടില്‍ വയ്ക്കുന്ന പ്രധാനമന്ത്രിയായിട്ടാണോ മോദി മാറുന്നത്. ഇദ്ദേഹം ലോകം മുഴുവന്‍ കറങ്ങുന്നുണ്ട്. ലോകത്തുള്ള എല്ലാ രാഷ്ട്രത്തലവന്‍മാരുടെയും കൈപിടിച്ച് കുലുക്കുന്നുണ്ട്. പക്ഷെ ഇന്ത്യക്ക് വേണ്ടി അവര്‍ കൈകോര്‍ത്തു നിന്നുകൊണ്ട് നമ്മളോടൊപ്പം നില്‍ക്കാമെന്ന് പറയുമ്പോള്‍ അത് നിഷേധിക്കുന്ന ധാര്‍ഷ്ട്യം എന്തിനാണ്. അതിനുമാത്രമുള്ള ഒരു സാമ്പത്തിക ഭദ്രതയിലല്ലല്ലോ ഇന്ത്യ ഇപ്പോഴുള്ളത്. ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകര്‍ത്ത ഒരാള്‍ കൂടിയാണ് നരേന്ദ്രമോദി. മന്‍മോഹന്‍ സിങ്ങിന്റെ കാലത്ത് സാമ്പത്തിക ശക്തിയായിരുന്ന ഇന്ത്യയെ താഴേക്ക് കൊണ്ടുപോയി.

ജി.ഡി.പി ഒക്കെ കുത്തനെ ഇടിയുന്ന സ്ഥിതി വിശേഷമുണ്ടാക്കിയിട്ടും ഇപ്പോഴും ഇന്ത്യ ഒരു സഹായവും സ്വീകരിക്കില്ലെന്നാണ് പറയുന്നത്. ഇന്ത്യ സഹായത്തിന് വേണ്ടി ആരുടെ മുന്നിലും കെഞ്ചേണ്ട ആവശ്യമില്ല. നമ്മുടെ രാഷ്ട്രാഭിമാനം അനുവദിക്കുന്നില്ലെങ്കില്‍ നമ്മള്‍ ആരുടെ മുന്‍പിലും കെഞ്ചേണ്ട.
പക്ഷെ നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാനില്‍ അവര്‍ ഇങ്ങോട്ട് സന്‍മനസോടുകൂടി വന്നിട്ട് ഞങ്ങള്‍ സഹായിക്കാന്‍ തയാറാണെന്ന് പറയുന്ന ഒരു നന്മ കാണിച്ചാല്‍ അത് പുറംകാലുകൊണ്ട് തട്ടുന്നത് ഒരു പ്രധാനമന്ത്രിക്ക് ഭൂഷണമല്ല. അതുകൊണ്ട് ഈ രാജ്യം ഉറ്റുനോക്കുന്ന ഒരു പ്രധാനമന്ത്രി അല്ല ഇപ്പോള്‍ നരേന്ദ്രമോദി. അദ്ദേഹം ആ സ്ഥാനത്തു നിന്ന് എത്രയും പെട്ടെന്ന് മാറിയാല്‍ ഇന്ത്യ അത്രയുംപെട്ടെന്ന് രക്ഷപ്പെടും.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News