2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഡല്‍ഹി വിഷവാതകം ശ്വസിക്കുന്നത് ചര്‍ച്ചചെയ്യുമ്പോള്‍ യോഗത്തില്‍ പങ്കെടുക്കാതെ ക്രിക്കറ്റ് കമന്ററി പറയാന്‍ പോയ സ്ഥലം എം.പി ഗൗതം ഗംഭീറിന്റെ നടപടി വിവാദത്തില്‍; ഗംഭീറിനെതിരെ ഡല്‍ഹിയില്‍ പോസ്റ്റര്‍

 

ന്യൂഡല്‍ഹി: അന്തരീക്ഷമലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ ഇതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കാതെ ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് മാച്ചിന് കമന്ററി പറയാന്‍ പോയ സ്ഥലം എം.പിയും ബി.ജെ.പി നേതാവുമായ ഗൗതംഗംഭീറിന്റെ നടപടി വിവാദത്തില്‍. അന്തരീക്ഷ മലിനീകരണത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ വെള്ളിയാഴ്ച ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത നഗരവികസന പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍നിന്നാണ് ഗംഭീര്‍ വിട്ടുനിന്നത്. ഇതേസമയം, ഗംഭീര്‍ പഴയതാരങ്ങള്‍ക്കൊപ്പം സ്റ്റേഡിയത്തില്‍ നിന്ന് ജിലേബി കഴിക്കുന്ന ചിത്രം പുറത്തുവന്നത് വിവാദമായിരുന്നു. ഇതിന് പിന്നാലെ ഇന്ന് ഗംഭീറിനെതിരെ ഡല്‍ഹിയുടെ വിവിധഭാഗങ്ങളില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.

നിങ്ങള്‍ ഈ മനുഷ്യനെ കണ്ടോ? ഇന്‍ഡോറിലിരുന്ന് ജിലേബി തിന്നുമ്പോഴാണ് അവസാനമായി കണ്ടത്. ഡല്‍ഹി മൊത്തം ഇദ്ദേഹത്തെ തിരയുകയാണ്- ഇന്ന് പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ ചോദിക്കുന്നു.

ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലുള്‍പ്പടെ 21 ലോക്‌സഭാ അംഗങ്ങളും 8 രാജ്യസഭാ അംഗങ്ങളും പങ്കെടുക്കേണ്ട പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി മീറ്റിങ്ങില്‍ നാലുപേര്‍ മാത്രമാണ് എത്തിചേര്‍ന്നത്. ഇതോടെ യോഗം മാറ്റിവയ്ക്കുകയായിരുന്നു. ഡല്‍ഹിയില്‍ നിന്ന് ഗംഭീറും എ.എ.പിയുടെ രാജ്യസഭാംഗം സഞ്ജയ് സിങ്ങുമാണ് പങ്കെടുക്കേണ്ടിയിരുന്നത്. ഇതില്‍ സഞ്ജയ് സിങ്ങ് മാത്രമാണ് പങ്കെടുത്തത്.

എം.പിയുടെ നിരുത്തരവാദിത്തത്തിന് ഉദാഹരണമാണ് ഇതെന്ന് സംഭവത്തില്‍ എ.എ.പി പ്രതികരിച്ചു. ഉന്നതതല യോഗത്തെ പറ്റി ഒരാഴ്ച മുന്‍പ് തന്നെ ഗംഭീറിന് അറിയിപ്പ് ലഭിച്ചിരുന്നതായും എന്നാല്‍ ഇത്രയും പ്രാധാന്യമുള്ള ഒരു വിഷയത്തിനായി അദ്ദേഹത്തിന് സമയം ഇല്ലാ എന്നത് നിര്‍ഭാഗ്യകരമാണെന്നും എ.എപി നേതാവ് അതിഷി മെര്‍ലിന പ്രതികരിച്ചു.

വിഷയത്തില്‍ ഷെയിം ഓണ്‍ യു ഗൗതം എന്ന പേരില്‍ ട്വിറ്ററില്‍ ഹാഷ്ടാഗ് പ്രചരിക്കുന്നുമുണ്ട്. പ്രമുഖ വിദ്യാഭ്യാസ വിദഗ്ധയും എ.എ.പി നേതാവുമായ അതിഷിയെ മര്‍ലിനയെ പരാജയപ്പെടുത്തിയാണ് ഗംഭീര്‍ ഈസ്റ്റ് ഡല്‍ഹിയില്‍ ബി.ജെ.പി ടിക്കറ്റില്‍ വിജയിച്ചത്. എന്നാല്‍, അതിഷിയെ തള്ളി ഗംഭീറിനെ വിജയിപ്പിച്ച ഡല്‍ഹിക്കാര്‍ അത് അര്‍ഹിക്കുന്നുവെന്ന അഭിപ്രായങ്ങളും ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്.

Missing Gautam Gambhir posters spotted in Delhi after MP skips pollution meet


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.