2019 June 17 Monday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

അത്ഭുതം ആവര്‍ത്തിക്കാന്‍ ഐസ്‌ലന്‍ഡ്

പരാശരന്‍

ദീര്‍ഘവീക്ഷണവും ഭാവനാ സമ്പന്നമായ നടപടികളും ഒറ്റക്കെട്ടായി നില്‍ക്കാനുള്ള ചങ്കുറപ്പുമുണ്ടെങ്കില്‍ ഒന്നും അസാധ്യമല്ലെന്ന് ലോകത്തെ ഫുട്‌ബോള്‍ മികവ് കൊണ്ട് പഠിപ്പിച്ച ഒരു കുഞ്ഞന്‍ രാജ്യം. അറ്റ്‌ലാന്റിക്ക് സമുദ്രത്തിന്റെ ഉത്തര ഭാഗത്തായി സ്ഥിതി ചെയ്യുന്ന ചെറിയൊരു ദ്വീപ്. ആകെ ജനസംഖ്യ 348,580. ദ്വീപിന്റെ ആകെ അളവ് 103,000 കിലോമീറ്റര്‍ (40,000 സ്‌ക്വ.മൈല്‍). തണുത്തുറഞ്ഞ് കിടക്കുന്ന ഭൂപ്രദേശത്ത് ദിവസത്തില്‍ നാല് മണിക്കൂറിനടുത്ത് മാത്രമാണ് സൂര്യപ്രകാശം ലഭിക്കുന്നത്. പരിമിതമായ വിഭവങ്ങള്‍ മാത്രമുണ്ടായിട്ടും ഐസ്‌ലന്‍ഡ് തങ്ങളുടെ കന്നി ലോകകപ്പ് പോരാട്ടത്തിനായി റഷ്യയിലേക്ക് എത്തുകയാണ്.
1912ലാണ് ഐസ്‌ലന്‍ഡില്‍ ഫുട്‌ബോളിന്റെ വിത്ത് മുളച്ചത്. ഐസ്‌ലന്‍ഡിക്ക് ഫുട്‌ബോള്‍ ലീഗ് എന്ന പേരില്‍ ലീഗ് മത്സരങ്ങളിലൂടെയാണ് അതിന്റെ തുടക്കം. എന്നാല്‍ വര്‍ഷങ്ങള്‍ വീണ്ടുമെടുത്തു അവരുടെ ദേശീയ ടീം ഒരു ഫുട്‌ബോള്‍ മത്സരം കളിക്കാന്‍. 1930ല്‍ ഫറോവ ഐലന്‍ഡ്‌സിനോടാണ് ഐസ്‌ലന്‍ഡ് ദേശീയ ടീം തങ്ങളുടെ ആദ്യ അന്താരാഷ്ട്ര പോരാട്ടത്തിനിറങ്ങിയത്. അന്ന് 1-0ത്തിന് വിജയിച്ച് കയറാനും ഐസ്‌ലന്‍ഡിന് സാധിച്ചു. ഫിഫയില്‍ അംഗമായ ശേഷം 1946ലാണ് അവര്‍ അംഗീകൃത അന്താരാഷ്ട്ര പോരിനിറങ്ങിയത്. തൊട്ടടുത്ത വര്‍ഷം അവര്‍ ആദ്യ അന്താരാഷ്ട്ര വിജയം സ്വന്തമാക്കി. ഫിന്‍ലന്‍ഡിനെതിരേയായിരുന്നു ഈ വിജയം. പിന്നീട് കാര്യമായ മുന്നേറ്റങ്ങളൊന്നും അവര്‍ക്ക് സൃഷ്ടിക്കാനും സാധിച്ചില്ല. 1954ലെ ലോകകപ്പ് പോരാട്ടത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഐസ്‌ലന്‍ഡ് ഫിഫയില്‍ അപേക്ഷ നല്‍കിയെങ്കിലും അത് തള്ളപ്പെട്ടു. 1985ലെ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ കളിച്ച അവര്‍ക്ക് ഒരു വിജയം പോലുമില്ലാതെ പുറത്ത് പോകേണ്ടി വന്നു. 1974 മുതല്‍ എല്ലാ യൂറോ, ലോകകപ്പ് പോരാട്ടങ്ങള്‍ക്കുമുള്ള യോഗ്യതാ മത്സരങ്ങളില്‍ ഐസ്‌ലന്‍ഡ് കളിക്കാന്‍ തുടങ്ങി. 1994ല്‍ അവര്‍ 37ാം റാങ്കില്‍ വരെയെത്തി. 2016ല്‍ അത് 21ലെത്തിക്കാനും ടീമിന് സാധിച്ചു.
2016ലെ യൂറോ കപ്പിന് നടാടെ യോഗ്യത നേടി അവര്‍ നീണ്ട കാലത്തെ ഫുട്‌ബോള്‍ വികസന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തിലെത്തുന്നത് ലോകത്തിന് കാണിച്ചുകൊടുത്തു. യൂറോ കപ്പിന്റെ ക്വാര്‍ട്ടര്‍ വരെയെത്താനും ടീമിനായി. ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ കരുത്തരായ പോര്‍ച്ചുഗലിനേയും ഹംഗറിയേയും 1-1ന് സമനിലയില്‍ തളച്ച് മുന്നേറിയ അവര്‍ പ്രീ ക്വാര്‍ട്ടറില്‍ സൂപ്പര്‍ താരങ്ങള്‍ നിറഞ്ഞ ഇംഗ്ലണ്ടിനെ 2-1ന് അട്ടിമറിച്ച് ക്വാര്‍ട്ടറിലേക്കെത്തി അത്ഭുതം തീര്‍ത്തു. ക്വാര്‍ട്ടറില്‍ കരുത്തരായ ഫ്രാന്‍സിനോട് 5-2ന് പൊരുതി വീഴുകയായിരുന്നു ടീം.
പരിമിതമായ വിഭവങ്ങളെ സമര്‍ഥമായി ഉപയോഗപ്പെടുത്തിയാണ് അവര്‍ രാജ്യത്ത് ഫുട്‌ബോള്‍ വിപ്ലവത്തിന് തുടക്കമിട്ടത്. കാലാവസ്ഥയുടെ പ്രത്യേകതകളും മറ്റും കണക്കിലെടുത്ത് ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളടക്കം പണിതാണ് അവര്‍ മാറ്റത്തിന്റെ വസന്തം തീര്‍ത്തത്. നിലവില്‍ 800ലധികം മികച്ച പരിശീലകര്‍ ഐസ്‌ലന്‍ഡിലുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളെ കണ്ടെത്തി അവര്‍ക്ക് ഈ പരിശീലകരുടെ കീഴില്‍ ചിട്ടയായ പരിശീലനം നല്‍കിയാണ് ടീം ഇന്ന് മുഖ്യധാരയില്‍ മികവ് അടയാളപ്പെടുത്തുന്നത്.
റഷ്യയില്‍ ലോകകപ്പ് കളിക്കാനെത്തുന്ന ഏറ്റവും ചെറിയ രാജ്യമാണ് ഐസ്‌ലന്‍ഡ്. പക്ഷേ ആ ചെറുപ്പമൊന്നും എതിരാളികളോട് കളത്തില്‍ അവര്‍ പ്രകടിപ്പിക്കില്ലെന്ന് ഉറപ്പ്. വമ്പന്‍മാരെ ഐസാക്കാന്‍ പോന്ന മികച്ച താരങ്ങള്‍ അവര്‍ക്കുണ്ട്. യോഗ്യതാ പോരാട്ടത്തില്‍ പത്തില്‍ ഏഴ് വിജയവും ഒരു സമനിലയും രണ്ട് തോല്‍വിയുമായി ഒന്നാം സ്ഥാനക്കാരായാണ് ഐസ്‌ലന്‍ഡ് കന്നി ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. ക്രൊയേഷ്യ, ഉക്രൈന്‍, തുര്‍ക്കി തുടങ്ങി വമ്പന്‍ ടീമുകളെ കീഴടക്കിയാണ് അവര്‍ വരുന്നതെന്നതും ശ്രദ്ധേയം.
എവര്‍ട്ടന് വേണ്ടി കളത്തിലിറങ്ങുന്ന അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ഗില്‍ഫി സുഗുര്‍സനാണ് ടീമിന്റെ മുഖ്യ താരം. രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരില്‍ 18 ഗോളുകളുമായി താരം മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഒപ്പം ക്യാപ്റ്റനും മധ്യനിര താരവുമായ അരോണ്‍ ഗുണാര്‍സനും ഏറെ പരിചയ സമ്പത്തുള്ള കളിക്കാരനാണ്. ബേണ്‍ലി താരം ജോണ്‍ ബെര്‍ഗ് ഗൗമുണ്ട്‌സന്‍, പി.എസ്.വി ഐന്തോവനായി കളത്തിലിറങ്ങുന്ന ആല്‍ബര്‍ട്ട് ഗൗമുണ്ട്‌സന്‍ എന്നിവരും മധ്യനിരയില്‍ കളിക്കുന്നുണ്ട്. ഇവര്‍ക്കൊപ്പം ബിര്‍കിര്‍ ജര്‍നസന്‍ കൂടി ചേരുമ്പോള്‍ മധ്യനിര സുശക്തം. ഫ്രഞ്ച് ടീം നാന്റസിന്റെ കൊല്‍ബെയ്ന്‍ സിഗ്‌പോര്‍സനാണ് മുന്നേറ്റത്തിലെ പ്രധാന താരം. റഷ്യന്‍ ടീം റോസ്റ്റോവിനായി കളത്തിലെത്തുന്ന ജോണ്‍ ബെര്‍ഗ്മന്‍ സിഗുര്‍സനും മികവുറ്റ താരമാണ്. റഷ്യയിലെ സാഹചര്യങ്ങളില്‍ കളിച്ചിട്ടുള്ളതിന്റെ അധിക ആനുകൂല്യവും സിഗുര്‍സനുണ്ട്. വെറ്ററന്‍ താരം ഹന്നസ് ഹല്‍ഡോര്‍സനാണ് ഗോള്‍ കീപ്പര്‍. യൂറോ കപ്പില്‍ മുന്നേറിയ ഐസ്‌ലന്‍ഡ് ടീമിന്റെ പരിശീലക സംഘത്തിലുണ്ടായിരുന്ന ഹെയ്മിര്‍ ഹല്‍ഗ്രിംസനാണ് നിലവില്‍ ടീമിന്റെ പരിശീലകന്‍.
കരുത്തരായ അര്‍ജന്റീന ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് ഐസ്‌ലന്‍ഡ് കളിക്കാനിറങ്ങുന്നത്. ഗ്രൂപ്പ് ഡിയില്‍ ക്രൊയേഷ്യ, നൈജീരിയ ടീമുകളും അവര്‍ക്കെതിരാളികളാണ്. കടുത്ത ഗ്രൂപ്പില്‍ നിന്ന് ഐസ്‌ലന്‍ഡ് പുറത്ത് കടന്ന് അത്ഭുതം തീര്‍ക്കുമോ എന്ന് കാത്തിരുന്നു കാണാം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.