2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

Editorial

ന്യൂനപക്ഷ സംരക്ഷണ നിയമം റദ്ദാക്കാന്‍ നീക്കം


 

മുന്നാക്ക സംവരണത്തിനു പിന്നാലെ ന്യൂനപക്ഷ സംവരണത്തിനെതിരേ ബി.ജെ.പി അണിയറയില്‍ ശ്രമമാരംഭിച്ചിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരേയും ഏക സിവില്‍കോഡിനു വേണ്ടിയും നിരന്തരം സുപ്രിംകോടതിയെ സമീപിച്ച ബി.ജെ.പി നേതാവ് അഡ്വ. അശ്വനികുമാര്‍ ഉപാധ്യായ തന്നെയാണ് ഇപ്പോഴത്തെ നീക്കത്തിനു പിന്നിലുമുള്ളത്.

സംസ്ഥാനങ്ങളിലെ ജനസംഖ്യ അടിസ്ഥാനമാക്കി ന്യൂനപക്ഷങ്ങളെ കണ്ടെത്തുന്നതിന് മാര്‍ഗരേഖയുണ്ടാക്കി സമര്‍പ്പിക്കാന്‍ കേന്ദ്ര ന്യൂനപക്ഷ കമ്മിഷനു സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരിക്കുകയാണിപ്പോള്‍. അശ്വനികുമാര്‍ നല്‍കിയ ഹരജിലാണ് ഈ കോടതി നിര്‍ദേശം. മൂന്നു മാസത്തിനുള്ളില്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിരിക്കുന്നത്. ന്യൂനപക്ഷങ്ങളെ നിര്‍വചിക്കാത്തതിനാല്‍ അര്‍ഹതയില്ലാത്തവര്‍ ഭരണഘടനയുടെ 29, 30 വകുപ്പുകള്‍ പ്രകാരമുള്ള പരിരക്ഷ നേടുകയും വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള വകുപ്പുകളില്‍നിന്ന് ഒഴിവുകഴിവ് നേടുകയും മറ്റു സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും ചെയ്യുന്നുവെന്നാണ് സുപ്രിംകോടതി അഭിഭാഷകന്‍ കൂടിയായ അശ്വനികുമാര്‍ നല്‍കിയ ഹരജിയില്‍ ആരോപിക്കുന്നത്. 1992ലെ ന്യൂനപക്ഷാവകാശ നിയമം അസാധുവാക്കണമെന്ന ആവശ്യവും ഹരജിയിലുണ്ട്.

ന്യൂനപക്ഷങ്ങള്‍ ആരാണെന്ന് നിര്‍വചിക്കണമെന്നും യഥാര്‍ഥ ന്യൂനപക്ഷങ്ങള്‍ക്ക് ബന്ധപ്പെട്ട അവകാശങ്ങള്‍ നിഷേധിക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും 2017ല്‍ അശ്വനികുമാര്‍ നല്‍കിയ മറ്റൊരു ഹരജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഹരജിക്കാരന്‍ ന്യൂനപക്ഷ കമ്മിഷനെയാണ് സമീപിക്കേണ്ടതെന്ന് അന്ന് കോടതി പറയുകയുണ്ടായി. കമ്മിഷന്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് ബി.ജെ.പി നേതാവ് വീണ്ടും കോടതിയെ സമീപിച്ചത്.
ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്കു നല്‍കിയ അവകാശങ്ങളുടെ നിയമമനുസരിച്ചാണ് ന്യൂനപക്ഷ കമ്മിഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന് അറിയാത്തയാളല്ല അശ്വനികുമാര്‍. ഇത്തരം ഹരജികളിലൂടെ സമൂഹത്തില്‍ അസഹിഷ്ണുത ഉണ്ടാക്കുക എന്നതാണ് അദ്ദേഹം ലക്ഷ്യംവയ്ക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിംകള്‍ക്ക് ഭരണഘടന അനുവദിച്ച അവകാശങ്ങള്‍ക്കെതിരേയുള്ള നീക്കമായി വേണം ഇതിനെ കാണാന്‍. നിയമത്തെ ദുരുപയോഗപ്പെടുത്തി നീതിന്യായ വ്യവസ്ഥകളെ ചോദ്യംചെയ്യുന്ന ഇത്തരം ആളുകള്‍ ബാലിശങ്ങളായ വാദങ്ങളുയര്‍ത്തി കോടതികളുടെ വിലപ്പെട്ട സമയമാണ് കവര്‍ന്നെടുക്കുന്നത്. നീതിക്കു വേണ്ടി ആയിരങ്ങള്‍ കോടതി വരാന്തകളില്‍ നിരങ്ങുമ്പോഴാണ് ഇത്തരം വര്‍ഗീയവാദികള്‍ നിയമത്തിന്റെ പഴുതുകള്‍ അന്വേഷിച്ചു ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ തക്കംപാര്‍ത്തു നടക്കുന്നത്.

 

2015ല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ അശ്വനികുമാര്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജി സുപ്രിംകോടതി തള്ളിയതാണ്. മുസ്‌ലിം വ്യക്തിനിയമങ്ങള്‍ അനീതിപരവും പക്ഷപാതപരവും മനുഷ്യത്വ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ആരോപിച്ചായിരുന്നു ഹരജി. ഇതുകാരണം മുസ്‌ലിം സ്ത്രീകള്‍ കടുത്ത വിവേചനം അനുഭവിക്കുന്നുണ്ടെന്ന മുതലക്കണ്ണീരും ഹരജിക്കാരന്‍ ഒഴുക്കി. എന്നാല്‍ ഇത്തരം ആവലാതികള്‍ ബന്ധപ്പെട്ട സമുദായങ്ങളിലെ ഇരകളാണ് ബോധിപ്പിക്കേണ്ടതെന്ന് പറഞ്ഞുകൊണ്ടായിരുന്നു ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂറിന്റെ ബെഞ്ച് അന്ന് ഹരജി തള്ളിയത്. ഇരകളുടെ പരാതി ലഭിക്കാതെ ഇടപെടാനാവില്ലെന്ന് കോടതി അശ്വനികുമാറിനെ ഓര്‍മിപ്പിക്കുകയും ചെയ്തതാണ്. എല്ലാവര്‍ക്കും ബാധകമായ ഒരു പൊതുനിയമം കൊണ്ടുവരണമെന്ന് പാര്‍ലമെന്റിനോടാവശ്യപ്പെടാന്‍ സുപ്രിംകോടതിക്ക് അധികാരമില്ലെന്ന് അറിഞ്ഞുകൊണ്ട് ഇത്തരം ഹരജികളുമായിവരുന്ന അശ്വനികുമാറിനെപ്പോലുള്ളവരെ വ്യവഹാരങ്ങളില്‍നിന്ന് വിലക്കേണ്ടതുണ്ട്.
മുസ്‌ലിം സ്ത്രീകള്‍ വിവേചനമനുഭവിക്കുന്നുണ്ടെങ്കില്‍ അത്തരം പരാതികളുമായി ആരെങ്കിലും നിങ്ങളെ സമീപിച്ചിട്ടുണ്ടോ എന്ന് അന്ന് കോടതി ചോദിച്ചപ്പോള്‍ അശ്വനികുമാറിന് ഉത്തരമുണ്ടായിരുന്നില്ല. സിവില്‍കോഡ് വിഷയങ്ങളില്‍ ഇടപെടാനാവില്ലെന്ന് 21 വര്‍ഷം മുമ്പ് സുപ്രിംകോടതി വ്യക്തമാക്കിയതുമാണ്. അതും മറന്നിട്ടായിരിക്കില്ല അശ്വനികുമാറിന്റെ നിരന്തരമായ കോടതി ഇടപെടല്‍.

സവര്‍ണ രാഷ്ട്രീയബോധം രൂപപ്പെടുത്തിയ ‘ന്യൂനപക്ഷ പ്രീണന’മെന്ന അപവാദ പ്രചാരണത്തിന് നിയമത്തിന്റെ സാധുത തേടുകയാണ് ഇതുവഴി ബി.ജെ.പി. ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് അനുവദിച്ച സംവരണവും അവകാശങ്ങളും ന്യൂനപക്ഷ പ്രീണനമെന്ന കുപ്രചാരണം നടത്തി അട്ടിമറിച്ചു സവര്‍ണ വര്‍ഗീയ രാഷ്ട്രീയക്കാര്‍. സംവരണ സമുദായങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെട്ടിട്ടുണ്ടെന്ന് ഒന്നാം യു.പി.എ സര്‍ക്കാര്‍ നിയമിച്ച സച്ചാര്‍ കമ്മിഷന്‍ കണ്ടെത്തിയതാണ്. 2000ത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ കേരളത്തില്‍ നിയോഗിച്ച നരേന്ദ്രന്‍ കമ്മിഷനും ഇതു കണ്ടെത്തി. ഇതു പരിഹരിക്കാന്‍ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് വേണമെന്ന കമ്മിഷനുകളുടെ ആവശ്യം വനരോദനമായി കലാശിച്ചു.

ന്യൂനപക്ഷ, പിന്നാക്ക സംവരണം അട്ടിമറിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ മുന്നാക്ക സംവരണത്തിന്റെ ചൂടാറുംമുമ്പെ ന്യൂനപക്ഷാവകാശങ്ങള്‍ നിര്‍വചിക്കണമെന്ന ആവശ്യവുമായി വീണ്ടും ബി.ജെ.പി ഇറങ്ങിപ്പുറപ്പെട്ടത് മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളെ അരികുവല്‍ക്കരിക്കുന്നതിന്റെ ഭാഗമായിട്ടു വേണം കാണാന്‍.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.