2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ ഭീതിയിലെന്ന് അമേരിക്ക

ഹാദിയായുടെ വിവാഹവും ഘര്‍വാപസി പീഡനകേന്ദ്രങ്ങളും യു.എസ് റിപ്പോര്‍ട്ടില്‍

 

വാഷിങ്ടണ്‍: ഹിന്ദു ദേശീയവാദികള്‍ നടത്തുന്ന ആക്രമണങ്ങള്‍ കാരണം ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെയും പൗരാവകാശ പ്രവര്‍ത്തകരുടെയും ജീവിതസാഹചര്യം കൂടുതല്‍ പ്രതിസന്ധിയിലായി വരികയാണെന്ന് അമേരിക്കന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ ആരാധനലായങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ ഹിന്ദുദേശീയവാദികള്‍ ആക്രമണം നടത്തിവരികയാണ്.
കന്നുകാലി കശാപ്പിന്റെ പേരില്‍ ചില വിഭാഗങ്ങള്‍ക്കു നേരെ, പ്രത്യേകിച്ച് മുസ്‌ലിംകള്‍ക്കു നേരെ ആക്രമണം നടത്തുന്നവരെ സര്‍ക്കാര്‍ കുറ്റവിചാരണനടത്തി ശിക്ഷിക്കുന്നില്ല. ജുനൈദ്, പെഹ്‌ലുഖാന്‍ ഉള്‍പ്പെടെയുള്ളവരുടെ കൊലപാതകങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ ആക്രമണങ്ങളെ തള്ളിപ്പറയുമെങ്കിലും പ്രാദേശികനേതാക്കള്‍ അതിനെ പിന്തുണയ്ക്കുകയും കൂടുതല്‍ അക്രമത്തിന് ആഹ്വാനംചെയ്യുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുകയുമാണെന്ന് വിവിധ ന്യൂനപക്ഷമതനേതാക്കള്‍ പറയുന്നതായും റിപ്പോര്‍ട്ടിലുണ്ട്. രാജ്യാന്തര മതസ്വാതന്ത്ര്യം എന്ന പേരില്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ ആണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
വിവിധ രാജ്യങ്ങളിലെ മതസ്വാതന്ത്ര്യം സംബന്ധിച്ചു വിവരിക്കുന്ന റിപ്പോര്‍ട്ട് വര്‍ഷാവര്‍ഷവും സെനറ്റിനു മുന്നില്‍ അവതരിപ്പിക്കാറുണ്ട്. മതസ്വാതന്ത്ര്യം സംബന്ധിച്ച് ജൂലൈ 24, 25 തിയതികളില്‍ അമേരിക്കയില്‍ ലോകരാഷ്ട്രനേതാക്കളുടെ സമ്മേളനം വിളിക്കുമെന്നും റിപ്പോര്‍ട്ട് പ്രകാശനം ചെയ്ത് മൈക് പോംപിയോ പറഞ്ഞു.
പശു സംരക്ഷണത്തിന്റെ മറവില്‍ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച് കഴിഞ്ഞ ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദലിത്, മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ അരക്ഷിതാവസ്ഥ നേരിടുകയാണെന്ന ഓഗസ്റ്റ് ഏഴിലെ അന്നത്തെ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയും നടത്തിയ പരാമര്‍ശങ്ങളും റിപ്പോര്‍ട്ടില്‍ ഉദ്ധരിക്കുന്നു. ഹാമിദ് അന്‍സാരിയുടെ പ്രസംഗത്തിനെതിരേ സംഘ്പരിവാര്‍ സംഘടനകള്‍ രംഗത്തുവരികയുണ്ടായി.
2017ലെ ആദ്യ ആറുമാസം ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണം സംബന്ധിച്ച് 410 കേസുകളാണ് റിപ്പോര്‍ട്ട്‌ചെയ്തത്. കഴിഞ്ഞവര്‍ഷം ജനുവരി മുതലുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുപ്രകാരം 296 വര്‍ഗീയ സംഘര്‍ഷങ്ങളാണുണ്ടായത്. ഇതില്‍ 44 പേര്‍ മരിക്കുകയും 892 പേര്‍ക്ക് പരുക്കേല്‍ക്കുകയുമുണ്ടായി. കേന്ദ്രസര്‍ക്കാര്‍ മുസ്‌ലിംവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ന്യൂനപക്ഷപദവികള്‍ എടുത്തുകളയുകയാണ്.
ഇന്ത്യയിലെ ദേശീയമനുഷ്യാവകാശ കമ്മിഷന്റെയും ന്യൂനപക്ഷമന്ത്രാലയത്തിന്റെയും പ്രവര്‍ത്തനങ്ങളെ റിപ്പോര്‍ട്ട് അവലോകനം ചെയ്യുന്നുമുണ്ട്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ സംബന്ധിച്ച യഥാര്‍ഥ കണക്കുകള്‍ ഇന്ത്യയിലെ ഏജന്‍സികള്‍ പുറത്തുവിടുന്നില്ലെന്നും കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ട്, ഉദാഹരണമായി കൈരാനയില്‍ 2013ലുണ്ടായ കലാപത്തിന് കാരണക്കാര്‍ മുസ്‌ലിംകളാണെന്ന വിധത്തിലുള്ള മനുഷ്യാവകാശ കമ്മിഷന്റെ നിരീക്ഷണവും ചൂണ്ടിക്കാട്ടി.
ആരെങ്കിലും പശുവിനെ കൊല്ലുകയാണെങ്കില്‍ ആ വ്യക്തിയെ തൂക്കിലേറ്റുമെന്നുള്ള ഛത്തിസ്ഗഡ് മുഖ്യമന്ത്രി രമണ്‍സിങ്ങിന്റെ പ്രസ്താവനയും ഇന്ത്യയെ ക്രൈസ്തവ രാജ്യമാക്കാനാണ് മദര്‍ തെരേസ ശ്രമിച്ചതെന്ന യു.പി മുഖ്യമന്ത്രി യോഗിആദിത്യനാഥിന്റെ പ്രസംഗവും റിപ്പോര്‍ട്ട് എടുത്തുപറയുന്നു.
റിപ്പോര്‍ട്ടില്‍ കേരളത്തിലെ കേസുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വന്തം ഇഷ്ടപ്രകാരം മതംമാറി മുസ്‌ലിംയുവാവിന്റെ കൂടെ പോകാന്‍ ആഗ്രഹിച്ച യുവതിയുടെ വിവാഹം കേരളാ ഹൈക്കോടതി റദ്ദാക്കുകയുണ്ടായി. അവരെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടെന്നും പിന്നീട് സുപ്രിംകോടതി ഇടപെട്ട് യുവതിയെ ഭര്‍ത്താവിന്റെ കൂടെ വിടുകയായിരുന്നുവെന്നും ഹാദിയാ കേസ് ചൂണ്ടി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.