2020 June 04 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ന്യൂനപക്ഷങ്ങള്‍ക്കും പറയാനുണ്ട്

എന്‍. അബു

 

 

ഇക്കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിനു മുന്‍പായി ഇലക്ട്രോണിക്‌സ് കമ്പനിക്കാര്‍ നിര്‍മിച്ചു നല്‍കിയ 20 ലക്ഷം വോട്ടിങ് യന്ത്രങ്ങള്‍ നഷ്ടപ്പെട്ടു എന്നതിന്റെ ഔദ്യോഗിക വിശദീകരണം വരാനിരിക്കുന്നേയുള്ളൂ. എന്നാല്‍ 1984ല്‍ 543 അംഗ ലോക്‌സഭയില്‍ രണ്ടംഗങ്ങള്‍ മാത്രമുണ്ടായിരുന്ന ഭാരതീയ ജനതാപാര്‍ട്ടി, ഇന്നു 303 അംഗ പിന്‍ബലത്തോടെ നാട് ഭരിക്കുന്നു. കോടികള്‍ വാരിവിതറി ബാലറ്റ് യുദ്ധം ജയിച്ച എന്‍.ഡി.എ ഇന്ദ്രപ്രസ്ഥം ഭരിക്കാന്‍ ഒരിക്കല്‍ക്കൂടി നരേന്ദ്രമോദിയെ എതിരില്ലാതെ തെരഞ്ഞെടുത്തു. കേരളത്തില്‍ മത്സരിച്ച 20 സീറ്റിലും എന്‍.ഡി.എ പരാജയപ്പെട്ടപ്പോഴും അവര്‍ ഊറ്റം കൊണ്ടത് ഈ കൊച്ചു സംസ്ഥാനത്തും തങ്ങള്‍ 32 ലക്ഷം വോട്ട് പിടിച്ചുവെന്നാണ്.
ജനവിധി തേടിയ 20 സീറ്റുകളില്‍ പതിമൂന്നിടങ്ങളില്‍ ജാമ്യസംഖ്യ നഷ്ടപ്പെട്ടതൊന്നും അവര്‍ ഒരു പരാജയമായി കണക്കാക്കുന്നില്ല. സ്ഥാപകനായ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് മെംബര്‍ഷിപ്പ് ഡ്രൈവില്‍ അത് ഇരട്ടിയാക്കി 30 ലക്ഷത്തിലെത്തിക്കുമെന്നാണവര്‍ അണികളെ ആശ്വസിപ്പിക്കുന്നതും.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലും കോണ്‍ഗ്രസിലും എടുക്കാചരക്കായിരുന്ന കണ്ണൂരിലെ എ.പി അബ്ദുല്ലക്കുട്ടി മുതല്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്ന ഡോ. എം. അബ്ദുസ്സലാം, ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ബി. മാധവന്‍നായര്‍, കേരള പബ്ലിക് സര്‍വിസ് കമ്മിഷന്‍ മുന്‍ അധ്യക്ഷന്‍ ഡോ. കെ.എസ് രാധാകൃഷ്ണന്‍ വരെ പലരേയും അവര്‍ പിടികൂടി മെംബര്‍മാരാക്കിയിട്ടുണ്ടെങ്കിലും, കേരളത്തിന്റെ സെകുലര്‍ മനസ് ഇനിയും ബി.ജെ.പിയെ അംഗീകരിക്കാനിരിക്കുന്നേയുള്ളു. ഐ.എ.എസ് വിട്ട് ഇടത് മുന്നണിയോട് ആഭിമുഖ്യം കാണിച്ച് ഒടുവില്‍ മഞ്ഞപ്പടയോടൊപ്പം ചേര്‍ന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തെപ്പോലുള്ളവരെ ഒടുവില്‍ കേന്ദ്രമന്ത്രിസ്ഥാനത്തുനിന്നു തന്നെ ബി.ജെ.പി വലിച്ചു പുറത്തിടുകയും ചെയ്തു.
മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി, ഒരിക്കല്‍കൂടി ഡല്‍ഹി ഭരിക്കാന്‍ ഇറങ്ങവേ, നരേന്ദ്രമോദി പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.പിമാരോട് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞ കാര്യം ശ്രദ്ധേയമായിരുന്നു. ഏതൊരുനാടും അഭിമാനിക്കുന്ന പ്രധാനമന്ത്രിയുടെ ശബ്ദമായിരുന്നു അത്. പാര്‍ട്ടിയല്ല തെരഞ്ഞെടുപ്പ് ജയിച്ചതെന്നും ജനങ്ങളാണെന്നും പറഞ്ഞ മോദി, നാട്ടിലെ ന്യൂനപക്ഷങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ എം.പിമാരോട് ആഹ്വാനം ചെയ്യുകയുണ്ടായി.
എന്നാല്‍ സത്യപ്രതിജ്ഞാവേളയിലെ ജയ് ശ്രീറാം വിളികള്‍ കേട്ട ആവേശത്തിലാവണം, പിറ്റേന്നുതന്നെ മധ്യപ്രദേശിലെ ശിവാന്നിയില്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന മുസ്‌ലിം ദമ്പതികള്‍ ആക്രമിക്കപ്പെട്ടു. മറ്റൊരു മതക്കാര്‍ക്കും ബാധകമല്ലാത്തവിധം മുത്വലാഖ് നിരോധനമെന്നപേരില്‍ വിവാഹമോചിതരാകുന്ന മുസ്‌ലിം ഭര്‍ത്താക്കന്മാരെ ജയിലിലടക്കാനുള്ള ക്രിമിനല്‍ നിയമവും പാസാക്കി.
രാജ്യത്ത് 135 കോടി വരുന്ന ഇന്ത്യന്‍ ജനസംഖ്യയില്‍ എണ്‍പത് ശതമാനത്തോളം പേര്‍ ഹിന്ദുക്കളാണ്. മുസ്‌ലിംകള്‍ 14.2 ശതമാനം മാത്രം. ക്രൈസ്തവര്‍ 2.3 ശതമാനം, സിക്കുകാര്‍ 1.7 ശതമാനവും. ബുദ്ധമതക്കാര്‍, ജൈനന്മാര്‍, പാര്‍സികള്‍, ജൂതര്‍ തുടങ്ങി സഹായികള്‍വരെ വേറെയും. ശതമാനക്കണക്കില്‍ ഇന്ത്യയില്‍ ഇസ്‌ലാം മതവിശ്വാസികളുടെ എണ്ണം ഏറെ കുറവാണെങ്കിലും അത് 17 കോടിവരും. 21 കോടി മുസ്‌ലിംകളുള്ള ഇന്തോനേഷ്യ കഴിഞ്ഞാല്‍ ഇന്ത്യ രണ്ടാം സ്ഥാനത്തുണ്ട്. ഇസ്‌ലാമിക രാഷ്ട്രമെന്ന് സ്വയം പ്രഖ്യാപിച്ച പാകിസ്താനേക്കാളും മുകളില്‍. സഊദി അറേബ്യയുടെ മൊത്തം ജനസംഖ്യയേക്കാള്‍ ഏറെ കൂടുതല്‍.
എന്ത് ഉടുക്കണമെന്നും ഉണ്ണണമെന്നുമൊക്കെ നാഗ്പൂര്‍ ആസ്ഥാനമായ ആര്‍.എസ്.എസ് കേന്ദ്രത്തില്‍നിന്ന് നിര്‍ദേശിക്കപ്പെടുന്നു. മനുഷ്യനേക്കാള്‍ വില പശുവിനാണെന്നു വിശ്വസിക്കുന്ന കുറേ ആളുകള്‍ നാട്ടിലുണ്ടെന്നത് നേര്. അവര്‍ ആവശ്യപ്പെടുന്നതാകട്ടെ അതൊന്നും അംഗീകരിക്കാത്തവര്‍ ഇന്ത്യവിട്ടുപോകണമെന്നുമാണ്. ഇക്കൂട്ടരാകട്ടെ, വൈദേശികാധിപത്യത്തില്‍ നിന്നുള്ള നാടിന്റെ മോചനത്തിനായി ഒരുപങ്കും വഹിക്കാത്തവരും. തങ്ങള്‍ പറയുന്നത് കേള്‍ക്കാത്തവര്‍ ഇന്ത്യക്കാരല്ലെന്നാണ് അവര്‍ ആക്രോശിക്കുന്നത്. എന്നാല്‍ ഏത് രാജ്യത്തായാലും ഇസ്‌ലാംമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം രാജ്യസ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്ന് അവര്‍ മനസിലാക്കുന്നില്ല. മുസ്‌ലിം രാജ്യമായ സഊദി അറേബ്യ തന്നെ ആക്രമണത്തിനു വന്നാലും പൊരുതി മരിക്കാന്‍ സന്നദ്ധമാവുന്ന വിശ്വാസപ്രമാണമാണ് അവരുടേത്.
ഇടക്ക് ഘര്‍വാപസി എന്ന പ്രചാരണവുമായി ഇറങ്ങിയ സംഘ്പരിവാര്‍ ഇന്ത്യയില്‍ ജനസംഖ്യ വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇതരമതവിഭാഗക്കാരെന്നു പ്രചരിപ്പിക്കുന്നു. എന്നാല്‍ 800 വര്‍ഷം മുസ്‌ലിം ചക്രവര്‍ത്തിമാര്‍ ഇവിടെ ഭരണം നടത്തിയിട്ടും ഇസ്‌ലാം മതവിഭാഗം ഇവിടെ ന്യൂനപക്ഷമാണ്. മുഹമ്മദ് ഗോറി മുതല്‍ ബഹദൂര്‍ഷാ വരെയും മംലുക്ക് ഖില്‍ജ്, തുഗ്ലക്ക്, ലോധി.. തുടങ്ങിയ രാജാക്കന്മാര്‍ വരെയും നൂറ്റാണ്ടുകളാണ് ഇവിടെ മുസ്‌ലിം ഭരണമുണ്ടായത്. ഒന്നോ രണ്ടോ പേരെ ഒഴിച്ചു നിര്‍ത്തിയാല്‍ നൂറ്റാണ്ടുകള്‍ ഭരിച്ച മുസ്‌ലിം രാജാക്കന്മാര്‍ ആരും തന്നെ ബ്രിട്ടീഷുകാരോ പോര്‍ച്ചുഗീസുകാരോ ഫ്രഞ്ചുകാരോ ചെയ്തപോലെ ഇവിടത്തെ സ്വത്തുക്കളൊന്നും വിദേശത്തേക്ക് കട്ടുകടത്തിയിരുന്നുമില്ല.
ആ നീണ്ട സാമ്രാജ്യത്വ ഭരണകാലത്തും സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതി മരിച്ച പതിനായിരങ്ങളെ സംഭാവന ചെയ്ത മതവിഭാഗമാണ് മുസ്‌ലിംകള്‍. ഇത് ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രശസ്ത എഴുത്തുകാരനായ ഖുഷ്വന്ത് സിങ് എഴുതിവച്ചു: രക്തസാക്ഷികളായ 95,300 ആളുകളുടെ പേരുകള്‍ രേഖപ്പെടുത്തിവച്ചിരിക്കുന്ന ഡല്‍ഹിയിലെ ഇന്ത്യാഗേറ്റില്‍ 61,945 എണ്ണവും മുസ്‌ലിം നാമങ്ങളാണ്. മഹാത്മജി ബ്രിട്ടീഷ് സര്‍ക്കാരിനെതിരേ മദ്യനിരോധനസമരം ആരംഭിച്ചപ്പോള്‍ ആദ്യമായി പങ്കെടുത്ത 19പേരില്‍ പത്തുപേര്‍ മുസ്‌ലിംകളായിരുന്നു. ആദ്യമായി തൂക്കിലേറ്റപ്പെട്ടവരില്‍ ഒരാള്‍ മൗലവി അഹമദുല്ലാ ഷാ ആയിരുന്നു. നേതാജി സുഭാഷ് ചന്ദ്രബോസ് 19 പേരുള്ള ഐ.എന്‍.എ മന്ത്രിസഭ രൂപവല്‍ക്കരിച്ചപ്പോള്‍ അഞ്ചുപേര്‍ മുസ്‌ലിംകള്‍ ആയിരുന്നു. ആദ്യത്തെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരപതാക രൂപകല്‍പ്പന ചെയ്തത് സുരയ്യാ തയ്ബ്ജി ആയിരുന്നു. ത്സാന്‍സി റാണി ലക്ഷ്മിബായിയെ വിസ്മരിക്കാന്‍ കഴിയാത്ത ഇന്ത്യയില്‍ ഒരു ചാന്ദ്ബീബിയും വൈദേശിക ഭരണത്തിനെതിരേ പോരാടാനിറങ്ങിയിരുന്നു.
സാരെ ജഹാന്‍സെ അച്ഛാ, ഹിന്ദുസ്ഥാന്‍ ഹമാരാ എന്നു പാടിത്തന്നത് അല്ലാമാ മുഹമ്മദ് ഇക്ബാല്‍ ആയിരുന്നു. ക്വിറ്റ് ഇന്ത്യ എന്ന മുദ്രാവാക്യം സൃഷ്ടിച്ചത് യൂസുഫ് മെഹറലി ആയിരുന്നു. ജയ്ഹിന്ദ് എന്ന മുദ്രാവാക്യം സമ്മാനിച്ചത് ആബിദ് ഹസന്‍ സഫറാനി എന്ന സ്വതന്ത്ര്യസമര ഭടനായിരുന്നു. ഇങ്ക്വിലാബ് സിന്ദാബാദ് ഹസ്രത്ത് മൊഹാനിയുടെ സൃഷ്ടിയാണ്. തടങ്കലിലാക്കിയ ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞ് ഇറങ്ങിയ സംഘ്പരിവാര്‍ നേതാവിന്റെ അനുയായികള്‍ക്ക് അതൊന്നും അറിയില്ല.
ആദരണീയനായ മോദി ജീ, താങ്കള്‍ മുസ്‌ലിം ജനകോടികളുടെയും പ്രിയങ്കരനായ പ്രധാനമന്ത്രി ആവണമെങ്കില്‍ സഊദി അറേബ്യയുടെയും യു.എ.ഇയുടെയും ബഹുമതികള്‍ സ്വീകരിച്ചത് കൊണ്ടുമാത്രമായില്ല. കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേ വ്യാപകമായ അക്രമണങ്ങള്‍ നടന്നതായ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട് വായിക്കണം. തന്റെ മുന്‍ഗാമിയായ അടല്‍ബിഹാരി വാജ്‌പേയി നടത്തിയപോലെ റമദാന്‍ കാലത്ത് ഒരു ഇഫ്താര്‍ നടത്താന്‍ താങ്കള്‍ക്ക് പ്രയാസമുണ്ടാകാം. മുസ്‌ലിം തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ വെള്ളത്തൊപ്പി ധരിക്കുന്ന ആചാരമര്യാദ പാലിക്കാനും താങ്കള്‍ക്ക് വിഷമമുണ്ടാകാം. എന്നാല്‍ പാവപ്പെട്ട ദരിദ്രകോടികള്‍ തങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമായ ഭാഷ സംസാരിക്കുന്നതിനും വസ്ത്രം ധരിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമൊക്കെ എതിരേ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ പിടിച്ചുകെട്ടാന്‍ സാധിക്കാത്തിടത്തോളം കാലം മോദി ജീ ഞങ്ങള്‍ക്കു താങ്കളുടെ ഭരണത്തെ വിശ്വസിക്കാന്‍ പ്രയാസമുണ്ട്.
മോദി ജീ, ഞങ്ങള്‍ ആവര്‍ത്തിക്കുന്നു. താങ്കള്‍ ഞങ്ങളുടെകൂടി പ്രധാനമന്ത്രിയാണ്. സ്വതന്ത്ര ഇന്ത്യയുടെ പതിനഞ്ചാമത്തെ ഭരണാധികാരി ആണ്. പോളിങ് യന്ത്രങ്ങളില്‍ തിരിമറികള്‍ നടന്നുവെന്ന ആരോപണം നിലനില്‍ക്കുമ്പോഴും അറുപതിനായിരം കോടി രൂപ ചെലവാക്കി നടന്ന തെരഞ്ഞെടുപ്പില്‍ ആ ചെലവിലേക്ക് വിഹിതം നല്‍കിയ ഒരു വലിയ ന്യൂനപക്ഷത്തിന്റെ അഭ്യര്‍ഥനയാണിതെന്നു രേഖപ്പെടുത്തട്ടെ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.