2018 August 17 Friday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

വാടകക്കരാറുകള്‍ ഇനി ഓണ്‍ലൈന്‍ വഴി

നിസാര്‍ കലയത്ത്

 

ജിദ്ദ: സഊദിയില്‍ ഇനിമുതല്‍ വാടകക്കരാറുകള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം. ഇജാര്‍ എന്ന ഓണ്‍ലൈന്‍ സംവിധാനമാണ് ഇതിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പുതിയ കരാറുകള്‍ക്കാണ് നിയമം ബാധകമാവുക. ഇതുപ്രകാരം പ്രതിമാസ വാടകയും ഇനി ഓണ്‍ലൈന്‍ വഴി അടയ്ക്കാം. രാജ്യത്തെ നീതിന്യായ വകുപ്പിന്റെയും ഭവന മന്ത്രാലയത്തിന്റെയും നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.

റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്ള തട്ടിപ്പുകളും ഇടനിലക്കാരുടെ അനധികൃത ഇടപാടുകളും ഒഴിവാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പുതിയ പദ്ധതി പ്രാബല്യത്തിലാവുന്നതോടെ വിവിധ പ്രദേശങ്ങളില്‍ വാടകയ്ക്ക് ഏകീകൃത രീതിയും നിലവില്‍വരും.

സഊദിയില്‍ ഇരുപത്തിയഞ്ച് ലക്ഷത്തോളം വാടക പാര്‍പ്പിടങ്ങളുണ്ട്. നിലവിലെ രീതിയനുസരിച്ച് ബ്രോക്കര്‍മാര്‍ വഴിയാണ് വീടുകളും കെട്ടിടങ്ങളും വാടകയ്ക്ക് കൊടുക്കുന്നത്.

ഇതുപ്രകാരം രജിസ്‌ട്രേഷന്‍ ഫീസിനു പുറമെ ഇടനിലക്കാരനുള്ള പണവും ഉപഭോക്താവ് നല്‍കണം. ഇജാര്‍ സംവിധാനം വഴി ഇതിന് ഏകീകരണം കൊണ്ടുവരും. ഇതോടെ ഓരോ പ്രദേശങ്ങള്‍ക്കനുസരിച്ച് മാസവാടക മാറും. കുത്തനെയുള്ള നിരക്ക് സാധാരണ നിരക്കിലേക്ക് എത്തിച്ചേരുകയും ചെയ്യും.

ഇതിനുപുറമെ ഫാമിലിക്കും ബാച്ചിലേഴ്‌സിനും നല്‍കുന്ന റൂമുകളുടെ വിലയിലും മാറ്റമുണ്ടാകും. താമസ ആവശ്യത്തിനുള്ള കെട്ടിടങ്ങളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് 250 റിയാലാണ് ഫീസ്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ളതിന് 400 റിയാലും.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.