2018 February 17 Saturday
എല്ലാവരും ഒരുപോലെ കഴിവുള്ളവരാകണമെന്നില്ല. എന്നാല്‍, സ്വന്തം കഴിവുകളെ വികസിപ്പിച്ചെടുക്കാനുള്ള അവസരം ഏവര്‍ക്കും ഒരുപോലെയാണ്.
എ.പി.ജെ അബ്ദുല്‍ കലാം

ആഴ്ച്ചയില്‍ അഞ്ചു ദിവസമെങ്കിലും തലസ്ഥാനത്തുണ്ടാവണം: മന്ത്രിമാര്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ആഴ്ചയില്‍ അഞ്ചു ദിവസം മന്ത്രിമാര്‍ തിരുവനന്തപുരത്തെ ഓഫിസുകളില്‍ ഉണ്ടായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്വാറം തികയാതെ മന്ത്രിസഭാ യോഗം മാറ്റിവെക്കേണ്ടിവന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഈ കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം, മന്ത്രിസഭയിലെ 13 പേര്‍ എത്താത്തതിനെ തുടര്‍ന്ന് ക്വാറം തികയാതെ പിരിയുകയായിരുന്നു. കാലാവധി അവസാനിക്കുന്ന ഓര്‍ഡിനന്‍സുകള്‍ വീണ്ടും പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനാണ് പ്രത്യേക മന്ത്രിസഭായോഗം വിളിച്ചിരുന്നത്.

ഭൂരിപക്ഷ തീരുമാനം വന്നാലേ ഓര്‍ഡിനന്‍സില്‍ തീരുമാനം എടുക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ 19 അംഗ മന്ത്രിസഭയില്‍ 13 പേരും എത്താതിരുന്നത് തടസമായി.

മുഖ്യമന്ത്രി പിണറായി വിജയനെക്കൂടാതെ മന്ത്രിമാരായ എ.കെ.ശശിന്ദ്രന്‍, തോമസ് ഐസക്, എം.എം.മണി, മാത്യു ടി.തോമസ്, എ.കെ.ബാലന്‍ എന്നിവരാണ് യോഗത്തിനെത്തിയത്. സി.പി.എം മന്ത്രിമാരായ ടി.പി.രാമകൃഷ്ണന്‍, കടകംപള്ളി സുരേന്ദ്രന്‍, ജി.സുധാകരന്‍, ജെ.മേഴ്‌സിക്കുട്ടിയമ്മ, എ.സി.മൊയ്തീന്‍, പ്രൊഫ. സി.രവീന്ദ്രനാഥ്, കെ.കെ.ശൈലജ എന്നിവര്‍ യോഗത്തിനെത്തിയില്ല. നാല് സി.പി.ഐ മന്ത്രിമാരും യോഗത്തില്‍ എത്തിയിരുന്നില്ല.

അതേസമയം, ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭ യോഗത്തില്‍ 10 ഓര്‍ഡിനന്‍സുകള്‍ പുതുക്കാന്‍ ഗവര്‍ണര്‍ക്കു ശുപാര്‍ശ നല്‍കാനും തീരുമാനമായി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.