2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

സഊദിക്കെതിരെ നടന്നത് ഇറാന്റെ യുദ്ധാഹ്വാനമെന്ന് മൈക്ക് പോംപിയോ; യു.എസ് സ്‌റ്റേറ്റ് സെക്രട്ടറിയുടെ സഊദി ഭരണാധികാരികളുമായുള്ള സന്ദര്‍ശനം തുടരുന്നു

റിയാദ്: സഊദി ദേശീയ എണ്ണ കമ്പനിയായ അരാംകോയുടെ ഏറ്റവും വലിയ എണ്ണ ഉല്‍പാദക കേന്ദ്രത്തിനു നേരെ നടന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണം ഇറാന്‍ നടത്തിയ യുദ്ധമാണെന്നും തെളിവുകള്‍ ഇതാണ് വ്യക്തമാക്കുന്നതെന്നും ഗള്‍ഫ് സന്ദര്‍ശനം നടത്തുന്ന അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ.

സംശയരഹിതമായി തന്നെ ഇത് ഇറാന്‍ സ്‌പോണ്‍സര്‍ ചെയ്തതാണെന്ന് വ്യക്തമായതായും അദ്ദേഹം പറഞ്ഞു. സഊദിക്കെതിരെ നടന്ന ശക്തമായ ആക്രമണത്തിന് ശേഷം സ്ഥിതി ഗതികള്‍ വിലയിരുത്തയാനായി സഊദിയിലെത്തിയതായിരുന്നു അദ്ദേഹം. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

സഊദി എണ്ണക്കമ്പനി ആക്രമിച്ച ഇറാന്‍ നടപടിക്കെതിരെ ശിക്ഷ നല്‍കാതെ ഇനി അടങ്ങിയിരിക്കില്ല. സ്വയം പ്രതിരോധിക്കാനായി സഊദിക്കൊപ്പം അമേരിക്ക നിലകൊള്ളും. ഇറാനിയന്‍ ഭരണകൂടത്തിന്റെ ഭീഷണിപ്പെടുത്തുന്ന പെരുമാറ്റം അനുവദിക്കില്ല. അദ്ദേഹം കൂടിക്കാഴ്ചക്ക് ശേഷം ട്വീറ്റ് ചെയ്തു. ആക്രമണത്തില്‍ അന്താരാഷ്ട്ര പരിശോധനക്ക് സഊദി നടത്തുന്ന മുഴുവന്‍ നീക്കങ്ങളെയും അമേരിക്ക പിന്തുണക്കും. അദ്ദേഹം പറഞ്ഞു.

പ്രതിരോധ ഉപമന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, കേന്ദ്ര മന്ത്രി ഡോ. മുസാഇദ് അല്‍ ഐബാന്‍, സഊദിയിലെ അമേരിക്കന്‍ അംബാസിഡര്‍ ജോണ്‍ അബാസൈഡ് തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് സഊദി വിദേശ കാര്യ മന്ത്രി ഇബ്രാഹീം അല്‍ അസ്സാഫുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. സഊദി സന്ദര്‍ശനത്തിന് ശേഷം മൈക്ക് പോംപിയോ യു.എ.ഇ സന്ദര്‍ശനത്തിനായി വൈകീട്ട് അബൂദബിയിലെത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.