2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മഹാത്മാഗാന്ധി സര്‍വകലാശാലയിലെ കോഴ്‌സുകളെ കുറിച്ചറിയേണ്ടതെല്ലാം

 

പ്ലസ് ടുവിന് ശേഷം ഏതു ബിരുദ പ്രോഗ്രാം തെരഞ്ഞെടുക്കണമെന്ന ആശങ്ക പലപ്പോഴും വിദ്യാര്‍ഥികളെ അലട്ടാറുണ്ട്. വിദ്യാര്‍ഥിക്ക് വിഷയത്തിലുള്ള അഭിരുചിയാണ് പ്രധാനം. ജോലി, ഗവേഷണ സാധ്യതകള്‍ കൂടി പരിഗണിച്ചാണ് മിക്കവരും പ്രോഗ്രാം തെരഞ്ഞെടുക്കുക. പരമ്പരാഗത പ്രോഗ്രാമുകള്‍ക്കൊപ്പം (കോഴ്‌സ്) നൂതനവിഷയങ്ങളിലുള്ള വിവിധ പ്രോഗ്രാമുകളും തെരഞ്ഞെടുക്കാവുന്നതാണ്. ബിരുദതലത്തില്‍ പരമ്പരാഗത പ്രോഗ്രാമുകളോടുള്ള പ്രിയം കുറഞ്ഞിട്ടില്ലെന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പരമ്പരാഗത പ്രോഗ്രാമുകള്‍ക്കാണ് അപേക്ഷകര്‍ കൂടുതല്‍ മൂന്നുവര്‍ഷമാണ് ഡിഗ്രി പ്രോഗ്രാമുകളുടെ പഠന കാലയളവ്. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നൂതന വിഷയങ്ങളിലടക്കം വിവിധ പ്രോഗ്രാമുകള്‍ ലഭ്യമാണ്. എം.ജി. സര്‍വകലാശാല അഫിലിയേറ്റഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്‌കോളജുകള്‍ മുഖേന ബിരുദതലത്തില്‍ 130 വിവിധ ആര്‍ട്‌സ് സയന്‍സ് ആന്‍ഡ് കൊമേഴ്‌സ് പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം നടത്തുന്നത്. മൊത്തം 57,009 ബിരുദ സീറ്റുകളാണുള്ളത്. സര്‍വകലാശാലയുടെ ഏകജാലക സംവിധാനമായ കേന്ദ്രീകൃത പ്രവേശന സംവിധാനം (ക്യാപ്) വഴിയാണ് സീറ്റ് അലോട്ട്‌മെന്റ് നടക്കുക. ക്യാപിലൂടെ 32,264 സീറ്റിലേക്കാണ് പ്രവേശനം. ഇതുകൂടാതെ 22,852 മാനേജ്‌മെന്റ് സീറ്റും 1,893 കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളുമുണ്ട്. സ്വയംഭരണ കോളജുകളിലേക്കുള്ള പ്രവേശനം അതത് കോളജുകള്‍ നേരിട്ടാണ് നടത്തുക.

ആര്‍ട്‌സ് വിഷയങ്ങളില്‍ ബാച്ചിലര്‍ ഡിഗ്രി

ബി.എ.യ്ക്ക് വിവിധ വിഷയങ്ങളില്‍ 40 കോഴ്‌സുകളുണ്ട്. പരമ്പരാഗത കോഴ്‌സുകള്‍ക്കു പുറമേ നൂതനമായ ഒട്ടേറെ കോഴ്‌സുകളുമുണ്ട്. മൊത്തം 11,071 സീറ്റാണുള്ളത്. ക്യാപ് 6,901, മാനേജ്‌മെന്റ് 3,131, കമ്മ്യൂണിറ്റി 639 എന്നിങ്ങനെയാണ് സീറ്റ്. ബി.എ. പ്രോഗ്രാമുകളില്‍ ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ്, മലയാളം വിഷയങ്ങള്‍ക്കാണ് കൂടുതല്‍ അപേക്ഷ ലഭിക്കാറുള്ളത്. അറബിക്, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, സംസ്‌കൃതം, സോഷ്യോളജി, തമിഴ് വിഷയങ്ങളും തെരഞ്ഞെടുക്കാം. തൊഴിലധിഷ്ഠിതമെന്ന നിലയില്‍ ബി.എ. വിഷ്വല്‍ ആര്‍ട്‌സ്(ഇന്റീരിയര്‍ ഡിസൈന്‍), വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, മള്‍ട്ടിമീഡിയ, ആനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ ഇഫക്ട്‌സ്, ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈന്‍, മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം പ്രോഗ്രാമുകളുണ്ട്. ബി.എ. ഇംഗ്ലീഷ് ലിറ്ററേച്ചറിനൊപ്പം കോപ്പി എഡിറ്റര്‍, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, ജേണലിസം, ടീച്ചിങ് വിഷയങ്ങളുള്‍പ്പെട്ട പ്രോഗ്രാമുകളുണ്ട്. കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം കൂടി ഉള്‍പ്പെട്ട ട്രിപ്പിള്‍ മെയിനും കമ്മ്യൂണിക്കേഷന്‍ ഉള്‍പ്പെട്ട ഡബിള്‍ മെയില്‍ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ പ്രോഗാമുകളുമുണ്ട്.

സയന്‍സില്‍ യു.ജി.

സയന്‍സ് വിഷയങ്ങളില്‍ സൈബര്‍ ഫോറന്‍സിക്, ജിയോളജി ആന്‍ഡ് വാട്ടര്‍മാനേജ്‌മെന്റ്, ഫുഡ് സയന്‍സ് ആന്‍ഡ് ക്വാളിറ്റി കണ്‍ട്രോള്‍, ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍ ആന്‍ഡ് ഡയറ്റിറ്റിക്‌സ്, അപ്പാരല്‍ ആന്‍ഡ് ഫാഷന്‍ ഡിസൈന്‍, ഹോട്ടല്‍ മാനേജ്‌മെന്റ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്പ്യൂട്ടര്‍ മെയിന്റനന്‍സ്, മൈക്രോബയോളജി, ബയോടെക്‌നോളജി എന്നീ നൂതന വിഷയങ്ങളടക്കം അടക്കം 41 ബി.എസ് സി. പ്രോഗ്രാമുകളുണ്ട്. ബി.എസ്സി.യ്ക്ക് 13,264 സീറ്റാണുള്ളത്. ക്യാപ് 8,261, മാനേജ്‌മെന്റ് 4,181, കമ്മ്യൂണിറ്റി ക്വാട്ട 822 എന്നിങ്ങനെയാണ് സീറ്റ്. ബോട്ടണി, കെമിസ്ട്രി, ഫിസിക്‌സ്, സുവോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, സൈക്കോളജി, മാത്തമാറ്റിക്‌സ്, ജിയോളജി വിഷയങ്ങളില്‍ പരമ്പരാഗത പ്രോഗ്രാമുകളുണ്ട്. ബോട്ടണിയില്‍ ബയോടെക്‌നോളജി കൂടി ഉള്‍പ്പെട്ട ഡബിള്‍ ഡിഗ്രി പ്രോഗ്രാമുണ്ട്. കെമിസ്ട്രിയില്‍ പെട്രോക്കെമിക്കല്‍സ്, ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി എന്നീ വിഷയങ്ങളിലും കോഴ്‌സുകളുണ്ട്. ഫിസിക്‌സില്‍ അപ്ലൈഡ് ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഇലക്ട്രോണിക് എക്യുപ്‌മെന്റ് മെയിന്റനന്‍സ് എന്നീ വിഷയങ്ങളിലും വിവിധ കോഴ്‌സുകള്‍ ലഭ്യമാണ്. സുവോളജിയില്‍ ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി ഉള്‍പ്പെടുന്ന ഡബിള്‍ മെയിന്‍ കോഴ്‌സും അക്വകള്‍ച്ചര്‍, മെഡിക്കല്‍ മൈക്രോബയോളജി എന്നീ വിഷയങ്ങളിലുള്ള കോഴ്‌സും പഠിക്കാം.

കൊമേഴ്‌സില്‍ ബിരുദം

എറെ അപേക്ഷകരുള്ള കോഴ്‌സാണ് ബി്.കോം. 16 വിവിധ പ്രോഗ്രാമുകളുള്ള ബി.കോമിനാണ് ഏറ്റവുമധികം സീറ്റ് 22,424. ക്യാപിലൂടെ 11,866 സീറ്റിലേക്കാണ് പ്രവേശനം. കൂടാതെ 10,249 മാനേജ്‌മെന്റ് സീറ്റും 309 കമ്മ്യൂണിറ്റി ക്വാട്ടയുമുണ്ട്. ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍, കോഓപ്പറേഷന്‍, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, മാര്‍ക്കറ്റിങ്, ട്രാവല്‍ ആന്‍ഡ് ടൂറിസം, ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, മാര്‍ക്കറ്റിങ്, ഓഫീസ് മാനേജ്‌മെന്റ് ആന്‍ഡ് സെക്രട്ടറിയല്‍ പ്രാക്ടീസ് എന്നീ വിഷയങ്ങളില്‍ ബി.കോ. ചെയ്യാം.

 

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

വിദ്യാര്‍ഥികളുടെ നൈപുണ്യശേഷി വികസിപ്പിക്കുക ലക്ഷ്യമിട്ടുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്കും അപേക്ഷിക്കാം. ബാച്ചിലര്‍ ഓഫ് വൊക്കേഷന്‍(ബി.വോക്) കോഴ്‌സുകളാണ് തെരഞ്ഞെടുക്കാവുന്നത്. വിവി ധ വിഷയങ്ങളില്‍ ബി.വോക് കോഴ്‌സുകള്‍ക്ക് പ്രവേശനം നേടാം. അഭിരുചിയും തൊഴില്‍ സാധ്യതയും പരിഗണിച്ച് കോഴ്‌സുകള്‍ തെരഞ്ഞെടുക്കണം. അഗ്രിക്കള്‍ച്ചറല്‍ ടെക്‌നോളജി, അഗ്രോഫുഡ് പ്രോസസിങ്, അപ്ലൈഡ് അക്കൗണ്ടിങ് ആന്‍ഡ് ടാക്‌സേഷന്‍, ബാങ്കിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ബ്രോഡ്കാസ്റ്റിങ് ആന്‍ഡ് ജേണലിസം, ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി, ഫാഷന്‍ ടെക്‌നോളജി, ഫുഡ് പ്രോസസിങ് ടെക്‌നോളജി, ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് ഓട്ടോമേഷന്‍ അടക്കം 24 നൂതനവിഷയങ്ങളില്‍ ബി.വോക് കോഴ്‌സുകള്‍ തെരഞ്ഞെടുക്കാം. മൊത്തം 572 (286 ക്യാപ്, 286 മാനേജ്‌മെന്റ്) സീറ്റാണുള്ളത്.

ഇതു കൂടാതെ വിവിധ വിഷയങ്ങളില്‍ ഡിഗ്രി കോഴ്‌സുകളുണ്ട്. ഫാഷന്‍ ടെക്‌നോളജി (ബി.എഫ്.ടി), ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്‌മെന്റ്(ബി.ടി.ടി.എം.), ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍(ബി.ബി.എ.), കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍(ബി.സി.എ.), സോഷ്യല്‍ വര്‍ക്ക്(ബി.എസ്.ഡബ്ല്യൂ), ബിസിനസ് മാനേജ്‌മെന്റ്(ബി.ബി.എം), ഹോട്ടല്‍ മാനേജ്‌മെന്റ്(ബി.എച്ച്്.എം.) വിഷയങ്ങളിലും തൊഴിലധിഷ്ഠിതമായ കോഴ്‌സുകളുണ്ട്. സ്‌പോര്‍ട്‌സില്‍ താല്‍പര്യമുള്ളവര്‍ക്കായി ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് കോഴസുമുണ്ട്.

ബി.എഫ്.ടി. 128 (ക്യാപ് 64, മാനേജ്‌മെന്റ് 64), ബി.ടി.ടി.എം. 324 (ക്യാപ്167, മാനേജ്‌മെന്റ് 147, കമ്മ്യൂണിറ്റി 10), ബി.ബി.എ. 4,518 (ക്യാപ് 2,309, മാനേജ്‌മെന്റ് 2,156, കമ്മ്യൂണിറ്റി 53), ബി.സി.എ. 4,040 (ക്യാപ് 2,077, മാനേജ്‌മെന്റ് 1,910, കമ്മ്യൂണിറ്റി 53), ബി.എസ്.ഡബ്ല്യു. 146 (ക്യാപ് 73, മാനേജ്‌മെന്റ് 73), ബി.ബി.എം 290 (ക്യാപ് 153, മാനേജ്‌മെന്റ് 133, കമ്മ്യൂണിറ്റി4), ബി.എച്ച്.എം. 120 (ക്യാപ് 60, മാനേജ്‌മെന്റ് 60), ബി.പി.എഡ് 94 (ക്യാപ് 47, മാനേജ്‌മെന്റ് 47) എന്നിങ്ങനെയാണ് സീറ്റ്.

എങ്ങനെ അപേക്ഷിക്കാം?

ബിരുദ പ്രോഗ്രാമുകളിലേക്ക് ക്യാപ് വെബ്‌സൈറ്റിലൂടെ (www.cap.mgu.ac.in) ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. ഓണ്‍ലൈനായി ഫീസടച്ച് രജിസ്‌ട്രേഷന്‍ നടത്താം. സാധാരണ മേയില്‍ തന്നെ പ്രവേശന നടപടികള്‍ തുടങ്ങിയിരുന്നു. കോവിഡ് 19 വ്യാപന സാഹചര്യത്തില്‍ ഇത്തവണ പഴയ ഷെഡ്യൂള്‍ പ്രാവര്‍ത്തികമാകില്ല. മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി, സ്‌പോര്‍ട്‌സ്, കള്‍ച്ചറല്‍ ക്വാട്ട, ഭിന്നശേഷി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകളിലേക്കും ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിച്ചാലേ പ്രവേശനം സാധ്യമാകൂ. വിദ്യാര്‍ഥികള്‍ക്ക് ക്യാപ് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കോഴ്‌സുകള്‍, ലഭ്യമായ കോളജുകള്‍ എന്നിവ കണ്ടെത്തി തീരുമാനമെടുക്കാനുള്ള സമയമാണിത്. ഇതിനാവശ്യമായ എല്ലാ വിവരങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.