2020 March 30 Monday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

മേട്ടുപ്പാളയത്തെ കൂട്ട മതംമാറ്റം: പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി പൊലിസും റവന്യൂ ഉദ്യോഗസ്ഥരും

വി.എം ഷണ്‍മുഖദാസ്

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ നിന്നായി കൂട്ടത്തോടെ ഇസ്‌ലാമിലേക്കു മതംമാറിയ ദലിത് കുടുംബങ്ങളെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സംസ്ഥാന പൊലിസും റവന്യൂ ഉദ്യോഗസ്ഥരും സംഘങ്ങളായി തിരിഞ്ഞ് ഗ്രാമങ്ങളില്‍ ചെന്ന് സമ്മര്‍ദം ചെലുത്തുന്നു.
ഹിന്ദുമതത്തില്‍ നിന്ന് പുറത്തുപോകണമെന്ന് നിര്‍ബന്ധമാണെങ്കില്‍ ബുദ്ധമതം സ്വീകരിച്ചോളൂ, എന്നാലും ഇസ്‌ലാം സ്വീകരിക്കരുതെന്നാണ് ഇവര്‍ പറയുന്നത്. സര്‍ക്കാരിന്റെ ദലിത് പീഡന നടപടികളില്‍ പ്രതിഷേധിച്ചാണ് മതം മാറുന്നതെന്നാണ് ദലിതര്‍ പറയുന്നത്. കഴിഞ്ഞ മാസം കോയമ്പത്തൂര്‍ ജില്ലയിലെ മേട്ടുപ്പാളയം, കാരമട, അന്നൂര്‍, പെരിയാനയ്ക്കാന്‍പാളയം, തൊണ്ടാമുത്തൂര്‍, പൊള്ളാച്ചി, ആനമലൈ എന്നിവിടങ്ങളിലെ 40 കുടുംബങ്ങളിലായി 430 പേര്‍ ഇതിനകം ഇസ്‌ലാംമതം സ്വീകരിച്ചുകഴിഞ്ഞു.
2019 ഡിസംബര്‍ രണ്ടിന് മേട്ടുപ്പാളയം നടൂരിലെ ‘അയിത്ത മതില്‍’ തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് ദലിതരെ മതംമാറ്റ തീരുമാനത്തില്‍ എത്തിച്ചത്. 20 അടി ഉയരമുള്ള കൂറ്റന്‍ മതില്‍ തകര്‍ന്നുവീണ് വീടുകളില്‍ ഉറങ്ങുകയായിരുന്ന 10 സ്ത്രീകളും രണ്ടു കുട്ടികളുമടക്കം 17 ദലിതര്‍ മരിച്ചിരുന്നു. സംഭവത്തില്‍ പൊലിസ് ശക്തമായ നടപടിയെടുത്തില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു.

കനത്ത മഴയെ തുടര്‍ന്ന് തകര്‍ന്ന മതില്‍ ദലിതരുടെ നാലു കൂരകളിലേക്കാണ് വീണത്. സഹായത്തിനെത്തിയ സമീപവാസികള്‍ അധികൃതരെ വിളിച്ചെങ്കിലും 15 മൃതദേഹങ്ങള്‍ നീക്കം ചെയ്തതിനു ശേഷമാണ് എത്തിയത്. മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ മുനിസിപ്പല്‍ ഓഫിസ്, ഫയര്‍ സ്റ്റേഷന്‍, പൊലിസ് സ്റ്റേഷന്‍ തുടങ്ങിയവ ഉണ്ടായിട്ടുപോലും അവര്‍ എത്താന്‍ വളരെ വൈകി. വിവിധ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ ഇടപെടുകയും പൊലിസ് ഈ സംഭവം ഒതുക്കിത്തീര്‍ക്കുകയും ചെയ്തു.
ദലിതര്‍ തന്റെ ഭൂമിയിലേക്കു കടക്കാതിരിക്കാനാണ് ഉയര്‍ന്ന ജാതിയില്‍പ്പെട്ട ശിവസുബ്രഹ്മണ്യന്‍ എന്നയാള്‍ അയിത്തമതില്‍ നിര്‍മിച്ചത്. സംഭവത്തെ തുടര്‍ന്ന് ഉടമയെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയതിനു പിന്നാലെയാണ് ദലിതര്‍ മതപരിവര്‍ത്തനത്തിനു തീരുമാനമെടുത്തത്. ശിവസുബ്രഹ്മണ്യത്തിനെതിരേ പട്ടികവിഭാഗങ്ങള്‍ക്കെതിരേയുള്ള അതിക്രമം തടയല്‍ നിയമം അടക്കമുള്ളവ ചുമത്തുന്നതില്‍ പൊലിസ് വീഴ്ചവരുത്തി. സമീപത്തുള്ള ദലിതരെ കാണുന്നത് ഒഴിവാക്കുവാന്‍ വേണ്ടി മാത്രമാണ് ഇത്രയും വലിയ മതില്‍ പണിതതെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. ഈ വാര്‍ത്ത വ്യാപിച്ചതോടെ ഇതിന്റെ ജാതിവശത്തെക്കുറിച്ച് ചര്‍ച്ച ഉയര്‍ന്നു. പിന്നീട് പ്രാദേശിക സര്‍ക്കാര്‍ അധികാരികള്‍ മരിച്ച ഓരോരുത്തര്‍ക്കും നാലു ലക്ഷം വീതം നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും മുഖ്യമന്ത്രി സംഭവസ്ഥലം സന്ദര്‍ശിക്കുമെന്ന് പറയുകയുമുണ്ടായി.

എന്നാല്‍ മരിച്ച ഒരോരുത്തര്‍ക്കും 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരവും ആശ്രിതര്‍ക്കു സര്‍ക്കാര്‍ ജോലിയും തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിച്ച് നല്‍കുകയും ചെയ്യണമെന്ന് ദലിത് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. തമിഴ്‌നാട് സര്‍ക്കാര്‍ ഈ ആവശ്യം വകവച്ചില്ല. കൂടാതെ തമിഴ് പുലികള്‍ കക്ഷി സ്ഥാപകനേതാവ് നാഗൈ തിരുവള്ളുവന്‍ ഉള്‍പ്പെടെയുള്ള ദലിത് നേതാക്കളെയും പ്രവര്‍ത്തകരേയും പൊലിസ് ക്രൂരമായി മര്‍ദിച്ചു. ഇതിനെതിരേ ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ച നാഗൈ തിരുവള്ളുവന്‍ ഇപ്പോഴും നീതി തേടി കോയമ്പത്തൂര്‍ ജയിലില്‍ കഴിയുകയാണ്.

നീതി ആവശ്യപ്പെട്ട് ദലിതരുടെ പ്രക്ഷോഭമുയര്‍ന്നപ്പോള്‍ പതിവുപോലെ പൊലിസ് എഫ്.ഐ.ആര്‍ രേഖപ്പെടുത്തുക പോലും ചെയ്യാതെ പരാതിക്കാരായ ദലിതര്‍ക്കു നേരെ കേസെടുക്കുകയായിരുന്നു. ഈ പശ്ചാത്തലത്തില്‍ തമിഴ് പുലികള്‍ കക്ഷി അതിന്റെ നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം 3,000 ദലിതര്‍ ഹിന്ദുമതം ഉപേക്ഷിക്കുകയും ഇസ്‌ലാം ആശ്ലേഷിക്കുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. തങ്ങള്‍ ഹിന്ദുമതം ഉപേക്ഷിക്കുകയാണെന്നും ഇസ്‌ലാമാണ് ജാതി നിര്‍മൂലനം ചെയ്യുന്ന ഏക മതമെന്ന് പ്രസ്താവിച്ച പെരിയാറിനു വേണ്ടി തങ്ങള്‍ ഇസ്‌ലാം സ്വീകരിക്കുമെന്നും മേട്ടുപ്പാളയത്ത് നടന്ന മതംമാറ്റ ചടങ്ങില്‍ സംബന്ധിച്ചവര്‍ പറഞ്ഞതായി തമിഴ് പുലികള്‍ കക്ഷി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇളവേണില്‍ ‘സുപ്രഭാത’ത്തോട് പറഞ്ഞു. ഒന്നാം ഘട്ടത്തില്‍ 430 പേരാണ് ഇസ്‌ലാം ആശ്ലേഷിച്ചത്. ഏപ്രില്‍ മാസത്തിനുള്ളില്‍ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലെ 3,000 ദലിതുകള്‍ ഇസ്‌ലാമിലേക്കു മാറാനുള്ള തയാറെടുപ്പുകള്‍ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
മേട്ടുപ്പാളയത്തു തന്നെയാണ് ഒരു വര്‍ഷം മുന്‍പ് ജാതിമാറി വിവാഹം ചെയ്തതിന്റെ പേരില്‍ ദമ്പതികള്‍ കൊല്ലപ്പെട്ടത്. അരുന്തതിയാര്‍ സമുദായത്തില്‍ പെട്ട യുവതിയും ഒ.ബി.സി വിഭാഗത്തിലെ യുവാവും വിവാഹിതരായതിന്റെ പേരിലായിരുന്നു അത്. ജാതി പെരുമയ്ക്ക് അപമാനമുണ്ടാക്കിയതിന്റെ പേരില്‍ യുവാവിന്റെ മൂത്തസഹോദരന്‍ അവരെ കൊല്ലുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.