2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഞാനും ചൗക്കീദാറെന്ന് ‘മി റ്റൂ’ ആരോപണവിധേയനായ എം.ജെ അക്ബര്‍; ട്രോളര്‍മാര്‍ ഏറ്റെടുത്തതോടെ ഡിലീറ്റ്‌ചെയ്തു

ന്യൂഡല്‍ഹി: മേം ഭി ചൗക്കാര്‍ദാര്‍ ഹേ (ഞാനും കാവല്‍ക്കാരനാണ്) എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാംപയിനിന്റെ ഭാഗമായി ട്വിറ്റര്‍ അക്കൗണ്ടിലെ പേരിനൊപ്പം ചൗക്കീദാര്‍ എന്ന ചേര്‍ത്ത മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ എം.ജെ അക്ബറിനു കിട്ടിയത് എട്ടിന്റെ പണി. സഹപ്രവര്‍ത്തകരെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആരോപണവിധേയനായ എം.ജെ അക്ബറും ഞാന്‍ കാവല്‍കാരനാണെന്നു പറഞ്ഞത് ടോളര്‍മാര്‍ ഏറ്റെടുത്തതാണ് അദ്ദേഹത്തിനു തിരിച്ചടിയായത്. ട്രോളര്‍മാരെ സഹിക്കാതെ അവസാനം എം.ജെ അക്ബര്‍ ചൗക്കീദാര്‍ പ്രയോഗം പിന്‍വലിച്ചു.

ഞായറാഴ്ച വൈകീട്ടോടെയാണ് നരേന്ദ്രമോദിയുടെ കാംപയന്‍ ഏറ്റെടുത്ത് ‘#MainBhiChowkidar’ എന്ന ഹാഷ്ടാഗോടെ അക്ബര്‍ ട്വിറ്ററില്‍ കുറിപ്പിട്ടത്. ശക്തമായ ഇന്ത്യ കെട്ടിപ്പടിക്കുന്നതിനുള്ള മോദിയുടെ ശ്രമങ്ങളില്‍ ഞാനും പങ്കാളിയാവുന്നു എന്നു പറഞ്ഞുകൊണ്ടായിരുന്നു അക്ബര്‍ കാംപയിനില്‍ ചേര്‍ന്നത്. എന്നാല്‍, ലൈംഗികപീഡനകേസില്‍ ആരോപണവിധേയനായ അക്ബറിനെ നിമിഷങ്ങക്കകം തന്നെ ട്രോളര്‍മാര്‍ നിര്‍ത്തിപ്പൊരിച്ചു. നിങ്ങള്‍ കാവല്‍ക്കാരന്‍ ആണെങ്കില്‍ തീര്‍ച്ചയായും അവിടെ സ്ത്രീകള്‍ അരക്ഷിതരാവുമെന്നായിരുന്നു നടി രേണുകാ ഷഹാനേയുടെ പ്രതികരണം. ‘മി റ്റൂ ചൗകീദാര്‍’ എന്ന വിധത്തില്‍ അക്ബറിനെതിരെ കാര്‍ട്ടൂണുകളും പ്രത്യക്ഷപ്പെട്ടു. പ്രമുഖ ആക്ടിവിസ്റ്റുകള്‍ ഉള്‍പ്പെടെ അക്ബറിനെ വിമര്‍ശിച്ചുരംഗത്തുവന്നതോടെയാണ് അദ്ദേഹം ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തത്. ട്വീറ്റ് പിന്‍വലിച്ചതും ചര്‍ച്ചയായതോടെ മണിക്കൂറുകള്‍ക്കകം അദ്ദേഹം വീണ്ടും പേരിനൊപ്പം ചൗക്കീദാര്‍ എന്നു ചേര്‍ത്തു.

രാജ്യത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ അക്ബറിനെതിരെ അദ്ദേഹം നേരത്തെ ജോലിചെയ്ത ടെലഗ്രാഫ്, ഏഷ്യന്‍ ഏജ് ഉള്‍പ്പെടെയുള്ള മാധ്യമസ്ഥാപനങ്ങളിലെ നിരവധി വനിതകളാണ് ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിച്ചത്. തൊഴിലിടത്തില്‍ സ്ത്രീകള്‍ക്കു നേരെ നടക്കുന്ന ലൈംഗികപീഡനങ്ങള്‍ തുറന്നുപറയുന്ന കാംപയിനായ ‘ മി റ്റൂ’ (ഞാനും പീഡനത്തിനിരയായി) വില്‍ ഉള്‍പ്പെട്ടതോടെയാണ് വിദേശകാര്യസഹമന്ത്രിയായിരുന്ന അദ്ദേഹത്തിന് രാജിവക്കേണ്ടിവന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.