2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

മല്യ രാജ്യം വിടുന്നത് കേന്ദ്ര സര്‍ക്കാര്‍ മുന്‍പേ അറിഞ്ഞു

  • ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടിരുന്നെന്ന് മല്യ 

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറും വിവാദ വ്യവസായി വിജയ് മല്യയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിച്ച് മല്യയുടെ വെളിപ്പെടുത്തല്‍. രാജ്യം വിടുന്നതിനു മുന്‍പ് താന്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടിരുന്നെന്ന് മല്യ വെളിപ്പെടുത്തി.

ലണ്ടനില്‍ കോടതിക്കുമുന്നില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേയാണ് ‘ചില കാര്യങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിനായി’ ജെയ്റ്റ്‌ലിയെ കണ്ടതായി മല്യ വെളിപ്പെടുത്തിയത്. എന്നാല്‍ താന്‍ മുന്നോട്ടുവച്ച ഒത്തുതീര്‍പ്പു നീക്കങ്ങള്‍ ബാങ്ക് അധികൃതര്‍ ഇടപെട്ടു നിരസിക്കുകയായിരുന്നുവെന്നും മല്യ പറഞ്ഞു.

കര്‍ണാടക ഹൈക്കോടതിക്കു മുന്‍പാകെ താന്‍ ചില ഒത്തുതീര്‍പ്പു നിര്‍ദ്ദേശങ്ങള്‍ വച്ചിരുന്നു. ഇക്കാര്യം ജഡ്ജിമാര്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷ. എല്ലാം കോടതി തീരുമാനിക്കട്ടെ- മല്യ പറഞ്ഞു.

മല്യയുടെ ആരോപണം ജെയ്റ്റ്‌ലി നിഷേധിച്ചു. മല്യയ്ക്ക് കൂടിക്കാഴ്ചയ്ക്ക് താന്‍ സമയം നല്‍കിയിട്ടില്ലെന്നു ജെയ്റ്റ്‌ലി പറഞ്ഞു.എന്നാല്‍ പാര്‍ലമെന്റ് ലോബിയില്‍വച്ചു കണ്ടെന്നു ജെയ്റ്റ്‌ലി സ്ഥിരീകരിച്ചു.

ഇപ്പോള്‍ ഇംഗ്ലണ്ടിലുള്ള മല്യയെ ഇന്ത്യയിലേക്കു നാടുകടത്തുന്നതു സംബന്ധിച്ച കേസില്‍ വെസ്റ്റ് മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വാദം കഴിഞ്ഞു. ഡിസംബര്‍ 10നു കോടതി വിധി പറയും. കേസില്‍ മല്യക്ക് കോടതി ഇന്നു വരെ ജാമ്യം നീട്ടി നല്‍കിയിരുന്നു.

മല്യയെ നാടുകടത്തുകയാണെങ്കില്‍ അദ്ദേഹത്തെ പാര്‍പ്പിക്കുന്ന മുംബൈയിലെ ആര്‍തൂര്‍ റോഡ് ജയിലിന്റെ വിഡിയോ ലണ്ടന്‍ കോടതി ചീഫ് മജിസ്‌ട്രേറ്റ് എമ്മ ആര്‍ബൂത്തനറ്റ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. വിഡിയോ ഇന്ത്യന്‍ പ്രോസിക്യൂട്ടര്‍ മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കി. 

രാജ്യം വിടുന്നതിനു മുന്‍പ് മല്യ ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തേ ആരോപിച്ചിരുന്നു. രേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകുമെന്നും രാഹുല്‍ പറഞ്ഞിരുന്നു.

ഇന്ത്യന്‍ ബാങ്കുകളില്‍നിന്ന് 9,000 കോടി വായ്പാ തട്ടിപ്പു നടത്തിയാണ് 2016 മാര്‍ച്ച് രണ്ടിന് മല്യ ലണ്ടനിലേക്ക് ഒളിച്ചോടിയത്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.