2019 September 18 Wednesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

വിവാഹദിവസം 1,000 കുട്ടികളുടെ ചികില്‍സാ ചെലവ് ഏറ്റെടുത്ത് മെസ്യൂട്ട് ഒസില്‍; വിവാഹം തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനെ സാക്ഷിയാക്കി

 

അങ്കാറ: വിവാഹദിവസം ആയിരം കുട്ടികളുടെ ചികില്‍സാചെലവ് ഏറ്റെടുത്തു ആരാധകരുടെ കൈയടി വാങ്ങി ആഴ്‌സനലിന്റെ ജര്‍മന്‍ സൂപ്പര്‍ താരം മെസ്യൂട്ട് ഒസില്‍. കുട്ടികളുടെ സര്‍ജറിക്കുള്ള ചെലവുകളാണ് ഏറ്റെടുക്കുകയെന്ന് ഒസിലും ഭാര്യ അമൈന്‍ ഗുല്‍സെയും പ്രഖ്യാപിച്ചു. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം ഒസില്‍ അറിയിച്ചത്. 27 കാരിയായ അമൈന്‍ മുന്‍ മിസിസ് തുര്‍ക്കിയും മോഡലുമാണ്.

 

 

 

തങ്ങള്‍ കുട്ടികളുടെ ചികിത്സാച്ചെലവ് ഏറ്റെടുത്തതു പോലെ കഴിയുന്നവര്‍ കഴിയുന്ന സംഭാവനകള്‍ നല്‍കാനും ഓസില്‍ അഭ്യര്‍ത്ഥിച്ചു. ബിഗ് ഷൂ എന്ന ചാരിറ്റി സംഘടന വഴി സഹായം നല്‍കാനാണ് ഓസിലിന്റെ അഭ്യര്‍ത്ഥന. ലോകത്ത് കഷ്ടപ്പാട് അനുഭവിക്കുന്നവര്‍ക്കു സഹായം നല്‍കി നേരത്തേ തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ച താരം കൂടിയാണ് ഒസില്‍. ദമ്പതികളുടെ തീരുമാനത്തിന് വന്‍ കൈയടിയാണ് ഫുട്‌ബോള്‍ ലോകത്തുനിന്നും സോഷ്യല്‍മീഡിയയില്‍ നിന്നും ഉയരുന്നത്.

 

 

 

ഇറ്റലി ജേതാക്കളായ 2006 ജര്‍മന്‍ ലോകകപ്പിലാണ് ബിഗ് ഷൂ ആരംഭിക്കുന്നത്. 2014 ലോകകപ്പില്‍ 11 കുട്ടികളെ ഓസില്‍ ഏറ്റെടുത്തതോടെയാണ് ബിഗ് ഷൂവിന് ആഗോള പ്രശസ്തി ലഭിക്കുന്നത്. പിന്നീട് ഫ്രഞ്ച് സൂപ്പര്‍ താരം പോള്‍ പോഗ്ബ ഉള്‍പ്പെടെയുള്ളവര്‍ ബിഗ് ഷൂവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ഈ സംരംഭം കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു.

 

 

അതേസമയം, തുര്‍ക്കി വംശജനായ ഒസിലിനെതിരെ നേരത്തെ ഉയര്‍ന്ന വംശീയ ആരോപണത്തിന് മറുപടിയെന്നോണം തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ വിവാഹ ചടങ്ങുകള്‍ നടന്നത്. ജര്‍മനിയിലെ ഗെല്‍സന്‍ കീര്‍ഹന്‍ നഗരത്തിലാണ് ജനിച്ചതും വളര്‍ന്നതുമെങ്കിലും തുര്‍ക്കിഷ് വേരുകളുള്ള ഒസിലിന് തുര്‍ക്കി പൗരത്വവുമുണ്ട്. കഴിഞ്ഞവര്‍ഷം റഷ്യയില്‍ നടന്ന ലോക കപ്പ് ഫുട്‌ബോളിന് തൊട്ട് മുമ്പ് ഒസില്‍ തുര്‍ക്കി പ്രസിഡന്റിനെ ലണ്ടനിലെത്തി സന്ദര്‍ശിച്ചത് വന്‍ വിവാദമായി. ഉര്‍ദുഗാനും ജര്‍മനിയും തമ്മില്‍ കൊമ്പുകോര്‍ത്ത സമയമായിരുന്നു അത്. പ്രസിഡന്റിനെ കണ്ട് ആശംസ നേരുക മാത്രമാണ് ലക്ഷ്യമെന്ന് ഒസില്‍ സംഭവത്തെ പറ്റി വിശദീകരണം നല്‍കിയെങ്കിലും ഒരുവിഭാഗം ജര്‍മന്‍കാര്‍ അതു വിശ്വാസത്തിലെടുത്തില്ല. ജര്‍മനി തോറ്റ് തരിപ്പണമായ ആ ലോകകപ്പ് കഴിഞ്ഞതോടെ വിവാദം മൂര്‍ച്ഛിക്കുകയും ഒടുവില്‍ ഒസില്‍ ദേശീയടീമില്‍ നിന്നു രാജിവയ്ക്കുകയും ചെയ്തു. ഇനി ജര്‍മനിക്ക് വേണ്ടി കളിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

 

തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന ചടങ്ങിലേക്ക് ജര്‍മന്‍ ഫുട്‌ബോള്‍ താരങ്ങളും ഉള്‍പ്പെടെ 300 ലധികം വിശിഷ്ടാതിഥികള്‍ പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.