2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

ഏറ്റവും വിലകൂടിയ താരം മെസ്സി; രണ്ടാമത് ക്രിസ്റ്റ്യാനോ; ഫോബ്‌സ് പട്ടികയിലെ നൂറില്‍ ഇടംപിടിച്ച് വിരാട് കോഹ്‌ലിയും

ബ്യൂണസ് അയേഴ്‌സ്: ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപറ്റുന്ന കായികതാരം അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി. ഫോര്‍ബ്‌സ് മാസിക പുറത്തുവിട്ട ലോകത്തെ 100 കായിക താരങ്ങളുടെ പട്ടികയിലാണ് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തള്ളി ബാഴ്‌സലോണയുടെ മുന്നേറ്റനിരക്കാരനായ മെസ്സി ഒന്നാമതെത്തിയത്. കഴിഞ്ഞ ഒരു വര്‍ഷം പ്രതിഫലയിനത്തില്‍ മെസ്സി കൈപറ്റിയത് 127 ദശലക്ഷം ഡോളര്‍ (8,815 കോടി രൂപ) ആണ്. പട്ടികയില്‍ രണ്ടാമതുള്ള യുവന്റസ് താരം കൂടിയായ ക്രിസ്റ്റ്യാനോ 109 ദശലക്ഷം ഡോളര്‍ (7,565 കോടി രൂപ) ആണ് പ്രതിഫലമായി വാങ്ങിയത്. മൂന്നാം സ്ഥാനത്തുള്ളത് 105 ദശലക്ഷം രൂപ കൈപ്പറ്റിയ പി.എസ്.ജിയുടെ ബ്രസീലയന്‍ സ്‌ട്രൈക്കര്‍ നെയ്മറാണ്.

 

 

പട്ടികയില്‍ ഇടം നേടിയ ഏക വനിത ടെന്നിസ് താരം സെറീനാ വില്ല്യംസാണ്- 55 ദശലക്ഷം ഡോലറാണ് കഴിഞ്ഞവര്‍ഷം അവര്‍ സ്വന്തമാക്കിയത്. അതേസമയം, പട്ടികയില്‍ ഇടംനേടിയ ഏക ഇന്ത്യക്കാരന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ്. 25 ദശലക്ഷം ഡോളറാണ് കഴിഞ്ഞ ഒരുവര്‍ഷംകൊണ്ട് കോഹ്‌ലി കൈപ്പറ്റിയത്.

 

ബോക്‌സിങ് താരം കാനിലെ അല്‍വറാസ് (94 ദശലക്ഷം ഡോളര്‍), ടെന്നിസ് താരം റോജര്‍ ഫെഡറര്‍ (93 ദശലക്ഷം ഡോളര്‍), റഗ്ബിയോട് സാമ്യമുള്ള അമേരിക്കന്‍ ഫുട്‌ബോള്‍ കളിക്കാരായ റസല്‍ വില്‍സന്‍, ആരോണ്‍ റോഡ്‌ഗ്രെസ്, ലേ ബ്രൊണ്‍ ജെയിംസ് (89 ദശലക്ഷം ഡോളര്‍ വീതം), അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ താരങ്ങളായ സ്റ്റീഫന്‍ കറി (79 ദശലക്ഷം ഡോളര്‍), കെവിന്‍ ഡുറന്റ് (65 ദശലക്ഷം ഡോളര്‍) എന്നിവരാണ് ആദ്യ പത്തുസ്ഥാനത്തുള്ള മറ്റു താരങ്ങള്‍.

 

മെസ്സിയും ക്രിസ്റ്റ്യാനോയും നെയ്മറും കഴിഞ്ഞാല്‍ പിന്നീട് പട്ടികയില്‍ മുന്‍പിലുള്ള ഫുട്‌ബോള്‍ താരം 33 ദശലക്ഷം കൈപ്പറ്റിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഫ്രഞ്ച് താരം പോള്‍ പോഗ്ബയും (44ാം സ്ഥാനം) 32 ദശലക്ഷം കൈപ്പറ്റിയ സ്പാനിഷ് താരം ഇനിയസ്റ്റയും (46ാം സ്ഥാനം) ആണ്. പി.എസ്.ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംപാബെ (30 ദശലക്ഷം), ബ്രസീലിയന്‍ താരം ഒസ്‌കാര്‍ (29 ദശലക്ഷം), ഫ്രഞ്ച് താരം ഗ്രീസ്മാന്‍ (27 ദശലക്ഷം), വെയില്‍സ് താരം ഗാരെത് ബെയ്ല്‍ (27 ദശലക്ഷം), ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹ് (25 ദശലക്ഷം) എന്നിവരാണ് പട്ടികയിലുള്ള മറ്റു ഫുട്‌ബോള്‍ താരങ്ങള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.