2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

മേഖ്‌നു ചുഴലിക്കാറ്റ്: ഒമാനില്‍ കാണാതായവരില്‍ കണ്ണൂര്‍ സ്വദേശിയും, മരണം 11 ആയി

സലാല: മേഖ്‌നു ചുഴലിക്കാറ്റ് നാശംവിതച്ച ഒമാനില്‍ കാണാതായവരില്‍ ഒരു മലയാളിയും. കണ്ണൂര്‍ പാലയാട് സ്വദേശി മധുവിനെയാണ് ഒമാനിലെ സലാലയില്‍ കാണാതായതെന്നാണു വിവരം. കഴിഞ്ഞ ദിവസം കാണാതായ രണ്ട് ഇന്ത്യക്കാരില്‍ ശംസീര്‍ അലി എന്ന പേരുള്ളയാളുടെ മൃതദേഹം കണ്ടെത്തിയതായി സലാലയിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു. മധുവിനുവേണ്ടി തിരച്ചില്‍ തുടരുകയാണ്. മറ്റ് ഇന്ത്യക്കാര്‍ അപകടത്തില്‍പ്പെട്ടതായി വിവരം ലഭിച്ചിട്ടില്ലെന്ന് എംബസി അറിയിച്ചു.

അതിനിടെ, ഒമാനിലും യമനിലെ സോകോട്ട ഉപദ്വീപിലുമായുണ്ടായ കനത്ത ചുഴലിക്കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 11 ആയി. മൂന്ന് ഇന്ത്യക്കാരും ഇതില്‍ ഉള്‍പ്പെടും. ഒമാന്‍ നഗരമായ ദോഫാറിലും അല്‍വുസ്തയിലും കാറ്റ് കനത്ത നാശം വിതച്ചിട്ടുണ്ട്. ഇപ്പോള്‍ കാറ്റഗറി രണ്ടിലാണ് ചുഴലിക്കാറ്റ് ആഞ്ഞുവീശുന്നത്. മണിക്കൂറില്‍ 170 കി.മീറ്റര്‍ ആണ് കാറ്റിന്റെ വേഗത.

സലാലയിലെ തഖായില്‍ സജ്ജമാക്കിയ താല്‍ക്കാലിക പുനരധിവാസ ക്യാംപില്‍ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ സന്ദര്‍ശനം നടത്തി. ഇവിടെ 145 ഇന്ത്യക്കാരും 315 ബംഗ്ലാദേശികളും കഴിയുന്നുണ്ട്.

ഒമാനെയും യമനെയും ചുഴറ്റിയെറിഞ്ഞ മേകുനു ചുഴലിക്കാറ്റില്‍ കാണാതായ 40 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. യമനിലെ സൊകോത്ര ദ്വീപില്‍ വന്‍നാശനഷ്ടമാണ് ചുഴലിക്കാറ്റ് വരുത്തിയത്. ഇതിനുശേഷമാണ് കാറ്റ് ഒമാന്‍ തീരത്തേക്കു പ്രവേശിച്ചത്. സൊകോത്ര ദ്വീപില്‍ ശക്തമായ കാറ്റില്‍ കപ്പല്‍ മുങ്ങിയുണ്ടായ അപകടത്തിലാണ് 17പേരെ കാണാതായത്. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ദ്വീപ് പൂര്‍ണമായും തകര്‍ന്നു. അയല്‍രാജ്യങ്ങളായ സഊദി അറേബ്യയിലും യു.എ.ഇയിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.